Friday, July 19, 2013

എനിക്കു ചേതന്‍ ഭഗത് ആവണം- സ്വപ്‌നതുല്യമായ കഥാഖ്യാനo.


  • പുസ്‌തക പരിചയംഎനിക്കു ചേതന്‍ ഭഗത് ആവണം (മുഹമ്മദ് ഷഫീഖ്) 


    Baji Odamveli
    (ബഹ്‌റൈനിലെ 4 പി എം ന്യൂസിന്റെ സണ്‍ഡേ സപ്‌ളിമെന്റില്‍ വന്ന 
    എന്റെ എനിക്ക്‌ ചേതന്‍ ഭഗത്‌ ആവണം എന്ന പുസ്‌തകത്തെക്കുറിച്ചുള്ള നിരൂപണം.) 


    പ്രമേയത്തിലും പ്രതിപാദനത്തിലും പുതുമ സൃഷ്ടിക്കുകയും ആഖ്യാന ശൈലിയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്യുന്ന ഒരു യുവ നോവലിസ്റ്റിന്റെ കൃതിയാണിത്. എഴുത്തിനെ തീവ്രമായി പ്രണയിക്കുന്ന, ലോകാരാധ്യനായ എഴുത്തുകാരനായി മാറാന്‍ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ക്കൂടി നടത്തുന്ന കാല്പനിക സഞ്ചാരം. നമുക്കൊപ്പം നടക്കുന്ന എഴുത്തില്‍ നമ്മുടെ കാലത്തെക്കുറിച്ചു തന്നെയാണ്‍ പറയുന്നത്.
    എഴുത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ന്യൂ ജനറേഷന്‍ എഴുത്തുകാരുടെ നോവല്‍ ശ്രമങ്ങളുടെ മലയാളം പതിപ്പായി ഇതിനെ വിലയിരുത്താനാകും. വലിച്ചു നീട്ടി പരത്തിപ്പറഞ്ഞ് വായനക്കാരനെ മുഷിപ്പിക്കാതെ തനിക്ക് പറയാനുള്ളത് വ്യക്തവും ചടുലവുമായി 152 പേജുകളില്‍ മനോഹരമായി അനുഭവിപ്പിച്ചിരിക്കുന്നു. യുവജനങ്ങളെ വായനയിലേക്ക് തിരികെ കൊണ്ടുവരാനായി എന്നതാണ്‍ ചേതന്‍ ഭഗത്തിനെ പോലെയുള്ള ഇന്ത്യന്‍ ആഗലേയ എഴുത്തുകാരുടെ വിജയത്തിന്‍ കാരണം. ബെന്യാമിന്റെ ആടുജീവിതം വളരെ വേഗം അന്‍പതാം പതിപ്പിലെത്തി ചരിത്രം സൃഷ്‌ടിച്ചത് മലയാളികളും വായനയിലേക്ക് തിരികെ വരുന്നൂ എന്നതിന്‍ തെളിവാണ്‍.
    നോവലില്‍ സ്ഥലം നിര്‍ണ്ണായകമാകാതെ വ്യക്തികള്‍ക്കും അവരുടെ അനുഭവങ്ങള്‍ക്കും ആവശ്യമായ പ്രാധാന്യം കൊടുത്തിരിക്കുന്നു. കഥാപാത്രബാഹുല്യം ഇല്ലാത്തതിനാല്‍ പ്രധാനപ്പെട്ട മൂന്നു പേരുടെ ജീവിതത്തോടൊപ്പം ഏകാഗ്രതയോടെ നമുക്ക് സഞ്ചരിക്കാനാവും. ലോകത്തിന്റെ ഏതു കോണിലിരുന്നു വായിക്കുന്ന ആളിനും സ്ഥലപരിമിതികളില്ലാതെ കഥാലോകം കാണാന്‍ ഇതിലൂടെ സാധിക്കുന്നു. കൃത്യമായ അടുക്കിലും ചിട്ടയിലും മുന്നേറുന്ന നോവല്‍ വായനക്കാര്‍ക്ക് നല്ലൊരു ദൃശ്യാനുഭവം നല്‍കും.
    മഹാനായ ദസ്‌തയേവ്‌കിയാണ്‍ നായകന്റെ ആദ്യത്തെയും അവസാനത്തെയും എഴുത്തുകാരന്‍. തന്നില്‍ നിന്ന് ഒരു ദസ്‌തയേവ്‌സ്‌കി ഉയര്‍ന്നു വരുമെന്ന് അവന്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ ഫെയ്‌സ്‌ബുക്ക് വഴി പരിചയപ്പെടുന്ന നിലോഫര്‍ എന്ന കാശ്‌മീരുകാരി സുന്ദരി അവന്റെ സ്വപ്‌നങ്ങളെ കീഴ്‌മേല്‍ മറിക്കുന്നു. പിന്നീടയാള്‍ സാഹിത്യലോകത്ത് എന്തെങ്കിലുമാകാന്‍ തന്റെ പ്രണയിനിയുടെയും മൊത്തം യുവജനതയുടെയും പ്രിയ എഴുത്തുകാരനായ ചേതന്‍ ഭഗത്താകാന്‍ ശ്രമിക്കുന്നു. നായകന്‍ ഒരു വശത്ത് തന്റെ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ജീവിതത്തെപ്പറ്റി നിറമുള്ള സ്വപ്നങ്ങള്‍ കാണുന്നു. തലയും വാലുമില്ലാത്ത ആത്മഗതങ്ങളുടേതാണ്‍ അദ്ദേഹത്തിന്റെ ഭാര്യയാകുന്ന കാശ്‌മീരി സുന്ദരി നിലോഫറിന്റെ ലോകം.
    നോവലിന്റെ മുന്നോട്ടുള്ള പോക്ക് സ്വപ്‌നതുല്യമായ കഥാഖ്യാനത്തിന്റെ രസച്ചരടില്‍ കോര്‍ത്തിരിക്കുന്നു. 228 ആം വയസ്സിലും അത്‌ഭുതകരമായി ജീവിച്ചിരിക്കുന്ന വാഹിദിന്റെ ആത്മകഥ എഴുതാനുള്ള അവസരം വീണുകിട്ടുന്നതിലൂടെയാണ്‍ നോവല്‍ വികസിക്കുന്നത്. വിസ്മയകരമായ അനുഭവങ്ങള്‍ നിറഞ്ഞ ആ ആത്മകഥയുടെ രചന നായകന്റെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നതാണ് കഥാതന്തു. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഒരു മനുഷ്യന്റെ കഥ ഫാന്റ്സികളുടെ സാധ്യതകളെ നന്നായി ഉപയോഗപ്പെടുത്തിയാണ്‍ പുരോഗമിക്കുന്നത്. സമകാലിക രാഷ്‌ട്രീയവും മാധ്യമമേഖലയിലെ ദുഷ്‌പ്രവണതകളും കഥപറച്ചിലിന്റെ ഇടത്താവളങ്ങളില്‍ നോവലിസ്റ്റ് വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്.
    ആത്മകഥാകാരന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍ 228 വയസ്സുണ്ടായിരുന്നു എന്നു കേട്ട് വായനാതാല്‍പ്പര്യം വെടിയേണ്ടതില്ല. മനുഷ്യ ജീവിതത്തിന്റെ ശരാശരി ആയുസ്സ് 60 മുതല്‍ 80 വരെയാണെന്ന് ആര്‍ക്കാണ്‍ അറിയാത്തത്. ചിലര്‍ സെഞ്ച്വറി തികച്ചേക്കാം. ഇവിടെ സംഭവിച്ചത് ഒരു ആജീവനാന്ത ദത്തെടുക്കലായിരുന്നു. അദ്ദേഹം പ്രകൃതിയേയോ പ്രകൃതി അദ്ദേഹത്തെയോ എന്നറിയാത്ത ഒരു ദത്തെടുക്കല്‍. ജീവിതത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ക്കിടയ്ക്ക് അത്രയേറെ നിറംകലരാത്ത യാഥാര്‍ഥ്യങ്ങളുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കൃതി.
    ആത്മകഥയുടെ ഒന്നു മുതല്‍ പത്തുവരെയുള്ള അദ്ധ്യായങ്ങളില്‍ കഥാനായകന്റെ പേര്‍ മാറിക്കോണ്ടേയിരിക്കുകയാണ്. അറബി അക്ഷരമാലയിലെ ആദ്യ അക്കമായ വാഹിദ് മുതലാണ്‍ പേരുകള്‍ മാറുന്നത്. അതായത് വാഹിദ്, ഇസ്‌നാനി, സലാസ്, അര്‍ബഹ്, ഹംസ്, സ്വിത്ത്, സബ്‌ഹത്, സമാനിയത്, തിസ്‌ഹത്, അഷ്‌റത്ത് എന്നൊക്കെയാകുന്നു. ഒരാളില്‍ തന്നെയുള്ള പല മുഖങ്ങളെ അനാവരണം ചെയ്യുന്നതാണ്‍ ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍.... പത്താമന്‍ പ്രയോഗങ്ങള്‍. പതിനൊന്നാം അദ്ധ്യായം മുതല്‍ ജീവിതാന്ത്യം വരെ വാഹിദ് എന്ന ആദ്യപേരുതന്നെയാണ്‍ തുടരുന്നത്.
    എല്ലാ മനുഷ്യന്റെയും ലക്ഷ്യം ഒന്നു മാത്രമാണെന്ന് നോവല്‍ പറയുന്നു. തെറ്റുകള്‍ ചെയ്‌തു കൂട്ടുക ഒടുവില്‍ എല്ലാം ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുക. ഒരിക്കല്‍ തോന്നി ജന്മരേഖയെ മറികടക്കുകയെന്നതാണ്‍ ലക്ഷ്യമെന്ന്. പിന്നീട് ലക്ഷ്യം സ്ത്രീകളായിരുന്നു. ജീവിതമെന്നാല്‍ സ്ത്രീ സുഖമാണെന്ന് കരുതി. പിന്നീട് ലക്ഷ്യം കൊലപാതകമാകുന്നു. സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതു പോലെ മനുഷ്യരാശിക്കുവേണ്ടി കൊലപാതകങ്ങള്‍ ചെയ്തു. അവസാനം മാനസാന്തരപ്പെടുന്നു. മാനസാന്തരം നഗ്നതാകുമ്പസാരത്തിലൂടെ സത്യമാക്കുന്നു.
    താനല്ലാതെ മറ്റാരോ ആകാന്‍ ആഗ്രഹിക്കുന്നവന്റെ ദയനീയ ചിത്രത്തില്‍ നോവല്‍ അവസാനിക്കുമ്പോള്‍ നല്ലൊരു പുസ്തകം വായിച്ചു എന്ന സന്തോഷം നമുക്ക് ലഭിക്കാതിരിക്കുകയില്ല. അതിനിടയില്‍ ഒരു ആലോചന നമ്മെ അലോസരപ്പെടുത്തുകയും ചെയ്യും. നമുക്ക് ചേതന്‍ ഭഗത് ആവേണ്ടതുണ്ടോ എന്നത്. ഇന്നത്തെ ജീവിതങ്ങളുടെ ഏറ്റവും വലിയ ദുരന്തവും അതാണ്‍. നാം ആരാണെന്ന് അറിയാതെ, അന്വേഷിക്കാതെ മറ്റാരെയൊക്കെയോ അനുകരിക്കാനായുള്ള ഓട്ടമാണ്‍ മിക്കവരും നടത്തുന്നത്. സ്വന്തം ഇടം ഏതെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.
    ഡി. സി. ബുക്‌സാണ്‍ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 95 രൂപ. എഴുത്തുകാരന്റെ രചനാലോകത്തെയും പ്രസിദ്ധീകരണ ലോകത്തെയും പശ്ചാത്തലമാക്കി രചിക്കപ്പെട്ട വ്യത്യസ്തമായൊരു നോവലാണിത്. പുതിയ എഴുത്തുകാരില്‍ വായിക്കപ്പെടേണ്ട ആള്‍ത്തന്നെയാണ്‍ ഷഫീഖ്.
    മുഹമ്മദ് ഷഫീഖ്
    1986 ജനുവരി 30 ന്‍ തലശ്ശേരിക്കടുത്ത് കടവത്തൂരില്‍ കനിച്ചു. പിതാവ് - അബ്‌ദു റഹിമാന്‍ കെ. കെ. മാതാവ് - സുലൈ കെ. കെ. ഭൌതികശാസ്‌ത്രത്തില്‍ ബിരുദവും. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. മാര്‍ക്ക്ക്കോ മറ്റരാസി സിനദിന്‍ സിദാനോട് പറഞ്ഞത് (കഥ) കടവത്തൂര്‍ കനവുകള്‍ (നോവല്‍) എനിക്ക് ചേതന്‍ ഭഗത് ആവണം (നോവല്‍) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാലകൃഷ്‌ണന്‍ മാങ്ങാട് പുരസ്‌കാരം ഗ്രീന്‍ ബുക്‌സ് നോവല്‍ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.



1 comment:

  1. പുസ്തകപരിചയം വായിച്ചിരുന്നു.കൂടാതെ ബാജിയില്‍ നിന്നും വിവരണവും കിട്ടി .പുസ്തകം അധികം വൈകാതെ കൈയില്‍ കിട്ടും വായിച്ചശേഷം അഭിപ്രായം അറിയിക്കാം കേട്ടോ..

    ReplyDelete