Wednesday, October 31, 2012

അക്ബര്‍ കക്കട്ടിലിന്റെ കത്ത്.


അക്ബര്‍ കക്കട്ടിലിന്റെ കത്ത്.

അധ്യാപകകഥകള്‍ ഇത്രയും മനോഹരമാവുന്നത് അതിന് ജീവനുണ്ടാകുമ്പോള്‍ കൂടിയാണ്. അവയ്ക്ക് അക്ബര്‍ കക്കട്ടില്‍ നിറം ചാര്‍ത്തുമ്പോള്‍ കുറച്ചധികം മനോഹരമാവുന്നു. മുമ്പൊരിക്കല്‍ അദ്ദേഹവുമായി നടത്തിയ കത്തിടപാട് ഇന്നും മനസിലുണ്ട്. ആ ഓര്‍മകള്‍ ഇവിടെ പങ്കുവയ്ക്കുന്നു.
എന്റെ പ്രിയപ്പെട്ട അധ്യാപകന്,
          അദ്ദേഹം എന്നെ എവിടെയും പഠിപ്പിച്ചിട്ടൊന്നുമില്ലെങ്കിലും
  ഒരു ഗുരുവിന് ഒരു ഏകലവ്യന്‍ നല്‍കുന്ന ഗുരുദക്ഷിണയായി ഈ ബ്ലോഗ് കുറിപ്പ് സമര്‍പ്പിക്കുന്നു.    
     

Sunday, October 28, 2012

എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍



എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍




എന്റെ അനുജന്റെ ഫലിതബോധത്തില്‍ ഞാന്‍ പലപ്പോഴും അത്ഭുതപരതന്ത്രനായിട്ടുണ്ട്. അവന്റെ ഓരോ ചലനങ്ങളിലും വന്നുനിറയുന്ന ഫലിതഭാവവും കാര്യങ്ങളെ അതാതിന്റെ പ്രസക്തിയോടെ മനസിലാക്കുന്ന വിധവും പലപ്പോഴും അനുകരിക്കാനും മാതൃകയാക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ തമ്മില്‍ വഴക്കിടാത്ത ദിവസങ്ങള്‍ കുറവായിരുന്നു, ഒരു കാലത്ത്. ഈ വഴക്ക് ചിലപ്പോള്‍ രക്തം ചിതറുന്ന തല്ലിലും കലാശിക്കും.

അവനും ഞാനും തമ്മിലുള്ള വ്യത്യാസം രണ്ട് വയസാണ്. അടിക്കൊടുവില്‍ ഞാനവന്റെ പുസ്തകങ്ങള്‍ വലിച്ച് പുറത്തെറിയും. സ്‌കൂള്‍ യൂണിഫോം വലിച്ചു കീറും. അതോടെ അവന്‍ വലിയ വായില്‍ നിലവിളിക്കുകയും വീട്ടില്‍ നിന്നുള്ള ശകാരവും ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങുകയും ചെയ്യും.
ഒരിക്കല്‍ ഞങ്ങള്‍ അടിപിടി കൂടിയത് ഒരു പ്രഭാതത്തിന്റെ ആദ്യമണിക്കൂറില്‍. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല ശണ്ഠയ്ക്ക്. അവന്‍ എന്നെ വേണ്ട വിധം ബഹുമാനിച്ചില്ല എന്നൊരു തോന്നല്‍. അവന്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടിലുള്ളവരെല്ലാം കൂടി ഓടി വന്ന് എന്നെ ക്രൂശിക്കുന്ന രംഗമോര്‍ത്ത് അടുത്തുള്ള കിടപ്പുമുറിയില്‍ കയറി വാതില്‍ വലിച്ചടച്ചു.
കുറച്ചു കഴിഞ്ഞ് വാതിലില്‍ വീട്ടുകാരുടെ മുട്ടല്‍ കേട്ടു. വാതില്‍ തുറന്നാല്‍ കിട്ടിയേക്കാവുന്ന ശകാരവും അടിയുമോര്‍ത്ത് ഞാന്‍ തുറന്നതേയില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞ് മുട്ടല്‍ അവസാനിച്ചപ്പോള്‍ പതുക്കെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അത്ഭുതം! വാതില്‍ തുറയുന്നതേയില്ല!
വാതില്‍ അകത്തു നിന്നും പുറത്തു നിന്നും തുറക്കാന്‍ കഴിയാത്ത വിധം നില്‍ക്കുകയാണ്.
പുറത്ത് ഉച്ചത്തിലുള്ള മുട്ടുകള്‍ കേള്‍ക്കാന്‍ വീണ്ടും തുടങ്ങിയിരിക്കുന്നു.  
‘മോനേ വാതില്‍ തുറക്ക്..’ ഉമ്മ.
‘വാതില്‍ തൊറക്കെടാ, കൊല്ലും ഞാന്‍ ഇന്നെ..!’ ഉപ്പ
‘ഒന്നുമാക്കൂല്ല.. ഇഞ്ഞ് വാതില്‍ തുറക്ക് മോനേ.. ’ ഉമ്മാമ.
പുറത്ത് പെരുകിക്കൂടുന്ന ജനക്കൂട്ടത്തിന്റെ അഭിപ്രായങ്ങളെല്ലാം വാതില്‍ക്കല്‍ ചേര്‍ന്നുനിന്നപ്പോള്‍ വ്യക്തമായും കേള്‍ക്കാന്‍ കഴിഞ്ഞു.
‘ഇനിയിപ്പം ഇത് പൊട്ടിക്കാനേ പറ്റൂള്ളൂ..’
‘എന്നാലും ഓനെങ്ങനെയാ ഇതിനകത്ത് കുടുങ്ങിപ്പോയേ?’
‘ഓനതിനകത്ത് കാരി അറിയാണ്ട് വാതിലടച്ചതാ..’
പ്രശ്‌നത്തെ നിസാരവത്ക്കരിക്കുന്ന ഉമ്മയുടെ സ്വരം.
ഈ സ്വരങ്ങളെല്ലാം മാറി മാറി വന്ന് അവയുടെ മുനകള്‍ക്കെല്ലാം വാതില്‍ പൊളിച്ചാലേ രക്ഷയുള്ളൂ എന്ന ഒറ്റസ്വരമായി. ഒടുവില്‍ വാതില്‍ പൊളിച്ച് എന്നെ വെളിയിലെത്തിക്കാന്‍ ഉച്ചയ്ക്ക് ഒരു മണിയോളമായി സമയം. അന്ന് ഉപ്പ എന്നെ തല്ലിയില്ലെങ്കിലും കുത്തുവാക്കുകള്‍ കൊണ്ട് ചുറ്റും ഭീതി സൃഷ്ടിച്ചു. അപ്പോഴൊക്കെയും ഞാന്‍ പകയോടെ അനുജന്റെ നേര്‍ക്കു മുഖം തിരിച്ചു.
ഉപ്പ ഗള്‍ഫിലേക്കു പോവുന്നതു വരെ ഞാന്‍ എന്റെ പക അടക്കിവെച്ചു. ഉപ്പ പോയ അന്നു രാത്രി തന്നെ ഞാന്‍ ഒരു കാരണമുണ്ടാക്കി, പക വീട്ടാന്‍.

പിറ്റേ ദിവസം.
അവന്‍ അവന്റെ കാണാത്ത കണക്കു പുസ്തകത്തിനായി തിരയുകയായിരുന്നു.
‘ഉമ്മാ, ഇങ്ങള് കണ്ട്‌ക്കോ അന്റെ കണക്കുപുസ്തകം?’
അവന്‍ ചോദിക്കുന്നതു കേട്ടു. ഉമ്മ പക്ഷേ, അടുക്കളയില്‍ എന്തോ തിരക്കിലായതിനാല്‍ മറുപടിയൊന്നും പറഞ്ഞില്ല. ഇതൊരു സന്ദര്‍ഭമായി കണ്ട ഞാന്‍ അവന്റെ മുന്നില്‍ ചെന്ന് ഒരു വിഡ്ഡിച്ചിരി ചിരിച്ച് ഞാനാണ് എടുത്തതെന്ന ഭാവത്തില്‍ നിന്നു.
‘അന്റെ കണക്കു ബുക്കാരാ എടുത്തത്?’
അവന്‍ സംശയത്തോടെ ചോദിച്ചു.
ഞാന്‍ ഒന്നുമുരിയാടാതെ ചിരിച്ചു നിന്നു. അതോടെ അവന്‍ ഞാന്‍ തന്നെയാണ് പുസ്തകമെടുത്തതെന്ന് തീര്‍ച്ചയാക്കി.
‘ഉമ്മാ, അന്റെ പുസ്തകം ഒളിപ്പിച്ചേച്ചിറ്റ് തരുന്നില്ല..’
അവന്‍ പരാതി തുടങ്ങി.
ഇതായിരുന്നു ഞാന്‍ കാത്തിരുന്ന സന്ദര്‍ഭം.
‘നീയെന്നെ സംശയിക്കും അല്ലേടാ?’
അത്രയ്ക്കു ബലഹീനമായിരുന്നു കലഹകാരണം. ഞാന്‍ അവന്റെ മേല്‍ ചാടി വീണ് തലങ്ങും വിലങ്ങും അടിച്ചു. അവന്‍ എന്നെ സംശയിച്ചു എന്ന കുറ്റം എനിക്കൊരിക്കലും പൊറുക്കാന്‍ കഴിയുമായിരുന്നില്ല. അവന്റെ പുസ്തകങ്ങളെടുത്ത് പുറത്തെ മഴ നനഞ്ഞ മണ്ണിലേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ ഒരു ചെങ്കിസ്ഖാനായി മാറുന്നതിനിടയില്‍ അവനും തിരിച്ചടിച്ചു. ആ അടിയില്‍ വേച്ചുപോയ ഞാന്‍ തെറിച്ച് വീടിന്റെ പുറത്തേക്കു വീണു. അപ്രതീക്ഷിതമായിരുന്നു അത്. പുറത്ത് വീണ ഞാന്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അവന്‍ വീടിന്റെ വാതില്‍ പൂട്ടിയിരുന്നു.
ഞാന്‍ പൂര്‍ണമായും തോല്‍ക്കുകയായിരുന്നു.
എങ്കിലും ആ തോല്‍വി അത്രയെളുപ്പമൊന്നും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല എനിക്ക്. പതുക്കെ വീടിനരികിലെ കവുങ്ങിലൂടെ മട്ടുപ്പാവിലേക്ക് കയറി അവിടുന്ന് വീടിനകത്ത് കയറി ഏവരേയും അത്ഭുതപ്പെടുത്തുക എന്നതായിരുന്നു തോല്‍വിയുടെ ഭാരം കുറക്കാനായി ഞാന്‍ കണ്ടെത്തിയ മാര്‍ഗം. പക്ഷേ, കവുങ്ങ് മഴ പെയ്ത് വഴുതിമാറിയപ്പോള്‍ ഞാന്‍, താഴെ കോണ്‍ക്രീറ്റ് ചെയ്ത നിലത്ത് ഒരു പാരച്യൂട്ട് പോലുമില്ലാതെ വീണു.
വലതുകാലായിരുന്നു ഒടിഞ്ഞത്. മൂന്ന് മാസത്തെ പരിപൂര്‍ണവിശ്രമത്തിന് ഡോക്ടര്‍ വിധിക്കുകയും ചെയ്തു.
മൂന്നു മാസം!
എന്നെ സംബന്ധിച്ചിടത്തോളം ജീവപര്യന്തമായിരുന്നു ആ കാലം.
എന്റെ പ്രധാനശത്രുവിനെ എന്നും കണ്ടും കേട്ടും ഒരേ കൂരക്കീഴില്‍ കഴിയുക. ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു അത്. ഇനിയുള്ള മൂന്നുമാസങ്ങള്‍ എന്തു ചെയ്യുമെന്ന് ചിന്തിച്ചുള്ള ആദ്യദിവസം വ്യാകുലതയോടെ കടന്നുപോയി.

രണ്ടാമത്തെ ദിവസം.
എന്റെ വേദനയും അസ്വസ്ഥതയും പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു അവന്‍ മുറിയിലേക്കു കടന്നുവന്നത്.
ഞാന്‍ ഒന്നും മിണ്ടാതെ പുറംതിരിഞ്ഞുകിടന്നു. ഇപ്പോള്‍ അവന്റെ കാല്‍പ്പെരുമാറ്റം വ്യക്തമായും എനിക്കു കേള്‍ക്കാം. കുറച്ചുനേരം അവന്‍ എന്റെ പിന്നിലായി നിന്നിട്ടുണ്ട്. ഒരു പക്ഷേ ഏതോ ആലോചനയിലാവാം. എന്റെ കട്ടില്‍ കാലിനടുത്ത് അവന്‍ എത്തിയിരിക്കുന്നു. എന്തോ ഒന്ന് അവന്‍ എന്റെ കാല്‍ച്ചുവട്ടില്‍ വെച്ചിട്ടുണ്ട്. പിന്നെയും അവന്‍ എന്തോ ആലോചനയിലാണ്. ഇപ്പോള്‍ അവന്റെ കാല്‍പ്പെരുമാറ്റം അകന്നുകഴിഞ്ഞിരിക്കുന്നു. അതോടെ ഞാന്‍ പുറംതിരിഞ്ഞു കിടന്നു.
എന്റെ നോട്ടം ആദ്യമെത്തിയത് കട്ടിലിന്റെ കാല്‍ച്ചുവട്ടിലായിരുന്നു. അവിടെ അതാ കിടക്കുന്നു, എന്റെ പ്രിയപ്പെട്ട കുറ്റാന്വേഷകകഥകളായ ഷെര്‍ലക് ഹോംസ് കഥകളുടെ സമ്പൂര്‍ണ സമാഹാരം!
ആവേശത്തോടെ പേജുകള്‍ മറിച്ചുതുടങ്ങിയപ്പോള്‍ ആദ്യപേജില്‍ തന്നെ വലിയ തുണ്ട് പേപ്പറില്‍ അവന്‍ ‘സോറി’ എന്ന് വലുതായി എഴുതിവെച്ചിരുന്നു. ഞാന്‍ ആ പേപ്പര്‍ നോക്കി ഒരു ചെറുചിരിയോടെ തിരിഞ്ഞപ്പോള്‍ ഒരു സൗഹൃദച്ചിരിയുമായി അവന്‍ വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു.

ആ അവധിക്കാലത്ത് ഞാന്‍ വായിച്ച ഷെര്‍ലക് ഹോംസ് കഥകളെല്ലാം വളരെ ഉദ്വേഗജനകമായി വീട്ടിലുള്ളവരെയെല്ലാം പറഞ്ഞുകേള്‍പ്പിക്കലായിരുന്നു എന്റെ ഹോബി. കഥയുടെ ആവേശഘട്ടത്തില്‍ ജനപ്രിയവാരികകളിലേതു പോലെ ഞാന്‍ ‘തുടരും’ എന്ന് പറഞ്ഞ് കഥപറച്ചില്‍ നിര്‍ത്തും. അപ്പോള്‍ ചുറ്റുമുള്ള അനുജനടക്കമുള്ള കേള്‍വിക്കൂട്ടം ബാക്കി കൂടി പറയാന്‍ നിര്‍ബന്ധം പിടിക്കും. ഞാന്‍ അനാവശ്യബലം പിടിച്ച് നില്‍ക്കും.
‘ബാക്കി കഥ കൂടി പറയ് ഷെര്‍ലക് ഹോംസേ..’
ഒന്നും മനസിലായില്ലെങ്കിലും ഉമ്മ നിര്‍ബന്ധിക്കും.
‘ഇഞ്ഞ് ബെല്യ ബാറാക്കാണ്ട് ബാക്കി കൂടി അങ്ങ് പറഞ്ഞ് കൊടുക്ക് ഷെര്‍ലക്ക് ഹോംസേ..’
ഉമ്മാമയും പറയും.
ഷെര്‍ലക് ഹോംസ്!
എനിക്ക് ആ പേര് അന്നത്രയും ഇഷ്ടപ്പെട്ടു.
ചുണ്ടില്‍ ഒരു പൈപ്പും കൈയ്യില്‍ പൂമ്പാറ്റകളെ പിടിക്കാന്‍ വലയുമായി വലിയ തൊപ്പിയും വരയന്‍ കോട്ടുമിട്ട് ഗൗരവത്തില്‍ ഞാന്‍ എന്ന ഷെര്‍ലക് ഹോംസ്!
അതിനു ശേഷമാണ് കണ്ണാടിയ്ക്കു മുന്നില്‍ ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയത്. ഓരോ തവണയും കണ്ണാടിയില്‍ സൂക്ഷിച്ചു നോക്കിയതിനുശേഷം മുഖം കൊണ്ട് വ്യത്യസ്ത ഗോഷ്ടികള്‍ കാണിച്ചു തുടങ്ങും. എന്റെ കണ്ണിനു ചുറ്റുമുള്ള കറുപ്പും വലിഞ്ഞുമുറുകിയ കൂര്‍ത്ത മുഖവും എന്റെ ഷെര്‍ലക് ഹോംസ് ഭാവാഭിനയങ്ങള്‍ക്ക് മിഴിവേകും.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞാനൊരു ഷെര്‍ലക് ഹോംസ് ആകാനുള്ള തയ്യാറെടുപ്പിലാണ്. ഏതൊരു പുസ്തകം വായിക്കുമ്പോഴും ഏതൊരു സിനിമ കാണുമ്പോഴും ഏതൊരു ആള്‍ക്കൂട്ടത്തിലും ഞാന്‍ സ്വയമൊരു ഷെര്‍ലക് ഹോംസാകാന്‍ ശ്രമിക്കും. അന്ന്, മഞ്ഞുരുകാനായി അനുജന്‍ തന്ന ആ ഷെര്‍ലക് ഹോംസ് കഥകള്‍ തന്നെയാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയ വലിയ ഉപഹാരങ്ങളിലൊന്ന്.
ഏറ്റവും വിലപ്പെട്ടതും.




Wednesday, October 24, 2012

അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..


അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..

റീഡേഴ്‌സ് ഡൈജസ്റ്റില്‍ വന്ന കഥയാണ്. അമ്മയും മകളും ഒന്നിച്ചാണ് താമസം. എന്നും തമ്മില്‍ വഴക്കാണ്. അമ്മയേക്കാള്‍ മകളാണ് തന്നിഷ്ടക്കാരിയും വഴക്കാളിയും. അങ്ങനെയിരിക്കെ മകള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനുള്ള സെലക്ഷന്‍ കിട്ടി. ദിവസങ്ങള്‍ക്കു ശേഷം മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയാണ്. പരിഭവങ്ങളൊക്കെ മറന്ന് അവളുടെ സുഖവിവരങ്ങളും കോളജിലെ പുതിയ കൂട്ടുകാരികളെക്കുറിച്ചുമൊക്കെ അമ്മ സ്‌നേഹപൂര്‍വം തിരക്കിയപ്പോള്‍ മകള്‍ക്കും വല്ലാതായി. അതിനു ശേഷം അമ്മ അവളുടെ കുട്ടിക്കാലവും കൊഞ്ചിച്ചു നടന്നതുമൊക്കെ ഓര്‍മിപ്പിച്ച് താനെത്ര മാത്രം അവളെ മിസ് ചെയ്യുന്നുവെന്ന് കരഞ്ഞുതുടങ്ങിയപ്പോള്‍, ബോറടിച്ചുതുടങ്ങിയ പെണ്‍കുട്ടി അമ്മയുടെ കരച്ചിലിനു പ്രതിവിധി കൊടുത്തു, ‘അമ്മ ശരിക്കും ഒന്നോര്‍ത്തു നോക്കിക്കേ, രണ്ടാഴ്ച മുമ്പ് ഞാനവിടുന്ന് യാത്ര തിരിക്കുമ്പോള്‍ വീട്ടിലെങ്ങനെയായിരുന്നുവെന്ന്. അപ്പോള്‍ ഈ വിഷമവും കരച്ചിലുമല്ലാം പെട്ടെന്ന് മാറിക്കിട്ടും!’
പുതിയ തലമുറയ്ക്ക് എളുപ്പത്തില്‍ ബോറടിക്കുന്നു. എന്തെങ്കിലും ആരെങ്കിലും ഗൗരവമായോ വൈകാരികമായോ പറഞ്ഞുതുടങ്ങുമ്പോഴേ, അവര്‍ ബോറടിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഒരുപക്ഷേ, ഫേസ്ബുക്കിലും ട്വിറ്ററിലും ഗുഡ്‌നൈറ്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ട സ്റ്റാറ്റസും ട്വീറ്റും ‘അയാം ബോര്‍ഡ്!’ എന്നായിരിക്കാം. അവരുടെ ജീവിതകാഴ്ചപ്പാട് ആകെയും മാറി. കുടുംബബന്ധങ്ങളിലെ പഴയ ഇഴയടുപ്പത്തിലും വ്യത്യാസം വന്നു. സ്‌നേഹം പോലും അവരെ എളുപ്പം ബോറടിപ്പിക്കുന്നു.
വംശനാശം സംഭവിക്കുന്ന അമ്മ-മകന്‍ കഥകള്‍
സമൂഹമനസ് ഏതാണ്ടെങ്കിലും പ്രതിഫലിപ്പിക്കുന്ന ന്യൂ ജനറേഷന്‍ സിനിമകളിലും ബന്ധങ്ങളുടെ ചിത്രീകരണത്തില്‍ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. സാങ്കേതികവളര്‍ച്ചയുടെ ഭാഗമായി ഇന്റര്‍നെറ്റും സോഷ്യല്‍ ആക്ടിവിറ്റി സൈറ്റുകളും വിവിധ തരം മൊബൈല്‍ ഫോണുകളും വന്നതോടെ നല്ലൊരു ശതമാനം യുവത്വത്തിന്റേയും ആശയവിനിമയം ഇവയോടായി. കൈയ്യില്‍ മൊബൈല്‍ ഫോണും ചെവിയില്‍ ഇയര്‍ ഫോണും സ്ഥാനം പിടിച്ചു. ഫേസ് ബുക്കിലെ അഞ്ജാതരോട് ചാറ്റ് ചെയ്യാനും കൂട്ടു കൂടാനുമായി താല്‍പര്യം. ഒരു കാറില്‍ കുടുംബസമേതം സഞ്ചരിക്കുമ്പോള്‍ പോലും ഓരോരുത്തരും ഓരോ തുരുത്തില്‍ പുതുതീരം തേടുന്നു. ‘ഉള്ളിലെ സ്‌നേഹം പ്രകടിപ്പിക്കാനും അനുഭവിക്കാനും മടിക്കുന്ന തലമുറയും അമ്മയുമാണ് ഇന്നത്തേതെന്നെനിക്കു തോന്നുന്നു. പുതിയ ജനറേഷന്റെ കമ്യൂണിക്കേഷന്‍ ആകെ മാറി. അവരുടേതായ ഭാഷകള്‍ വന്നു. പങ്കുവയ്ക്കലും ആഴമുള്ള സൗഹൃദങ്ങളും ഇല്ലാതായെന്നു തന്നെ പറയാം. ബന്ധങ്ങളില്‍, പ്രണയത്തിനു പോലും ഒരു അപചയമുണ്ടായതായി കാണാം. കുടുംബത്തിന്റെ പഴയതു പോലുള്ള ഇടപെടലുകള്‍ ഇല്ലാതാക്കാന്‍ കേവലം ഒരു ടെലിവിഷനു പോലും സാധിക്കുന്ന അവസ്ഥയും വന്നു. അമ്മയുടേയും മകന്റേയും കുടുംബബന്ധങ്ങളുടേയും കഥകള്‍ പഴയതുപോലെ ഏശാത്തതിന്റെ കാരണം ഈയൊരു മെന്റാലിറ്റിയോടു കൂടി ചേര്‍ത്തുവായിക്കണം..’ അഭ്രപാളിയിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ‘അമ്മ +മക്കള്‍ =കുടുംബസ്‌നേഹം’ കഥകളെക്കുറിച്ച്, മലയാളിമനസില്‍ എന്നെന്നും സ്ഥാനം പിടിച്ച ഒരുപിടി കുടുംബകഥകള്‍ സമ്മാനിച്ച സംവിധായകന്‍ സിബി മലയില്‍ നിരീക്ഷിക്കുന്നു.
അമ്മ, സിബി മലയിലിന്റെ അഭിപ്രായത്തില്‍ പഴയതുപോലെ തന്നെയാണ്. പക്ഷേ, പണ്ട് ‘കിരീട’വും ‘ആകാശദൂതും’ ‘തിങ്കളാഴ്ച നല്ല ദിവസവു’മൊക്കെ വന്ന കാലത്തെ സാമൂഹ്യജീവിതത്തില്‍ നിന്ന് അപ്പാടെ മാറി നാട്. ‘കുട്ടിക്കാലത്ത് അവധിക്കാലമൊക്കെ എല്ലാവരുമൊന്നിച്ച് കുടുംബത്തോടൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. അത്തരം സന്തോഷം നിറഞ്ഞ അവസ്ഥയൊക്കെ ഞങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്. ഇന്നാ, സ്ഥിതിവിശേഷമൊക്കെ മാറി. അത്തരം അനുഭവപശ്ചാത്തലവും ജീവിതസാഹചര്യവും ഇന്നില്ലാത്തതാവും സിനിമയില്‍ അമ്മമാര്‍ കുറയുന്നതിനു ഒരു കാരണം..’ñസിബി പറയുന്നു. പഴയതുപോലെയല്ല യുവമനസുകളില്‍ അമ്മയ്ക്കുള്ള സ്ഥാനമെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും സ്‌നേഹത്തിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് യുവസംവിധായകന്‍ ആഷിഖ് അബുവും നടന്‍ അനൂപ് മേനോനും ആണയിടുന്നു. ‘മിക്കവാറും നമ്മുടെ സമൂഹത്തിന്റെ റിഫ്‌ളക്ഷനാണ് ന്യൂജനറേഷന്‍ സിനിമകള്‍. അവയില്‍ അമ്മമാര്‍ക്ക് വലിയ വേഷമില്ലാത്തത് ബോധപൂര്‍വമല്ല. അമ്മയുടേയും മകന്റേയും കഥകള്‍ ആള്‍ക്കാരെ എന്റര്‍ടെയിന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഇനിയും വരും. പക്ഷേ, അത് പുതിയ തലമുറയ്ക്ക് ബോറടിക്കാത്ത രീതിയില്‍ വേണമെന്നു മാത്രം..’ ആഷിഖ് പറയുന്നു.
‘ടിപ്പിക്കല്‍ ഓള്‍ഡ് ഏജ്’അമ്മയും ‘മോഡേണ്‍ ഡേ’ അമ്മയും
ഓരോ കാലത്തും അമ്മയുടെ നിര്‍വചനം മാറിക്കൊണ്ടിരിക്കും, കാതലായ വികാരങ്ങളെല്ലാം ഒന്നാണെങ്കിലും. ഒരേ ഭാവമല്ല എന്നും അമ്മയ്ക്ക്. 80 കളിലും 90 കളിലും നമുക്ക് പരിചയമുള്ള അമ്മ ‘കിരീട’ത്തിലെ സേതുമാധവന്റെ അമ്മയെപ്പോലെ ‘ടിപ്പിക്കല്‍ ഓള്‍ഡ് ഏജ്’ അമ്മയാണ്. ഐശ്വര്യം തുടിക്കുന്ന മുഖമായിരിക്കും അവര്‍ക്ക്. ഭര്‍ത്താവ് ജോലിക്ക് പോവുന്നു. മകന്‍ ജോലി തേടി അലയുന്നു. ഭര്‍ത്താവിനേയും മകനേയും ഊണ്‍മേശയില്‍ ഭക്ഷണവും ഒരുക്കിവെച്ച് കാത്തിരിക്കുന്നു അവര്‍. ആ അമ്മ, മകന് തല ചീകിക്കൊണ്ട് രാമായണം വായിക്കും. മകള്‍ക്ക് കാലത്തെഴുന്നേറ്റ് ടിഫിന്‍ ബോക്‌സില്‍ ചൂടുദോശ നിറച്ചുവയ്ക്കും. വല്ലപ്പോഴും കൂട്ടുകാര്‍ക്കൊപ്പം ഒന്ന് ‘മിനുങ്ങി’ വീട്ടിലെത്തുന്ന മകനെ കൈയ്യോടെ പിടിച്ച് ശാസിക്കും. മകളുടെ ബയോളജി നോട്ടുപുസ്തകം ചികഞ്ഞ് ഒളിച്ചുവെച്ച ലവ് ലെറ്റര്‍ കണ്ടെത്തി കരുതലോടെ അവളുടെ ചെവിയില്‍ തിരുമ്മി ഉപദേശിക്കും.. ആ കാലത്തിന്റെ ശക്തി ആ അമ്മമാരിലുണ്ടായിരുന്നു. ഇന്ന് അമ്മയും അച്ഛന്റെ കൂടെ ജോലിക്കു പോവുന്നവളാണ്. ഇരുവരും വൈകിട്ട് ഓഫീസ് വിട്ട് വീടണയുന്നു. പിന്നെയാണ് മക്കളുടെ ഹോംവര്‍ക്കും പ്രോഗ്രസ് റിപ്പോര്‍ട്ടും പരിശോധിക്കുന്നത്. ‘ഈ അടുത്ത കാലത്ത് എന്ന ഞാന്‍ സ്‌ക്രിപ്‌റ്റെഴുതിയ ചിത്രത്തില്‍ രണ്ടു തരം അമ്മമാരുണ്ട്. ഇന്ദ്രജിത്ത് അവതരിപ്പിച്ച വിഷ്ണുവിന്റെ ഭാര്യയായ രമണി. ഭയങ്കരമായി സ്ട്രഗിള്‍ ചെയ്യുന്ന ‘മോഡേണ്‍ ഡേ’ അമ്മയാണ്. എന്തു വില കൊടുത്തും മക്കളെ നല്ല നിലയിലാക്കണമെന്ന് കരുതുന്നവള്‍. അതിനുവേണ്ടി അഹോരാത്രം അധ്വാനിക്കുന്നു അവര്‍. എന്നാല്‍ എന്റെ ഭാര്യയായി അഭിനയിച്ച അമ്മ, കടുത്ത മെന്റല്‍ ഡിപ്രഷനിലും സെക്‌സ് നിഷേധത്തിലും കഴിയുന്നവരാണ്. മകന്‍ മാത്രമാണ് അവരേയും ഭര്‍ത്താവിനേയും ബന്ധിപ്പിക്കുന്ന ഏകകണ്ണി. പുതിയ തലമുറയിലെ അമ്മമാര്‍ക്ക് പലപ്പോഴും ഇതുപോലുള്ള ഒരുപാട് യുദ്ധമുഖങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്നു. അവരുടെ വെല്ലുവിളികളും മാറുന്നു.. ’തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പുതിയ കാലത്തെ അമ്മ കഥാപാത്രങ്ങളെ ഇങ്ങനെ നിര്‍വചിക്കുന്നു.
അമ്മ തന്നെ ബെസ്റ്റ് ഫ്രണ്ട്, പക്ഷേ..
വഴിയരികിലെ ആക്‌സിഡന്റ് സീന്‍. ആളുകള്‍ ഓടിക്കൂടുന്നു. അപകടത്തില്‍ പെട്ട ആള്‍ വേദനയോടെ കരയുന്നു: അമ്മേ.. രക്ഷിക്കണേ.. ‘ഇവിടെ എന്തുകൊണ്ടാണ് സാര്‍, പുള്ളി ദൈവത്തേക്കാളും മുമ്പേ അമ്മയെ വിളിച്ചത്? എത്ര മാറിയെന്നു പറഞ്ഞാലും അമ്മയും മകനും മാറില്ലല്ലോ. അമ്മയില്ലാതെ മക്കളുമുണ്ടാവുമോ? അമ്മയ്ക്കും മകനുമിടയിലെ രസതന്ത്രം എത്ര നൂറ്റാണ്ട് കഴിഞ്ഞാലും മാറ്റാന്‍ കഴിയില്ല. പിന്നെ, പണ്ടത്തെ പത്രഭാഷയും ഇന്നത്തേതും തമ്മില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടില്ലേ? അതുപോലെ സിനിമകളും മാറിയിട്ടുണ്ട് എന്ന് മാത്രം കരുതിയാല്‍ മതി!’ പറയുന്നത് മലയാളത്തിന്റെ സ്വന്തം അമ്മ സുകുമാരിയാണ്. അമ്മമാര്‍ക്ക് എല്ലാ കാലത്തും പ്രാധാന്യമുണ്ടെന്ന് അവര്‍ക്ക് നൂറുശതമാനവും ഉറപ്പുണ്ട്. ഇതുവരെ നടിച്ച എല്ലാ അമ്മവേഷങ്ങളും അവര്‍ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു. ഏറ്റവും ഇഷ്ടമുള്ള അമ്മവേഷമേതെന്നു ചോദിച്ചപ്പോള്‍ ഇഷ്ടമില്ലാതെ ഒരു അമ്മവേഷം ചെയ്യാന്‍ കഴിയുമോ എന്ന മറുചോദ്യം.
അമ്മ മലയാളിയുവത്വത്തിന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള സ്‌കൂള്‍ സമയങ്ങളില്‍, ക്ലാസില്‍ വെച്ചുനടന്ന കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ അമ്മയുടെ ചെവിയിലോതുന്ന അപ്പു എന്ന കുട്ടിയെ നമ്മള്‍ കണ്ടതാണ്, ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ. ‘എന്റെയും ബെസ്റ്റ് ഫ്രണ്ട് അമ്മയാണ്. പക്ഷേ ഒരു അഞ്ചുദിവസത്തില്‍ കൂടുതല്‍ അമ്മയുമായി കൂടിയാല്‍ വഴക്കാവും. ചില നടിമാരും വിദേശത്ത് ഫാമിലി സഹിതം ജീവിക്കുന്ന കൂട്ടുകാരികളുമൊക്കെ പറയുന്നതു കേള്‍ക്കാറുണ്ട്, വീട്ടിലെത്തിയാല്‍, കാച്ചിയ വെളിച്ചെണ്ണയുമായി അമ്മ കാത്തിരിക്കാറുണ്ടെന്നൊക്കെ. ഒന്നോ രണ്ടോ ദിവസമൊക്കെ ഈ എണ്ണയും തേച്ചു കുളിക്കാം. പക്ഷേ, എന്നും ഇതുപോലെ കുളിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ബോറടിക്കത്തില്ലേ?’ യുവനടി ലെനയുടെ അഭിപ്രായം ഇന്നത്തെ മൊത്തം യുവത്വത്തിന്റേയും ചിന്താഗതിയാണോ എന്ന അന്വേഷണത്തിന് മറുപടിയുമായി എത്തിയത് മലയാളത്തിന്റെ മറ്റൊരു അമ്മ കെ പി എ സി ലളിത. ‘ഇപ്പോഴും അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് മകന്‍ സിദ്ധാര്‍ഥ് പറയാറുണ്ട്. വീട്ടില്‍ വരുമ്പോള്‍ പഴയതുപോലെ കൂടെത്തന്നെയാവും. വിട്ടുമാറില്ല..’ ഏതാണ്ടിതേ പോലുള്ള ബന്ധം തന്നെയാണ് താനും ഉമ്മയും തമ്മിലെന്ന് ആഷിഖ് അബുവും സമ്മതിക്കുന്നു.
സെറ്റില്‍ഡാവണം, പെട്ടെന്നു തന്നെ.
20 നും 40 നും ഇടയില്‍ പ്രായം വരുന്ന നായകനും നായികയും കൂട്ടുകാരും. ഇവരെല്ലാം വീട്ടില്‍ നിന്ന് മാറി ദൂരെ നഗരത്തില്‍ ഫ്‌ളാറ്റിലോ മറ്റോ കഴിയുന്നവരാണ്. അവരുടെ ജീവിതത്തില്‍ അമ്മ ചിലപ്പോള്‍ ഒരു ഫോണ്‍ കോളിലോ ചുവരിലെ ഫ്രെയിം ചെയ്തുവച്ച ഫോട്ടോയായോ മാത്രം ഒതുങ്ങുന്നു. ഇപ്പോഴത്തെ ഹിറ്റ് കോംബിനേഷന്‍ ഈ ഫ്രേമില്‍ തുടങ്ങുന്നു.
‘പ്ലസ് ടു കഴിഞ്ഞതോടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത പഴയ കാലമൊക്കെ കാണിക്കുമ്പോള്‍ മടുപ്പ് തോന്നുമെങ്കിലും അവയില്‍ പുതിയതെന്തെങ്കിലുമുണ്ടെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും..’ ട്രയിനില്‍ വെച്ച് കണ്ടുമുട്ടിയ മംഗലാപുരത്തെ ബി ഡി എസ് വിദ്യാര്‍ഥിനികളായ നുസിജയ്ക്കും ടീമിനും സംശയമില്ല. കഴിയുന്നതും പെട്ടെന്നു തന്നെ വീട്ടില്‍ നിന്നും മാറി താമസിക്കാനാണിഷ്ടമെന്നും അവര്‍ പറയുന്നു. പെട്ടെന്ന് തന്നെ സെറ്റില്‍ഡാവണം. പക്ഷേ, അത് അച്ഛനുമമ്മയോടുമുള്ള സ്‌നേഹമില്ലായ്മയായി മാത്രം കണക്കാക്കരുതെന്ന അപേക്ഷയുമുണ്ട്. പുതുതലമുറ ബന്ധങ്ങളെ ഇങ്ങനെ കാണുന്നതു കൊണ്ടാവാം, സിബി മലയിലിന് ഇനിയൊരു ‘അമ്മ +മക്കള്‍ =കുടുംബസ്‌നേഹം’ സിനിമ തീയേറ്ററില്‍ വന്നാല്‍ ഹിറ്റാവുമെന്ന് ഉറപ്പുപറയാന്‍ കഴിയാത്തതും. ‘ഞാന്‍ ചെയ്ത രണ്ട് അമ്മവേഷങ്ങള്‍ക്കും (ട്രാഫിക്, അസുരവിത്ത്) പ്രാധാന്യമുള്ളതു കൊണ്ട് മാത്രമാണ് ചെയ്തത്. അമ്മവേഷങ്ങള്‍ കൂതുതല്‍ ചെയ്യാന്‍ താല്‍പര്യവുമില്ല. അത്രയ്‌ക്കേ അതിനു സ്‌കോപ്പുള്ളൂ.’ ലെനയും പറയുന്നു.
ഇവിടെ കൗസുല്യമാരും കൈകേയിമാരുമുണ്ടായിരുന്നു..
മാറിയ കാലത്ത് മക്കള്‍ക്കു വേണ്ടി ഇന്റര്‍നെറ്റ് ചാറ്റിങ് ചെയ്യാനും വെബ് ക്യാം ഉപയോഗിക്കാനും പഠിച്ച അമ്മമാരുമുണ്ട്. മക്കള്‍ നഗരത്തില്‍ പഠിക്കുകയോ വിദേശത്ത് കുടുംബസമേതം താമസിക്കുകയോ ആവും. പണ്ടത്തെ കൂട്ടുകുടുംബവും വലിയ തറവാടുകളും അതിനെ ചുറ്റിപ്പറ്റിയുള്ള ഉപജീവനവുമൊക്കെ മാറിയപ്പോള്‍, പുതിയ കുടുംബങ്ങളില്‍ ‘കിരീട’ത്തിലെ സേതുമാധവനും ‘വാത്‌സല്യ’ത്തിലെ രാഘവന്‍ നായരും ഇല്ലെന്നു തന്നെ പറയാം. ‘പുതിയ തലമുറ മാതാപിതാക്കളെ നോക്കുന്നത് ഫിനാന്‍ഷ്യലി ആണ്. പൈസ കൊണ്ട് നല്‍കാവുന്ന സുഖങ്ങളൊക്കെയും നല്‍കും. പക്ഷേ അവരുടെ കൂടെ താമസിക്കുന്നില്ല എന്നുമാത്രം. ഒരുപക്ഷേ, അമ്മമാര്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാവാം. പണ്ടത്തെപ്പോലെ അമ്മയെ അടുത്തുകൂടി സ്‌നേഹിച്ചു ജീവിക്കുന്ന മക്കള്‍ ഇന്ന് കുറവാണ്. ‘മക്കള്‍ നല്ല ശമ്പളം നേടുന്നു. നല്ല പോസ്റ്റിലാണ്. വിദേശത്താണ്. നല്ലൊരു ഫ്‌ളാറ്റെടുത്ത് താമസിക്കുന്നു. ഇടയ്ക്ക് വരാറുണ്ട്. ദേ, ഈ ഓണത്തിന് അവന്‍ വരും.’ എന്നോക്കെ പറയുന്നത് അമ്മമാരും അഭിമാനമായെടുക്കുന്നുണ്ട്. സ്ഥിരമായി വീട്ടില്‍ നില്‍ക്കുന്ന മകനോട് ഇവനൊക്കെ പോയി വല്ല ജോലിയുമെടുത്തൂടേ? ഇവിടെത്തന്നെ ചൊറഞ്ഞ് നില്‍ക്കാതെ എന്നു പറയുന്ന അമ്മമാരുമുണ്ട്!’ലെനയുടെ മാറിയ കാലത്തെ അമ്മയുടെ മനസു വായിച്ച കാഴ്ചപ്പാട്.
മുരളി ഗോപിയും പറയുന്നു, അമ്മമാര്‍ തന്നെ പല വിധമുണ്ടെന്ന്. നമ്മള്‍ പരിചയിച്ചതും കാണാന്‍ ഇഷ്ടപ്പെടുന്നതും മക്കളെ സ്‌നേഹിക്കുന്ന അമ്മമാരെയാണ്. എന്നാല്‍ ഇതിനൊപ്പം തന്നെ ഒട്ടും സ്‌നേഹമില്ലാത്ത അമ്മമാരുമുണ്ട്. നിത്യജീവിതത്തില്‍ മക്കളെ വില്‍ക്കുന്ന അമ്മമാരും പെണ്‍കുട്ടികളെ വല്ലാതെ ദ്രോഹിക്കുന്ന അമ്മമാരും നമ്മുടെ മുന്നില്‍ അപൂര്‍വമായെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘എല്ലാ കാലത്തും എല്ലാ അമ്മമാരും എല്ലാ മക്കളും നല്ലവരായിരുന്നില്ലല്ലോ? കൈകേയിയും കൗസുല്യയും ഒരേ രാമായണത്തിലെ കഥാപാത്രങ്ങളായിരുന്നില്ലേ? എങ്കിലും അമ്മയെന്ന് പറയുമ്പോള്‍ മെഹബൂബ് ഖാന്റെ ‘മദര്‍ ഇന്ത്യ’യിലെ നര്‍ഗീസ് ദത്ത് ചെയ്ത അമ്മയാണ് ആദ്യം വരുന്ന മുഖം. പിന്നെ ‘ദീവാറി’ലെ അമ്മ, സത്യജിത് റായ് സിനിമകളിലെ അമ്മ.. ഇങ്ങനെ പോവുന്നു.’മുരളി ഗോപി നയം വ്യക്തമാക്കുന്നു.
കാലമിനിയും വരും, വര്‍ഷം വരും, തിരുവോണം വരും..
എങ്കിലും എന്‍ എന്‍ കക്കാട് പാടിയതു പോലെ കാലമിനിയും ചാക്രികക്രമത്തില്‍ കറങ്ങിവരുമെന്നും ‘ശാന്ത’ത്തിലേയും ‘മാടമ്പി’യിലേയും ‘സന്‍മനസുള്ളവര്‍ക്ക് സമാധാന’ത്തിലേയും പോലുള്ള അമ്മവേഷങ്ങള്‍ ഇനിയും വരുമെന്നും കെ പി എ സി ലളിതയും സുകുമാരിയും വിശ്വസിക്കുന്നു. ‘ഓടുന്ന പടങ്ങളില്‍ ഞങ്ങള്‍ അമ്മയായും അമ്മൂമ്മയായുമുണ്ടാവും.’ സുകുമാരിയുടെ വാദം.  ‘ട്രെന്‍ഡ് എന്നത് താല്‍ക്കാലികമാണ്. ഒരു യുദ്ധസിനിമയെടുക്കുമ്പോള്‍ അതില്‍ അമ്മയെ തിരുകാന്‍ പറ്റുമോ? ‘തനിയാവര്‍ത്തനത്തി’ലേതു പോലുള്ള ശക്തരായ അമ്മകഥാപാത്രങ്ങള്‍ എന്നും ഏതു നിമിഷവും ഇനിയുമുണ്ടാവും.’ അനൂപ് മേനോന്റെ വാക്കുകളില്‍ ഒരു എഴുത്തുകാരന്റെ ഉറപ്പ്.
















Tuesday, October 23, 2012

ഉലകം ചുറ്റും മറഡോണ


ഉലകം ചുറ്റും മറഡോണ


അങ്ങനെ ബോബി ചെമ്മണൂര്‍ മറഡോണയേയും കുപ്പിയിലാക്കി. നാടൊട്ടുക്കും ഒരു മാതിരി ലാമമാര്‍ ധരിക്കുന്ന വസ്ത്രവും ധരിച്ച്, ഇതാണ് ആതുരസേവനത്തിന്റെ മുഖമുദ്രയെന്ന് വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സ്വയം ഹീറോ ചമയുന്ന ബോബി ചെമ്മണ്ണൂരിന്റെ കിരീടത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി. അല്ലെങ്കിലും പല്ലു കൊഴിഞ്ഞ സിംഹങ്ങളാണ് ഈയിടെയായി ചെമ്മണൂരിന്റെ അംബാസിഡര്‍മാര്‍. മുന്‍പ് അനില്‍ കപൂര്‍, അതിനു ശേഷം ഏതാണ്ട് ബോളിവുഡില്‍ നിന്ന് ഔട്ടാവാറായ മല്ലിക ഷെരാവത്, ഇപ്പോള്‍ ഇതാ, കുറച്ചു കാലമായി തൊട്ടതെല്ലാം ഒരു വിധം വെടക്കാക്കി തനിച്ചാക്കി മാറ്റുന്നതില്‍ അഗ്രഗണ്യനായ മറഡോണയും.
ആയ കാലത്ത് പ്രതിഭാവിലാസവും അതിലേറെ മയക്കുമരുന്നും മദിരാക്ഷിയുമായി ഉലകം ചുറ്റിയ മറഡോണ പിന്നെ പൊന്തിയത് ദുബായിലെ ഒരു ക്ലബിന്റെ പരിശീലകനായിട്ടാണ്. ഇടയ്ക്ക് അര്‍ജന്റീനയുടേയും. രണ്ടു ടീമുകളേയും എങ്ങുമെത്താത്ത വിധം ഒരു കോലത്തിലാക്കുന്നതില്‍ അദ്ദേഹം സമ്പൂര്‍ണവിജയമായിരുന്നു. ഒടുക്കം സാക്ഷാല്‍ മെസിക്ക് പോലും മറഡോണയുടെ പരിശീലനത്തില്‍ ഗോളടിക്കാന്‍ പറ്റാതായപ്പോള്‍ അവര്‍ ക്ലീനായി പുകച്ച് പുറത്തു ചാടിച്ചു. അങ്ങനെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരിക്കുമ്പോഴാണ് ആതുരസേവനത്തിന് മദര്‍ തെരേസയ്ക്കും ഗാന്ധിജിയ്ക്കും വിനോഭാവേയ്ക്കും ശേഷം പേരു കേള്‍പ്പിച്ച ബോബിച്ചായന്‍ ദുബായ് കടപ്പുറത്ത് നിന്ന് മറഡോണയെ കാണുന്നത്. പുള്ളി, ഏറെക്കൂറെ നമ്മുടെ ചെമ്മീനിലെ കറുത്തമ്മയെ നഷ്ടപ്പെട്ട കൊച്ചുമുതലാളിയെപ്പോലെയായി കണ്ണീരും കലാശവുമായി നില്‍ക്കുന്ന മറഡോണയെക്കൊണ്ട് ദുബായിലൊരു പൊന്ന് പീടിക ഉത്ഘാടനം ചെയ്യിച്ചു. പിന്നെയിപ്പോഴിതാ, കെട്ടിയെഴുന്നള്ളിച്ച് കേരളത്തിലുമെത്തിച്ചിരിക്കുന്നു.
പത്രങ്ങളില്‍ ഫ്രീയായൊരു പബ്ലിസിറ്റിയുമായി. അതില്‍ വീണുരുളാന്‍ പൊതുജനമെന്ന കുറേ കഴുതകളേയും കിട്ടി. ശരിക്കും ഇത്രയ്ക്ക് ആവേശം കൊള്ളുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടതാണോ വെറുമൊരു ജ്വല്ലറി ഉത്ഘാടനത്തിനു വരുന്ന മറഡോണയുടെ ഈ എഴുന്നള്ളിപ്പ്? ചില പത്രമുത്തശിമാര്‍ മറഡോണ ഇന്ത്യന്‍ ഫുട്‌ബോളിന്റെ കോച്ച് സ്ഥാനം ഏറ്റെടുക്കുമെന്നു വരെ മുഖപ്രസംഗമെഴുതുന്നു!
പൊന്ന് പീടികയുടെ ഉത്ഘാടനവും കഴിഞ്ഞ് പൊടിയും തട്ടി ആതുരസേവനക്കാരന്റെ ചുമലിലും തട്ടി മറഡോണയങ്ങ് പോവും. നമ്മള്‍ പത്രങ്ങളിലെ പ്രാധാന്യം കണ്ട് കണ്ണും മഞ്ഞളിച്ച് ശരിക്കും ചെമ്മീനിലെ ശരിക്കും കറുത്തമ്മയെ നഷ്ടപ്പെട്ട പരീക്കുട്ടിമാരായി കേരളാ കടാപ്പുറത്ത് അലഞ്ഞുതിരച്ചില്‍ തുടരും..  
 

Saturday, October 20, 2012

അക്കിത്തം എഴുതിയ കത്ത്.


അക്കിത്തം എഴുതിയ കത്ത്. 


കുട്ടിക്കാലത്തെ എന്റെ പ്രിയശീലങ്ങളിലൊന്നായിരുന്നു പല പ്രശസ്തര്‍ക്കും കത്തെഴുതുക എന്നത്. ചിലര്‍ തിരിച്ചും മറുപടിയെഴുതും. അതിലൊന്നാണ് അക്കിത്തം എഴുതിയ ഈ കത്ത്. ഞാന്‍ ഈ എഴുത്ത് എഴുതുമ്പോഴും എനിക്ക് ശക്തി പകരുന്നത് ചിന്തകളാണ്. ഓര്‍മ്മകളാണ്. നമുക്ക് നഷ്ടമാവുന്ന ഓര്‍മ്മകള്‍ അടയാളപ്പെടുത്താന്‍ ഇത്തരം എഴുത്തുകള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ.



Wednesday, October 10, 2012

ദുബായ് രാത്രികള്‍ അവസാനിക്കുന്നേയില്ല.



ദുബായ് രാത്രികള്‍ അവസാനിക്കുന്നേയില്ല.


ദുബായ്ക്ക് അങ്ങനെയും ഒരു പ്രത്യേകതയുണ്ട്. അവിടെ രാത്രികള്‍ അവസാനിക്കുന്നേയില്ല.  വേനലില്‍, പ്രത്യേകിച്ച് ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ പകലുകള്‍ കടുത്ത ചൂടിന്റെ വറചട്ടിയില്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെ ഉരുകുമ്പോള്‍ തെരുവുകളിലൊന്നും കാല്‍നടയാത്രക്കാരന്‍ പോയിട്ട്, ബൈക് യാത്രികനെപ്പോലും കാണാന്‍ കഴിയില്ല. എന്നാല്‍ വൈകിട്ട് അഞ്ചുമണിക്കു ശേഷം മഴപ്പാറ്റകളെപ്പോലെ ആളുകള്‍ പൊടിച്ചുതുടങ്ങും. തെരുവുകളും ഉള്‍നാടന്‍ ലേബര്‍ ക്യാംപുകളും വിശാലമായി നീണ്ടുകിടക്കുന്ന റോഡുകളും ഉണരും. മലയാളികളും ബംഗാളികളും പാക്കിസ്ഥാനികളും ഫിലിപ്പൈനികളും അടങ്ങിയ വിദേശീയക്കൂട്ടം ദുബായുടെ ആഗോളീയ വരവേല്‍പിലേക്ക് പതുക്കെ അലിയും. എമിറേറ്റ്‌സ് മാളിലും ദുബായ് മാളിലും ഇബ്‌നു ബത്തൂത്ത മാളിലും മറ്റു റസ്‌റ്റോറന്റുകളിലും കെ എഫ് സി, മക്‌ഡൊണാള്‍ഡ് ശാഖകളിലുമായി ദുബായ് രാത്രികള്‍ പൂക്കും.
ഷോപ്പിങും ഔട്ടിങും എന്നും രാത്രികള്‍ക്കായി മാറ്റി വയ്ക്കാനാണ് ദുബായ് മലയാളിക്കിഷ്ടം. ഓണമായാലും റംസാനായാലും ക്രിസ്തുമസായാലും ഇവയെല്ലാം എന്നുമാഘോഷിക്കുന്നവരാണല്ലോ തങ്ങളെന്ന് കട്ടായവും പറയും. ഇവര്‍ക്കായി സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും വന്‍കിടമാളുകളും രാത്രി വൈകിയും തുറന്നു കിടക്കും. ഗള്‍ഫിലെ ഒരു വൈകുന്നേരം ഇതാ ഇവിടെ, ആരംഭിക്കുന്നു.
ജബല്‍ അലി, ദുബായ് ഇന്റസ്ട്രിയല്‍ പാര്‍ക്ക് 5:00 p.m
ദുബായ്ക്കാരന്റെ മനസ്
‘ഏത് മദീനേലേക്കാ?’
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വിമാമനിറങ്ങിയ അന്ന് തന്നെ ടാക്‌സി ഡ്രൈവര്‍ ചോദിച്ചു.
ഇഷ്ടം പോലെയുണ്ട് ദുബായില്‍ മദീന സൂപ്പര്‍മാര്‍ക്കറ്റുകള്‍. എല്ലാത്തിന്റേയും പിന്നില്‍ ആരുടേയെങ്കിലും പേരുമുണ്ടാവും. നസീം അല്‍മദീന, ഹിലാല്‍ അല്‍ മദീന, ഹദീഖത്ത് അല്‍ മദീന.. ഇങ്ങനെ. ദുബായുടെ രാത്രികാലങ്ങളെ ഷോപ്പിങിന്റെ മൂഡിലേക്ക് നയിക്കുന്നവര്‍. തമിഴനും മലയാളിയും ബംഗാളിയുമടങ്ങുന്ന ഇന്ത്യയുടെ ഒരു മിനിയേച്ചര്‍ പതിപ്പ് ഈ വൈകുന്നേരം തന്നെ ഹിലാല്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്തുണ്ട്. കൂട്ടത്തില്‍ മലയാളികളാണ് കൂടുതലും. ഷോപ്പിനകത്തെ സേല്‍സ് ബോയ്‌സിലും മലയാളികള്‍ തന്നെ ഭൂരിപക്ഷം. ഇവിടെ തുച്ഛശമ്പളത്തിന് എല്ലുമുറിയെ എന്തു പണിയുമെടുക്കുന്നവനാണെങ്കിലും നാട്ടിലേക്ക് പോവുമ്പോള്‍ ദുബായ്ക്കാരന്റെ അന്തസ്് മുറുകെപ്പിടിക്കാന്‍ വന്‍കിട മാളുകളില്‍ ഷോപ്പിങ് നടത്തുന്നവനാണ് മലയാളിയെന്ന നിരീക്ഷണം പങ്കുവച്ചു, ഇവിടത്തെ മാനേജര്‍ അയൂബ്. ‘ലേബര്‍ ക്യാംപുകള് കണ്ടമാനമുള്ള പ്രദേശമാണിത്. പകല് ചൂടും ആളില്ലാ റോഡും കാണുമ്പോ, ഇവിടെ ഇപ്പം ഈ വൈകുന്നേരമുള്ളതു പോലെ തെരക്കും ആള്‍ക്കാരും ഉണ്ടെന്ന് മനസിലാവൂല്ല. പ്രത്യേകിച്ചും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും. അന്ന് ഇതിന്റെ ഡബിളുണ്ടാവും ആളുകള്..’ അയൂബ് പറയുന്നു.
കസ്റ്റമേര്‍സിനെ വിവിധ ലേബര്‍ ക്യാംപുകളില്‍ നിന്ന് കൊണ്ടുവരാനായി പ്രത്യേക ബസ് സര്‍വീസുമുണ്ട്. അതിന്റെ ഡ്രൈവര്‍മാരും മലയാളികള്‍. രാത്രി ഒരു മണിവരെയെങ്കിലും നീളും ഈ സര്‍വീസ്. മുഴുവനായും ബംഗാളികളേയും നിറച്ച ഒരു അല്‍ മദീന സ്‌പെഷ്യല്‍ ബസ് ദേ, ഷോപ്പിന്റെ പാര്‍ക്കിങ് ഏരിയയിലേക്ക് കടന്നു.
ദുബായ് ഫ്രീ സോണ്‍, നാലാമത്തെ എന്‍ട്രി ഗേറ്റ് 6:00 p.m
നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്..
ദിവസം മിനിമം ഒരു മണിക്കൂറെങ്കിലും വണ്ടിയില്‍ ചെലവഴിക്കുന്നവരാണ് ദുബായില്‍ ജോലി ചെയ്യുന്ന മലയാളികളിലേറെയും. ഡ്രൈവിങ്ങറിയാമോ, എങ്കില്‍ നിങ്ങള്‍ 1500 ദിര്‍ഹം നേടിക്കഴിഞ്ഞുവെന്ന് ആരും സമ്മതിക്കും. ദുബായിലെ ഡ്രൈവിങ് ലൈസന്‍സ് കിട്ടുക എന്നാല്‍ അഷ്‌റഫിന്റെ ഭാഷയില്‍ ‘നല്ലൊരു കിട്ടലാ’ണ്. പകലും രാത്രിയും ഒരുപോലെ ദുബായിലെ വിവിധ ലേബര്‍ ക്യാംപുകളിലേക്കും ഓഫീസുകളിലേക്കും ഭക്ഷണം സപ്ലൈ ചെയ്യുന്ന ടേസ്റ്റി വേള്‍ഡ് റസ്‌റ്റോറന്റിലെ അഷ്‌റഫിന് ഡ്രൈവിങ് വേളകളിലെ ആസ്വാദനമാണ് റേഡിയോ എഫ് എം സ്‌റ്റേഷനുകള്‍. വിവിധ റേഡിയോ സ്‌റ്റേഷനുകളിലെ ജനപ്രിയപരിപാടികളൊക്കെയും കാണാ:പാഠം. വാര്‍ത്തകളിലെ വി എസ്-പിണറായി പോരാട്ടക്കഥകളും ഇടയ്ക്കിടെ ‘അണപൊട്ടുന്ന’ മുല്ലപ്പെരിയാറുമെല്ലാം ഇവിടെയും ഹിറ്റ്. കൂട്ടത്തില്‍ നാടുകളെ ചിത്രീകരിക്കുന്ന ‘കേരളം വിളിക്കുന്നു’ പോലത്തെ പരിപാടികളോടാണ് താല്‍പര്യം കൂടുതല്‍. ‘വണ്ടീല് എഫ് എം ഓണാക്കിയാല് പിന്നെ നമ്മളൊറ്റക്കാണെന്ന ഫീലിങ്ങേയുണ്ടാവില്ല. ടി വി യേക്കാളും റേഡിയോയാ ഇവിടെ തരംഗം. ഓരോ റേഡിയോ ജോക്കിമാര്‍ക്കും ഫാന്‍സ് വരെയുണ്ട്. ഫേസ്ബുക്കിലും മറ്റും അവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ആക്‌സെപ്ട് ചെയ്യുന്നതും കാത്തിരിക്കുന്നവരെ എനിക്കറിയാം.. നാട്ടുവാര്‍ത്തകളും മറ്റും ചൂടോടെ കേള്‍ക്കുമ്പോ കിട്ടുന്ന സുഖം ഒന്നു വേറെത്തന്ന്യാ..’ അഷ്‌റഫ് ഭക്ഷണപാര്‍സലുകള്‍ അടുക്കി വയ്ക്കുന്ന തിരക്കിലാണ്. ഇതിനിടെ അരികെ വന്നു നിര്‍ത്തിയ വണ്ടിയിലെ ഖലീലും ജെബിനും (ഇരുവരും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ ജോലി ചെയ്യുന്നു.) ഓഫീസ് വിട്ടുള്ള വരവാണ്. ഇഷ്ട റേഡിയോ പരിപാടി ഇരുവര്‍ക്കും ഒന്നു മാത്രം. ആളുകളെ ഫോണില്‍ വിളിച്ച് പറ്റിക്കുന്ന 89.1 ഹിന്ദി എഫ് എമ്മിലെ കോര്‍ക്കി സിങ്ങിന്റെ പെര്‍ഫോമന്‍സ്. പുള്ളി പത്രങ്ങളിലെ ക്ലാസിഫൈഡ്‌സിലും മറ്റും നോക്കി നമ്പറുകള്‍ തരപ്പെടുത്തി ഓരോരുത്തരെ വിളിച്ച് അസലായി ‘തരികിട’യാക്കിക്കളയും.
ഇബ്‌നു ബത്തൂത്ത മാളിനു മുന്‍വശം, 7:00 p.m
ഓവര്‍ ടേക്ക് വിത് കെയര്‍
എളുപ്പം മാറിമറിയുന്ന റോഡുകളും നിലയ്ക്കാത്ത കെട്ടിടനിര്‍മാണങ്ങളും. മാന്ദ്യകാലം കഴിഞ്ഞതോടെ പിന്നെയും നിര്‍മാണജോലികള്‍ സജീവമായി. ദുബായില്‍ ഒരു പ്രാവശ്യം ഒരു റോഡിലൂടെ യാത്ര ചെയ്ത് കൃത്യം ഒരു മാസം കഴിഞ്ഞ് വീണ്ടും അതിലൂടെ പോവണമെന്ന് കരുതുക. തീര്‍ച്ചയായും അനുഭവസമ്പന്നനായ ഡ്രൈവറല്ലെങ്കില്‍ നിങ്ങള്‍ക്കു വഴിതെറ്റും. കാരണം പഴയ റോഡ് അപ്പാടെ മാറി പുതിയ റോഡ് മറ്റൊരിടത്തായി വന്നിട്ടുണ്ടാവും. റോഡിലെ ആരോ മാര്‍ക്കുകള്‍ ശരിയാംവണ്ണം ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടുമെന്നു തീര്‍ച്ച.
രാത്രി വെളിച്ചത്തില്‍ എല്ലാ തെരുവുവിളക്കുകളും തെളിഞ്ഞുനില്‍ക്കുന്ന ദുബായ്, ഒപ്പനയിലെ മണവാട്ടിയെപ്പോലിരിക്കും. ഇബ്‌നു ബത്തൂത്ത മാള്‍ ബസ് സ്‌റ്റേഷനിലെ എഫ് 48 ബസ് ഡ്രൈവര്‍ സമീറിനു പറയാനുള്ളത് രാത്രിയിലെ ഡ്രൈവിങ് വിശേഷങ്ങളെപ്പറ്റി. എന്തപകടമുണ്ടായാലും തൊട്ടടുത്ത നിമിഷം തന്നെ പാഞ്ഞെത്തും പോലീസ്. ആരെങ്കിലും അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചാല്‍ കണ്ടുപിടിക്കാന്‍ ക്യാമറയടക്കമുള്ള സാങ്കേതികവിദ്യകളുമുണ്ട്. പിഴയും മറ്റു കാര്യങ്ങളും ഉടന്‍ തന്നെ ഉടമയുടെ മൊബൈല്‍ ഫോണില്‍ എസ് എം എസായി വരും. ‘രാത്രിയില് ഇവിടത്തെñഡ്രൈവിങ് സുഖം ഒന്നു വേറെത്തന്നെയാ.. നേരെ അടിച്ചങ്ങ് പോവും. മെട്രോയിലും ബസിലുമൊക്കെ ഉപയോഗിക്കാവുന്ന നോഎല്‍ കാര്‍ഡ് പഞ്ച് ചെയ്യുന്ന സിസ്റ്റം യാത്രക്കാര്‍ക്കും ഗുണം തന്നെ. ഈ സുഖമൊന്നും നാട്ടിലെ റോഡില്‍ കിട്ടില്ല.  ആകെയൊരു വിഷമമുള്ളത് ബസില്‍ എഫ് എം സ്‌റ്റേഷനുകള്‍ വയ്ക്കാന്‍ കഴിയില്ലല്ലോ എന്നത് മാത്രം.’ സമീറിന്റെ വാക്കുകള്‍ക്ക് പശ്ചാത്തലമായി അകലങ്ങളോളം മിന്നാമിനുങ്ങിനെപ്പോലെ വെളിച്ചം പൊഴിച്ച് ദുബായ് നീണ്ടുകിടക്കുന്നു.
ദെയ്‌റ, ഗോള്‍ഡ് സൂക്കിനു സമീപം 8:00 p.m  
ഡ്രീംസ്.. അണ്‍ലിമിറ്റഡ്
നല്ല ഈത്തപ്പഴം കിട്ടണമെങ്കില്‍ ഇറാന്‍കാരുടെ ഷോപ്പിലും ഒട്ടകത്തെ കാണണമെങ്കില്‍ അബൂദാബിയിലേക്കുള്ള വഴിയിലുമിറങ്ങണം. മരുഭൂമികളിലെ മരക്കപ്പലുകളായി അവ നിങ്ങളുടെ മുന്നിലൂടെ കടന്നുപോവും. ഇനി ഒരു ആഗോളപൗരനാവുന്നതിന്റെ സുഖം അനുഭവിക്കണമെങ്കില്‍, ഗ്ലോബല്‍ വില്ലേജും ദുബായ് മറീനയും പാം ജുമൈറയും ദുബായ് മ്യൂസിയവും അബൂദാബിയിലെ ഷേഖ് സായിദ് മസ്ജിദും കാണണം. ബര്‍ ദുബായില്‍ നിന്ന് ഒരു ദിര്‍ഹം കൊടുത്താല്‍ ദെയ്‌റയിലേക്കുള്ള ബോട്ടില്‍ കയറാം. ഓളപ്പരപ്പിലൂടെ രാത്രി പത്തുമണി വരേയ്ക്കും ആ യാത്ര ആസ്വദിക്കാം. ദെയ്‌റയിലെ വഴിയോരത്ത് കാണാം നിരനിരയായി, പുകവലിക്കാരുടെ സ്വപ്നമായ അറേബ്യന്‍ ഹുക്കകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍. ദുബായ് മ്യൂസിയത്തിലെ പഴയ കാല അറബിജീവിതത്തിന്റെ ജീവന്‍ തുടിക്കുന്ന മാതൃകകളുടെ പുനരാവിഷ്‌ക്കാരത്തിലും കണ്ടിട്ടുണ്ട്, ഇതേ ഹുക്കകള്‍ വലിച്ചു തള്ളുന്ന പ്രതിമകള്‍.
സ്വര്‍ണം, രാത്രിയാണെങ്കിലും സ്ത്രീമനസുകളെ മഞ്ഞളിപ്പിക്കുമോ എന്ന സംശയത്തിനും ഉത്തരമായത് ദെയ്‌റയിലെ ഗോള്‍ഡ് സൂക്കിനു മുന്നിലെത്തിയപ്പോള്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഗോള്‍ഡ് സൂക്കിലെ ഭീമാകാരന്‍ സ്വര്‍ണമോതിരത്തിനു ഏതാണ്ട് 64 കിലോഗ്രാം ഭാരം വരും. വിവിധ നാട്ടുകാരായ സ്ത്രീജനങ്ങളെ ‘തള്ളി’മാറ്റി അതിന്റെ ഒറ്റയ്ക്കുള്ള ഫോട്ടോയെടുക്കാന്‍ പിന്നെയും കാത്തുനില്‍ക്കേണ്ടി വന്നു, അര മണിക്കൂറോളം. ‘വാങ്ങാനൊന്നും കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കണ്ടുനില്‍ക്കാന്‍ തന്നെ എന്തു രസം!’ വഴിയേ കടന്നുപോയ പേരറിയാത്ത മലയാളി ‘കപ്പിള്‍സ്’ അടക്കം പറയുന്നതും കേട്ടു.
ഷാര്‍ജ, 9.30 p.m 
വീക്കെന്‍ഡിലെ നൈറ്റ് പ്ലാന്‍സ്
ഷാര്‍ജയിലെ മജ്‌ലിസ് റസ്റ്റോറന്റില്‍ ഡിന്നര്‍ ഒരുങ്ങുകയാണ്. പുറത്ത്, അംബരചുംബികളായ കെട്ടിടങ്ങള്‍ രാത്രിവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നുണ്ട്. അകത്ത് അറബികളും മറ്റു രാജ്യക്കാരുമടക്കം അവിടവിടെ കുടുംബങ്ങള്‍ ഒരുപാട് സമ്മേളിച്ചതു കാണാം. അവര്‍ക്കിടയില്‍ ഒരു മൂലയിലായി ഓര്‍ഡര്‍ ചെയ്തത് ഓരോന്നായി മേശയില്‍ വന്നുനിറയുന്നത് കാത്തിരിക്കുകയാണ് അബ്ദുറഹിമാനും ഭാര്യ റസിയയും കൂട്ടുകാരും. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ ഗള്‍ഫിലുണ്ട്. മക്കളുടെ വെക്കേഷന്‍ നോക്കിയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് ഓകെയാക്കാറ്. സ്ഥിരമായി വീക്കെന്‍ഡില്‍ ഇതുപോലൊരു ഡിന്നര്‍ പതിവാണ്. പരീക്ഷയായതിനാല്‍ മകന്‍ കൂടെയില്ല. മകള്‍ മാത്രമേ ഉള്ളൂ. കൂടെ നാട്ടില്‍ നിന്ന് ദുബായ് കാണാന്‍ വന്ന കൂട്ടുകാരും. ‘നാട്ടിലെ പോലെയല്ല ഇവിടെ. നാട്ടിലാവുമ്പോ വീട്ടില് തന്നെയാവും. എവിടെയും പോവാനും പറ്റില്ല.. എന്നാലിവിടെ ആഴ്‌ചേല്‍ നാലുദിവസമെങ്കിലും പുറത്തായിരിക്കും രാത്രി ഭക്ഷണം. ചിലപ്പോ ഏതെങ്കിലും വലിയ മാളില്. അല്ലെങ്കില്, ഇതാ ഇതുപോലത്തെ മലയാളി റസ്‌റ്റോറന്റില്..’ വീട്ടുകാരി റസിയ തുടക്കത്തിലേ നയം വ്യക്തമാക്കി. അബ്ദുറഹിമാനും കൂട്ടുകാരും തീന്‍മേശയിലെ നാടന്‍ വിഭവങ്ങള്‍ രുചിച്ചു തുടങ്ങി. ‘നാടു വേറെയാണെങ്കിലും നമ്മുടെ നാട്ടിലെ പത്തിരിയും നെയ്പത്തലുമൊക്കെ എവിടെ പോയാലും മറക്കാന്‍ കഴിയുമോ?’ അവരുടെ നിഷ്‌ക്കളങ്കമായ ചോദ്യം.
ദുബായ് മാള്‍, 11:00 p.m 
മക്കള്‍ക്കായൊരു ഡെഡിക്കേഷന്‍
ജബല്‍ അലി തൊട്ട് റാഷിദിയ വരെ നീളുന്ന മെട്രോ ട്രയിനാണ് രാത്രിസഞ്ചാരികളുടെ ഇഷ്ടതോഴന്‍. ഏതാണ്ട് എല്ലാ പ്രധാന മാളിലിനടുത്തും ഇതിന് സ്‌റ്റോപ്പുണ്ട്. ബത്തൂത്ത മാളിലെ ആകാശവും നക്ഷത്രവുമൊക്കെ തെളിഞ്ഞുനില്‍ക്കുന്ന മേല്‍ക്കൂരയും എമിറേറ്റ്‌സ് മാളിലെ ഐസ് സ്‌കേറ്റിങ്ങും കണ്ടുകഴിഞ്ഞ് ദുബായ് മാളിലെത്തിയപ്പോള്‍ വിവിധ കലാപരിപാടികളുടെ ആഘോഷം അരങ്ങു തകര്‍ക്കുന്നുണ്ട്. ഷോപ്പിങ് ഫെസ്റ്റിവലിന് തിരശീല വീഴുമ്പോള്‍ തുടങ്ങും, ‘സമ്മര്‍ സര്‍പ്രൈസ്’ ആഘോഷങ്ങള്‍. സല്‍സാ നൃത്തവും അറേബ്യന്‍ മ്യൂസിക്കുകളും ബാന്റ് മേളവും ഇംഗ്ലീഷ് ബാലേകളുമായി മാള്‍ ഉത്‌സവച്ഛായയിലാണ്. മാളിലെ ഫുഡ് കോര്‍ട്ട് ഒരു കല്യാണവീടിന്റെ പ്രതീതിയിലാണ്. അരികെ, നീണ്ടുനിവര്‍ന്ന് ബുര്‍ജ് ഖലീഫയും മ്യൂസിക്കിനനുസരിച്ച് ഡാന്‍സ് ചെയ്യുന്ന വാട്ടര്‍ മാജിക്കും.  
മാളിലെ വീഡിയോ ഗെയിം ഷോപ്പുകളില്‍ പ്രത്യേകകാര്‍ഡിട്ടാല്‍ കളിക്കാവുന്ന വിവിധ ഗെയിമുകളില്‍ മുഴുകിയിരിക്കുകയാണ് ബാസിലും ബസീമയും മാസ്റ്റര്‍ സരോജുമല്ലാം. കളിയ്ക്കിടയില്‍ വിജയിക്കുന്നതിനനുസരിച്ച് സമ്മാനങ്ങളായി പാവക്കുട്ടി, ബോള്‍ എന്നിവയും കിട്ടുന്നുണ്ട്. കൂടെ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി രക്ഷിതാക്കളുമുണ്ട്. ‘ഇപ്പോ ഫ്‌ളാറ്റ് മുഴുവനും ഇവരുടെ പാവക്കുട്ടികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാ.. ഇപ്പം പത്തരയല്ലേ സമയം? ഇവരിനി മാള് അടക്കുന്നതു വരെ ഗെയിമ് തന്നെയായിരിക്കും. നാട്ടിലേപ്പോലെ അവര്‍ക്ക് കളിക്കാന്‍ വയലും കൂട്ടുകാരുമൊന്നുമില്ലല്ലോ.. അതുകൊണ്ട് ഇത്തരം ദിവസങ്ങള്‍ ഞങ്ങള്‍ അവര്‍ക്കു മാത്രമായി ഡെഡിക്കേറ്റ് ചെയ്യും!’
അവരുടെ ‘സ്‌പെഷ്യല്‍ പെര്‍മിഷന്‍’. ദുബായിലെ രാത്രി പിന്നെയും അവസാനിക്കുന്നില്ല.  

























Thursday, October 4, 2012

അവിനാശിന്റെ ഉമ്മ



അവിനാശിന്റെ ഉമ്മ




ഒരിക്കല്‍ നബി (സ)യുടെ അടുത്ത് ഒരാള്‍ വന്നു ചോദിച്ചു.
‘തിരുമേനീ, ഞാനെന്റെ ജീവിതത്തില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത്? ആരോടാണ് കൂടുതല്‍ നന്ദിയും കടപ്പാടും കാണിക്കേണ്ടത്?’
നബി(സ) പറഞ്ഞു, ‘നിന്റെ ഉമ്മയോട്.’
‘പിന്നെയോ?’
‘നിന്റെ ഉമ്മയോട് തന്നെ.’
‘അതിനു ശേഷം?’
‘അതിനു ശേഷവും നിന്റെ ഉമ്മയോട് തന്നെ.’
‘പിന്നെ?’
‘അതിനു ശേഷം നിന്റെ പിതാവിനോട്.’
മദ്‌റസയില്‍ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇത് പഠിച്ചത്.
‘അതോണ്ട് ഇങ്ങളെല്ലാരും ഉമ്മയെ പൊന്നുപോലെ നോക്കണം. ഉമ്മായ്ക്കും ഉപ്പായ്ക്കും ഇഷ്ടമില്ലാത്തതൊന്നും ചെയ്യരുത്. വാര്‍ധക്യത്തില് അവരെ സഹായിക്കണം. അവരോട് ഛെ എന്ന് പറയരുത്. ഉമ്മയുടെ കാലിന്നടിയിലാണ് സ്വര്‍ഗമുള്ളത്. അവരെ ഒരിക്കലും വെറുപ്പിക്കരുത്. ധിക്കരിക്കരുത്..’
ഉസ്താദ് പഠിപ്പിക്കുന്നത് ഇത്രയുമാവുമ്പോള്‍ ഞാന്‍ എന്റെ ഉമ്മയെ ഓര്‍ക്കും. ലോകത്തുള്ള എല്ലാ ഉമ്മമാരേയും ഓര്‍ക്കും.

എല്ലാ മക്കള്‍ക്കുമെന്ന പോലെ വീട്ടില്‍ നിന്ന് അകന്നുകഴിയുമ്പോഴാണ് നിങ്ങള്‍ക്ക് ഉമ്മയുടെ സ്‌നേഹം കൂടുതല്‍ അറിയാന്‍ കഴിയുകയെന്ന് ഒരു ബുദ്ധിജീവിയെപ്പോലെ പറഞ്ഞത് അവിനാശാണ്. മുമ്പൊരിക്കല്‍ പഠിക്കുന്ന സമയത്ത് ആരോടും പറയാതെ ഒരുനാള്‍ നാടുവിട്ടുപോയി പത്രങ്ങളില്‍ കാണാതായി എന്ന കോളത്തില്‍ സ്ഥാനം പിടിച്ച എന്റെ സഹപാഠി. പ്രിയസുഹൃത്ത്.
‘മോനേ ഇഞ്ഞ്യേട്യാ ഇപ്പോ ഇള്ളേ? സൊഖം തന്നെയാണോ? എന്തൊരു പോക്കാ പോയേ? ഇനിക്കെന്ത് വിഷമമുണ്ടെങ്കിലും എന്നോട് പറഞ്ഞൂടേനോ? ആ, അത് പോട്ടെ. അതൊന്നും ആലോചിക്കണ്ട ഇപ്പോ.. ഇഞ്ഞ് റോഡ് മുറിച്ച് കടക്കുമ്പം എല്ലാം കവറാക്കണേ.. മോന്തിക്കൊന്നും പൊറത്തിറങ്ങി നടക്കരുത്. ഇനിക്ക് ബരത്തം ഒന്നും ഇല്ലല്ലോ? എന്താ ഇന്റെ കൂറ്റിനൊരു മാറ്റം? ജലദോശാ? നോക്കേ, ആടത്തെ ഹോട്ടലിലെ ബെള്ളം കുടിക്കുമ്പം എല്ലാം സൂക്ഷിക്കണേ.. പകര്‍ച്ചപ്പനിയെല്ലാം പടര്‍ന്നുപിടിക്കുന്നുണ്ടെന്നാ കേട്ടേ.. എന്നാ പിന്നെ ഇഞ്ഞ് ഫോണ് ബെച്ചോ. പൈശ അധികം തീര്‍ക്കണ്ട..’
അന്ന് ഒരാഴ്ചയ്ക്കു ശേഷം വീട്ടില്‍ വിളിച്ച അവിനാശിനോട് ഉപദേശനിര്‍ദേശങ്ങളുടെ ഘോഷയാത്രയ്‌ക്കൊടുവില്‍ അവന്റെ ഉമ്മ ഫോണ്‍ പെട്ടെന്ന് കരഞ്ഞുകൊണ്ട് കട്ട് ചെയ്തു.

അവിനാശും അവന്റെ ഉമ്മയും തമ്മിലുള്ള ബന്ധം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇടയ്ക്ക് അവന്റെ പ്രോഗ്രസ് കാര്‍ഡ് വാങ്ങാന്‍ സ്‌കൂളില്‍ വരുമ്പോഴൊക്കെ അവരെ കണ്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ചും അവനെ ശകാരിക്കാനും ഗുണദോഷിക്കാനും അവര്‍ക്കൊരു മടിയുമുണ്ടായിരുന്നില്ല. ചിലപ്പോള്‍ ഞങ്ങളുടെയെല്ലാം മുന്നില്‍ വെച്ച് തല്ലിയെന്നും വരും. അവന് ഉമ്മയോടുള്ള സ്‌നേഹവും അതിലേറെ വിചിത്രമായിരുന്നു.
‘സ്‌നേഹം കൊണ്ട് എനിക്കെന്റെ ഉമ്മാന്റെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ തോന്നും..’
അവന്‍ ചിലപ്പോള്‍ പറയും.
‘കൊല്ലാനോ?’
ഞാനത്ഭുതപ്പെടും.
‘ഉം.. ഞാന്‍ നിന്നോട് പറഞ്ഞതുപോലെ തന്നെ ഉമ്മാനോടും പറഞ്ഞിട്ടുണ്ട്.. ചിലപ്പോള്‍ കഴുത്ത് പിടിച്ച് ഞെരിക്കാറുമുണ്ട്. ’
‘നേരോ? ചിലപ്പോള്‍ ലോകചരിത്രത്തില്‍ തന്നെ ഉമ്മയെ സ്‌നേഹിച്ച് കഴുത്ത് ഞെരിക്കുന്ന ആദ്യത്തെ ആള്‍ നീയായിരിക്കും. അപ്പോള്‍ ഇന്റെ ഉമ്മയെന്താ പറയുക?’
‘അപ്പോ ഉമ്മ പറയും, ഞെക്ക് മോനേ, നല്ലോണം ഞെക്ക്.. എന്നിട്ട് നാദാപൊരത്തെ ഹമീദിനെപ്പോലെ അന്നെ അങ്ങ് കൊല്ല്.. അതോടെ ഞാന്‍ ഞെക്കല്‍ നിര്‍ത്തും. അനക്കേതായാലും നാദാപൊരത്തെ ഹമീദാവണ്ട.. ’
അവന്‍ പറയും.
നാദാപുരത്തെ ഹമീദ് ആ കാലത്ത് പത്രത്താളുകളില്‍ സ്ഥാനം പിടിച്ച ആളായിരുന്നു. തന്റെ ഉമ്മയേയും ഉപ്പയേയും സഹോദരങ്ങളേയും വെട്ടിക്കൊലപ്പെടുത്തിയതിന്റെ പേരില്‍.

അവിനാശിന്റെ ഉമ്മയ്ക്ക് പത്രത്തിലെ ഒന്നാം പേജ് നോക്കുന്നതിനേക്കാള്‍ വിദ്യാഭ്യാസ അറിയിപ്പുകള്‍ നോക്കുന്നതായിരുന്നു ഇഷ്ടം. സെമസ്റ്റര്‍, പ്രോജക്ട് തുടങ്ങിയവയുടെ അര്‍ഥമറിയാതെ എന്നാല്‍ അതുകൊണ്ട് മകന് എന്തെങ്കിലും ഉപകാരമുണ്ടാവുമെന്ന് കരുതി വായിച്ച് മനസിലാക്കി ഓര്‍മയില്‍ സൂക്ഷിക്കും. അപ്പോഴൊക്കെയും അവര്‍ ചാരനിറത്തില്‍ ഫ്രേമുള്ള ആ പഴയ കണ്ണട ധരിച്ചിട്ടുണ്ടാവും. ഉമ്മയുടെ ഉപ്പ ഉപയോഗിച്ചതായിരുന്നു ആ കണ്ണട. അപ്പോഴൊക്കെയും അവരില്‍ ഉപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയുമെന്ന് അവിനാശിനും അറിയാം.
സ്ഥിരമായി കുടയെടുക്കാതെ സ്‌കൂളില്‍ വരാറുള്ള അവിനാശിനെ മഴ നനഞ്ഞ് വരുമ്പോള്‍ വീട്ടുമുറ്റത്ത് മഴയില്‍ ഇറങ്ങി തല്ലിയും നുള്ളിയും തല തോര്‍ത്താന്‍ മിനക്കെടാറുമുണ്ട് അവന്റെ ഉമ്മ. ഈ ശീലം അവന്റെ ഡിഗ്രി കാലങ്ങളിലും അവര്‍ ആവര്‍ത്തിക്കാറുണ്ടായിരുന്നു. സ്‌കൂള്‍ വിട്ടു കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മുതല്‍ അവിനാശ് ചെയ്യേണ്ട പ്രധാനകര്‍ത്തവ്യം പശുവിന് പുല്ല് പറിക്കലാണ്. അവിനാശിനെപ്പോലെ അവന്റെ ഉമ്മ ചാരനിറമുള്ള ആ ജഴ്‌സിപ്പശുവിനേയും സ്‌നേഹിച്ചിരുന്നു. അവിനാശിനൊപ്പം പുല്ലു പറിക്കാനായി അമ്മയും കൂടും. വൈകുന്നേരം മഗ്‌രിബ് ബാങ്ക് കൊടുക്കാറാവുമ്പോഴേക്കും ഇരുവരുടേയും തലയില്‍ ഓരോരോ പുല്ലുകൂനകള്‍ കിടക്കുന്നുണ്ടാവും.
പിന്നെ ജഴ്‌സിപ്പശു പ്രസവിച്ചപ്പോള്‍ അവന്റെ ഉമ്മ അവനോടു പറഞ്ഞു, ‘നോക്ക്, ഇന്റെ അനിയത്തിയാ അത്..’
‘അള്ളേ, എന്റെ അനിയത്തിയൊന്നുമല്ല ഇത്..’
അവിനാശിന് അതൊരിക്കലും ഇഷ്ടപ്പെട്ടില്ല.
‘ആതെന്താ, ഇന്നെപ്പോലെ അതിനും കണ്ണും മൂക്കും ഇല്ലേ? ’
അവന്റെ ഉമ്മ സ്‌നേഹത്തോടെ പതുക്കെ പശുക്കുട്ടിയുടെ താടിയില്‍ ഉഴിയും. അവിനാശിന്റെ നെറ്റിയില്‍ ഉഴിയുന്നതു പോലെ തന്നെ.

അവിനാശ് എന്നും തന്റെ കൂടെത്തന്നെയുണ്ടാവണമെന്നായിരുന്നു അവന്റെ ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. വൈകുന്നേരം അവിനാശ് ടൗണിലിറങ്ങുന്നതും പുഴയില്‍ മീന്‍ പിടിക്കാന്‍ പോകുന്നതും വയല്‍ നികത്തിയ കണ്ടത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ പോവുന്നതുമല്ലാം അവര്‍ക്ക് പേടിയുള്ള കാര്യങ്ങളാണ്. അവിടെ നിന്നെങ്ങാന്‍ അവനു വല്ലതും പറ്റുമോ എന്ന പേടി. മീന്‍പിടിക്കാനും നീന്താനും അവനെ കൂട്ടിക്കൊണ്ടു പോവുമ്പോഴെല്ലാം ഉമ്മ ഉപദേശിക്കും.
‘കവറാക്കണേ മക്കളേ... പൂഴിക്കുണ്ടുണ്ട്. അയില് ബീണാ പിന്നെ അങ്ങ് താണുപോവുകയല്ലാതെ ബേറെ വഴില്ല, രക്ഷപ്പെടാന്‍..!’
രാത്രിയില്‍ ടൗണിലിറങ്ങുമ്പോള്‍ പിന്നെയുമുണ്ട് ഉപദേശങ്ങളുടെ പരമ്പര.
‘വേഗം എശാഅ് നിസ്‌കാരം കഴിഞ്ഞ് ഇങ്ങ് പോര്. അധികം ആടെ നിക്കണ്ട. പോരാത്തേന് പോലീസുകാരും എറങ്ങീക്ക്ണ്ട്. ഓല് പിടിച്ച് കൊണ്ട് പോയാ പിന്നെ നാട്ടിലെറങ്ങാന്‍ പറ്റൂല്ല.
അയല്‍ക്കാരും ബന്ധുക്കളും അവിനാശിന്റെ ഉമ്മയുടെ വിചിത്രരീതികളെക്കുറിച്ചും മറ്റും അടക്കം പറയുമ്പോഴും അവരൊരിക്കലും പ്രതികരിക്കാന്‍ പോവാറില്ല. മറ്റുള്ള സ്ത്രീകളുടെ ഇഷ്ടവിനോദമായ പരദൂഷണത്തിലും അവര്‍ നിന്നിരുന്നില്ല. അവര്‍ എന്നും ഒറ്റയാനായിരുന്നു.
‘എടാ, നിനക്കറിയ്വോ? നമ്മുടെ നടന്‍ അനില്‍ കപൂറാണ് എന്റെ ഉമ്മാന്റെ ഇഷ്ടഹീറോ..’
അവിനാശ് ക്ലാസ് വിട്ടുവരുന്ന വൈകുന്നേരങ്ങളില്‍ വീട്ടുകാര്യങ്ങള്‍ പറയും. വീട്ടിലേയും ഉമ്മയുടേയും കഥകള്‍ പറയാന്‍ ഏറെ ആവേശമായിരുന്നു അവന്.
‘അനില്‍ കപൂറോ?’
ഞാന്‍ ചോദിക്കും.
‘ഉം, ടി വീല്‍ എപ്പോ അനില്‍ കപൂറിന്റെ മുഖം വന്നാലും ഉമ്മ ഓടി വരും. പിന്നെ അതാ, എന്റെ സത്താറിക്ക എന്നു വിളിച്ചു പറയും..’
‘ആരാ സത്താറിക്ക?’
‘ഉമ്മാന്റെ ആങ്ങള. പത്തിരുപത് കൊല്ലം മുമ്പ് എന്തോ പ്രശ്‌നമുണ്ടായപ്പം നാടു വിട്ടു പോയതാ. പിന്നെ ഇതുവരെ തിരിച്ചു വന്നിട്ടില്ല. അനില്‍ കപൂറിന്റെ അതേ മുഖമായിരുന്നത്രേ സത്താറിക്കയ്ക്ക്!’
അവന്റെ ഉമ്മയോട് ഭയങ്കരസ്‌നേഹമായിരുന്നത്രേ സത്താറിക്കയ്ക്ക്. ഉമ്മയുടെ കല്യാണം കഴിഞ്ഞ നാളുകളില്‍ എന്നും ഭര്‍തൃവീട്ടില്‍ രാവിലെ തന്നെ കായ വറുത്തതും മറ്റുമൊക്കെയായി ഹാജറാവും സത്താറിക്ക. പിന്നെ തിരിച്ച് വീട്ടില്‍ പോവാനുള്ള ഒരു ചിന്തയുമുണ്ടാവില്ല. വീടിന്റെ ഒരു മൂലയില്‍ അവരെ വീട്ടുജോലികളില്‍ സഹായിച്ചും വീട്ടിലെ പശുക്കളെക്കുറിച്ച് അതിശയോക്തി കലര്‍ന്ന കഥകള്‍ പറഞ്ഞും അവിടെത്തന്നെ ഇരിക്കും, മൂവന്തി വരെ.
പിന്നെ ബാംഗ്ലൂരില്‍ പണിക്കു പോവാന്‍ തുടങ്ങിയതോടെയാണ് സത്താര്‍ മറ്റു പല പുതിയ ശീലങ്ങളിലും ചെന്നു പെട്ടത്. ചൂതാട്ടവും മുച്ചീട്ടുകളിയും കുതിരപ്പന്തയത്തില്‍ ബെറ്റ് വെച്ചും സത്താറിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകിത്തുടങ്ങി. കടമായി. അത് പെരുകി. എല്ലാം നശിച്ച് തകര്‍ന്ന കപ്പലിലെ കപ്പിത്താനെ പോലെയായി. ഒടുവില്‍ നില്‍ക്കള്ളിയില്ലാതായപ്പോള്‍ ആരോടും പറയാതെ നാടുവിടുകയായിരുന്നു.
ആള്‍ക്കൂട്ടത്തില്‍ അപ്രത്യക്ഷനാവുകയായിരുന്നു.
പിന്നീടിതു വരേയും ഒരു വിവരവുമില്ല.
ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയില്ല.
പോയ കാലത്ത് എല്ലാവരോടും മാപ്പു പറഞ്ഞുകൊണ്ടും തന്നെ ആരും ശപിക്കരുതെന്ന് പറഞ്ഞും ഒരു കത്ത് ഉമ്മയുടെ വിലാസത്തില്‍ വന്നിരുന്നു.
അതിനു ശേഷം വീട്ടിലെ ടി വി സ്‌ക്രീനില്‍ എപ്പോള്‍ അനില്‍ കപൂറിനെ കാണുമ്പോഴും അവിനാശിന്റെ ഉമ്മ എല്ലാ പണിയും മാറ്റിവെച്ച് ശ്രദ്ധിച്ച് നില്‍ക്കും.

‘കുട്ടിക്കാലത്ത് പണ്ടൊക്കെ ഉമ്മാന്റെ വിണ്ടുകീറിയ കാലടി കണ്ട് ഞാന്‍ കളിയാക്കാറുണ്ട്, ഇവിടെ സൊര്‍ഗല്ല, ചളിയാ ഇള്ളതെന്ന് പറഞ്ഞ്!’
അവിനാശ് തന്നെ സ്വയം പറയും, ഉത്തരവും ചോദ്യവും.
‘അല്ലെടാ, നബി പറഞ്ഞത് കറക്ടാ, ഉമ്മാന്റെ കാലിന്റടീത്തന്ന്യാ സൊര്‍ഗം. അനക്കൊറപ്പാ.. പലപ്പോഴും സൊര്‍ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും ചെളിയുമൊക്കെ നിറഞ്ഞതാണല്ലോ?’
വീട്ടിലെത്താറായപ്പോള്‍ ടൗണില്‍ കംപ്യൂട്ടര്‍ ഷോപ്പ് നടത്തുന്ന ബെന്നി ‘മദേഴ്‌സ് ഡേ’ പ്രമാണിച്ച് അവനയച്ച എസ് എം എസും കാണിച്ചു.
when u feel u r alone in a crowd, when u think no one can understand u, when ur love is rejected by others & when u hate life, just close ur eyes& see her face, who love u more than anyone else, who cares 4 u in lonliness& dies 4 u when u cry, she is no one else, but ur sweet loving mom. love her more than anybody else in d world bcoz only she was, is & will b there 4 u.

അതെ, അവിനാശിന് അവന്റെ ഉമ്മ എല്ലാമാണ്. എനിക്കും നിങ്ങള്‍ക്കുമല്ലാം.



Tuesday, October 2, 2012

ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍


ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ 


ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ കാണുമ്പോള്‍ ആദ്യം ഓര്‍മ വരിക ടൈറ്റിലുകള്‍ തീരുന്നതു വ്രെ മരണപ്പിടച്ചില്‍ നടത്തുന്ന മുകേഷിന്റെ കഥാപാത്രമാണ്. ഒരാള്‍ക്ക് അന്ത്യശ്വാസം വലിക്കാന്‍ അഞ്ച് മിനിറ്റ് അനുവദിച്ചുകൊടുക്കാന്‍ ദൈവം പോലും തയ്യാറാവാത്ത സ്ഥാനത്താണ് പ്രിയദര്‍ശന്‍ എന്ന മഹാനുഭാവന്‍ ആ മഹാകൃത്യം ചെയ്ത് അനുവദിച്ചത്. ബ്രാവോ പ്രിയന്‍ ബ്രാവോ!
കഥയില്‍ വലുതായി ചോദ്യമോ ഉത്തരമോ ഒന്നുമില്ലെങ്കിലും ഇന്നും ഒരു റോംഗ്‌നമ്പര്‍ വന്നാല്‍ ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ എന്ന ചിത്രം ഓര്‍മ വരും. പ്രത്യേകിച്ച് ഫോണുകള്‍ വലുതും ചെറുതും നിറഞ്ഞ ആ പാട്ട്. പ്രിയദര്‍ശന്റെ മുഴുനീള കോമഡി സിനിമയെന്ന ലേബലും കോപ്പിയടി എന്ന പട്ടവുമുണ്ടെങ്കിലും ഇതൊരിക്കലും നിങ്ങളെ ചിരിപ്പിക്കാത്ത സിനിമയൊന്നുമല്ല. ഒന്നുമില്ലേല്‍ പള്ളീലച്ചന്‍ വേഷം കെട്ടുന്ന ശ്രീനിവാസനെങ്കിലും നിങ്ങളെ ചിരിപ്പിക്കും.
മാര്‍ക്ക്. 5.5/10