
എനിക്ക് ചേതന്‍ ഭഗത് ആവണം
അഞ്ച്
അഞ്ച്
പിറ്റേന്നു മുതല്‍ എന്റെ റോള്‍ മോഡലായി ദസ്തയേവ്‌സ്‌ക്കിയ്ക്കു പകരം ചേതന്‍ ഭഗത് പ്രതിഷ്ഠിക്കപ്പെട്ടു എന്നതു നേരാണ്.
എനിക്കു ചേതന്‍ ഭഗത് ആവണം.
ഇനി മുതല്‍ ഞാന്‍ ഒരു പുതിയ മനുഷ്യനായിരിക്കുമെന്ന് എല്ലാ പുതുവര്‍ഷദിനാരംഭത്തിലും പ്രതിഞ്ജയെടുക്കുന്നതു പോലെ അന്നും ഞാന്‍ പ്രതിഞ്ജയെടുത്തതുമെല്ലാം നേരു തന്നെയാണ്.
എനിക്ക്, എന്റെ ലക്ഷ്യത്തിലേക്ക്, സ്വപ്നത്തിലേക്ക് സഞ്ചരിക്കണം. കൂടുതല്‍ സ്വപ്നങ്ങള്‍ കാണുന്നത് കുറഞ്ഞ അളവിലെങ്കിലും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാം. പക്ഷേ, മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി നമ്മുടെ സ്വപ്നങ്ങളെ വഴിയോരത്തെ സത്രത്തില്‍ വിശ്രമിക്കാന്‍ അനുവദിച്ചാല്‍..
സത്യത്തില്‍, നിലോഫറിന്റെ സ്വപ്നങ്ങളും രീതികളുമാണ് എന്നെ സംശയാലുവാക്കുന്നത്.
നിലോഫറിന്റെ സ്വപ്നങ്ങള്‍.
നിലോഫറിന് നിലോഫറിന്റേതായ വ്യക്തിത്വമുണ്ട്.
ഞാന്‍ അംഗീകരിക്കുന്നു.
നിലോഫര്‍, നിലോഫറാണെന്നും കാശ്മീരുകാരിയാണെന്നും സുന്ദരിയാണെന്നും ഫാഷന്‍ ഡിസൈനറാണെന്നും എന്റെ സ്വപ്നങ്ങളോടു ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവളാണെന്നും അവള്‍ക്കു ബെല്ലി ഡാന്‍സിന്റെ ബാലപാഠങ്ങള്‍ അറിയാമെന്നും ഞാന്‍ അംഗീകരിക്കുന്നു.
എന്നാല്‍ നിലോഫറിന്റെ സ്വപ്നങ്ങളിലേയും ജീവിതരീതികളിലേയും വൈചിത്രമാണ് എന്നെ കുഴയ്ക്കുന്നത്.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ, ബെഡ് കോഫി വേണമെന്ന് നിര്‍ബന്ധമുള്ള ഭര്‍ത്താവൊന്നുമല്ല ഞാന്‍. എങ്കിലും നന്നെ രാവിലെ എഴുന്നേല്‍ക്കുന്നതാണ് ശീലം. നന്നെ രാവിലെ തന്നെ എഴുത്തിലോ ചിന്തകളിലോ മുഴുകുക. ചിന്തകള്‍ക്കും എഴുത്തിനും മൂര്‍ച്ച കൂടുന്ന വേള കൂടിയാണ് ഇത്. എന്റെ എഴുന്നേല്‍പ്പു ബഹളങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ നിലോഫറും എഴുന്നേല്‍ക്കും. പിന്നീടാണ് അവളുടെ സംശയാസ്പദമായ സംഭാഷണങ്ങളുടേയും പ്രവൃത്തികളുടേയും ആരംഭം. നന്നെ പ്രഭാതത്തിലെ അവളുടെ പരസ്പരബന്ധമില്ലാത്ത വാക്കുകള്‍ ചേര്‍ത്തുള്ള കുശലാന്വേഷണം ഇങ്ങനെ നീളും.
‘ഹായ്, ഗുഡ് മോര്‍ണിങ്!’
‘നിങ്ങള്‍ എഴുതുകയാണോ? (ഞാനപ്പോള്‍ വായനയിലായിരിക്കും) ചേതന്‍ ഭഗത്തിനെ വെല്ലുമോ? ’
‘കുട്ടിക്കാലത്ത് ഞാനൊരുപാട് വായിക്കുമായിരുന്നു.’
‘കാശ്മീരിലെ പ്രഭാതം ഇങ്ങനെയൊന്നുമല്ല.’
‘കഴിഞ്ഞ റിപ്ലബിക് ദിനം ഞങ്ങള്‍ക്ക് എത്രയേറെ പ്രശസ്തി നല്‍കിയെന്നോ!’
‘അപ്പുറത്തെ വീട്ടിലെ ലൗ ബേര്‍ഡ്‌സിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ? ഈ പ്രഭാതം ഇത്ര മനോഹരമാക്കുന്നതില്‍ അതു വഹിക്കുന്ന പങ്ക് അതു മാത്രം അറിയുന്നുണ്ടാവില്ല. പാവം!’
‘ആ, പിന്നെ ചായയുടെ കാര്യം. ചേതന്‍ ഭഗതിന്റെ എഴുത്ത് എന്തുകൊണ്ടാണ് ആധുനിക മനസിനെ ഇത്രമാത്രം ആകര്‍ഷിക്കുന്നത്?’
അവളുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചാറ്റിങ് രീതിയില്‍ അവള്‍ തന്നെ പറയും. പക്ഷേ, ആദ്യം പറഞ്ഞ വാചകത്തോടു പിന്നീടു പറഞ്ഞ വാചകത്തിനു യാതൊരു ബന്ധവുമുണ്ടാവില്ല. അതിനാല്‍ അവള്‍ക്കു മറുപടി നല്‍കുമ്പോള്‍ അവള്‍ പറഞ്ഞ എത്രാമത്തെ വാചകത്തിനാണ് മറുപടി പറയുന്നതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കാനും ഞാന്‍ ബാധ്യസ്ഥനായിരുന്നു. എന്റെ പിന്നീടുള്ള ജീവിതത്തില്‍ മുഴുവനും ഈ ഓര്‍മ്മിപ്പിക്കല്‍ വേണമല്ലോ എന്നോര്‍ത്തപ്പോള്‍ ആദ്യരാത്രിയില്‍ തന്നെ ഞാന്‍ അറിയാതെ ഞെട്ടി വിറച്ചിരുന്നു.
ചാറ്റ് ഭാഷയായിരുന്നു അവള്‍ക്ക് മറ്റെല്ലാത്തിനേക്കാളും പഥ്യം. ഒരു സ്വപ്നത്തിലെന്ന പോലെ അവള്‍ വാക്കുകളോരോന്നായി ഉരുവിടും. അവയുണ്ടാക്കുന്ന അര്‍ഥവ്യാപ്തിയോ മറ്റുള്ളവരിലെ അത്ഭുതമോ ഒന്നും അവള്‍ക്കു പ്രശ്‌നമായിരുന്നില്ല. അപ്പോള്‍ അവള്‍ പൂര്‍ണമായ അര്‍ഥത്തില്‍ തന്നെ ഒരു സ്വപ്നജീവിയായിരുന്നു. തന്റെ സ്വപ്നങ്ങളോടു മാത്രം സംവദിക്കുന്നവള്‍.
അവളുടെ സ്വപ്നങ്ങള്‍ക്കു മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും അവ മറ്റൊന്നിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ സ്ഥാനഭ്രംശം ചെയ്തിരിക്കും.
അവളുടെ മറ്റൊരു സ്വപ്നഭാഷയുടെ തുടര്‍ച്ചയിലേക്ക്.
വിവാഹം കഴിഞ്ഞ് നാലാം നാളാണ് ഞാന്‍ എന്റെ സ്വപ്നം അവള്‍ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചത്.
‘എനിക്ക് ചേതന്‍ ഭഗത് ആവണം. ’
അവള്‍ അപ്പോള്‍ മിനിഞ്ഞാന്ന് വൈകിട്ട് അവളുടെ ഷര്‍ട്ടില്‍ നിന്നും ഉതിര്‍ന്നു വീണ സ്വര്‍ണനിറമുള്ള ബട്ടണ്‍ നൂലില്‍ കോര്‍ത്ത് തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു.
‘എനിക്ക് ചേതന്‍ ഭഗത് ആവണം.’
ഞാന്‍ എന്റെ സ്വപ്നം ആവര്‍ത്തിച്ചു.
‘ഇപ്പോള്‍ വരുന്ന നൂലുകള്‍ക്കൊന്നും പഴയ ക്വാളിറ്റിയില്ലെന്നേ.. എത്ര വേഗമാണെന്നോ അവ മുറിഞ്ഞുകഷണമാവുകയോ തേയ്മാനം സംഭവിക്കുകയോ ചെയ്യുന്നത്.’
അവള്‍ പറഞ്ഞു.
അവളുടെ പ്രകൃതം കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ കൃത്യമായി മനസിലായിരുന്നതിനാല്‍ ഞാന്‍ തുടര്‍ന്നു.
‘ഞാനൊരു പ്രസാധകനെ കണ്ടിരുന്നു. എന്റെ ആഗ്രഹം അയാളോടു പറയുകയും ചെയ്തു. മാര്‍ക്കറ്റ് വാല്യു കൂടി നോക്കി എഴുതാനാണ് അയാളുടെ നിര്‍ദേശം..’
‘സൂചിയും ബട്ടണ്‍ ദ്വാരവും തമ്മിലുള്ള ബന്ധം വേട്ടക്കാരനും ഇരയും പോലെയാണോ?
അവള്‍.
‘..എന്നിട്ട് അയാള്‍ വിപണിയില്‍ ഇപ്പോള്‍ കൂടുതലും വിറ്റഴിക്കപ്പെടുന്നതും കൂടുതല്‍ പേര്‍ വായിക്കുന്നതുമായ പുസ്തകങ്ങളെക്കുറിച്ചു വിവരിച്ചു. മുമ്പൊരിക്കല്‍ മറ്റൊരു പത്രാധിപര്‍ എന്നോടു പറഞ്ഞതു പോലെ തന്നെ. ഒന്നുകില്‍ ചേതന്‍ ഭഗതിനെപ്പോലെ എഴുതണം. ഫിക്ഷന്‍സ്. അല്ലെങ്കില്‍, ജീവിതവിജയത്തിനും വീടുനിര്‍മാണത്തിനു ചെലവു കുറയ്ക്കാനുമുള്ള 101 വഴികള്‍ പോലുള്ളവയോ പാചകക്കുറിപ്പുകളോ മഹാന്‍മാരുടെ ആത്മകഥകളോ ജീവചരിത്രമോ എഴുതണം. ഇവയേതെങ്കിലും എഴുതുകയാണെങ്കില്‍ പ്രസിദ്ധീകരിക്കാമെന്ന്. ’
ഞാന്‍ അവളുടെ ഭാവം മനസിലാക്കാനായി ഒന്നു നിര്‍ത്തി.
‘ഈ ബട്ടണും നീല നിറമുള്ള നൂലും കൃത്യമായി ചേരുന്നുണ്ട്. അല്ലേ?’
അവള്‍ ആകാംക്ഷാപൂര്‍വം ചോദിച്ചു.
‘..ആദ്യം, ഇതെനിക്കു കേട്ടപ്പോള്‍ നിരാശ തോന്നി. ഉത്തമമായ സാഹിത്യമെഴുതണമെന്ന് ആഗ്രഹിക്കുന്ന, കഥകളും കവിതകളും നോവലുമൊക്കെ എഴുതണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മറ്റൊരാളുടെ പൊടിപ്പും തൊങ്ങലും നിറഞ്ഞ ജീവചരിത്രവും ആത്മകഥയും എഴുതാന്‍ കഴിയും? ഞാന്‍ കടുത്ത നിരാശയിലായി..’
ഞാന്‍.
‘എന്നിട്ട്?’
ഇടയ്‌ക്കെപ്പോഴോ എന്റെ അനുഭവക്കുറിക്കലിന് സാമ്യമുള്ള ഒരു പ്രതികരണം അവളില്‍ നിന്നുമുയര്‍ന്നു. ഞാന്‍ ആവേശഭരിതനായി ബാക്കി പറയാന്‍ തുടങ്ങി.
‘..പിന്നെ അല്‍പം കഴിഞ്ഞ് നിരാശ അല്‍പമൊന്നടങ്ങിയപ്പോള്‍ ഞാന്‍ സാവധാനം ചിന്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് വേണ്ടത് ഒരു ഇടമാണ്. ഒരു പേരാണ്. ആ ഇടത്തു നിന്ന്, ആ പേരില്‍ നിന്നാവണം എന്റെ ചേതന്‍ ഭഗതിലേക്കുള്ള യാത്രയുടെ ആരംഭം കുറിക്കേണ്ടത്. ഒരു പക്ഷേ, എന്റെ സ്ഥാനത്ത് ചേതന്‍ ഭഗത് ആയിരുന്നെങ്കിലും തിരഞ്ഞെടുക്കുന്ന മാര്‍ഗം ഇതു തന്നെയാവും. പ്രസാധകനു മുന്നില്‍ എന്റെ യഥാര്‍ഥലക്ഷ്യം തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവെച്ച് ഞാന്‍ അതു തന്നെ തീരുമാനിച്ചു.’
അപ്പോഴേക്കും അവള്‍ തുന്നല്‍ ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു.
ഞാന്‍ തുടര്‍ന്നു.
‘...അങ്ങനെ ആലോചിച്ചപ്പോള്‍ എനിക്കു തോന്നി ആരുടേയെങ്കിലും ആത്മകഥയോ ജീവചരിത്രമോ എഴുതുന്നതാണ് നല്ലതെന്ന്. ആരുടേയെങ്കിലും ആത്മകഥ ഒരു ഗോസ്റ്റ് റൈറ്ററായി എഴുതുക. ചിലപ്പോള്‍ ആ ക്രോഡീകരണത്തിലൂടെയാണ് എന്റെ കാലം തെളിയുന്നതെങ്കിലോ? അതിനാല്‍ ഞാന്‍ ഒരാളുടെ ആത്മകഥ എഴുതാന്‍ തീരുമാനിച്ചു.
സൂചി മുന ഇടയ്ക്ക് അറിയാതെ വിരലുകളില്‍ തന്നെ തറച്ചപ്പോള്‍, ചോര പൊടിയുന്നുണ്ടോ എന്ന സംശയത്തോടെ അവള്‍ വിരലുയര്‍ത്തി എന്റെ മുഖത്തേക്കു നോക്കി. പിന്നെ വിരലിലെ രക്തത്തുള്ളികള്‍ നാവു കൊണ്ടു നുണഞ്ഞു.
‘ആത്മകഥ?
അവള്‍ ആദ്യമായി സംശയം പ്രകടിപ്പിച്ചു.
‘അതെ. എനിക്ക് വീണ്ടും ചേതന്‍ ഭഗതിനെപ്പോലെ ഐ ഐ എമ്മില്‍ പഠിക്കുവാനോ, ചേതന്‍ ഭഗതിനേക്കാള്‍ സ്മാര്‍ട്ട് ആയ ഭാര്യയെ കിട്ടാനോ പോവുന്നില്ല. അതിനാല്‍ ഇപ്പോള്‍ അദ്ദേഹം എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ ചെയ്യുമായിരുന്നñഒരു കാര്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരാളുടെ ആത്മകഥ എഴുതുക.
‘ആരുടെ?
അവള്‍ ഇപ്പോള്‍ പൂര്‍ണമായും എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുതുടങ്ങിയെന്നു തോന്നുന്നു.
‘അദ്ദേഹം.. പറഞ്ഞാല്‍ നിനക്ക് ചിലപ്പോള്‍ അറിയുമായിരിക്കും. ഈ ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള ആള്‍. ഒരുപക്ഷേ, ആയിരം സൂര്യചന്ദ്രന്‍മാരെ കണ്ട അദ്ദേഹം തന്നെയാവും ഈ ലോകത്ത് ആത്മകഥയെഴുതാന്‍ ഏറ്റവും യോഗ്യന്‍. പ്രസാധകനോട് അദ്ദേഹത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ തന്നെ സമ്മതം മൂളി.
‘അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനോ സിനിമാതാരമോ രാഷ്ട്രീയക്കാരനോ ക്രിമിനലോ ആയിരുന്നോ?
അവള്‍ക്ക് താല്‍പര്യമേറി.
‘അദ്ദേഹം ഇവയൊന്നുമായിരുന്നില്ലെങ്കിലും നീ പറഞ്ഞവരേക്കാളൊക്കെ ജീവിതം പറയാന്‍ യോഗ്യനാണ്. വിശേഷിച്ചും ഇരുനൂറ് വര്‍ഷത്തിലേറെ ജീവിച്ച ഒരാളാവുമ്പോള്‍..
‘ഇരുനൂറ് വര്‍ഷം?
‘അതെ. ഇരുനൂറിലേറെ വര്‍ഷമായി അദ്ദേഹം ജനിച്ചിട്ട്. രണ്ടു നൂറ്റാണ്ടുകള്‍. അതായത് നമ്മുടെ ആദ്യസ്വാതന്ത്ര്യസമരത്തിനും മുന്‍പ്. അതിനാല്‍ അദ്ദേഹത്തിന് പറയാനുള്ള ജീവിതകഥയ്ക്ക് മറ്റാരെക്കാളും ആഴമുണ്ടാകുമെന്ന് തീര്‍ച്ച.
‘ചായ വേണ്ടേ?
അവള്‍ അപ്പോഴേക്കും അവളുടെ വിരോധാഭാസങ്ങളിലേക്കു തിരിച്ചുവന്നു. ഏതു നിമിഷവും ഇതു പ്രതീക്ഷിച്ചിരുന്നതിനാല്‍ ഞാന്‍ തുടര്‍ന്നു.
‘ഒരു ഗ്ലാസിലെ വെള്ളം പോലെയാണ് അദ്ദേഹം. വ്യക്തമായ മുഖമോ രൂപമോ ഭാവമോ ഒന്നുമില്ല. നോക്കിക്കാണുന്നതിനനുസരിച്ച് എല്ലാം മാറിക്കൊണ്ടേയിരിക്കും. കാഴ്ചക്കാരുടെ ധാരണകളാണ് ജീവിതം. ഇതെഴുതിത്തുടങ്ങുന്നതോടെ എന്റെ എഴുത്തുജീവിതവും ആരംഭിക്കും..
‘പക്ഷേ, അയാള്‍ സമ്മതിക്കുമോ?
അവള്‍ വീണ്ടും യാഥാര്‍ഥ്യ ലോകത്തിലേക്ക് ഇറങ്ങിവന്നു.
‘സമ്മതിക്കും. ഇന്ന് ഞാന്‍ അദ്ദേഹത്തെ കാണുകയും ചെയ്തു. ആഗോളതാപനവുമായി ബന്ധപ്പെട്ട ഒരു പ്രഭാഷണത്തിനായി അദ്ദേഹം ഇപ്പോള്‍ ഈ നാട്ടിലുണ്ട്. ആഗോളതാപനവും അദ്ദേഹം എന്ന ആഗോളപൗരനും..
‘ആഗോളപൗരന്‍?
‘അതെ. മുമ്പൊരിക്കല്‍ ഞാനൊരു ആഗോളനോവല്‍ എഴുതണമെന്ന് കരുതിയിരുന്നു. ഗബ്രിയേല്‍ മാര്‍ക്വിസിന്റേയും ദസ്തയേവ്‌സ്‌ക്കിയുടേയും ഒര്‍ഹാന്‍ പാമുക്കിന്റേയുമൊക്കെ പോലെ ലോകത്ത് എവിടെയുള്ളവര്‍ക്കും മനസിലാവുന്ന ഒരു നോവല്‍. ഒരുപക്ഷേ, എന്റെ ഈ ആഗ്രഹത്തിലേക്കുള്ള ആദ്യചവിട്ടുപടി ഈ ആത്മകഥ എഴുതുന്നതോടെ കയറാന്‍ കഴിഞ്ഞേക്കാം.
കാരണം ഇദ്ദേഹം ഒരു ആഗോളപൗരനാണ്. ലോകം മുഴുവനും ചിറകുകള്‍ വിരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യാതിര്‍ത്തികള്‍ മുറിച്ചു കടക്കുന്ന ആള്‍..’
‘എന്നിട്ട് അയാള്‍ സമ്മതിച്ചോ?’
‘അര്‍ദ്ധസമ്മതമായി. അല്ലെങ്കിലും തന്റെ ജീവിതം അച്ചടിമഷിയിലോ അഭ്രപാളിയിലോ തെളിയണമെന്ന് ആഗ്രഹിക്കാത്ത എത്ര പേരുണ്ട് ലോകത്തില്‍? ആത്മകഥകള്‍ ഒരാളുടെ ഈഗോയുടേയോ അഹങ്കാരത്തിന്റേയോ പുനരവതാരം കൂടിയാണ്.’
ഞങ്ങളുടെ പ്രഭാതസംഭാഷണം പതിവിലുമേറെയായെന്നു തോന്നിയപ്പോള്‍ അവള്‍ തന്നെ അതവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തു. തലേന്നു അര്‍ധരാത്രി നടന്ന യു എസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ മത്‌സരം അപ്പോള്‍ ടി വിയില്‍ പുന:സംപ്രേഷണം ചെയ്യുന്നുണ്ട്. സെറീന വില്യംസ് ജയിച്ചെന്ന ഫ്‌ളാഷ് നേരത്തെ കണ്ടെങ്കിലും അവളുടെ റിട്ടേണ്‍ ഹാന്‍ഡ് ഷോട്ടുകളും സര്‍വുകളും നേരിട്ടു കണ്ടാല്‍ മാത്രമേ നിലോഫറിന് തൃപ്തി വരൂ. സ്ത്രീകള്‍ക്ക് എന്നും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ടെന്നീസാണ് തനിക്ക് ഇഷ്ടപ്പെട്ട കളിയെന്ന് ഇടയ്ക്ക് ചാറ്റിങ്ങിനിടയില്‍, മുമ്പ് അവള്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഞാന്‍ അസംതൃപ്തിയോടെ ഇനിയുമേറെ പറയാനുണ്ടെന്ന മട്ടില്‍ മുറുമുറുത്തെങ്കിലും അവള്‍ തുന്നല്‍ സാമഗ്രികള്‍ അതാത് സ്ഥാനത്ത് വെച്ച് ടിവിയ്ക്കു മുന്നില്‍ ഉപവിഷ്ടയായി. ഞാന്‍ എന്റെയുള്ളിലെ വീര്‍പ്പുമുട്ടിക്കിടന്ന വാക്കുകള്‍ എഴുത്തുമേശയിലെ പേപ്പറുകളിലൊന്നില്‍ എഴുതിത്തുടങ്ങി. ശരിക്കും അതൊരു കുറിപ്പായിരുന്നു. എന്റെ ആത്മകഥാകാരന്റെ ബയോഡാറ്റ.
പേര്: എന്തുമാവാം. ശരിക്കും അദ്ദേഹത്തിന് കൃത്യമായി ഒരു പേരില്ല എന്നതാണ് വാസ്തവം.
വയസ്: ഇരുനൂറ് കഴിഞ്ഞെന്നത് ഉറപ്പാണ്.
ജോലി: അദ്ദേഹം ഒരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവായിരുന്നു. സംഗീതഞ്ജനായിരുന്നു. പ്രാസംഗികനായിരുന്നു..
വിദ്യാഭ്യാസം: കൃത്യമായി അറിയില്ല. എങ്കിലും പഠിച്ചിരിക്കാനും ബിരുദം നേടിയിരിക്കാനുമൊക്കെയുള്ള സാധ്യതയുണ്ട്. വികിപീഡിയായിലും അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരമൊന്നുമില്ല.
പ്രത്യേകതകള്‍: സ്ത്രീകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണെന്ന് ചിലരൊക്കെ, പ്രത്യേകിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പോലീസ് രേഖകളില്‍ ചില സ്ത്രീവിഷയകേസുകളില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടതായി തെളിവുകളുമുണ്ട്.
ഭാവം: ചിലപ്പോള്‍ ചിരിക്കും. ചിലപ്പോള്‍ കരയും. ചിലപ്പോള്‍ സംസാരിക്കാന്‍ വിമുഖന്‍. ചിലപ്പോള്‍ സംസാരിച്ചുകൊണ്ടേയിരിക്കും. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മാറിമറിയുന്ന സ്വഭാവസവിശേഷതകള്‍.
അപ്പോഴേക്കും അവള്‍ പുതുതായി ചിത്രപ്പണികള്‍ ചെയ്ത ഉടുപ്പുമായി എന്റെ മുന്നില്‍ വന്നുനിന്നു.
‘ഇതെങ്ങനെയുണ്ട്?’
അവള്‍ ചോദിച്ചു.
‘ഒരു കാശ്മീരുകാരി കാശ്മീരുകാരിയായതു പോലെ.’
ഞാന്‍ പറഞ്ഞു.
‘ഇതെന്താണെഴുതുന്നത്? ഇപ്പോഴേ ആത്മകഥ എഴുതിത്തുടങ്ങിയോ?’
‘ഏയ്.. ഇതു വെറും കുറിപ്പുകളാണ്. മിക്കവാറും അടുത്ത അധ്യായമാവുമ്പോഴേക്കും ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യന്റെ ആത്മകഥ എഴുതിത്തുടങ്ങും.’
‘അപ്പോള്‍?’
‘അപ്പോള്‍.. അപ്പോളെന്താ? അപ്പോള്‍ ഇതാണ് ചേതന്‍ ഭഗതാവാനുള്ള എന്റെ ആദ്യ ചവിട്ടുപടി. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒരു പുസ്തകരചനയില്‍ ഞാന്‍ പങ്കാളിയാവാന്‍ പോവുന്നു. ഒരു പക്ഷേ, ഇതായിരിക്കാം എന്റെ ആദ്യനിയോഗം..’
ഞാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഒരു എഴുത്തുകാരനാവാനുള്ള എന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ ആദ്യപടി തെളിഞ്ഞുകഴിഞ്ഞു.ഇനി പതിയെ പത്രപ്രവര്‍ത്തക കുപ്പായം അഴിച്ചുവെക്കണം. മണിക്കൂറുകളുടെ ആയുസുള്ള അതിശയോക്തിയും പൊങ്ങച്ചവും കലര്‍ന്ന വാര്‍ത്തകളെ മെല്ലെ മനസില്‍ നിന്നു തുടച്ചുമാറ്റാം. ഒരു കഞ്ചാവിന്റെ ലഹരിയില്‍ എല്ലാം മറക്കുന്നതുപോലെ എല്ലാത്തിനേയും എന്റെ മനസിന്റെ റീസൈക്കിള്‍ ബിന്നിലേക്ക് വലിച്ചെറിയാം. ഇപ്പോള്‍ മനസിന്റെ ഡെസ്‌ക്‌ടോപ്പില്‍ പ്രതിഷ്ഠിക്കാന്‍ ദസ്തയേവ്‌സ്‌ക്കിയുടേയും ചേതന്‍ ഭഗതിന്റേയും വിവിധ രൂപാന്തരങ്ങളുണ്ട്. ചരമവാര്‍ത്തയ്‌ക്കൊപ്പം സൗജന്യപ്രശസ്തി കിട്ടുന്ന മക്കളുടേയും ജാമാതാക്കളുടേയും പേരമക്കളുടേയും എണ്ണിയാലൊടുങ്ങാത്ത കണക്കു പോലെ എണ്ണമില്ലാത്ത പ്രശസ്തിയിലേക്കു പതുക്കെ നടന്നുനീങ്ങാം.
എന്റെ ആത്മകഥാകാരന്‍ എന്നെ പ്രശസ്തനാക്കും.
ഇതിനെ പറ്റി ഒരിക്കല്‍ എന്നോടു ‘ഫക്ക് യു’ പറഞ്ഞ പത്രാധിപര്‍ പ്രത്യേക കവര്‍ സ്‌റ്റോറി എഴുതും.
ഒരിക്കല്‍ ‘ഫക്ക് യു’ പറഞ്ഞ സംവിധായകന്‍ ഇതിന്റെ ചലച്ചിത്രസാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തും.
എനിക്കുറപ്പുണ്ട്. കാരണം ഒരിക്കല്‍ എന്നോടു ‘ഫക്ക് യു’ എന്ന് അവരേക്കാളൊക്കെ ആവേശത്തോടെ പറഞ്ഞവളാണ് ഇപ്പോള്‍ എന്റെ എഴുത്തുമേശയ്ക്കരികെ കാശ്മീരി വസ്ത്രങ്ങളുമണിഞ്ഞ് നന്നെ പ്രഭാതത്തിലും ചായയുമായി വന്നു നില്‍ക്കുന്നത്.
കുട്ടിക്കാലത്ത് എന്റെ നോട്ടുപുസ്തകത്തില്‍ മുമ്പേ കുറിച്ച അക്കങ്ങളുടെ അക്ഷരമാല അവിടെ ഇപ്പോഴും തെളിഞ്ഞു കിടപ്പുണ്ട്. തീര്‍ച്ചയായും എന്റെ ഭാഗ്യനമ്പരും വരും. കാരണം, ഇനി മുതല്‍ കുറച്ചു കാലത്തേക്ക് നിലോഫറിനു പുറമേ എന്റെ കൂടെ മറ്റൊരാള്‍ കൂടിയുണ്ട്. എന്റെ ആത്മകഥാകാരന്‍. ഒരു പുതിയ അധ്യായം തുടങ്ങാനായി.
‘ഈ ചായയില്‍ ഒരു മാറ്റത്തിനായി പഞ്ചസാരയ്ക്കു പകരം ഉപ്പ് ഇടുകയാണെങ്കില്‍ എങ്ങനെയിരിക്കും?’
നിലോഫര്‍ എന്റെ സ്വപ്നങ്ങളിലേക്ക് അര്‍ഥമില്ലാതെ ഇടപെട്ടു.
നീ ഇതു വരെ ചേതന്‍ ഭഗത് ആയില്ലേ.. ഞാന്‍ മിനിഞ്ഞാന്ന് ആയി......
ReplyDelete