എങ്കിലും കണ്ണും കാതും മതവും
ജാതിയുമില്ലാത്തതാണ് പ്രണയം.
‘ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വികാരമാണ് മോനേ, പ്രണയം.. അല്ലായിരുന്നെങ്കില്‍ ഈ ലോകജനത തന്നെ രൂപപ്പെടില്ലായിരുന്നു.’
മഖ്ബൂല്‍ ഒരു സംശയവുമില്ലാതെ പറഞ്ഞു.
‘സലീമും അനാര്‍ക്കലിയുമില്ലാതെ, റോമിയോ ജൂലിയറ്റില്ലാതെ നളദമയന്തിയില്ലാതെ ലൈലാ മജ്‌നുവില്ലാതെ ലോകം എന്തൊരു ബോറായേനേ..!’
അവന്‍ അത്ഭുതം കൂറുകയും ചെയ്തു.
അവനെന്നും അങ്ങനെയായിരുന്നു. പ്രണയത്തിന്റെ മഹത്വം വിളിച്ചോതാന്‍ വേണ്ടി ഉദാഹരണണങ്ങളേറെ ശേഖരിക്കും. പിന്നെ ഇടവേളകളില്ലാതെ എന്റെ മുന്നില്‍ വിളമ്പുകയും ചെയ്യും.
‘സ്വന്തത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണോ പ്രണയം?’
ഞാന്‍ ഇടയ്ക്ക് സംശയം ചോദിക്കും.
‘കണ്ണും കാതും മതവും ജാതിയുമില്ലാത്തതാണ് പ്രണയം..’
അവന്‍ പറയും. ഇങ്ങനെ പറഞ്ഞതിനു കാരണവുമുണ്ട്. അവന്റെ കാമുകി ഹിന്ദുമതവിശ്വാസിയാണ്. അവന്‍ മുസ്‌ലീമും. രണ്ടു പേരും ഐ ഇ എല്‍ ടി എസ് കോഴ്‌സ് പാസായി അയര്‍ലാന്‍ഡിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്. ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു വരെ ഐ ഇ എല്‍ ടി എസ് ക്ലാസില്‍ തന്നെയുണ്ടാകുമെങ്കിലും പ്രണയപാരമ്യത്തില്‍ രാത്രി പറയാന്‍ പിന്നെയുമുണ്ടാവും, കാര്യങ്ങള്‍. മറ്റുള്ളവര്‍ സംശയിക്കാതിരിക്കാന്‍ മിസ്ഡ് കോള്‍ എന്നായിരുന്നു അവളുടെ, അവന്റെ ഫോണില്‍ സേവ് ചെയ്ത പേര്. ഈ പ്രണയനാളുകളിലെപ്പോഴോ ആണ് അന്നൊരിക്കല്‍ അവളുടെ ഒരു ഫോട്ടോയുമായി അവന്‍ മുറിയില്‍ വന്നത്.അവനും അവന്നരികില്‍ തട്ടമിട്ട് ഒരു മുസ്‌ലീം പെണ്‍കുട്ടിയെപ്പോലെ നില്‍ക്കുന്ന അവളും.
‘ഇവളൊരു ഹിന്ദുപ്പെണ്‍കുട്ടിയല്ലേ?’
ഞാന്‍ സംശയത്തോടെ ചോദിച്ചു.
‘അതെ..’
അവന്‍.
‘പിന്നെയീ വേഷം?’
ഞാന്‍ അവളുടെ ഫോട്ടോയിലേക്ക് ചൂണ്ടി.
‘അതാണ് മോനേ, എന്റെ ബീവി. അവള്‍ക്കിപ്പം നിസ്‌ക്കാരവും നോമ്പും ഷഹാദത്ത് കലിമയുമല്ലാം എന്നേക്കാള് നന്നായിട്ടറിയാം.’
ഞാന്‍ സംശയത്തോടെ അവനെ നോക്കി.
‘നേര്? ഇതൊക്കെ ആരാ അവളെ പഠിപ്പിച്ചത്?’
‘ഞാന്‍ തന്നെ.’
അവന്‍ അഭിമാനത്തോടെ പറഞ്ഞു.
‘അതിന് നീ പള്ളീല് പോവുന്നതോ നിസ്‌ക്കരിക്കുന്നതോ ഒന്നും കാണാറില്ലല്ലോ? പോരാത്തേന് നീയല്ലേ പറഞ്ഞത്, പ്രേമത്തിന് ജാതിയും മതവുമില്ലെന്ന്? എന്നിട്ടിപ്പോ?’
‘ഞാന്‍ പള്ളീല് പോവാത്തതൊന്നും നോക്കണ്ട. നിന്നേക്കാളും നന്നായി എനിക്ക് ഇസ്‌ലാമികകാര്യങ്ങളും ഈമാന്‍ കാര്യങ്ങളും അറിയാം. പണ്ട് മദ്‌റസയിലെ പൊതുപരീക്ഷയില് എനിക്ക് നല്ല മാര്‍ക്കും കിട്ടിയിട്ടുണ്ട്.. പിന്നെ പ്രേമത്തിന്റെ കാര്യം, എനിക്ക് പ്രേമത്തില് മതമും ജാതിയുമൊന്നുമില്ല. പക്ഷേ, എന്റെ വീട്ടുകാര്‍ക്കുണ്ട്.’
‘ഓ വല്യ കാര്യം തന്നെ! ഞാന്‍ മദ്‌റസയില്‍ പോയിട്ടില്ലെങ്കിലും വിവരമുണ്ട്.. ഒരു പെണ്‍കുട്ടിയുടെ ജീവിതം കൊണ്ടാണ് നീ കളിക്കുന്നതെന്ന ബോധം വേണം.’
‘ഏയ്, ഞാനവളെയൊരിക്കലും ചതിക്കില്ല. ഒറപ്പാ. ജീവിതകാലം മുഴുവനും അവളെനിക്കൊപ്പമുണ്ടാവും..’
‘ഉം, ശരി ശരി..’
ഞാന്‍ സംഭാഷണമവസാനിപ്പിക്കും. എന്നാല്‍, അപ്പോഴാവും അവന്റെ അവളെക്കുറിച്ചുള്ള കാല്‍പനിക ഭാവന ഉണരുന്നത്.
‘നിനക്കറിയ്വോ, എന്റെ മുത്ത്, അവളൊരു തട്ടമിട്ടാല്‍ ശരിക്കുമൊരു മുസ്‌ലീം പെണ്‍കുട്ടി തന്നെ. ഇപ്പോ എന്നേക്കാളും കൂടുതല് അവള്‍ക്ക് ഇസ്‌ലാമിക ഷര്‍ത്തുകള് അറിയാമോന്നാ എന്റെ സംശയം. ഇന്നാള് അവള്‍ടെ വീട്ടില് മൊബൈല് കൊടുക്കാന്‍ പോയ കഥ കേട്ടാ ഇഞ്ഞ് ഞെട്ടും. അത്രയ്ക്ക് സാഹസമായിരുന്നു. അന്നെങ്ങാന്‍ അവളുടെ അച്ഛന്‍ പിടിച്ചിട്ടുണ്ടെങ്കില്, എന്റെ പടച്ചോനേ..
‘നീയിങ്ങനെയൊക്കെ സാഹസപ്പെടുന്നതിന് എന്തെങ്കിലും ഉപകാരമുണ്ടോ?’
ഞാന്‍ ചോദിക്കും.
അവന് ഉത്തരമുണ്ടാവില്ല.
പൂര്‍ത്തീകരിക്കപ്പെടാത്ത പ്രണയങ്ങളെല്ലാം പരാജയങ്ങളാണ്. ഇരുധ്രുവങ്ങളിലൂടെ നീങ്ങുന്ന പ്രണയങ്ങള്‍ക്ക് പലതും തടസങ്ങളാണ്. ഇതിനു മുമ്പും ഇതു പോലെ പല പ്രണയങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ചിലരുടെ കാമുകീവര്‍ണനകള്‍ കേള്‍ക്കുമ്പോള്‍ പ്രണയിക്കണമെന്നും അവരുടെ പ്രണയകഥകള്‍ക്കു മുന്നിലിരിക്കുമ്പോള്‍ ഞാനാണ് അവരെന്നും തോന്നാറുണ്ട്. പക്ഷേ, കുറച്ചു കഴിയുമ്പോള്‍, എല്ലാ വര്‍ണനകളും അവസാനിക്കുമ്പോള്‍ പ്രണയം വെറും അടയാളങ്ങളായി അവശേഷിക്കും.
വല്ലപ്പോഴും കാമുകിക്ക് ജന്‍മദിനസമ്മാനമായി കൊടുത്ത ഒരു ഗിഫ്റ്റ്.
വാലന്റയിന്‍ ദിനത്തില്‍ നല്‍കിയ ഒരു റോസാപ്പൂ.
രാത്രികളില്‍ ഇടതടവില്ലാതെ പങ്കുവെച്ച എസ് എം എസ് സന്ദേശങ്ങള്‍..
എല്ലാം അടയാളങ്ങളും അവസാനിക്കുമ്പോള്‍ ജീവിതം മാത്രം പരന്നുകിടക്കും.
‘പ്രണയത്തെക്കുറിച്ച് ഒരുപാടറിയാവുന്ന എന്നാല്‍ പ്രണയിക്കാനറിയാത്ത ഒരു കുട്ടിയാണ് നീ..’
എന്റെ ഈ കണ്ടുപിടുത്തങ്ങളെല്ലാം അവന്റെ മുന്നില്‍ ഒരു സോക്രട്ടീസിനെപ്പോലെ അവതരിപ്പിക്കുമ്പോള്‍ ഒടുവില്‍ സഹികെട്ട് അവന്‍ പറയും.
‘ഏയ്, അങ്ങനെയല്ല..’
ഞാന്‍ ഖണ്ഡിക്കും.
‘നമ്മള്‍ക്ക് കണ്ടിഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ അടുത്ത് ചെന്ന് മനോഹരമായിരിക്കുന്നു എന്ന് പരസ്യചിത്രത്തിലെ നായകന്‍ പറയുന്നതുപോലെ പറയാന്‍ കഴിയുമോ? ചിലപ്പോള്‍ മനസിലുള്ളത് അടുക്കിപ്പിടിക്കേണ്ടി വരുന്നു. സ്വപ്നങ്ങളും മോഹങ്ങളും ദു:ഖങ്ങളുമല്ലാം.. ചിലപ്പോള്‍ പ്രണയവും.’
‘അതൊന്നുമല്ല, നീയൊരു പേടിത്തൊണ്ടനാണ്..’
അവന്‍ എളുപ്പം കണ്ടെത്തും.
ചിലപ്പോള്‍ ശരിയാവാം. ഇമേജ് കാത്തുസൂക്ഷിക്കാനായി പെടാപ്പാട് പെടുന്ന ഒരു പേടിത്തൊണ്ടന്‍. ആളുകള്‍ നിങ്ങളെ വിലയിരുത്തുന്നത് നിങ്ങളുടെ ഇമേജ് നോക്കിയാണ്. അവര്‍ക്കറിയാം, അവരുടെ പ്രതീക്ഷകളേയും വിശ്വാസങ്ങളേയും നിങ്ങള്‍ തെറ്റിക്കില്ലെന്ന്. അവരുടെ വിശ്വാസം തകരുന്നതോടെ ഞാന്‍ ഞാനല്ലാതായി മാറും.
ഞാന്‍ വിശദീകരിക്കും.
‘എങ്കിലും നിന്റെ മനസിനെ വഞ്ചിക്കാന്‍ നിനക്കാവുമോ? ഒരിക്കലെങ്കിലും നിനക്കിഷ്ടപ്പെട്ടയാളോട് ആ സ്‌നേഹം തുറന്നുപറയാന്‍ നിനക്കാവുമോ?’
അവന്‍ ചോദിക്കും.
ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കും.
അല്ലെങ്കിലും സ്വന്തത്തെ മനസിലാക്കാത്ത ഒരാളോട് ഇമേജിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ഒരാള്‍ സ്വയം അറിഞ്ഞാല്‍ തൊട്ടടുത്ത നിമിഷം മുതല്‍ അയാള്‍ അയാളുടെ ഇമേജിനെപ്പറ്റി ശ്രദ്ധിക്കാനും തുടങ്ങും. ഇമേജ് നിലനിര്‍ത്തുന്നത് ഒരിക്കലും അഭിനയവുമല്ല. ഇനി അഥവാ അഭിനയമാണെങ്കില്‍, എളുപ്പം തിരിച്ചറിയപ്പെടാനും സാധ്യതയുണ്ട്.
അന്നത്തേതിനു മൂന്നാം ദിവസമാണ് അവന് അയര്‍ലാന്‍ഡിലേക്കുള്ള വിസ കിട്ടിയതും അവള്‍ക്ക് വേണ്ടത്ര മാര്‍ക്കില്ലാത്തതിനാല്‍ പരീക്ഷയില്‍ പാസാകാതിരുന്നതും. നാലാം ദിവസം അവന്‍ എല്ലാ സാധനസാമഗ്രികളും കെട്ടിപ്പെറുക്കി പോകാനൊരുങ്ങിയപ്പോള്‍ അവളുടെ തട്ടമിട്ട ഫോട്ടോ മാത്രം മേശപ്പുറത്തു കിടന്നു. മറന്നതാണെന്നു കരുതി പിന്നാലെ ചെന്ന് നല്‍കാനൊരുങ്ങിയപ്പോള്‍ അവന്‍ അത് എന്റെ കൈയ്യില്‍ തന്നെ വെച്ചു.‘അളിയോ, ഇനി നീയൊന്ന് ട്രൈ ചെയ്യ്. എളുപ്പം വളയും. നാളെ മറ്റെന്നാള് അങ്ങ് അയര്‍ലാന്‍ഡിലോട്ട് പോകുന്ന എനിക്കെന്തിന് ഇത്?’
അവന്‍ പറഞ്ഞു.
‘എന്നാലും?’
ഞാന്‍ വെറുപ്പും ദേഷ്യവും അടുക്കി വെക്കാന്‍ പാടുപെട്ടു.
‘എന്നാലെന്താ? നീയൊന്ന് ട്രൈ ചെയ്തു നോക്ക്. പിന്നെ ഫോട്ടോ എന്റേട്ത്ത്ന്ന് കിട്ടിയതാണെന്നോ അവളെ പരിചയപ്പെടുത്തിയത് ഞാനാണെന്നോ പറഞ്ഞേക്കരുത്. എന്റെ ഇമേജ് പോവും. പിന്നെ, നിനക്കാവുമ്പോ ഇതൊരു പുതിയ അനുഭവമായിരിക്കും. ഇടയ്‌ക്കൊക്കെ ഒന്ന് ഇമേജ് മാറ്റിപ്പിടിക്കുന്നതും ഒരു രസമല്ലേ?’
അവനെ കൊണ്ടുപോകാനായി വന്ന ടാക്‌സിക്കാരന് വീട്ടുവിലാസം പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ഇടയ്ക്ക് അവന്‍ തിരിഞ്ഞുനിന്നു.


.jpg)