Tuesday, August 30, 2011

ഒരു കഥ കഴിയും വിധം.



ഒരു കഥ കഴിയും വിധം.


സുധയ്ക്ക് എന്തുകൊണ്ടോ അതിലൊന്നും ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. താല്‍പര്യം എന്നതിനേക്കാള്‍ ഇഷ്ടം എന്ന വാക്കാണ് അവിടെ കൂടുതല്‍ ചേരുകയെന്ന് അവള്‍ പറയുകയും ചെയ്തു. ഈ കഥയുടെ കൈയ്യെഴുത്ത് പ്രതി വായിക്കാന്‍ കൊടുത്തപ്പോഴായിരുന്നു അവളുടെ അഭിപ്രായപ്രകടനം. അപ്പോഴും അവള്‍ അലസമായി കിടന്നിരുന്ന മുടിയിഴകളിലൂടെ തള്ളവിരലിന്റെ നഖവും ചൂണ്ടുവിരലിന്റെ നഖവും ഒരു സൂചി പോലെ കൂര്‍പ്പിച്ച്, ഈര്‍ന്ന്, നല്ലവണ്ണം ചോര കുടിച്ചു തളര്‍ന്ന ഒരു പേനിനെ കീഴടക്കിയിരുന്നു. പിന്നെ കൈവെള്ളയിലെ അതിന്റെ പരക്കം പാച്ചില്‍ ഒന്നോ രണ്ടോ നിമിഷം ആസ്വദിച്ച് ഇടതുകൈയുടെ തള്ളവിരലിന്റെ ( തള്ളവിരല്‍ എന്നതിനേക്കാള്‍ അപ്പന്‍ വിരല്‍ എന്ന് പറയാനാണ് അവള്‍ക്ക് ഇഷ്ടം. തള്ളവിരല്‍ എന്നു പറയുമ്പോള്‍ സ്ത്രീസമുദായത്തെ ഒന്നടങ്കം താഴ്ത്തിക്കെട്ടുന്നതായി തോന്നുന്നുവെന്ന് അവള്‍ സ്‌കൂള്‍ കാന്റീനില്‍ വെച്ചു നടന്ന ചര്‍ച്ചയില്‍ കാര്യകാരണസഹിതം സമര്‍ഥിച്ചതായി ജോഗ്രഫി അധ്യാപകനും എന്റെ സുഹൃത്തുമായ വിളക്കോട്ടൂര്‍ മുഹമ്മദലി മാഷും ഹിന്ദി ടീച്ചര്‍ കവിതയും പറഞ്ഞിരുന്നു.) നഖത്തില്‍ ഇട്ട് വലതു കൈയുടെ അപ്പന്‍ വിരലുകൊണ്ട് ചതച്ചരച്ചു കൊന്നു.
‘കൊച്ചുകൊച്ചു കാര്യങ്ങള്‍ ഇത്രയും പരത്തിപ്പറയണോ? ഞാന്‍ പേനിനെ കൊന്നതൊക്കെയെന്തിനാ നിങ്ങള് കഥയിലെഴുതുന്നേ? ആള്‍ക്കാര്‍ എന്തു വിചാരിക്കും?’
അവള്‍ വീണ്ടും വായനക്കിടയില്‍, തലമുടി ഈരുന്നതിനിടയില്‍ ചോദിച്ചു.
ഞാന്‍ ഒന്നും മിണ്ടാതെ ഗൂഢമായി ചിരിച്ചു. എന്റെ ഇത്തരം ചിരികള്‍ അവള്‍ എളുപ്പം തിരിച്ചറിയുമെന്നും പിന്നെ ജസ്റ്റിന്‍ ഹെനിന്റെ റിട്ടേണ്‍ ഷോട്ടുകള്‍ പോലെ എനിക്കു നേരെ ആരോപണങ്ങളുടേയും കുറ്റപ്പെടുത്തലുകളുടേയും ഒരു നീണ്ട നിര തന്നെ പെയ്തിറങ്ങുമെന്നും എനിക്കറിയാം. ജസ്റ്റിന്‍ ഹെനിന്‍ എന്ന് ഇവിടെ ഉപയോഗിച്ചതിലുമുണ്ട് ആകസ്മികത. അവള്‍ക്കേറ്റവും ഇഷ്ടമുള്ള ടെന്നീസ് താരമാണ് ജസ്റ്റിന്‍ ഹെനിന്‍. സ്ത്രീപക്ഷചിന്തകള്‍ അവളില്‍ കുറേയെങ്കിലുമുള്ളതിനാല്‍ ക്രിക്കറ്റിനേക്കാളും ഫുട്‌ബോളിനേക്കാളുമൊക്കെ അവള്‍ക്കിഷ്ടം ടെന്നീസായിരുന്നു. ടെന്നീസില്‍ മാത്രമേ അല്‍പമെങ്കിലും സ്ത്രീപക്ഷവും പ്രാതിനിധ്യവും ഉള്ളൂ എന്നാണവളുടെ വാദം. വിംബിള്‍ടണും ആസ്‌ത്രേലിയന്‍ ഓപണും ഫ്രഞ്ച് ഓപണും യു എസ് ഓപണും ഏതൊക്കെ വര്‍ഷങ്ങളില്‍, ആരെയൊക്കെ പരാജയപ്പെടുത്തി ഹെനിന്‍ കരസ്ഥമാക്കിയെന്ന് അവള്‍ക്ക് ഹൃദിസ്ഥമാണ്. ഇടയ്‌ക്കെപ്പോഴോ അവളുടെ കളിഭ്രാന്തിനോട് എനിക്കും യോജിപ്പാണെന്ന് വിശ്വസിപ്പിക്കാന്‍ വേണ്ടി ഞാന്‍ മറിയ ഷറപ്പോവയുടെ ആരാധകനാണെന്നു പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിത്തെറിക്കുകയാണുണ്ടായത്.
ടെന്നീസിനെക്കുറിച്ച് അല്‍പമെങ്കിലും വിവരമുള്ളവര്‍ ഒരിക്കലും ഷറപ്പോവയുടെ കളി ഇഷ്ടപ്പെടില്ലെന്നും നീണ്ട കാലുകളും അല്‍പം സൗന്ദര്യവും ഉണ്ട് എന്നതല്ലാതെ അവള്‍ക്ക് കളി അറിയില്ലെന്നും മനസില്‍ എപ്പോഴും കാമം കൊണ്ടുനടക്കുന്നവര്‍ക്കു മാത്രമേ അവളെ ഇഷ്ടപ്പെടാന്‍ കഴിയുകയുള്ളൂ എന്നും അവള്‍ അലറി. പിന്നെ ദേഷ്യത്തോടെ അപ്പോള്‍ കണ്ടുകൊണ്ടിരുന്ന യു എസ് ഓപണ്‍ സംപ്രേഷണം ഓഫ് ചെയ്യുകയും ചെയ്തു.
ഞാന്‍ അന്തം വിട്ടു നിന്നു.
എന്തും എടുത്തുചാടി പ്രവര്‍ത്തിക്കുന്നതാണ് അവളുടെ ശീലമെന്നറിയാം. പക്ഷേ, ഇങ്ങനെയൊരു ആക്രമണവും മുദ്ര കുത്തലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. തീര്‍ച്ചയായും കുറച്ചു സമയം കഴിഞ്ഞാല്‍ അവള്‍ ഇപ്പോള്‍ പറഞ്ഞതിന്റെ ഗാഢത കുറയ്ക്കാന്‍ ശ്രമിക്കുമെന്നും എനിക്കറിയാം. ഗാഢത കുറയ്ക്കുന്നതില്‍ മാത്രമാണ് അവള്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന വിഷയവുമായി ജീവിതത്തില്‍ അല്‍പമെങ്കിലും ബന്ധമെന്ന് പലപ്പോഴും തോന്നാറുണ്ട്. കെമിസ്ട്രി ക്ലാസുകളില്‍, ഗാഢസള്‍ഫ്യൂരിക് ആസിഡും ഗാഢ നൈട്രിക് ആസിഡും ഡൈല്യൂട്ട് ചെയ്ത്, ഗാഢത കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പല പരീക്ഷണങ്ങള്‍ തുടങ്ങുന്നതിനും മുമ്പ് അവള്‍ തന്റെ വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചിരുന്നു. കൂടാതെ ലാബുകളില്‍ സള്‍ഫ്യൂരിക് ആസിഡ്, പിപ്പറ്റിലും ടെസ്റ്റ് ട്യൂബിലും എടുക്കുമ്പോള്‍ അവയില്‍ നിന്നെങ്ങാന്‍ ഒരു തുള്ളി ദേഹത്ത് തെറിച്ചാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അവള്‍ കണ്ണുരുട്ടി, ഭീതി അഭിനയിച്ച് വിദ്യാര്‍ഥികളെ ഭയപ്പെടുത്തുമായിരുന്നു.
‘ശെരിക്കും എനിക്ക് ഹെനിനെത്തന്നെയാണ് ഇഷ്ടം.. ’(ദൈവമേ, എനിക്ക് ഹെനിന്‍ ആരെന്നു പോലും അറിയില്ലല്ലോ?) അവളുടെ കോപം ഒട്ടും ശമിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ കപടവിനയത്തോടെ രാജിയാവാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഹെനിന്‍ നേടിയ ഗ്രാന്‍സ്‌ലാമുകളെക്കുറിച്ചു ചോദിച്ചാല്‍ ഞാന്‍ കുടുങ്ങുമെന്ന് തീര്‍ച്ച.
‘വെറുതെ സോപ്പിടേണ്ട..നിങ്ങള്‍ക്ക് ഹെനിനെപ്പറ്റിയോ ടെന്നീസിനെപ്പറ്റിയോ ഒന്നുമറിയില്ലെന്നെനിക്കറിയാം.’ അവള്‍ അല്‍പനേരത്തെ കത്തിജ്വലിക്കലിനു ശേഷം ഗാഢത വിട്ടൊഴിഞ്ഞ് ടി വി വീണ്ടും ഓണ്‍ ചെയ്തു. ഞാന്‍ അപ്പോള്‍ പതിവുപോലെ അവളുടെ തൊട്ടടുത്തുള്ള കസേരയില്‍ വന്നിരുന്ന് അവളെ തൊട്ടു തലോടി സ്‌നേഹിക്കാനും അത്തരം സ്‌നേഹപ്രകടനങ്ങള്‍ പതുക്കെ വ്യാപിപ്പിക്കാനും തുടങ്ങി. അത്തരം സ്‌നേഹപ്രകടനങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന മാതിരി ആദ്യം അവള്‍ കൈയ്യെടുത്തു മാറ്റാനും മറ്റും കാര്‍ക്കശ്യം കാണിച്ചെങ്കിലും പിന്നീട് ഒരു രക്ഷയുമില്ലെന്ന് കണ്ട് ടി വി ഓഫ് ചെയ്യുകയും എന്റെ സ്‌നേഹപ്രകടനങ്ങള്‍ക്കൊപ്പം അവളുടെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി ചേര്‍ത്ത് അത് ഒരു രാസപ്രവര്‍ത്തനമായി വിപുലീകരിച്ചു.
ശരിക്കും ഒരു കെമിസ്ട്രി ടീച്ചറെ പോലെ തന്നെ.


‘ഛെ, നിങ്ങളെന്തു വൃത്തികെട്ടവനാ..? രാസപ്രവര്‍ത്തനം പോലും! ഇതൊക്കെ ആരെങ്കിലും പബ്ലിക്കായി എഴുതുമോ? അറ്റ്‌ലീസ്റ്റ് നിങ്ങള്‍ക്കെന്റെ സുധയെന്ന പേരെങ്കിലും മാറ്റിയെഴുതിക്കൂടേ..?’
ഇത്രയും വായിച്ചപ്പോഴേക്കും അവള്‍ നാലു പേനിനെയെങ്കിലും കൊന്നുകഴിഞ്ഞിരുന്നു.
‘നീ മുഴുവന്‍ വായിക്ക്. എന്നിട്ട് അഭിപ്രായം പറ..’
ഞാന്‍ പറഞ്ഞു.
‘മുഴുവന്‍ വായിക്കുമ്പോഴേക്കും ഞാന്‍ തലയുയര്‍ത്തി പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയിലാവും..’
അവള്‍ പാതി കാര്യമായും പാതി ആത്മഗതമായും തുടര്‍ന്നു.
‘ഇങ്ങനെ എല്ലാം വെട്ടിത്തുറന്നു പറയലല്ല സാഹിത്യം.. അത് പാതി ചാരിയ ജനാലയാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരണോ? കാണണം, പക്ഷേ മുഴുവനുമാവരുത്. ഇവിടെ നിങ്ങള്‍ നേരെ മറിച്ച് ജനാല മുഴുവനും തുറന്ന് സൂര്യവെളിച്ചത്തെ മുഴുവനായും കണ്ണ് മഞ്ഞളിക്കുന്ന വിധം അകത്തേക്ക് ആവാഹിച്ചിരിക്കുന്നു. എനിക്കതിഷ്ടമല്ല..’
അവളുടെ ഇഷ്ടാനിഷ്ടങ്ങളിലെ വൈചിത്ര്യം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവ ഓരോ നിമിഷവും മാറി മറിഞ്ഞ് ഒരു പൂമ്പാറ്റയെപ്പോലെ പാറി നടക്കും. ചിലപ്പോള്‍ ബ്രാക്കറ്റിലെ രണ്ട് ഉത്തരങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അവള്‍ രണ്ടില്‍ നിന്നും മാറി മൂന്നാമതൊരുത്തരം തിരഞ്ഞെടുക്കും. പിന്നെ എന്തുകൊണ്ട് ഈ ഇല്ലാചോയ്‌സ് തിരഞ്ഞെടുത്തുവെന്ന് സമര്‍ഥിക്കുകയും ചെയ്യും. അപ്പോള്‍ തോന്നും, അവള്‍ ചെയ്തതാണ് ശരിയെന്ന്. ഉദാഹരണത്തിന്, നഗരത്തിലെ കല്ലുമ്മക്കായ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടണോ എന്ന് പുതുതായി തുടങ്ങിയ എഫ് എം ചാനല്‍ ചര്‍ച്ചയില്‍, അവര്‍ പറഞ്ഞ ആറക്ക നമ്പറില്‍ വിളിച്ച് ‘കല്ലുമ്മക്കായ ഇടപെടണം’ എന്ന വ്യത്യസ്തമായ ഉത്തരം പറഞ്ഞ് അവള്‍ സമ്മാനവും വാങ്ങിയിരുന്നു. മൂന്നാഴ്ച മുമ്പ്. റേഡിയോ ജോക്കി അന്നവളെ വിളിച്ച് അഭിനന്ദിക്കുകയും അതിന്റെ കൂട്ടത്തില്‍ ചേച്ചിയുടെ കല്യാണം കഴിഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ ആലോചിച്ചേനെ എന്ന് അതിശയോക്തിയായി പറയുകയും ചെയ്തിരുന്നു.
‘അതേയ്, അതത്ര അതിശയോക്തിയൊന്നുമല്ല..സത്യം തന്നെയാ. അല്ലേലും നിങ്ങളേയും എന്നേയും കണ്ടാല്‍ അച്ഛനും മോളുമാണെന്നേ പറയൂ..’
അവള്‍ക്ക് ആ പറഞ്ഞതില്‍ അല്‍പം സത്യവുമുണ്ടായിരുന്നു. ആരോഗ്യകാര്യത്തില്‍, പ്രത്യേകിച്ച് ഡൈ ചെയ്യുന്നതില്‍ താന്‍ വലുതായ കൃത്യവിലോപമാണ് കാട്ടുന്നതെന്നത് ശരിയാണ്. അതിനു കാരണവുമുണ്ട്. കഴിഞ്ഞ ആഗോളസാഹിത്യ സമ്മേളനത്തില്‍ ഡൈ ചെയ്യുന്നതിനെതിരേയും കൃത്രിമ ഹെയര്‍ ഫിക്‌സിങ്ങിനെതിരേയും പ്രസ്താവന ഇറക്കിയ ചരിത്രമുണ്ട് എനിക്ക്. ഇങ്ങനെ നാലാള്‍ ശ്രദ്ധിക്കുന്ന പ്രസ്താവനകള്‍ ഇറക്കിയാലേ ആഗോളസാഹിത്യസമ്മേളനം ജനശ്രദ്ധയും മാധ്യമശ്രദ്ധയും പിടിച്ചുപറ്റൂ എന്ന മാര്‍ക്കറ്റ് സ്റ്റഡിയായിരുന്നു ഇതിനു പിന്നില്‍. കൂടാതെ അന്ന് വിപണിയിലുള്ള മൂന്നാല് കമ്പനികളേയും പേരെടുത്തു പരാമര്‍ശിക്കുകയും ചെയ്തു പോയി. എല്ലാം ഒരാവേശത്തിലായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് എന്റെ കറുത്തു മിനുത്ത മുടി നരയുടെ വെളുത്ത മേലങ്കി അണിയുമെന്ന് കരുതിയിരുന്നില്ല. ഇനി രഹസ്യമായി ചെയ്യാമെന്നു വെച്ചാല്‍ അന്നത്തെ പ്രസ്താവനയെപ്പറ്റി അറിയാവുന്ന ആരെങ്കിലും ഇതോര്‍മ്മിച്ച് ശവത്തില്‍ കുത്തിയാലോ?
‘ശവത്തില്‍ കുത്തും പോലും! നിങ്ങളുടെ വിചാരമെന്താ? ആളുകളൊക്കെ നിങ്ങളുടെ പ്രസ്താവനയും വായിച്ചിരിപ്പാണെന്നോ? നിങ്ങള്‍ ഡൈ ചെയ്താലെന്ത്? ഇല്ലെങ്കിലെന്ത്? ഇതൊക്കെ ഓര്‍ത്തിരിക്കാനല്ലേ അവര്‍ക്കു സമയം!’
അവള്‍ പരിഹാസത്തോടെ ചിരിച്ചു. അല്ലെങ്കിലും അങ്ങനെയാണ് അവള്‍. പരിഹസിക്കുമ്പോള്‍ ക്രൂരമായി തന്നെ പരിഹസിക്കും. ഞാന്‍ ഡൈ ചെയ്യാതിരിക്കുന്നത് ഒരളവു വരെ അവള്‍ ഇഷ്ടപ്പെടുന്നതു പോലെ (അപ്പോള്‍ ജനങ്ങളുടെ താരതമ്യ പഠനത്തില്‍ അവള്‍ സുന്ദരിയാവുമല്ലോ!) മറ്റു ചില കാര്യങ്ങളിലുമുണ്ട് അവള്‍ക്ക് അവളുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും.
രൂപയുടെ പുതിയ ചിഹ്‌നമാണ് അവള്‍ക്ക് ഇഷ്ടപ്പെടാത്ത പുതിയ കാര്യം. രൂപയുടെ പുതിയ ചിഹ്‌നം സാധാരണക്കാരെ അതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു എന്നാണ് അവളുടെ വാദം. ഇടയ്ക്ക് ബാംഗ്ലൂര്‍ എന്നതു മാറ്റി ബംഗലുരു എന്നാക്കിയപ്പോഴും അവള്‍ അനിഷ്ടത്തോടെ പ്രതികരിച്ചിരുന്നു.ബംഗലുരു എന്നു പറയുമ്പോള്‍ ഒരു കഷായം കുടിച്ചതിന്റെ ചവര്‍പ്പാണത്രേ അവളുടെ നാവില്‍ അനുഭവപ്പെടാറുള്ളത്. ഇതിനു മുമ്പ് അവള്‍ക്ക് മദ്രാസ് എന്ന പേര് ചെന്നൈ എന്നാക്കിയപ്പോഴും ഇതേ ചവര്‍പ്പ് അനുഭവപ്പെട്ടിരുന്നു. മദ്രാസിനു പകരം ചെന്നൈ എന്ന പേര് ചരിത്രത്തില്‍ ഇടം പിടിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
കാത്തിരിപ്പ്.
ശരിക്കും കാത്തിരിപ്പില്‍ അവള്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം. ആരെയും എന്തിനേയും കാത്തിരിക്കാനുള്ള ക്ഷമ അവള്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. കാത്തിരിക്കാനും എല്ലാം മനസിലാക്കാനുമുള്ള ക്ഷമ അവള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. രൂപയുടെ ചിഹ്‌നം ഒരു സത്യന്‍ അന്തിക്കാട് സിനിമ പോലെ പതുക്കെ അഭിപ്രായവും ജനസമ്മിതിയും നേടി ഹിറ്റാവുമെന്ന് ഞാന്‍ അവളോടു പറഞ്ഞു മനസിലാക്കാന്‍ നോക്കിയെങ്കിലും അവള്‍ അതിനു ചെവി കൊടുത്തതേയില്ല. അല്ലെങ്കിലും എന്റെ ഇഷ്ടങ്ങളും ഇഷ്ടമില്ലായ്മകളും എഴുതിയിട്ട് നിങ്ങള്‍ക്ക് കിട്ടുന്നതെന്താണ് എന്നായിരുന്നു അവളുടെ ചോദ്യം. കൂടാതെ നിങ്ങളുടെ ഈ കഥ ആരും പ്രസിദ്ധീകരിക്കില്ലെന്നും അവള്‍ ഉപസംഹരിച്ചു.

ഈ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ് അന്നത്തെ കലഹം ഞങ്ങള്‍ ആരംഭിച്ചത്.
എന്റെ കഥകളെക്കുറിച്ച് മതിപ്പില്ലാത്ത ഒരേയൊരാള്‍ നീ മാത്രമാണെന്നും എന്നോടുള്ള അസൂയയോ വിശ്വാസക്കുറവോ ആണ് ഇതിനു കാരണമെന്നും പേന്‍ കൊല്ലാനും ജസ്റ്റിന്‍ ഹെനിന്റെ (ദൈവമേ, അവരുടെ പേരു തെറ്റിയില്ലല്ലോ!) ടെന്നീസ് കളി നോക്കിനില്‍ക്കാനുമല്ലാതെ നിന്നെക്കൊണ്ട് എനിക്കോ എന്റെ വീടിനോ ഒരു ഉപകാരവുമില്ലെന്നും ഞാന്‍ തുറന്നടിച്ചു. എന്റെ കഥകളെ ആരും വിമര്‍ശിക്കുന്നത് എനിക്കിഷ്ടമില്ലായിരുന്നു.
ഇതോടെയാണ് അവള്‍ സംഹാരരുദ്രയായത്. എന്നില്‍ നിന്നും ഇങ്ങനെയൊരു തുറന്നടിക്കല്‍ അവള്‍ പ്രതീക്ഷിച്ചിട്ടില്ലായിരിക്കാം. അവള്‍ പകരം വീട്ടാനായി ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചത് കൈയ്യിലെ റിമോട്ട് കണ്‍ട്രോള്‍ മൊസൈക് നിലത്തേക്കെറിയാനായിരുന്നെങ്കിലും പിന്നീട് ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടുമെന്ന് കരുതി ചുവരിലെ മൊണാലിസ ചിത്രത്തിലേക്ക് തന്നെ എറിഞ്ഞു. ഒരേ നിമിഷം മൊണാലിസയും റിമോട്ട് കണ്‍ട്രോളും രക്തത്തില്‍ കുളിച്ചു. ഞാനും വിട്ടില്ല. അവളുടെ മുടിഴിഴകളില്‍ വേരോടെ പിടിച്ച് അല്‍പം അടര്‍ത്തുന്നതില്‍ ഞാന്‍ 8്ന അലക്കിത്തേച്ച ഷര്‍ട്ടിനു മേല്‍ കാര്‍ക്കിച്ചു തുപ്പുകയും മൂക്കു പിഴിയുകയും ചെയ്താണ്. അവളുടെ പൂഴിക്കടകന്‍ വിദ്യയാണ് അത്. വെള്ള മുണ്ടിനേയും അവള്‍ വെറുതെ വിട്ടില്ല. അവളുടെ ദേഷ്യം അതിലേക്കും വ്യാപിച്ചു. എനിക്കു പിന്നെ പകരം വീട്ടാതെ നിവൃത്തിയില്ലാതായി. ഞാന്‍ അരികിലെ ചൂരല്‍ക്കസേര പൊക്കിയെടുത്ത് അവള്‍ വളര്‍ത്തിവരുന്ന മണിപ്ലാന്റ് ചെടികള്‍ തല്ലി വീഴ്ത്തി. ഇതിന്റെ പകരമായാണ് അവള്‍, ഞാന്‍ ഏറ്റവും വിലപ്പെട്ടതെന്ന് കരുതിയ എന്റെ കഥയുടെ കൈയ്യെഴുത്ത് പ്രതി വലിച്ചുകീറി ആകാശത്തേക്കെറിഞ്ഞത്. അതിനൊപ്പം ഇത് പ്രസിദ്ധീകരിക്കുന്നത് എനിക്കൊന്ന് കാണണമെന്ന് വീരവാദം മുഴക്കുകയും ചെയ്തു. എന്റെ ആക്രമണങ്ങള്‍ക്കുള്ള ശക്തമായ മറുമരുന്നായിരുന്നു അത്. ഞാന്‍ എന്റെ ഒരു കഥ കൂടി ചരമമടഞ്ഞ വേദനയില്‍ പകച്ചുനില്‍ക്കേ, അവള്‍ എന്റെ കഥ കഴിച്ച സംതൃപ്തിയോടെ അവളുടെ വീട്ടിലേക്ക് അനിശ്ചിതകാലത്തേക്ക് താമസമാക്കാനായി യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.


Monday, August 29, 2011

ഭരതന്‍ എന്ന മൈക്കല്‍ ആഞ്ചലോ


ഭരതന്‍ ഒരു കഥാസന്ദര്‍ഭമായിരുന്നു.

പാതി തുറന്ന ജനാലയുടെ സൗന്ദര്യത്തെയും സാധ്യതകളെയും പറ്റി നമ്മള്‍ കൂടുതലോര്‍ക്കുക ടി പത്മനാഭന്റെ കഥകള്‍ വായിക്കുമ്പോഴായിരിക്കും. ഓരോ ജീവിതസന്ദര്‍ഭവും അടക്കത്തോടെ കൈകാര്യം ചെയ്യുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. കഥാസന്ദര്‍ഭങ്ങളില്‍ പോലും കാണാം, ഈ അടക്കവും ഒതുക്കവും. രതി അടക്കമുള്ള ജന്‍മവാസനകളെപ്പറ്റി പറയുമ്പോഴും വൈകൃതത്തിലോ മടുപ്പിലോ എത്താതെ വായനക്കാരന് രസിക്കുന്ന രീതിയിലുള്ളതാണ് അവ. ഒരു പക്ഷേ, മലയാളസിനിമയില്‍ ഒരു ടി പത്മനാഭനുണ്ടെങ്കില്‍, അത് ഭരതന്‍ തന്നെയായിരിക്കുമെന്ന് ഉറപ്പുണ്ട്. പത്മനാഭന്റെ കഥ പറച്ചില്‍ രീതികളോട് ഏതൊക്കെയോ രീതിയില്‍ തദാത്മ്യം പ്രാപിക്കുന്നവയാണ് ഭരതന്റെ സിനിമകള്‍.
അമ്മാവന്‍ പി എന്‍ മേനോന്റെ സിനിമാ പരീക്ഷണങ്ങളെ കൗതുകപൂര്‍വം നോക്കിനിന്ന കുട്ടിയെ നിങ്ങള്‍ക്ക് ഒരു പക്ഷേ അറിയില്ലായിരിക്കും. പക്ഷേ, 1974 ല്‍ പ്രണവം എന്ന ചിത്രത്തിലൂടെ പത്മരാജനോടൊപ്പം മലയാളസിനിമയിലേക്ക് കാലെടുത്തു വച്ച ഭരതന്‍ ആര്‍ക്കും സുപരിചിതനാണ്.
അന്നുവരെയുള്ള സിനിമകളില്‍ കണ്ടുവന്ന കഥപറച്ചിലിനും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കും ഒരു പുതിയ ഭാഷ്യം ചമയ്ക്കുകയായിരുന്നു അദ്ദേഹം. കണ്ടുപരിചയിച്ച കൊള്ളസംഘങ്ങളുടെ കഥയിലും മരംചുറ്റി പ്രേമകഥയിലുമായി മലയാളസിനിമ ചടഞ്ഞുകൂടിയിരുന്ന സന്ദര്‍ഭത്തിലായിരുന്നു മാറ്റത്തിന്റെ കാറ്റായി ഭരതനും കൂടെ ഒരു കൂട്ടം പരീക്ഷണകുതുകികളായ ചെറുപ്പക്കാരും വീശിയടിച്ചത്. കഥപറച്ചിലിനു വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ ഭരതന്‍ ഒരിക്കലും ഒരുക്കമായിരുന്നില്ല. ഓര്‍ക്കുക, അദ്ദേഹത്തിന്റെ അവസാനകാലപടങ്ങളില്‍ സൂപ്പര്‍ ഹീറോകളുണ്ടായിരുന്നില്ല. സൂപ്പര്‍ അഭിനേതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അനുകരിക്കാനാവാത്ത ഭരതന്‍ ടച്ച്
സാമൂഹികബന്ധങ്ങളിലെ വൈകാരികതയും തീവ്രതയുമല്ലാം ഭരതന്‍ സിനിമകാളുടെ സ്ഥിരം കാഴ്ചകളായിരുന്നു. കൈവിട്ടുപോകാവുന്ന വിഷയങ്ങളാണെങ്കിലും തന്ത്രപരമായി കപ്പല്‍ കരയ്ക്കടുപ്പിക്കുന്ന ഒരു കപ്പിത്താനെ ഭരതന്റെ ചിത്രങ്ങളിലെല്ലാം കാണാം. രതിനിര്‍വേദത്തിലും ചാമരത്തിലും കാറ്റത്തെ കിളിക്കൂടിലും കാതോടു കാതോരത്തിലും തകരയിലുമല്ലാം ഈ സംവിധായക ശേഷിക്ക് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ആദ്യകാലസിനിമകളിലെല്ലാം ബന്ധങ്ങളുടെ ചെറു കാന്‍വാസായിരുന്നെങ്കില്‍ പിന്നീട് അവ ഒരു സമൂഹവും വ്യക്തിയും എന്ന നിലയിലേക്കു മാറുകയായിരുന്നു. കഥ പറച്ചിലിനു പുതിയ മാനം തേടി ഭരതന്‍. ഒപ്പം ഭാര്‍ഗവീനിലയം എന്ന വാക്ക് മലയാളികള്‍ക്ക് വൈക്കം മുഹമ്മദ് ബഷീര്‍ സമ്മാനിച്ചതുപോലെ ഭരതന്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരു വാക്ക് കൂടി മലയാളത്തിനു നല്‍കുകയും ചെയ്തു. ഭരതന്‍ ടച്ച്. പ്രയാണത്തില്‍, കൊട്ടാരക്കര അവതരിപ്പിച്ച കഥാപാത്രം ദേവീവിഗ്രഹത്തെ തന്റെ യുവതിയായ ഭാര്യയെ തഴുകുന്നതു പോലെ പരിപാലിക്കുന്നതും രതിനിര്‍വേദത്തില്‍ പപ്പുവും രതിച്ചേച്ചിയുമുള്ള ബന്ധം അതിലൈംഗികതയിലേക്ക് വഴുതിവീഴാതെ ആവിഷ്‌ക്കരിക്കുന്നതും ബുദ്ധിവളര്‍ച്ചയെത്താത്ത തകരയുടെ കഥയും ഭരതന്‍ ടച്ചിന്റെ നിറഞ്ഞ ഉദാഹരണങ്ങളാണ്.
എണ്‍പതുകളിലിറങ്ങിയ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ നെടുമുടി വേണു, ശാരദയോടു ‘ടീച്ചറെ അവള്‍ അമ്മ എന്നു വിളിച്ചാല്‍ എന്നെ എന്തു വിളിക്കു’മെന്ന ചോദ്യവും തുടര്‍ന്നുള്ള ശാരദയുടെ ഭാവവും ആരിലും അനുഭൂതിയുണര്‍ത്തും. എംടിയുമൊത്ത് വൈശാലിയും താഴ്‌വാരവും ചെയ്ത ഭരതന്‍ ഏതു വിഷയവും പൊന്നാക്കാന്‍ മാത്രം മിടുക്കനായിരുന്നു. ഏതു ഹോളിവുഡ് ക്ലാസികുമായും പോരാടാം, തഴ്‌വാരത്തിന്.
ഭരതന്‍ എന്ന മൈക്കല്‍ ആഞ്ചലോ
50 ലേറെ സിനിമകള്‍. വിവിധ ഭാഷകളിലായി. ഭരതന്‍ ചരിത്രത്തിലേക്കു നടന്നുനീങ്ങിയത് മലയാളത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് അവശേഷിപ്പിച്ചുകൊണ്ടാണ്. ഒന്നിനൊന്നു വ്യത്യസ്തമായ ഭരതസിനിമകള്‍ ഇന്നും ടെലിവിഷനില്‍ വരുമ്പോള്‍ കണ്‍തുറന്നു നോക്കൂ. ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാളെ നിങ്ങള്‍ക്ക് കാണാം. ദൃശ്യഭാഷയുടെ ചാരുതയ്ക്കും പൂര്‍ണതയ്ക്കും വേണ്ടി മനസിലെ സീനുകള്‍ വരച്ച് റിഹേഴ്‌സല്‍ ചെയ്ത മറ്റൊരാളെ നമുക്ക് വേറെ ആരുണ്ട്?

Saturday, August 27, 2011

സൂപ്പര്‍മാനെ വെല്ലാന്‍ ഇനി ജി-വണ്‍


സൂപ്പര്‍മാനെ വെല്ലാന്‍ ഇനി ജി-വണ്‍.

തന്റെ പുതിയ ചിത്രമായ ‘രാ-വണി’ന്റെ പ്രചരണത്തിനുവേണ്ടി ബോളിവുഡിലെ കിംഗ് ഖാന്‍ ഷാറൂഖ് ലോകവ്യാപകമായി ടൂര്‍ നടത്താന്‍ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിന്റെ ഇടയ്ക്കാണ് ‘രാ-വണി’ന്റെ പ്രോമോ ആദ്യമായി പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ഷാരൂഖ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവും. ഷാരൂഖിനൊപ്പം ടൂറില്‍ നായികയായ കരീനയയും പ്രശസ്ത പോപ്പ് ഗായകന്‍ അകോണും പങ്കെടുക്കും. സെപ്തംബറില്‍ ആണ് സിനിമ റിലീസ് ചെയ്യുന്നത്. ബ്രിട്ടണിലും യു എസിലും രാ -വണ്‍ ടീമിന്റെ പ്രത്യേക സ്‌റ്റേജ് പരിപാടികളും ഉണ്ടാവും. ഒരു സൂപ്പര്‍ ഹീറോയായാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഷാരൂഖിന്റെ ജി -വണ്‍ എന്ന കഥാപാത്രം ഹോളിവുഡിലെ സൂപ്പര്‍ ഹീറോമാരായ സൂപ്പര്‍മാനേയും സ്‌പൈഡര്‍ മാനേയും ബാറ്റ്മാനേയുമൊക്കെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 കോടിയാണ് സിനിമയുടെ ബജറ്റ്. സാങ്കേതികമികവിലും സംഘട്ടനത്തിലുമെല്ലാം ഇതുവരെ ബോളിവുഡ് കാണാത്ത അത്ഭുതക്കാഴ്ചകളാണ് ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മറ്റു സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെപ്പോലെ മാസ്‌ക് ധരിക്കാതെയാണ് ഇതില്‍ ഷാരൂഖ് അവതരിപ്പിക്കുന്ന സൂപ്പര്‍ ഹീറോ പ്രത്യക്ഷപ്പെടുന്നത്.
‘ഋത്വിക് റോഷന്റെ ക്രിഷ് അല്ലാതെ നമ്മുടെ ഭാഷയില്‍ ഒരു സൂപ്പര്‍ ഹീറോ ഉണ്ടായിട്ടില്ല.
ജി-വണ്‍ ഒരു ഇന്ത്യന്‍ സൂപ്പര്‍ ഹീറോയാവും.’ ഷാരൂഖ് പറയുന്നു. ‘നായകനെപ്പോലെ തന്നെ ഈ ചിത്രത്തില്‍ വില്ലനും വളരെ പ്രാധാന്യമുണ്ട്. ഷോലൈയിലെയും മിസ്റ്റര്‍ ഇന്ത്യയിലെയും വില്ലന്‍മാരെ ഓര്‍ക്കുന്നില്ലേ? അതുപോലെ ഇതിലെ വില്ലനും ശ്രദ്ധിക്കപ്പെടും. വില്ലന്‍ ശക്തനാവുമ്പോള്‍ നായകനും ശക്തി കൂടുന്നു എന്ന ഹിച്ച്‌കോക്കിയന്‍ സിദ്ധാന്തമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ’
അനുഭവ് സിന്‍ഹയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ഓം ശാന്തി ഓമി’നു ശേഷം അര്‍ജുന്‍ രാംപാല്‍ തന്നെയാണ് ഇതിലെ വില്ലനെ അവതരിപ്പിക്കുന്നത്. ഇതിനിടെ ഷാരൂഖ് തനിക്ക് മുമ്പ് മികച്ച രീതിയില്‍ സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച ഋത്വിക് റോഷനു വേണ്ടി പ്രത്യേകപ്രദര്‍ശനവും ഒരുക്കുന്നുണ്ട്. ഷാരൂഖ് അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ സൂപ്പര്‍ ഹീറോ സിനിമകളില്‍ ഏറ്റവും മികച്ചത് ക്രിഷ് ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു. സ്‌പൈഡര്‍മാനും സൂപ്പര്‍മാനും വേണ്ടി ആവേശപൂര്‍വം കൈയ്യടിച്ച കാണികളും ആരാധകരും ജി വണ്ണിനു വേണ്ടിയും കൈയ്യടിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.

Saturday, August 6, 2011

രജനി തിരിച്ചുവരവിനൊരുങ്ങുന്നു


രജനി തിരിച്ചുവരവിനൊരുങ്ങുന്നു.

അസുഖകാലത്തെ തരണം ചെയ്ത് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് തിരിച്ചുവരവിനൊരുങ്ങുന്നു. വിദഗ്ധചികിത്‌സയ്ക്കായി ഇപ്പോള്‍ ലണ്ടന്‍ ഹോസ്പിറ്റലിലുള്ള അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത വാര്‍ത്തയാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹം വിവിധ ആശുപത്രികളിലായിരിക്കുമ്പോള്‍ ഊണും ഉറക്കവുമുപേക്ഷിച്ച് പൂജയിലും പ്രാര്‍ഥനയിലും ഉപവാസത്തിലുമായി കഴിഞ്ഞിരുന്ന ആരാധകര്‍ക്ക് ചെറുതൊന്നുമല്ല, ഈ വാര്‍ത്ത ആശ്വാസം പകരുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ തമിഴകത്തെ പുതിയ സൂപ്പര്‍ താരവും സൂര്യയുടെ അനുജനുമായ കാര്‍ത്തിയുടെ അടുത്ത മാസം ഏഴാം തീയ്യതി നടക്കുന്ന വിവാഹസല്‍ക്കാരത്തില്‍ രജനി പങ്കെടുക്കുമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. കൂടാതെ മരുമകന്‍ ധനുഷിന്റെ ദേശീയ അവാര്‍ഡ് നേട്ടം ആഘോഷിക്കാനും പദ്ധതികളുണ്ട്.
റാണ
അസുഖമോചിതനായ വാര്‍ത്ത വന്നു തുടങ്ങിയതു മുതല്‍ മെഗാസ്റ്റാറിന്റെ വരാന്‍ പോവുന്ന ബിഗ് ബജറ്റ് ചിത്രം റാണയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഇടയ്ക്ക് റാണയില്‍ നിന്നും രജനി പിന്‍മാറിയേക്കും എന്നു വരെ വാര്‍ത്തകളുണ്ടായിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം താന്‍ തന്നെ റാണയില്‍ അഭിനയിക്കുമെന്ന് രജനി സ്വന്തം കൈപ്പടയിലെഴുതിയ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നരമാസം മുമ്പ് ഷൂട്ടിങ്ങിനിടയിലാണ് രജനിയുടെ ആരോഗ്യസ്ഥിതി വഷളായതും സിങ്കപ്പൂരിലുള്ള മൗണ്ട് എലിസബത്ത് സെന്റര്‍ ആശുപത്രിയിലും തുടര്‍ന്ന് തുടര്‍പരിശോധനകള്‍ക്കായി ലണ്ടന്‍ ആശുപത്രിയിലും അഡ്മിറ്റ് ചെയ്തത്.
യെന്തിരന്റെ തകര്‍പ്പന്‍ വിജയത്തിനു ശേഷം, രജനിയുടെ ബിഗ് ബജറ്റ് ചിത്രമാണ് റാണ. കെ എസ് രവികുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. വന്‍ പ്രതീക്ഷകളോടെയാണ് ലക്ഷക്കണക്കിനു വരുന്ന രജനി ആരാധകര്‍ റാണ പൂര്‍ത്തിയാവുന്നതും കാത്തിരിക്കുന്നത്. 100 കോടിയാണ് ബജറ്റ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് രജനി ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. താരനിര്‍ണയം ഇതുവരേയും പൂര്‍ത്തിയായിട്ടില്ലാത്ത ചിത്രത്തില്‍ ദീപിക പദുക്കോണും അനുഷ്‌കയുമാണ് നായികമാര്‍. നേരത്തെ രേഖയും വിദ്യ ബാലനും നായികമാരാവാനുള്ള ഓഫര്‍ നിരസിച്ചിരുന്നു. രേഖയ്ക്കു പകരം ബോളിവുഡിലെ ഡ്രീം ഗേളായ സാക്ഷാല്‍ ഹേമ മാലിനി തന്നെ എത്തുമെന്നും പറയപ്പെടുന്നു. ഇതിനിടെ വിദ്യാ ബാലനു പകരം ദീപിക പദുക്കോണിനൊപ്പം നായികയായി തെലുങ്കിലെ സൂപ്പര്‍ നായിക ഇല്യാന വരുമെന്നും സംസാരമുണ്ട്. ഏതായാലും ഈ ബ്രഹ്മാണ്ഠചിത്രത്തിലെ തുടര്‍ അഭിനയത്തിന് പൂര്‍ണ ആരോഗ്യവാനായ രജനി എത്തുന്ന ത്രില്ലിലാണ് സംവിധായകന്‍ കെ എസ് രവികുമാറും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആരാധകരും.