
അഭിമുഖം- കെ പാനൂര്‍
പുതിയ വീട്ടില്‍ എന്ന നാമകരണം ചെയ്‌ത കെ പാനൂരിന്റെ വീട്.
സമയം ഒന്‍പതു മണിയാവുന്നതേയുള്ളൂ.
കോലായയില്‍ ഒരു മൂലയിലായി അല്‍പം കുരുമുളക് ചിക്കിയിട്ടിരിക്കുന്നു.
വീടിന്റെ പഴമ കണ്ട് ആദ്യമൊന്നമ്പരന്നു. ഉറപ്പുവരുത്താന്‍ വേണ്ടി ഒരു വഴിപോക്കനോട് ഉറപ്പു വരുത്തിയിട്ടേ മുറ്റത്തേക്കു കാല്‍ വെച്ചുള്ളൂ.
ഉമ്മറത്ത് പഴയ നീല്‍കമല്‍ കസേരയിലിരുന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസിന്റെ വാര്‍ത്താശകലങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് തന്നെ മാതൃഭൂമി പത്രവുമുണ്ട്.
ഇരിക്കൂ..
ഒരു നാടിന്റെ പേരിനെ തന്റെ തൂലികാനാമമാക്കി കേരളത്തിലെ ഓരോ സഹൃദയന്റെ മനസിലും ഒരനഭൂതിയായി പടര്‍ന്നുകയറിയ അദ്ദേഹം ക്ഷണിച്ചു. മനസിലെ പിരിമുറുക്കത്തിന്റെ നേര്‍ത്ത രേഖകള്‍ ഇല്ലാതാക്കി ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങി.
കേരളത്തിലെ ആഫ്രിക്ക എന്ന ഗ്രന്ഥം എഴുതാനുണ്ടായ സാഹചര്യവും സ്വാധീനവും എന്തൊക്കെയായിരുന്നു
എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യസ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം. സ്‌നേഹമാണ് ലോകത്തെ എല്ലാ ചരാചരങ്ങളേയും ബന്ധിപ്പിക്കുന്നത്. നമ്മള്‍, സംസ്‌കാരചിത്തരാണെന്ന് അഭിമാനിക്കുന്നവര്‍ ആദിവാസികളെപ്പോലുള്ളവര്‍ക്ക് നേരെ കാണിക്കുന്ന അവജ്ഞ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. കേരളത്തിലെ ആഫ്രിക്ക എന്ന ഗ്രന്ഥം, സത്യം പറഞ്ഞാല്‍ ആദിവാസി സമൂഹത്തിന്റെ ആദ്യജീവചരിത്രഗ്രന്ഥമാണ്. ഒരുപക്ഷേ, അവരെ അത്രയും തുറന്നുകാട്ടിയ, അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന അവബോധം സൃഷ്‌ടിച്ച ആദ്യപുസ്‌തകം. അതിനുശേഷം ഞാനെഴുതിയ കേരളത്തിലെ അമേരിക്കയിലാവട്ടെ, അവര്‍ എങ്ങനെ നശിക്കുന്നു എന്ന ചിത്രമാണുള്ളത്. അമേരിക്കയിലെ റെഡ് ഇന്ത്യക്കാരെ അധികരിച്ചുള്ള പാഠങ്ങളിലൂടെയാണ് അതിന്റെ സഞ്ചാരം.
ആദിവാസികളോടുള്ള പ്രണയം തുടങ്ങിയത് എന്നുമുതലാണ്
അവരോടുള്ള എന്റെ സ്‌നേഹം ആദ്ധാത്മികമാണ്. എന്റെ വിദ്യാഭ്യാസം പാനൂരിലെ ജര്‍മന്‍ മിഷണറിമാര്‍ സ്ഥാപിച്ച ബസേലിയസ് യു പി സ്‌കൂളില്‍ വെച്ചായിരുന്നു തുടങ്ങിയത്. എന്റെ ജീവിതത്തില്‍ ആദ്യം വായിച്ച പുസ്‌തകം ബൈബിളായിരുന്നു. ബൈബിളില്‍ പറഞ്ഞത് നിങ്ങള്‍ മനുഷ്യരെ സ്‌നേഹിക്കുക എന്നാണ്. പിന്നീട് ഞാന്‍ വായിച്ച പുസ്‌തകം വിക്‌ടര്‍ യൂഗോവിന്റെ പാവങ്ങള്‍ ആയിരുന്നു. അതില്‍ പറയുന്നത് നിങ്ങള്‍ മനുഷ്യരില്‍ പാവങ്ങളെ സ്‌നേഹിക്കുക എന്നായിരുന്നു. അങ്ങനെ എന്റെ സ്‌നേഹം മനുഷ്യരിലെ പാവങ്ങളിലേക്കായി. അതിനു ശേഷമാണ് ഞാന്‍ വിഭൂതിഭൂഷണ്‍ ബദ്ധോപാദ്യയുടെ ആരണ്യക് വായിച്ചത്. അതില്‍ പ്രതിപാദിച്ചതാവട്ടെ, പാവങ്ങളില്‍ പാവങ്ങള്‍ ആദിവാസികളാണ്. അവരെ സ്‌നേഹിക്കുക എന്നായിരുന്നു. അങ്ങനെ എന്റെ സ്‌നേഹം പാവങ്ങളില്‍ പാവങ്ങളായ ആദിവാസികളുടെ നേരെയായി. അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് തോന്നി.
ആരണ്യക് എന്ന നോവല്‍ ഇപ്പോഴും ഓര്‍മയുണ്ടോ
ആ നോവല്‍ മുഴുവനായൊന്നും ഓര്‍മയില്ല. ഉത്തരബംഗാളിലെ സന്താളജീവിതങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ഒരു നോവലായിരുന്നു അത്. ആദിവാസികള്‍ക്കിടയില്‍ ഒരുദ്യോഗസ്ഥനായി വന്ന നോവലിസ്റ്റ് തന്നെയായിരുന്നു നായകന്‍. ആദ്യം അയാള്‍ അവരെ വെറുക്കുന്നു. പക്ഷേ, പിന്നീട് ആദിവാസികളുടെ കണ്ണീരണിയിക്കുന്ന ജീവിതം അടുത്ത് കാണുമ്പോള്‍ അവരെ സഹായിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.
കേരളത്തിലെ ആഫ്രിക്കയ്‌ക്ക് എന്‍ വി കൃഷ്‌ണവാരിയര്‍ എഴുതിയ അവതാരിക
മലയാളത്തിലെ ഒരു മാതൃകാപത്രാധിപരായിരുന്നു എന്‍ വി. അദ്ദേഹത്തിന്റെ അവതാരിക മറ്റെല്ലാ പുരസ്‌കാരങ്ങളേക്കാളും വലുതായി ഞാന്‍ കാണുന്നു. യഥാര്‍ഥത്തില്‍ എന്‍ വി തന്നെയായിരുന്നു, ഈ ഗ്രന്‌ഥം എഴുതാനുള്ള വലിയ പ്രചോദനവും. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഈ ഗ്രന്ഥം പുറത്തുവരില്ലായിരുന്നു എന്ന് തന്നെ പറയാം. മാതൃഭൂമിയിലായിരുന്നു അത് ഖണ്ഡശയായി പ്രസിദ്ധീകരിച്ചത്. പുസ്‌തകമാക്കണമെന്ന് തോന്നിയപ്പോള്‍ ഞാന്‍ മാതൃഭൂമി ബുക്‌സിന്റെ സഹായം തേടി. അന്ന# കുമാരന്‍ നായരായിരുന്നു പ്രസിദ്ധീകരണവിഭാഗം തലവന്‍. അന്ന് അവര്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ ഞാന്‍ ഗാന്ധിജിയോ നെഹ്‌റുവോ ആവണമായിരുന്നു. ദേശായ സാഹിത്യരചനകള്‍ മാത്രമേ അവരന്ന് പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അന്ന് ഞാന്‍ നിരാശനായി മടങ്ങുമ്പോള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന എന്‍ വി എന്നെ വിളിച്ചു. കുമാരന്‍ നായരുമായുള്ള സംഭാഷണം മുഴുവനും അദ്ദേഹം കേട്ടിരുന്നു. അദ്ദേഹം പറഞ്ഞു, ആരുമധികമൊന്നും ശ്രദ്ധിക്കാത്തതാണ് മാതൃഭൂമി ബുക്‌സിന്റെ ഇന്നത്തെ അവസ്ഥ. നിങ്ങളുടെ പുസ്‌തകമാവട്ടെ, കേരളത്തിലെ ഓരോ സഹൃദയനും അറിഞ്ഞിരിക്കേണ്ടതും. അതുകൊണ്ട് നിങ്ങളിത് പ്രസിദ്ധീകരിക്കുക തന്നെ വേണം.
പിന്നെ അദ്ദേഹം എന്റെ കൈയ്യില്‍ രണ്ട് കത്തുകള്‍ തന്നു. ഒന്ന് പൊന്‍കുന്നം വര്‍ക്കിക്കുള്ളതും പിന്നെയൊന്ന് ഡി സി കിഴക്കേമുറിക്കുള്ളതും. അങ്ങനെയാണ് ഞാന്‍ കോട്ടയത്തു പോവുന്നതും പുസ്‌തകം പ്രസിദ്ധീകരിക്കുന്നതും.
ആദിവാസികള്‍ക്കു നേരെയുള്ള ഇന്നത്തെ സര്‍കാര്‍ മനോഭാവത്തെക്കുറിച്ച് എന്തു പറയുന്നു
സര്‍കാര്‍ യഥാര്‍ഥത്തില്‍ ഒരു നിര്‍വികാരജീവിയാണ്. അല്ലെങ്കിലും പി ടി ചാക്കോയുടെ പിന്‍ഗാമികള്‍ ഇന്നും അധികാരത്തിലിരിക്കുമ്പോള്‍ എന്താണ് പ്രതീക്ഷിക്കാനുള്ളത്. ഈ പുസ്‌തകമിറങ്ങിയപ്പോള്‍ അന്നത്തെ കേരള സര്‍കാര്‍ തിടുക്കം കാട്ടിയത് പുസ്‌തകം കണ്ടുകെട്ടാനും ഗവര്‍ണ്‍മെന്റുദ്യോഗസ്ഥനായ എനിക്കെതിരെ ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് അനുസരിച്ച് അച്ചടക്കനടപടികള്‍ സ്യീകരിക്കാനായിരുന്നു. പിന്നീട് യുനസ്‌കോ പുരസ്‌കാരം കിട്ടിയപ്പോഴാണ് വാള്‍ ഉറയിലിട്ടത്. പിന്നീട് അത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി ക്ലാസുകളില്‍ പാഠപുസ്‌തകമായും തിരഞ്ഞടുത്തു.
ഏത് സര്‍കാര്‍ വന്നാലും ആദിവാസി ആദിവാസിയായിത്തന്നെ നരകിക്കുന്നു എന്നതാണ് സത്യം. ആറളം അതിനുദാഹരണം മാത്രമാണ്.
താങ്കളുടെ പുസ്‌തകത്തില്‍ പറയുന്നതു പോലെ ഇനിയെങ്കിലും ആദിവാസികള്‍ക്കിടയില്‍ നിന്ന് ഒരു ഷൈറ്റ്‌സറോ ലിങ്കനോ ഉയര്‍ന്നുവരുമെന്ന് വിശ്യസിക്കുന്നുണ്ടോ
അത് തികച്ചും വ്യത്യസ്‌തമായ ഒരു കാര്യമാണ്. പലരും ഉണര്‍ന്നിട്ടുണ്ടെങ്കിലും ഇന്നും ആദിവാസികളുടെ നിലയില്‍ വലുതായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
സി കെ ജാനു, ഗീതാനന്ദന്‍ തുടങ്ങിയവര്‍
തുടക്കത്തില്‍ അവരില്‍ എനിക്ക് പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും പിന്നെയാ വിശ്വാസം നഷ്‌ടപ്പെടുകയാണുണ്ടായത്. അവരുടെ സമരസമിതിയുടെ ഉത്‌ഘാടനം നിര്‍വഹിച്ചത് ഞാനായിരുന്നു. ഞാനാണ് അവരുടെ ശ്രദ്ധ ആറളത്തേക്കു തിരിച്ചതും. ആദ്യമവര്‍ താല്‍പര്യം കാണിച്ചെങ്കിലും പിന്നീട് പല സ്വാര്‍ഥതാല്‍പര്യങ്ങളിലും പെട്ട് പിന്‍വാങ്ങുന്ന കാള്‌ചയാണ് കാണാന്‍ കഴിഞ്ഞത്.
എന്തൊക്കെയാണ് ആദിവാസികള്‍ക്കു നേരെയുള്ള അനാസ്ഥകള്‍ ഇന്ത്യയില്‍ ആദിവാസികളോട് ഏറെ സ്‌നേഹവും അടുപ്പവും കാട്ടിയ ആളായിരുന്നു നെഹ്‌റു. ഭൂമിയിലും വനങ്ങളിലും ആദിവാസികള്‍ക്ക് പങ്കുണ്ടാകണമെന്ന് കരുതി, അദ്ദേഹമാണ് പഞ്ചശീലതത്വങ്ങള്‍ ആവിഷ്‌ക്കരിച്ചത്. എന്നാല്‍ 1964 ല്‍ നെഹ്‌റുവിന്റെ മരണത്തോടെ ഇവ വിസ്‌മരിക്കപ്പെടുകയാണുണ്ടായത്. 1960 ലായിരുന്നു നെഹ്‌റു ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കണം എന്ന ഉദ്ദേശ്യത്തോടെ ദേവര്‍ കമ്മീഷന്‍ സ്ഥാപിച്ചത്. പക്ഷേ, അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് 1975 ലാണ് മറ്റൊരു നിയമമുണ്ടായത്. സുഗന്ധഗിരി ഏലത്തോട്ടം പോലുള്ള പദ്ധതികള്‍ ആദിവാസികള്‍ക്ക് ഏറെ ആശ്വാസം ഏകുന്ന പദ്ധതികളായിരുന്നു. പക്ഷേ, അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ആദിവാസികള്‍ ഉന്നമനത്തിലെത്തുന്നത് ഇഷ്‌ടപ്പെട്ടിരുന്നില്ല. മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം ഈ അനാസ്ഥ പിന്തുടരുകയും ചെയ്‌തു.
മാറിമാറി വന്ന സര്‍ക്കാറുകളുടെ സമീപനം
ആദിവാസികളുടെ അധപതനത്തിനു പ്രധാനകാരണം കുടിയേറ്റ കര്‍ഷകര്‍ക്ക് ഗവര്‍ണ്‍മെന്റിലുള്ള സ്വാധീനമാണ്. അവരുടെ പ്രധാനകക്ഷിയായ കേരള കോണ്‍ഗ്രസ് ആണ് രാഷ്‌ട്രീയമായി ഇതിന് ചരട് വലിക്കുന്നത്. ഇവിടെ യു ഡി എഫ് ഭരിച്ചായും എല്‍ ഡി എഫ് ഭരിച്ചാലും കേരള കോണ്‍ഗ്രസിന്റെ ഏതെങ്കിലുമൊരു ശാഖ അവരിലുണ്ടാവും. കുടിയേറ്റ കര്‍ഷകര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന അവര്‍ ആര്യന്‍മാര്‍ക്ക് മുമ്പേ ഇവിടെയുണ്ടായിരുന്ന ആദിവാസികളെ അവഗണിക്കുകയാണ്. ആ അവഗണന മറ്റു രാജ്യങ്ങള്‍ക്കു നേരെ അമേരിക്ക നടത്തുന്ന അധിനിവേശത്തിനു പോലും തുല്യമാണെന്നു ഞാന്‍ പറയും.
സുഗന്ധഗിരി ഏലത്തോട്ടം പിരിച്ചുവിടണമെന്ന ആവശ്യം ഒരിക്കലും ആദിവാസികള്‍ക്കു ഗുണകരമായിരുന്നില്ല. എലിയെ കൊല്ലാന്‍ ഇല്ലം ചുടുക പോലുള്ള നടപടിയായിരുന്നു അത്. ജാനുവും ഗീതാനന്ദനും കാണിച്ച ഏറ്റവും വലിയ വിഡ്‌ഢിത്തം 1975 ലെ ആക്‌ടിനോടുള്ള അനാസ്ഥയായിരുന്നു.
സുഗന്ധഗിരി പോലുള്ള പദ്ധതികളുടെ അന്നത്തെ അവസ്ഥയും ഇന്നത്തെ അവസ്ഥയും
അന്നുമിന്നും മാറ്റങ്ങള്‍ കാര്യമായി ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. 1975 ല്‍ ഞാന്‍ ആദ്യമായി ആറളത്ത് ചെല്ലുമ്പോള്‍ പട്ടിണിമരണവും കുഷ്‌ഠരോഗവും അവിടെ വ്യാപകമായിരുന്നു. യഥാര്‍ഥത്തില്‍ പണിയരുടെ നരകമാണ് ആറളം. എല്ലാ ആനുകൂല്യങ്ങളും കുടിയേറ്റകര്‍ഷകര്‍ തട്ടിയെടുക്കുകയായിരുന്നു. കുടിവെള്ളം പോലും അവര്‍ക്കു നിഷേധിക്കപ്പെട്ടു.
പല പദ്ധതികളും സ്ഥാപിക്കുന്നത് ആദിവാസികളെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണെന്നാണ് സത്യം. 1975 ല്‍ ഞാന്‍ വീണ്ടും സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ ടി മാധവമേനോനായിരുന്നു മേലുദ്യോഗസ്ഥന്‍. അദ്ദേഹവും എന്നെപ്പോലെ ആദിവാസികളെ ഏറെ സ്‌നേഹിച്ചിരുന്നു. ആയിടക്ക് കോഴിക്കോട് കലക്‌ട്രേറ്റില്‍ നടന്ന 3500 ഏക്കര്‍ വനംഭൂമി പരിഷ്‌ക്കരണത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ എന്നെയാണയച്ചത്. ഞാനവിടെ കണ്ട കാഴ്‌ച ആദിവാസികളുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും അതിലില്ല എന്നതായിരുന്നു. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഞാന്‍ എഴുന്നേറ്റു ചോദിച്ചു, അപ്പോള്‍ അവിടങ്ങളിലെ 750 ആദിവാസി കുടുംബങ്ങളെ എന്തു ചെയ്യും. അതിനുള്ള അധികാരികളുടെ മറുപടി ചോദ്യം അത്ഭുതം നിറഞ്ഞതായിരുന്നു. അവര് ചോദിച്ചത് കേരളത്തില്‍ 750 ആദിവാസികളുണ്ടോ എന്നായിരുന്നു അവരുടെ സംശയം. കേരളത്തില്‍ 750 അല്ല 7500 ആദിവാസികുടുംബങ്ങളുണ്ടെന്ന് ഞാനും.
സുഗന്ധഗിരി പ്രോജക്‌ടും എ കെ ആന്റണിയും
ശുദ്ധന്‍ ദുഷ്‌ടന്റെ ഫലം ചെയ്യും എന്നാണല്ലോ ചൊല്ല്. ജാനുവിന്റേയും ഗീതാനന്ദന്റേയുമൊക്കെ പറച്ചില്‍ കേട്ടാണ് ആന്റണി അത് പിരിച്ചുവിട്ടത്. ആദിവാസികളോടു ചെയ്‌ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. പക്ഷേ, ആന്റണിയെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അദ്ധേഹം ആദിവാസികള്‍ക്കു വേണ്ടി പല നല്ല കാര്യങ്ങളും ചെയ്‌തു. ഓരോ ആദിവാസി കുടുംബത്തിനും വെച്ച് ഒരേക്കര്‍ വീതം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തു. പക്ഷേ, ഇതിന് എവിടെയാണ് ഭൂമിയുള്ളത്? എല്ലാം അന്യാധീനപ്പെട്ടില്ലേ?
ഇതറിഞ്ഞപ്പോഴാണ് 12000 ഏക്കര്‍ ഭൂമി വേണമെന്ന് പറഞ്ഞ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. പക്ഷേ ഉദ്യോഗസ്ഥവൃദ്ധം 1980ലെ സെന്‍ട്രല്‍ ഫോറസ്റ്റ് ആക്‌ട് എന്ന വനം വനത്തിന് മാത്രം നിയമം കാണിച്ച് ആന്റണിയെ വിറപ്പിക്കാന്‍ നോക്കി. പക്ഷേ, കവിഹൃദയമുള്ള അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി ആന്റണിയുടെ നിര്‍ദേശം അംഗീകരിക്കുകയാണുണ്ടായത്. പകരം ആന്റണിക്ക് 12000 ഏക്കര്‍ വേറെ ഭൂമി വനവല്‍ക്കരിക്കണമെന്ന നിര്‍ദേളവും നല്‍കി.
കേരളത്തിലെ ആഫ്രിക്കയ്‌ക്കും അമേരിക്കയ്‌ക്കും ശേഷം
അതിനു ശേഷമെഴുതിയാണ് എന്റെ ഹൃദയത്തിലെ ആദിവാസി എന്ന പുസ്‌തകം. ശരിക്കും എന്റെ ആത്മകഥ എന്നു തന്നെ പറയാം ഈ പുസ്‌തകം.
എന്തൊക്കെയാണ് സാഹിത്യചിന്തകള്‍
എന്റെ മനസിലെ സാഹിത്യം എന്നത് സമൂഹത്തിന് ഉപകരിക്കുന്ന ഒന്നാണ്. സമൂഹത്തിന് ഉപകരിക്കുന്ന എന്തെങ്കിലും ഒന്ന് അതിലുണ്ടാവണം. ഒരിക്കല്‍ കേരളത്തിലെ ആഫ്രിക്ക വായിച്ച് ചരിത്രകാരന്‍ ആര്‍ വി ജി മേനോന്‍ എന്നോട് പറഞ്ഞു, ഞാന്‍ വിചാരിച്ചു നിങ്ങളും ആദിവാസിയാണെന്ന്. അദ്ദേഹം ആദ്യമായി കാണുകയായിരുന്നു അന്ന്. അദ്ദേഹത്തിനു അങ്ങനെ തോന്നുകയാണെങ്കില്‍ അതാണെന്റെ സാഹിത്യപരമായ നേട്ടമായി ഞാന്‍ കാണുന്നത്.
പുതിയ ചുറ്റുപാടിലെ ഇന്ത്യ, സെസ്, ഭൂസമരങ്ങള്‍
എന്തു പദ്ധതികള്‍ വന്നാലും ആരെയും അനധികൃതമായി കുടിയിറക്കരുതെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്യേണ്ടിവന്നാല്‍ തന്നെ അവര്‍ക്ക് അവരുടേതായ നീതിയും അവകാശവും നല്‍കണം.
വ്യക്തി ബന്ധങ്ങള്‍, സുഹൃത്തുക്കള്‍
ഞാന്‍ നേരത്തെ പറഞ്ഞതു പോലെ എന്‍ വി ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ ആഫ്രിക്ക വെളിച്ചം കാണില്ലായിരുന്നു. എം വി ദേവന്‍, കൃഷ്‌ണയ്യര്‍ അങ്ങനെ ഒരുപാട് കൂട്ടുകാരുണ്ട്. അന്തരിച്ച കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി സി പി കെ രാജന്‍ എപ്പോള്‍ കണ്ടാലും എന്റെ പുസ്‌തകങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.
കെ പാനൂര്‍ എന്ന കവി
1954 ല്‍ കേരളപരിഷത്ത് സംഘടിപ്പിച്ച കവിതാമത്സരത്തില്‍ എനിക്കായിരുന്നു ഒന്നാം സമ്മാനമായ സ്വര്‍ണമെഡല്‍. പിന്നീട് പുരോഗമനകലാസാഹിത്യപ്രസ്ഥാനം നടത്തിയ കവിതാമത്സരത്തില്‍ എന്റെ വിശപ്പിന്റെ വിളി എന്ന കവിതക്ക് ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. പിന്നീട് താലൂക്ക് ഓഫീസിലെ കൂമ്പാരമായി കിടന്ന ഫയലുകള്‍ക്കിടയില്‍ വെച്ച് എന്റെ കവിത പിടഞ്ഞുമരിച്ചു എന്നതാണ് സത്യം. ഞാന്‍ കതിരൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടെ അധ്യാപകനായി പ്രശസ്‌ത മലയാളപണ്‌ഡിതന്‍ വി വി കെ ഉണ്ടായിരുന്നു. അന്ന് ഞാന്‍ കവിത എഴുതുന്നത് കണ്ടപ്പോള്‍ അദ്ദേഹം എന്നെ ഏറെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ പിന്നീട് വളരെക്കാലത്തിനു ശേഷം ഫയലുകളുടെ കൂമ്പാരത്തിനിടയില്‍ വെച്ച് വീണ്ടും കണ്ടപ്പോള്‍ അദ്ദേഹത്തിന് ഏറെ വിഷമം തോന്നി. പിന്നെ കുറച്ചുദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം എന്നെ വിളിച്ചുപറഞ്ഞു, ഞാന്‍ നിങ്ങളെക്കൊണ്ട് ഒരു കവിതയെഴുതിയിട്ടുണ്ട്. പേര് എല്ലാവരും കലാകാരന്‍മാര്‍. അത് ഇന്ന ദിവസം ആകാശവാണിയില്‍ സംപ്രേഷണം ചെയ്യും. കേള്‍ക്കണം എന്ന്.
വീട്, കുടുംബം, തൂലികാനാമം
സര്‍കാര്‍ ജോലിക്കാര്‍ സ്വന്തം പേരിലെഴുതരുതെന്ന നിയമമുണ്ടായത് കൊണ്ടാണ് ഞാന്‍ തൂലികാനാമം സ്വീകരിച്ചത്. യഥാര്‍ഥപേര് കെ കുഞ്ഞിരാമന്‍ പാനൂര്‍. ഭാര്യ ഹീരാഭായ്. മക്കള്‍ ഹിരണ്‍കുമാര്‍, ഹെല്‍ന, ഹരീഷ് ബാബു, ഹിബുലാല്‍.
മാഹി കലാഗ്രാമത്തിന്റെ രജിസ്‌ട്രാറായും ഏറെക്കാലം സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ആദിവാസികളുടെ ഏറ്റവും വലിയ നേതാവായിരുന്ന പഴശിരാജയെപ്പറ്റി
ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനിയാണ് പഴശിരാജ. അദ്ദേഹമാണ് കുറിച്യരുമായി ചേര്‍ന്ന് ഗറില്ലായുദ്ധത്തിലൂടെ വിദേശികളെ തുരത്താന്‍ ശ്രമിച്ചത്. അദ്ദേഹമാണ് ആദ്യമായി ആദിവാസികള്‍ക്കു വേണ്ടി വാദിച്ചത്. അവര്‍ക്കായി ഭൂമി വകയിരുത്തിയത്.
കെ പാനൂരിന്റെ രാഷ്‌ട്രീയം എന്താണ്
എന്റെ രാഷ്‌ട്രീയം കക്ഷിരാഷ്‌ട്രീയങ്ങള്‍ക്കതീതമാണ്. എന്നാല്‍ ജാനുവിന്റേയും ഗീതാനന്ദന്റേയും രാഷ്‌ട്രീയം വ്യത്യസ്‌തമാണ്. അവര്‍ രാഷ്‌ട്രീയം നോക്കിത്തന്നെ കക്ഷി രാഷ്‌ട്രീയങ്ങളുടെ പിന്നാലെ പോവുന്നു. ആദിവാസികളുടെ പ്രശ്‌നം ഒരു മാനുഷികപ്രശ്‌നമായി ഉയര്‍ത്തണം. എങ്കില്‍ മാത്രമേ അവര്‍ രക്ഷപ്പെടുള്ളൂ.
ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി നക്‌സല്‍ ചിന്തകള്‍ ഉടലെടുക്കുന്നുണ്ട്
ആദിവാസികള്‍ക്കിടയില്‍ അവരുടെ വളര്‍ച്ചയില്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ട്. അതില്‍ രണ്ടാമത്തേതാണ് നക്‌സലിസം. ആദ്യത്തേത് ദൈവത്തിനു മാത്രം തുണ പ്രഖ്യാപിച്ച് നടന്ന കാലമാണ്. ദൈവത്തില്‍ പതുക്കെ വിശ്വാസം നഷ്‌ടപ്പെട്ട അവര്‍ ചിന്തകളില്‍ വിപ്ലവം നിറച്ച് ശത്രുക്കളെ കീഴടക്കാന്‍ ശ്രമിച്ചു. മുളങ്കൂട്ടിലെ സന്യാസിയെന്നറിയപ്പെട്ടിരുന്ന കനുസന്യാലിനെപ്പോലുള്ളവരാണ് ഇതിന് നേതൃത്വം കൊടുത്തത്. നക്‌സല്‍ചിന്തകളിലേക്ക് അവരെ ആകര്‍ഷിച്ചത് ദൈവം പോലും ഇവരെ സഹായിക്കില്ലെന്ന തോന്നലായിരുന്നു. പക്ഷേ, ആത്യന്തന്തികമായി നക്‌സലുകളും അവരെ ചതിക്കുകയാണുണ്ടായത്.
ഞാന്‍ നക്‌സല്‍ബാരി സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് ചാരോ മജുംദാറൊക്കെയായിരുന്നു വിപ്ലവത്തിന്റെ പ്രാണേതാക്കള്‍. അവര്‍ വിതരണം ചെയ്‌ത ചില ലഘുലേഖകള്‍ ഞാന്‍ കാണുകയുണ്ടായി. അതിലൊന്ന് ഇങ്ങനെയായിരുന്നു, പിടിച്ചടക്കിയ ഭൂമി ഒരിക്കലും ആദിവാസികള്‍ക്ക് കൈമാറരുത്. അങ്ങനെ ചെയ്‌താല്‍ അവര്‍ വിപ്ലവത്തിനു വരില്ല. അതിനാല്‍ അവരോട് തരും തരും എന്ന് പറഞ്ഞാല്‍ മാത്രം മതി. എന്തു വലിയ വഞ്ചനയാണത്.
മൂന്നാമത്തെ ഘട്ടം അവരിലെ വിദ്യാഭ്യാസമുള്ള യുവതലമുറയുടെ കാലഘട്ടമാണ്. അവര്‍ ഇന്ന് വിദ്യാഭ്യാസത്തിനും മുന്‍തൂക്കം നല്‍കുന്നു.
നക്‌സല്‍ വര്‍ഗീസ് എന്ന ബിംബം
വര്‍ഗീസ് ഒരു യഥാര്‍ഥധീരനായിരുന്നു. ആദിവാസികളെ രക്ഷിക്കണമെന്ന് അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു,
പുതിയ തലമുറയോടു പറയാനുള്ളത്
നിങ്ങള്‍ ഞാന്‍ ആദിവാസികളെക്കുറിച്ച് എഴുതിയത് വായിച്ചാസ്വദിക്കുയോ ഇന്റര്‍വ്യൂ ചെയ്യുന്നതോ ഒന്നുമല്ല കാര്യം. മറിച്ച് ഈ പുസ്‌തകങ്ങള്‍ പഠിച്ച് അതില്‍ പറഞ്ഞിരിക്കുന്ന അനീതികളെ ഇല്ലായ്‌മ ചെയ്യുകയാണ് വേണ്ടത്. കഷ്‌ടപ്പെടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അവരെ സമൂഹത്തിന്റെ മുന്‍പന്തിയിലെത്തിക്കണം. എന്‍കിലേ ജന്‍മം സ്വാര്‍ഥകമാവുകയുള്ളൂ.


ആദ്യമാണിവിടെ....ഇനി ഇവിടെയൊക്കെ തന്നെ കാണും. സലൂട്ട് !
ReplyDelete