Saturday, September 29, 2012

കാലന്റെ കാല്‍ച്ചിലമ്പൊലി (കവിത)


കാലന്റെ കാല്‍ച്ചിലമ്പൊലി  (കവിത)


Monday, September 24, 2012

സമീറയുടെ നിക്കാഹിനു ഞാന്‍ ചിലപ്പോള്‍ കരഞ്ഞുപോയെന്നും വരാം.


സമീറയുടെ നിക്കാഹിനു ഞാന്‍
ചിലപ്പോള്‍ കരഞ്ഞുപോയെന്നും വരാം.




ആ മനുഷ്യന്‍ രണ്ടാമതും കരയുന്നത് കണ്ടത് അയാളുടെ മകളും എന്റെ അടുത്ത സുഹൃത്തുമായ സമീറയുടെ നിക്കാഹിന്റെ അന്നായിരുന്നു. അവള്‍ പടിയിറങ്ങാനൊരുങ്ങിയപ്പോള്‍.
സമയം അപ്പോള്‍ വൈകിട്ട് ആറു മണിയാവാറായിരുന്നു. കല്യാണത്തിന്റെ അവസാനഭാഗം. ആഭരണങ്ങളാല്‍ മൂടി, കല്യാണവസ്ത്രങ്ങളില്‍ നവോഡയായി എന്നാല്‍ തെളിച്ചമില്ലാത്ത മുഖത്തോടെ അവള്‍ എന്റെ അരികിലൂടെ അയാളുടെ മുന്നില്‍ ചെന്നുനിന്നു.
‘ഞാന്‍ ഇറങ്ങട്ടേ?’
അവള്‍ ചോദിച്ചു.
അയാള്‍ സാവധാനം തിരിഞ്ഞുനിന്ന് അവളെ ചേര്‍ത്തുപിടിച്ച് കണ്ണടച്ചില്ലിലൂടെ ചുവന്ന കണ്ണുകള്‍ കൊണ്ട് യാത്രാമൊഴി നല്‍കി. അയാള്‍ അപ്പോള്‍ ശരിക്കും കരയുകയായിരുന്നു. നോക്കിനില്‍ക്കേ എനിക്കും കരച്ചില്‍ വന്നു.

ഇതിനു മുമ്പ് അയാള്‍ ഇതുപോലെ കരയുന്നത് കണ്ടത് അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. സമീറയുടെ ഉപ്പാപ്പ മരിച്ചപ്പോള്‍. പ്രായം 87 ആയിരുന്നു മരിക്കുമ്പോള്‍ സമീറയുടെ ഉപ്പാപ്പയ്ക്ക് പ്രായം. പ്രായത്തിന്റെ അവശതയില്‍ ആകെയും തളര്‍ന്ന് അയാള്‍ക്കൊപ്പമായിരുന്നു താമസം. ഭാഗം വച്ചപ്പോള്‍ തറവാടും പറമ്പുമിരിക്കുന്ന 21 സെന്റ് ഭൂമി പന്ത്രണ്ട് മക്കളില്‍ ഇളയവനായിരുന്നു അയാള്‍ക്ക് ലഭിച്ചു. വൈകി വന്ന സന്തതിയായിരുന്നതിനാല്‍ കാര്‍ക്കശ്യം നിറഞ്ഞ ഉപ്പയുടെ മുഖം മാത്രമേ എന്നും അയാള്‍ കണ്ടിരുന്നുള്ളൂ. ഒടുവിലൊരുനാള്‍ ഉപ്പയുടെ കാര്‍ക്കശ്യം കൂടിയപ്പോള്‍ 17 ാം വയസില്‍ ബോംബേയിലേക്ക് കള്ളവണ്ടി കയറുകയായിരുന്നു അയാള്‍.
അയാളുടെ ഉപ്പയുടെ കാര്‍ക്കാശ്യമൊക്കെയും അയാളും ക്രമാനുഗതമായി ജീവിതത്തില്‍ പകര്‍ത്തി. സമീറയുടെ കാര്യത്തില്‍ അയാള്‍ അത് ആവര്‍ത്തിച്ചു.
‘കൃത്യമായി പഠിക്കണം.’
‘ആരോടും പണം കടം വാങ്ങരുത്.’
‘ആരെങ്കിലും അനാവശ്യമായി എടീ എന്നു വിളിച്ചാല്‍ എന്താടീ എന്നു തിരിച്ചു ചോദിക്കണം.’
‘ബാലരമ, പൂമ്പാറ്റ പോലുള്ള കഥാപുസ്തകങ്ങളും ടോം & ജെറി പോലുള്ള കോമിക് പരിപാടികളും കാണരുത്. ’
‘അന്യവീടുകളില്‍ അധികം സമയം ചെലവഴിക്കരുത്.’
‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. ’
‘ഒരിക്കലും കരയരുത്. കരഞ്ഞാല്‍ അത് പരാജയമാണ്. പരാജയമെന്നാല്‍ നാല്‍ക്കാലിയ്ക്ക് തുല്യമാണ്.’
ഈ കാര്‍ക്കശ്യങ്ങളൊക്കെയും ഞാനവളോട് അടുത്തപ്പോഴും കാണിച്ചു. അവളുടെ സൗഹൃദം നേടിയെടുക്കാന്‍ അഞ്ചാറുമാസമെങ്കിലും കാത്തിരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായതും ഇതുകൊണ്ടൊക്കെത്തന്നെയായിരുന്നു. അവളുടെ ഉപ്പ അവള്‍ക്ക് ഒരേ സമയം കാരിരുമ്പും തേനരുവിയുമായിരുന്നു. മറ്റു ചിലപ്പോള്‍ അഴിവാതിലിലൂടെ ഒരേ ദിശയില്‍ വീശിയടിക്കുന്ന ഒരു പടിഞ്ഞാറന്‍ കാറ്റ്.
വീട്ടില്‍ അതിഥികള്‍ വരുമ്പോഴൊക്കെ അയാള്‍ ഞങ്ങളുടെ ക്ലാസിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനിയെ അവര്‍ക്ക് പരിചയപ്പെടുത്തും. പിന്നെ അവളുടെ കവിതയെഴുത്തിനെക്കുറിച്ചും ലളിതഗാനാലാപനത്തെക്കുറിച്ചും വാതോരാതെ വിശദീകരിക്കും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും അവള്‍ക്ക് ലഭിച്ച കപ്പുകളും സര്‍ട്ടിഫിക്കറ്റുകളും അതിഥികള്‍ക്ക് കാണിക്കും. അവരുടെ മുന്നില്‍ അഹങ്കരിക്കാനുള്ള ഒരവസരം ഒരുക്കിക്കൊടുത്ത ഉപ്പയോട് അവള്‍ക്ക് വല്ലാത്തൊരു സ്‌നേഹം തോന്നും. എന്നാല്‍ അതിഥികള്‍ യാത്രയായാല്‍ മുതല്‍ അയാള്‍ നിമിനേരം കൊണ്ട് കര്‍ക്കശക്കാരനായ പിതാവാകും.
‘ഉം, ചെന്നിരുന്ന് പഠിക്ക്. കഴിഞ്ഞ പരീക്ഷേല് ഇനിക്ക് കണക്കിന് മാര്‍ക്ക് കൊറവാണെന്ന കാര്യം മറക്കരുത്. ആ ഉസ്മാന്റെ മോള്‍ക്ക് ഫുള്‍ മാര്‍ക്കാ. ഇനിക്ക് 50 ല്‍ വെറും 48 ഉം! പിന്നെ നിന്റെയാ ഫ്രണ്ട്ണ്ടല്ലോ, ഇടയ്ക്കിവിടെ വരുന്നത്.. അവന് 49. ഇന്നലെ പള്ളീല് വെച്ച് കണ്ടിരുന്നു ഞാനവനെ. ഇങ്ങനെ തന്ന്യാണെങ്കില്് ഇപ്പം തന്നെ നിന്നെ ഞാന്‍ കെട്ടിച്ചയക്കും.. ഉം, പോയിരുന്ന് വേഗം ആ കണക്കിന്റെ പാഠമൊന്ന് നോക്ക്..’
എങ്കിലും ആരും കാണാതെ മൂന്നു പറമ്പും പള്ളിക്കാടും കടന്ന് അവള്‍ ഞങ്ങള്‍ എന്നും കാണാറുള്ള പുളിമരച്ചോട്ടിലെത്തും, അപ്പോള്‍ തന്നെ. നേരമിരുട്ടുന്നതു വരേയും ഓരോ കഥകളും കളികളും പറഞ്ഞ് ഞങ്ങള്‍ അവിടെത്തന്നെയിരിക്കും. കൂട്ടിന് വാളന്‍ പുളികളുടെ കൂമ്പാരവുമുണ്ടാവും.
മഗ്‌രിബ് ബാങ്കും കഴിഞ്ഞ് പിരിഞ്ഞ് അവള്‍ വീട്ടിലെത്തുമ്പോള്‍ അയാള്‍ വീടിന്റെ ഉമ്മറത്തു തന്നെയുണ്ടാവും.
‘ഏട്യാ പോയേ?
അയാള്‍ ചോദിക്കും.
‘ഏട്യെയുമില്ല.. ഇബിടെത്തന്നെ ഇണ്ടേനും..’
അവള്‍ പറയും.
‘പിന്നെ എന്താ ഇത്ര ബെഷര്‍ത്തത്? ഇവിടെ എന്താ പയ്യീനെ കറക്ക്ന്ന പണി ഇണ്ടേനാ ഇനിക്ക്? ’
അവള്‍ മൗനം പാലിക്കും. വിയര്‍പ്പിന്റെ ചൂടിനേക്കാള്‍ അപ്പോള്‍ അവള്‍ അസ്വസ്ഥയായിരിക്കും.
ഒന്നും മിണ്ടാതെ അവള്‍ കണക്കു പാഠപുസ്തകത്തിന്റെ സമവാക്യങ്ങളിലേക്ക് മുഖം പൂഴ്ത്തും. അവിടെ അവളുടെ കണ്ണുനീര് പരക്കും.
‘വാ ചായ കുടിക്കാം..’
മഗ്‌രിബ് ബാങ്കിനു ശേഷം അവളുടെ വീട്ടില്‍ എന്നും ഒരു ചായപ്പാര്‍ട്ടിയുണ്ട്. അവള്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്നു പേരിട്ട പാര്‍ട്ടി. രണ്ടാമത്തെ പ്രാവശ്യവും അവളുടെ ഉമ്മ വന്ന് ഓര്‍മ്മിപ്പിച്ചാല്‍ മാത്രമാണ് അവള്‍ തീന്‍മേശയ്ക്കു മുന്നിലെത്തുക. ഏറെ ഗൗരവം നടിച്ച് ചായ കുടിക്കാതെ മുഖം വീര്‍പ്പിച്ച് ദേഷ്യത്തോടെ ഇരിക്കും, അവള്‍. അപ്പോള്‍ അവളെ കാണാനാണ് കൂടുതല്‍ സുന്ദരിയെന്ന് അന്ന് വൈകിട്ടും പുളിമരത്തിനു ചുവട്ടില്‍ വെച്ച് ഞാന്‍ പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.
അയാള്‍ അപ്പോഴാവും അവളുടെ ഭാവമാറ്റം ശ്രദ്ധിക്കുക. അവളെ കൂടി ആ കുടുംബസദസില്‍ ആവേശത്തോടെ പങ്കെടുപ്പിക്കാനായി അയാള്‍ ഏതെങ്കിലും പൊതുവായ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങും.
‘പണ്ട് ഞമ്മളെ സീതിഹാജി മന്ത്രിയായിരുന്ന കാലത്ത്, അന്നൊരു പ്രക്ഷോഭം നടന്ന്. മരം മുറിക്ക്ന്നതിനെതിരെ. അന്ന്.. ഈ കവിതയൊക്കെ എഴുതുന്ന എഴുത്തുകാരിയുണ്ടല്ലോ, എന്താ അവള്‌ടെ പേര്..?’
അയാള്‍ തന്ത്രപരമായി അവളെ നോക്കും. അയാള്‍ക്കറിയാമായിരുന്നു ആ സദസില്‍ ആ കവയത്രിയുടെ പേരറിയുന്ന ഒരേയൊരാള്‍ സമീറയാണെന്ന്.
‘സുഗതകുമാരി.’
അവള്‍ പക്ഷേ, ആ തന്ത്രമറിയാതെ പെട്ടെന്ന് ഉത്തരം പറയും.
‘ആ, സുഗതകുമാരി.. മരം മുറിച്ചാല് മഴയുണ്ടാവില്ല എന്നായിരുന്നു സുഗതകുമാരീടെ കവിത.’ അയാള്‍ തുടരും. ‘അങ്ങനെ കവിതയെഴുതിയപ്പോ സീതിഹാജി ചോദിച്ച്, അപ്പോപ്പിന്നെ ഈ കടലില് മഴയുണ്ടാകുന്നതെങ്ങിനെയാന്ന്..!’
അത് ശരിയാണല്ലോ എന്ന് ആലോചിച്ച് വീട്ടിലുള്ളവരെല്ലാം ചിരിക്കും.
ചായ കുടിച്ച് തീരുന്നതു വരെ അയാള്‍ ഓരോ കഥകള്‍ പറയും. സീതിഹാജിയും നായനാരും തണ്ണിമത്തന്‍ വാങ്ങിയപ്പോള്‍ അതിന്റെ പുറംപാളി പച്ചയായതിനാല്‍ സീതിഹാജി അതുമതിയെന്നു പറഞ്ഞതും മാര്‍കിസ്റ്റുകാരനായ നായനാര്‍ക്ക് മുഴുവന്‍ തണ്ണിമത്തന്‍ കിട്ടിയതുമല്ലാം നിറഞ്ഞ രാഷ്ട്രീയ ഫലിതക്കഥകള്‍. ഓരോ കഥകള്‍ കഴിയുമ്പോഴും അയാളും മകളും സുഹൃത്തുക്കളായി മാറിയിരിക്കും, അടുത്ത പരീക്ഷയ്ക്ക് വീണ്ടും അവള്‍ക്ക് കണക്കിന് മുഴുവന്‍ മാര്‍ക്കും കിട്ടാതെ വരുന്നതു വരെ. ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്‌സാണെന്ന് പറയാറുള്ള പഴയ ചാക്കോ മാഷ് തന്നെയായിരുന്നു ചിലപ്പോള്‍ അയാളുമെന്ന് സമീറ കളിയായി പറഞ്ഞിട്ടുമുണ്ട്.
തനിക്കു നഷ്ടമായ വിദ്യാഭ്യാസത്തെക്കുറിച്ചും അയാള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു അവളോട്. നാട്ടില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെ നടന്നായിരുന്നത്രേ അയാള്‍ സ്‌ക്കൂളിലേക്ക് പോവാറുണ്ടായിരുന്നത്. കലാകാരനും ഗായകനുമൊക്കെയായിരുന്നു ആ കാലത്ത്. പഠിച്ച് അറിയപ്പെടണമെന്നായിരുന്നു ആഗ്രഹം. പതിയെ ജീവിതവഴികള്‍ ഞെരുങ്ങിവന്നപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അന്ന് തെറ്റിയ കണക്കുകൂട്ടലുകള്‍ മകളിലൂടെ പൂരിപ്പിക്കാനായിരുന്നു ലക്ഷ്യം. പക്ഷേ വീണ്ടും വീണ്ടും സമീറയ്ക്ക് കണക്കില്‍ മാര്‍ക്കുകള്‍ കുറഞ്ഞു കുറഞ്ഞു വന്നതോടെ അവളെ കെട്ടിച്ചയക്കാം എന്ന തീരുമാനത്തില്‍ അയാള്‍ എത്തുകയായിരുന്നു. അപ്പോഴേക്കും സമീറയും അയാളുടെ സ്വപ്നങ്ങള്‍ തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലല്ലോ എന്ന സത്യത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
അവള്‍ 18 ാം വയസില്‍ തന്നെ താന്‍ ഭാര്യയാവുന്നു എന്ന ആവേശത്തിലായിരുന്നു. ആ ആവേശം എന്നെ ഏറെ നിരാശപ്പെടുത്തുന്നു എന്ന ഭാവം മുഖത്തു വരുത്തി ഞാന്‍ ഇരുന്നു.
‘നിന്റെ കൈയ്യില്‍ ‘സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം’ എന്ന പാട്ടുണ്ടോ? ഉണ്ടേല്‍ താ. ഞാന്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്തിട്ടുണ്ട്.. ’
അവള്‍ പറഞ്ഞു.
‘ഉപ്പ ആഗ്രഹിക്കുന്ന ഉയരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് എന്റെ ഉയരം ഞാന്‍ തിരിച്ചറിയുന്നു.. നാളെ മുതല്‍ ഞാന്‍ ഒരു ഭാര്യയായിരിക്കും..’
‘അതെ, നാളെ മുതല്‍ നീയൊരു ഭാര്യയാണ്.. ’
ഞാന്‍ അന്ന് സംഭാഷണം പെട്ടന്നവസാനിപ്പിച്ച് വേപഥു പൂണ്ട മനസോടെ വീട്ടിലേക്കു നടന്നു. ഇനി ഇന്നു രാത്രി ഒന്നുകൂടി ആഴത്തില്‍ ആലോചിച്ച് തീരുമാനിക്കണം, അവളുടെ നിക്കാഹിന് സാക്ഷിയാവണോ എന്ന്.

ഒന്നുറപ്പാണ്.
എനിക്കാരോടൊക്കെയോ ദേഷ്യവും വെറുപ്പുമുണ്ട്.
സമീറയുടെ നിക്കാഹിനു പങ്കെടുക്കുകയാണെങ്കില്‍ എന്നോടു ചിലപ്പോള്‍ കരഞ്ഞുപോയെന്നും വരാം.

 

Thursday, September 20, 2012

ബി എം ഡബ്ല്യു




ബി എം ഡബ്ല്യു





‘ലേറ്റസ്റ്റ് മോഡലാണ്, ബി എം ഡബ്ല്യു..’
്് ഞാന്‍ വണ്ടി പാതയോരത്തെ വലിയ ഫ്‌ളക്‌സ് ബോര്‍ഡിനരികിലായി നിര്‍ത്തി. ബോര്‍ഡില്‍ ടൗണില്‍ പുതുതായി പണിതുടങ്ങുന്ന മെട്രോപൊളിറ്റന്‍ ടൗണ്‍ഷിപ്പിനെക്കുറിച്ചുള്ള പരസ്യമായിരുന്നു. കഴിഞ്ഞാഴ്ച ആര്‍കിടെക്ട് സുജിത് കുമാറിനെ വിളിച്ച് താന്‍ ബുക്ക് ചെയ്യാന്‍ പറഞ്ഞേല്‍പ്പിച്ചതും ഇതേ ടൗണ്‍ഷിപ്പിലെ ഒരു ഫ്‌ളാറ്റായിരുന്നല്ലോ. മൊത്തം 27 നിലകളുണ്ട്. ഫ്‌ളാറ്റിനു പുറമേ, ജോഗിങ് ട്രാക്ക്, ലോണ്‍ട്രി, സലൂണ്‍, ബാങ്കിങ് സൗകര്യങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍ എല്ലാം ഈ പ്രോജക്ടില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഡേ കെയര്‍, ഡോക്‌ടേര്‍സ് ക്ലിനിക്, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ വേറെയും. വെറും 65 ലക്ഷത്തില്‍ തുടങ്ങുന്നു ഒരു ഫ്‌ളാറ്റിന്റെ വില. അപ്പോള്‍ തന്നെ സുജിത് കുമാറിനെ വിളിക്കുകയും ചെയ്തു.
ഡേ കെയര്‍ കൂടെയുള്ളതാണ് ഇവിടെത്തന്നെ ബുക് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അല്ലെങ്കില്‍ തന്നെ ടിന്റുവിനേയും കൂട്ടി എങ്ങനെ അവള്‍ക്ക് ബ്യൂട്ടി ഷോപ്പിലേക്ക് പോവാന്‍ കഴിയും? ബ്യൂട്ടി ഷോപ്പില്‍ ഏതെങ്കിലും ഇടപാടുകാരുടെ മുഖം വെളുപ്പിക്കാന്‍ കക്കിരിയും വെള്ളരിയും ക്രീമും കവിളില്‍ വച്ചുപിടിപ്പിക്കുമ്പോഴായിരിക്കും അവന്റെ വരവ്. പിന്നെ അവന്റെ പ്രായത്തിനു ചേര്‍ന്ന കുസൃതി ടൈമാണ്. അവളുടെ മുടി പിടിച്ചു വലിക്കുക, മുറിച്ചുവെച്ച കക്കിരി രുചിച്ചുതുടങ്ങുക, കസ്റ്റമേര്‍സിന്റെ മുഖത്തു മാന്തുക, ബ്യൂട്ടി ക്രീമുകള്‍ ചുവരില്‍ ചേര്‍ത്തു വരയ്ക്കുക ഇങ്ങനെ തുടങ്ങുന്നു. എത്ര പറഞ്ഞാലും കേള്‍ക്കില്ല. പ്രായമിതാണ്. ശരി തന്നെ. പക്ഷേ, ഈ പ്രായത്തില്‍ താനൊക്കെ എന്തു മര്യാദക്കാരനായിരുന്നു? എന്റെ മര്യാദയെപ്പറ്റിയും മാന്നേര്‍സിനെപ്പറ്റിയും മരിക്കാന്‍ കിടക്കുമ്പോള്‍ പോലും കാണാന്‍ വരുന്നവരോട് മുത്തശി, എസ് എസ് എല്‍ സി പരീക്ഷയിലെ പത്തു മാര്‍ക്കിനു എഴുതാനുള്ള എസേ പോലെ പറയാറുണ്ടായിരുന്നു. പക്ഷേ ഇവനോ? സാക്ഷാല്‍ ടിന്റുമോനെപ്പോലും അമ്പരപ്പിക്കുന്നതാണ് ഇവന്റെ കുസൃതികളെല്ലാം. ആദ്യം, ഇവനെക്കൊണ്ട് ആകെ സൈ്വര്യം കെട്ടിരിക്കുകയാണ് അവളെന്നു പറഞ്ഞപ്പോള്‍ വിശ്വാസം വന്നിരുന്നില്ല. അതിന്റെ ഫലം രണ്ടു ദിവസം ഇവനേയും കൂട്ടി ഓഫീസിലെത്തിയപ്പോഴേ അനുഭവിച്ചു. വയസ് മൂന്നേ ആയുള്ളൂവെങ്കിലും ഈ പ്രായത്തിനുള്ളില്‍ തന്നെ തന്റെ ഉള്ളില്‍ ഒരു പിക്കാസോയും എം എഫ് ഹുസൈനും രാജാ രവിവര്‍മയുമുണ്ടെന്ന് തെളിയിക്കാന്‍ ഇവനോട് ആരാ പറഞ്ഞത്? ഓഫീസ് ചുവരിലെ ഏറ്റവും ലേറ്റസ്റ്റ് ഏഷ്യന്‍ ടെക്‌സ്ചര്‍ പെയിന്റിലല്ലേ ഇവന്‍ ഈസോപ്പുകഥയിലെ ആമയും മുയലും രംഗാവിഷ്‌ക്കരണം നടത്തിയത്?
ഓഫീസിലെ സബോര്‍ഡിനേറ്റ്‌സിനു മുഴുവന്‍ ചിരിയായിരുന്നു. അവര്‍ക്കു ചിരിക്കാന്‍ അവകാശവുമുണ്ട്. എങ്കിലും അവര്‍ തന്റെ മുന്നില്‍ നിന്ന് ചിരി മറച്ചുപിടിക്കാന്‍ വായ പൊത്തിപ്പിടിക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നി. അവര്‍ തന്നെ പേടിക്കുന്നു. ഏതൊരു മേലുദ്യോഗസ്ഥനും അപ്പോള്‍ അഭിമാനിക്കുക തന്നെ ചെയ്യാം. മെയിന്‍ കാംഫ് ഒന്നുമല്ല തന്റെ വേദപപുസ്തകമെന്ന് ഓരോ ബോര്‍ഡ് മീറ്റിങ്ങിലും റിവ്യൂ മീറ്റിങ്ങിലും അവരെ ഓര്‍മിപ്പിച്ചാണ് തുടങ്ങാറുള്ളതെങ്കിലും മീറ്റിങ് ഉച്ചസ്ഥായിയിലെത്തുമ്പോഴേക്കും താന്‍ സ്വേച്ഛ്വാധിപതിയായ ഹിറ്റ്‌ലറാവുമെന്ന് തനിക്ക് തന്നെ അറിയാമായിരുന്നു. ഏതു സബോര്‍ഡിനേറ്റിന്റേയും വാദങ്ങള്‍ എന്റെ കുറ്റമറ്റ വാദങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയാണ് പതിവ്. അവര്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു രസമുണ്ട്. പക്ഷേ, മീറ്റിങ് കഴിഞ്ഞാല്‍ അവര്‍ക്കു നാവു തിരിച്ചുകിട്ടും. അപ്പോഴായിരിക്കും അവര്‍ ടിന്റുവിന്റെ കോപ്രായങ്ങള്‍ വിഷയമായി എടുത്തിടുക. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അത്രയ്ക്കുണ്ടല്ലോ. ഏതായാലും ഡേ കെയര്‍ സംവിധാനമുള്ള ടൗണ്‍ഷിപ്പ് ഇവിടെ വരാന്‍ പോവുന്നത് നന്നായി. പകല്‍ നേരമെങ്കിലും ശല്യം അവര്‍ സഹിക്കുമല്ലോ.
‘ഏയ്.. കമ്പനി ആദ്യം അനുവദിച്ചത് ഒരു ലൊടുക്കു സാന്റ്രോ. ഒരു മാതിരി അവിഞ്ഞ സാധനം. ഞാന്‍ വിടുമോ? ബി എം ഡബ്ല്യു കിട്ടീല്ലെങ്കില്‍ തിരിച്ച് സ്‌റ്റേറ്റ്‌സിലേക്കു തന്നെ പോവുമെന്ന് പറഞ്ഞു, അല്ല പിന്നെ..!’
എതിരേ കടന്നുപോയ ഇന്‍ഡേന്‍ ഓയില്‍ കയറ്റിയ വണ്ടിയ്ക്ക് വേഗത കുറച്ചു കൂടുതലാണെന്ന് തോന്നി. അടുത്തു തന്നെ ഹെയര്‍ പിന്നുണ്ട്. ഈ വേഗതയില്‍ പോയാല്‍ പണി കിട്ടിയതു തന്നെ. പോരാത്തതിനു ഇത്രയും വേഗത്തില്‍ പോവാന്‍ അതു ബി എം ഡബ്ല്യു ഒന്നുമല്ലല്ലോ?
വണ്ടിയെന്നാല്‍ ബി എം ഡബ്ല്യു തന്നെ വേണം.
ഇതു കിട്ടാന്‍ വേണ്ടി രാജിഭീഷണി വരെ വേണ്ടി വന്നു. കമ്പനിയുടെ എം ഡി എന്ന നിലയില്‍ എനിക്കവകാശപ്പെട്ടതാണെന്നുള്ള ന്യായമായ കാര്യം അംഗീകരിക്കാന്‍ മുതലാളിക്കും മറ്റും ആദ്യം മടിയായിരുന്നു. എങ്കിലും എന്റെ നിര്‍ബന്ധബുദ്ധി തന്നെ ഒടുവില്‍ വിജയിച്ചു. അതിനു ഒരു ചെറിയ അളവെങ്കിലും നന്ദി പറയേണ്ടത് മുതലാളിയുടെ കൊച്ചുമകളോടാണ്. എന്റെ നിര്‍ബന്ധം അവളുടെ കൂടി മൗനസമ്മതത്തോടെയായിരുന്നല്ലോ. അതുകൊണ്ടു തന്നെയാണ് ബി എം ഡബ്ല്യുവിലെ ആദ്യയാത്ര ടിന്റുവിനും അവന്റെ അമ്മയ്ക്കും നല്‍കാതെ അവള്‍ക്കൊപ്പമാക്കിയത്. ആ യാത്രയില്‍.. വേണ്ട. അതൊന്നും ഇവിടെ പറയുന്നില്ല. അല്ലെങ്കിലും ഇപ്പോഴത്തെ സ്ത്രീകള്‍ക്ക് വിവാഹിതരായ ചെറുപ്പക്കാരിലാണ് കൂടുതല്‍ കമ്പം. അതിനാല്‍ അവളെ കുറ്റപ്പെടുത്താനാവില്ല; എന്നെയും. എല്ലാം ലോകനിയമത്തിന്റെ ഭാഗമാണല്ലോ. വിവാഹവും വിവാഹശേഷലൈംഗികതയും വിവാഹപൂര്‍വലൈംഗികതയുമല്ലാം.
അവള്‍ എനിക്കൊപ്പം ഒരു ട്രിപ്പ് വേണമെന്ന് ആഗ്രഹിച്ചു. ഞാനത് സാധിച്ച് കൊടുത്തു. അത്രമാത്രം. അല്ലാതെ ഇവിടെ സാന്‍മാര്‍ഗികതയെക്കുറിച്ചൊന്നും ചിന്തിക്കേണ്ട കാര്യമില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ എന്റെ സഹധര്‍മ്മിണിയും അത്ര മോശമൊന്നുമല്ലല്ലോ? അതൊന്നും ഞാനും ചോദിക്കാന്‍ പോവുന്നില്ലല്ലോ?
ബ്യൂട്ടീഷന്‍ കോഴ്‌സിന് ലണ്ടനില്‍ പഠിക്കുമ്പോള്‍ എഡ്‌വേര്‍ഡ് സ്വാഗര്‍ എന്ന ബ്രിട്ടീഷുകാരന്‍ പയ്യനോട് അവള്‍ക്കുണ്ടായിരുന്ന പ്രത്യേകമമത ആദ്യരാത്രിയില്‍ തന്നെ അവള്‍ സമ്മതിച്ചതാണ്. ആ മമതയില്‍ ഒന്നു കൂടി ചികഞ്ഞിരുന്നെങ്കില്‍ ഉറവിടം കൂടി കൃത്യമായി പിടികിട്ടിയേനെ. താനതൊന്നും ചെയ്തില്ലല്ലോ.
വേണ്ട. അതൊന്നും ഞാന്‍ ഓര്‍ക്കുന്നു തന്നെയില്ല. അവളെ ഞാനൊരിക്കലും കുറ്റപ്പെടുത്തുകയുമില്ല. ഞാന്‍ നേരത്തെ പറഞ്ഞല്ലോ. ഞാനൊരു ഹിറ്റ്‌ലറല്ലേയല്ല.
‘ഏയ്, ഞാനൊരു അരമണിക്കൂറിനുള്ളില്‍ അവിടെയെത്താം. ഇപ്പോള്‍ വഴി മധ്യേയാണ്. ആ.. സില്‍വര്‍ കളര്‍. അങ്ങനെയൊന്നുമല്ല. ഇന്നു കിട്ടിയതേയുള്ളൂ. നിനക്കൊരു ഫ്രീ സവാരിയുമാവാം. ഏയ്, ഞാനല്ലേ പറയുന്നത്..’
ദൈവമേ, ഈ ഫോണ്‍ വാങ്ങിയതിനു ശേഷം നിരന്തരം വിളികളാണ്. എന്താണെന്നറിയില്ല, നല്ല രാശിയുള്ള ഫോണ്‍ തന്നെയാണ് ഇത്. വാങ്ങാന്‍ ചെന്നപ്പോള്‍ പിന്നെയും പിന്നെയും സംശയങ്ങളായിരുന്നു. നിലവില്‍ 3 ജി സിംകാര്‍ഡും ഡ്യുവല്‍ സിം സംവിധാനമുള്ള ഫോണ്‍ തന്നെയും വേണം. നേരെ കമ്പനിയോടു ആവശ്യപ്പെട്ടു. ബി എം ഡബ്ല്യു വിന്റേതു പോലെ ഇതിനു രാജിഭീഷണിയൊന്നും വേണ്ടി വന്നില്ല. പെട്ടെന്ന് തന്നെ വിപണിയിലെ ലേറ്റസ്റ്റ് മോഡല്‍ അനുവദിച്ചു തന്നു.
ഭാഗ്യം. അല്ലാതെന്തു പറയാന്‍? എന്റെ കഴിവിനെ ഞാന്‍ കുറച്ചുകാണിക്കുന്നില്ല.
അല്ലെങ്കിലും ഇതെന്റെ മാസമാണ്.
ധനുക്കൂറ്.
ഇന്നലെയും പത്രത്തിലെ വാരഫലം നോക്കിയിരുന്നു. സാക്ഷാല്‍ കാണിപ്പയ്യൂര്‍ തിരുമേനി തന്നെ കുറിച്ചത്.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം. 15 നാഴിക)
മുടങ്ങിക്കിടപ്പുള്ള കര്‍മമേഖലകള്‍ പുനരാരംഭിക്കും. വിശ്വസ്തസേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രയത്‌നഫലമുണ്ടാവുകയുള്ളൂ. കുടുംബാന്തരീക്ഷത്തില്‍ സന്തുഷ്ടിയും സമാധാനവും സ്വസ്ഥതയും ലഭിക്കും. ആവശ്യങ്ങള്‍ മേലധികാരി പരിഗണിക്കും. കാര്യകാരണസഹിതം സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കും. സമയ ബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിയും.
എന്തായാലും നന്നായി. എല്ലാം അച്ചട്ട് തന്നെ. എന്റെ ഭാഗ്യം.
  ‘ദാ, ഞാന്‍ എത്താറായി. വെറും പത്തുമിനിറ്റിനുള്ളിലെത്തും. ഓകെ. നീ വീടിന്റെ ഗേറ്റൊന്നു തൊറന്നിട്ടേര്..’
സുഹൃത്തെന്നാല്‍ ഇവനാണ്. ഞങ്ങള്‍ ഒന്നിച്ചാണ് ആദ്യമായി ഗോള്‍ഡ് ഫ്‌ളേക് സിഗരറ്റ് വലിച്ചതും ആദ്യമായി ടി എസ് നമ്പര്‍ 345 കള്ള് ഷാപ്പില്‍ കയറി മിനുങ്ങിയതും മൈസൂരിലെ ബോട്ടി ബസാറില്‍ ചെന്ന് ആദ്യസ്ത്രീ സമാഗമം നടത്തിയതും പിന്നെ..
അതെ. എന്റെ എല്ലാ നല്ല കാര്യങ്ങള്‍ക്കു പിന്നിലും ഇവനുണ്ട്. അവന്‍ തന്നെയാണ് എന്റെ എല്ലാ കാലത്തേയും ഏറ്റവും നല്ല സുഹൃത്ത്. അവന്‍ എന്റെ പ്രേരണകള്‍ക്കനുസരിച്ച് ജീവിക്കുന്നു. ഞാന്‍ അവന്റെ പ്രേരണയ്ക്കനുസരിച്ചും.
ശരിക്കും പ്രേരണകളാണെല്ലാം. ജീവിതം പോലും ഒരു പ്രേരണയാണ്. ആരൊക്കെയോ എന്തൊക്കെയോ പ്രേരിപ്പിക്കുന്നതിനനുസരിച്ച്  ജീവിതം മുന്നോട്ടു നീങ്ങുന്നു.
പക്ഷേ,
എല്ലാം പൊടുന്നനെയാണ് സംഭവിച്ചത് എന്നു പറയുന്നതു തന്നെയാണ് ഉചിതമെന്ന് തോന്നുന്നു. ശരിക്കും അങ്ങനെ തന്നെയായിരുന്നു താനും. ആത്മഹത്യാ ശ്രമമെന്നു തന്നെ ഞാന്‍ പറയും. കാരണം എനിക്ക് അത്രയും ദേഷ്യമുണ്ട്. അല്ലെങ്കില്‍ എന്തിനാണ് അയാള്‍ ഈ അര്‍ധരാത്രിയില്‍ ഈ കാറിനു മുന്നില്‍ അതും ഈ ബി എം ഡബ്ല്യുവിനു മുന്നില്‍ ചാടിവീണത്? ഇത് ആത്മഹത്യയല്ലാതെ വേറൊന്നുമല്ല.
വഴിയേ പോവുന്ന യാത്രക്കാരനെ ഇടിച്ചുവീഴ്ത്താന്‍ മാത്രം ഞാനൊരു സല്‍മാന്‍ ഖാനൊന്നുമല്ല.
സംഭവിച്ചത് ഇത്രമാത്രമാണ്. രാത്രിയാണ്. ഞാന്‍ ബി എം ഡബ്ല്യുവില്‍ യാത്ര ചെയ്യുന്നു. വണ്ടിയ്ക്ക് കുറച്ചധികം സ്പീഡുണ്ടെന്നത് ശരിയാണ്. അല്ലെങ്കിലും മണിക്കൂറില്‍ 90 മൈല്‍ എന്നത് ഇക്കാലത്ത് വലിയ സ്പീഡൊന്നുമല്ലല്ലോ?
അല്ല. അല്ലേയല്ല.
പക്ഷേ ഇടിയുടെ ആഘാതത്തില്‍ അയാള്‍ ദൂരേയ്ക്കു തെറിച്ചുവീണതും രക്തച്ചാലുകള്‍ ഒഴുകിയതും കുടല്‍മാല പുറത്തുചാടിയതുമല്ലാം സത്യം തന്നെയാണ്. എന്റെ കുറ്റമായി എണ്ണുന്നതിനു മുമ്പ് ഈ അര്‍ധരാത്രിയില്‍ നടുറോഡില്‍ ഇയാള്‍ക്കെന്തു കാര്യമെന്ന് മാത്രം നിങ്ങള്‍ ചിന്തിക്കാത്തതെന്ത്? തെറ്റ് എന്റെ ഭാഗത്തുമുണ്ടാവാം. പക്ഷേ, എന്നേക്കാള്‍ അയാളുടെ തെറ്റാണ് കൂടുതല്‍.
അയാള്‍ ശരിക്കും വണ്ടിയുടെ മുന്നിലേക്ക് എടുത്തുചാടുകയാണ് ചെയ്തത്. ഒരു പക്ഷേ, ഇത്ര നേരവും ഇതിനു മുന്നില്‍ എടുത്തു ചാടാനായി അയാള്‍ ഇതിനടുത്തെങ്ങാനും ഒളിച്ചിരിപ്പുണ്ടായിരിക്കാം. എടുത്തുചാട്ടത്തിന്റെ ആഘാതത്തില്‍ തന്നെ ഒരു പക്ഷേ, അയാളുടെ കാലുകള്‍ ചിലപ്പോള്‍ തകര്‍ന്നിരിക്കാം. പിന്നെ എന്റെ ബി എം ഡബ്ല്യു കയറിയിറങ്ങിയതിന്റെ ചെറിയ പരിക്കും.
ആദ്യം ഇറങ്ങിച്ചെന്ന് നാലു നല്ല തെറി പറയാനാണ് തോന്നിയത്. എന്തിനാണ് എന്റെ ബി എം ഡബ്ല്യുവിന് മുന്നില്‍ തന്നെ ചാടിയത്? എത്ര ടാങ്കര്‍ ലോറിയും മറ്റും ഇതിലേ കടന്നു പോയി? എന്നിട്ടും?
അടുത്തെത്തിയപ്പോള്‍ എന്റെ കുറ്റപ്പെടുത്തലുകള്‍ക്കും ചോദ്യങ്ങള്‍ക്കുമല്ലാം മറുപടിയായി അയാള്‍ക്ക് ഒരൊറ്റ കാര്യം മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. അതാവട്ടെ, അയാളുടെ മരണമൊഴിയുമായിരുന്നു.
‘നിങ്ങള്‍ക്ക് ബി എം ഡബ്ല്യുവില്‍ സഞ്ചരിക്കാമെങ്കില്‍ അതിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.’
അപ്പോള്‍ മാത്രമാണ് താന്‍ അല്‍പം പതറിയത്. അപ്പോള്‍ അയാളുടെ നോട്ടം എന്റെ നേരെ തന്നെയായിരുന്നു. ആ ഒറ്റക്കണ്ണ് എന്റെ മുഖത്തു തന്നെ തറച്ചുനിന്നു. ഇടിയുടെ ആഘാതത്തില്‍ ഇനി അയാളുടെ ഒരു കണ്ണ് തെറിച്ചുപോയതാണോ? ഏതായാലും നെറ്റിയിലൂടെ ഇപ്പോഴും ചോരയൊഴുകി കൊണ്ടിരിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അയാളെ വലിച്ച് റോഡിനരികില്‍ വലിച്ച് മാറ്റിക്കിടത്തി ഇവിടന്ന് രക്ഷപ്പെടണം. അയാളെ ഒരുവിധം വഴിയരികില്‍ മാറ്റിക്കിടത്തിയതിനു ശേഷം മാത്രമാണ് വണ്ടിയുടെ മുന്‍വശം നോക്കിയത്. ദൈവമേ, അയാളുടെ ഒരു കണ്ണ് അതാ, ബോണറ്റില്‍ ഊരിമാറ്റാന്‍ അത്രയെളുപ്പമൊന്നും കഴിയാത്ത വിധം തുറിച്ചു നോക്കുന്നു!
ഈശ്വരാ, ഇനി ചെയ്യാനൊന്നുമില്ല. നാളെ പത്രക്കാര്‍ക്ക് എഴുതാന്‍ നിറം പിടിപ്പിച്ച ഒരു കഥയുമായി. കുറച്ചുനാളെങ്കിലും നാട്ടുകാര്‍ക്ക് സംസാരിക്കാന്‍ ഒരു അസ്വഭാവിക സംഭവവും. ആരും അടുത്തെങ്ങുമില്ലാത്തത് മാത്രമാണ് ഏക ആശ്വാസം. പോലീസ് സ്‌റ്റേഷനില്‍ പോയി കുറ്റം ഏറ്റുപറയേണ്ട കാര്യമൊന്നും തനിക്കില്ല. അല്ലെങ്കിലും ഇതിനു മുന്നില്‍ എടുത്തുചാടിയ അയാള്‍ തന്നെയല്ലേ യഥാര്‍ഥñകുറ്റവാളി? അയാളെ റോഡിനരികിലേക്ക് മാറ്റിക്കിടത്തിയത് തെളിവു നശിപ്പിക്കാനൊന്നുമല്ല. പിന്നാലെ വരുന്നവര്‍ക്ക് യഥേഷ്ടം കടന്നുപോവാനുള്ള സൗകര്യത്തിനാണ്. പക്ഷേ, ബോണറ്റിലെ ഈ കണ്ണ് എങ്ങനെ മാറ്റും? എത്ര ശ്രമിച്ചിട്ടും അതു മാറ്റാന്‍ മാത്രം കഴിയുന്നില്ലല്ലോ. എനിക്കു പകരം വേറൊരാളാണെങ്കില്‍ നേരത്തെ ബോധം കെട്ടു വീണേനേ.
പിന്നില്‍ നിന്ന് ഏതോ വണ്ടിയുടെ ശബ്ദം കേട്ടപ്പോള്‍ ആണ് ഒന്നും ആലോചിക്കാതെ അവിടെ നിന്നും പോന്നത്. വെറുതേ എന്തിന് ആളുകളെക്കൊണ്ട് സംശയിപ്പിക്കണം?
സുഹൃത്തിന്റെ വീട്ടിലെത്തുമ്പോള്‍ സമയം പാതിര കഴിഞ്ഞിരുന്നു. എങ്കിലും അവന്‍ ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു. ഇങ്ങോട്ടു വരുമ്പോഴുള്ള ആവേശമെല്ലാം കെട്ടടങ്ങിയിരുന്നു. സുഹൃത്തിന്റെ ആവേശം നിറഞ്ഞ ചോദ്യങ്ങള്‍ക്കെല്ലാം എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ നിന്നു. എന്നാല്‍ അവനാവട്ടെ, എന്റെ ഭാവമാറ്റമൊന്നും ശ്രദ്ധിക്കാതെ ബി എം ഡബ്ല്യു പരിശോധിക്കുന്ന തിരക്കിലായിരുന്നു. ബോണറ്റിനടുത്ത് അവന്റെ നോട്ടമെത്തിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത പേടി തോന്നിത്തുടങ്ങി. എന്നാല്‍ അവനാവട്ടെ, വികിപീഡിയയില്‍ വായിച്ചുപഠിച്ച ബി എം ഡബ്ല്യു ചരിതം വിശദീകരിക്കുന്ന തിരക്കിലായിരുന്നു. ഈ തിരക്കൊന്ന് തീരാറായപ്പോള്‍ മാത്രമാണ് അവന്‍ ബോണറ്റിലെ കണ്ണ് ശ്രദ്ധിച്ചത്.
‘ഇതെന്താ?’
്് അവന്‍ ചോദിച്ചു.
ഞാന്‍ ഉത്തരമില്ലാതെ പരുങ്ങിനിന്നു.
‘അത്..’
‘സത്യം പറ. നീ വരുന്ന വഴി എക്‌സ്ട്രാ ഫിറ്റിങ്ങും നടത്തി. അല്ലേ?’
‘ഞാന്‍..’
‘കണ്ടാലറിഞ്ഞൂടേ? ശരിക്കും മനുഷ്യന്റെ കണ്ണുപോലെ തന്നെയുണ്ട്. നല്ല ഒറിജിനാലിറ്റി. ഞാനൊന്ന് തൊട്ടുനോക്കട്ടേ?’
‘വേണ്ട. അതിപ്പം ഇങ്ങ് ഇളകിപ്പോരും. ദേ, വരുന്ന വഴി ഫിറ്റ് ചെയ്തതേയുള്ളൂ. ഫിറ്റ് ചെയ്യുമ്പോള്‍ പ്രത്യേകം പറഞ്ഞിരുന്നു, രണ്ട് ദിവസത്തേക്ക് തൊടരുതെന്ന്.
‘ഓ, ശരി. ഞാനായിട്ട് ഇളക്കുന്നില്ല. എന്തായാലും നന്നായി. ഇപ്പം ഈ ബി എം ഡബ്ല്യുവിന് ഒരു മുഖം മാത്രമല്ല, കണ്ണുമുണ്ട്..’
അവിടെ നിന്നിറങ്ങുന്നതുവരേയും പല തവണ എന്റെ നോട്ടം പാളി ആ കണ്ണിലേക്കെത്തുകയും അപ്പോഴൊക്കെയും അവ ഉടമയുടെ മരണമൊഴി തന്നെ പറയുന്നതായി തോന്നുകയും ചെയ്തു.
അതേ മരണമൊഴികള്‍.
അതേ നോട്ടം.

തിരിച്ചുപോവുന്ന വഴിയ്ക്ക് അവള്‍ വിളിച്ചിട്ട് തന്നെയാണ് ഞാനവിടേയ്ക്ക് പോയത്. അല്ലാതെ ഒളിസേവയ്‌ക്കോ വ്യഭിചാരത്തിനോ ഒന്നുമല്ല. നേരത്തെ പറഞ്ഞല്ലോ മുതലാളിയുടെ കൊച്ചുമകള്‍ അത്തരക്കാരിയാണ്. അവള്‍ക്കു വേണ്ടത് എന്തു വില കൊടുത്തും അവള്‍ നേടിയെടുക്കും. അവള്‍ വിളിച്ചതുകൊണ്ടു മാത്രമാണ് പോയത്. കൃത്യം ഒരു മണിക്കൂറിനുള്ളില്‍ ഇറങ്ങുകയും ചെയ്തു. സത്യം പറയാമല്ലോ അന്നത്തെ എന്റെ ശരീരപ്രകൃതം അവളെ വല്ലാതെ അസ്വസ്ഥമാക്കുക തന്നെ ചെയ്തു. ഇടയ്ക്കവള്‍ ചോദിക്കുകയും ചെയ്തു.
‘നിങ്ങളെന്താ ഇങ്ങനെ വിയര്‍ക്കുന്നത്? വല്ല പൂച്ചയേയും കൊന്നോ?’
‘ഏയ്, ഇല്ല..’
ഞാന്‍ വിയര്‍ത്തുകുളിച്ചു.
അവള്‍ പിന്നെയും എന്റെ ശരീരത്തില്‍ കാമനകള്‍ തീര്‍ക്കുകയും ഞാന്‍ വിയര്‍ത്തുകുളിച്ചു കൊണ്ടു തന്നെ ബി എം ഡബ്ല്യുവിന്റെ ബോണറ്റില്‍ കുടുങ്ങിയ കണ്ണിനെക്കുറിച്ച് തന്നെ ഓര്‍ത്തുകിടക്കുകയും ചെയ്തു.
‘ഇന്നിതെന്തു പറ്റി? മിസിസ് വഴക്കു പറഞ്ഞോ? അതോ ഇവിടത്തെ ഊണ് പിടിക്കുന്നില്ലേ?’
അവള്‍ വീണ്ടും നിരാശയായപ്പോള്‍ ചോദിച്ചു.
ഞാന്‍ ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചു.

ഇറങ്ങാന്‍ നേരം ബോണറ്റിലെ കണ്ണ് അവളുടെ ശ്രദ്ധയിലും പെട്ടു.
‘ഇതെന്താ?’
അവള്‍ ചോദിച്ചു.
‘അത്..’
‘ഓ, എക്‌സ്ട്രാ ഫിറ്റിങ്. അല്ലേ? റിയലി അമേസിങ് സെലക്ഷന്‍. ഇതിന്റെ പേരില്‍ എനിക്കൊരു എക്‌സ്ട്രാ ചുംബനം കൂടി വേണം.’
അവള്‍ മാദകമായി ഒരിക്കല്‍ കൂടി കെട്ടിപ്പിടിച്ചു. എനിക്കു വേദനിക്കുന്നതു പോലെ തോന്നി. അവളില്‍ നിന്നുമകലുന്നതു വരേയും ആ വേദന മൂടിക്കിടന്നു. അറിയാതെയാണെങ്കിലും എന്റെ നോട്ടം ആ കണ്ണുകളില്‍ തന്നെ തറച്ചു നിന്നു. അവിടെ നിന്നിറങ്ങി വീട്ടിലെത്തുവോളം നോട്ടം പിന്തുടര്‍ന്നു. വീടിന്റെ കോളിങ് ബെല്‍ അമര്‍ത്തുമ്പോഴും പടി കയറുമ്പോഴുമെല്ലാം കൂടെ ആ നോട്ടവുമുണ്ടായിരുന്നു.
‘എന്താണിത്ര വൈകിയത്? ’
വാതില്‍ തുറക്കുന്നതിനിടയില്‍ മിസിസ് ചോദിച്ചു.
‘ഒന്നുമില്ല..’
‘ഒന്നുമില്ലാതെയാണോ നിങ്ങളുടെ വലതു കണ്ണിങ്ങനെ?’
‘വലതു കണ്ണ്?’
‘അതേ, എന്താ, അവിടെയൊരു രക്തക്കല? ചോര കട്ട പിടിച്ചതു പോലുണ്ട്. നിങ്ങള്‍ക്കു വേദനയൊന്നുമില്ലേ?’
‘എന്റെ കണ്ണോ?’
‘ഉം, നിങ്ങളുടേതല്ലാതെ ഞാനെന്തിനാ വേറെയാളുകളുടെ കണ്ണ് നോക്കുന്നത്? കണ്ണാടിയില്‍ നോക്കൂ... ഒരു കണ്ണില്ലാത്തതു പോലുണ്ട് ഇപ്പോള്‍..’
അവള്‍ തന്നെ കണ്ണാടിയെടുത്ത് എന്റെ മുഖത്തേക്ക് നീട്ടി.
അവള്‍ പറഞ്ഞതു മുഴുവന്‍ ശരിയായിരുന്നു.













Tuesday, September 18, 2012

ഗ്രീന്‍ വീടായി വാള്‍ഡന്‍


 ഗ്രീന്‍ വീടായി വാള്‍ഡന്‍


വീട്ടുകാരന്‍ സന്തോഷ് സുബ്രഹ്മണ്യം &ശാന്തള, അമ്പലവയല്‍, വയനാട്
ഏരിയ 1574 സ്‌ക്വയര്‍ ഫീറ്റ്
പൂര്‍ത്തിയായ വര്‍ഷം 2009 മാര്‍ച്ച്
ആകെ ചെലവ് 17 ലക്ഷം
ഡിസൈനര്‍ ആര്‍കിടെക്ട് നിഷാന്‍, ഡി എര്‍ത്ത്, കോഴിക്കോട്
വാള്‍ഡന്‍ എന്നാണ് വീടിന്റെ പേര്. ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഒരു പക്ഷിയെ ഓര്‍മ്മ വരും വീടിനു മുന്നിലെത്തുമ്പോള്‍. വീടു കൂടാതെ ചുറ്റുമുള്ള ലൊക്കേഷനും ആരെയും ആകര്‍ഷിക്കും. കാരാപ്പുഴ റിസര്‍വോയറിനാല്‍ ചുറ്റപ്പെട്ട്, ചുറ്റും വെള്ളവും അതിനടുത്ത് ഉയര്‍ന്ന പച്ചക്കുന്നുകളും നിറഞ്ഞ കാല്‍പനികാന്തരീക്ഷത്തിലുള്ള പരിസ്ഥിതിയോടു ചേര്‍ന്ന വീടു വേണമെന്ന് വീട്ടുകാരന് നിര്‍ബന്ധമായിരുന്നു.
പറന്നിറങ്ങുന്നതു പോലുള്ള മേല്‍ക്കൂരയാണ് വീടിന്. പ്രധാനമായും പ്രാദേശികമായി ലഭിക്കുന്ന  ഗ്രാനൈറ്റും ഇഷ്ടികയുമാണ് വീടിനുപയോഗിച്ചിരിക്കുന്നത്. പുറം ചുവരുകളില്‍ ഇവ പ്ലാസ്റ്റര്‍ ചെയ്യാതെ നല്‍കി. വീടിന്റെ 30 ശതമാനം മാത്രമേ പ്ലാസ്റ്റര്‍ ചെയ്തിട്ടുള്ളൂ. അതിനാല്‍ പ്രകൃതിയുടെ സ്വാഭാവികനിറം വീടിന് ലഭിച്ചതു കാണാം. വീട്ടിനകത്തും കൃത്രിമ നിറങ്ങളോ ടെക്‌സ്ചറോ ഉപയോഗിക്കാത്തതിനാല്‍ അതേ സ്വാഭാവികത നിലനില്‍ക്കുന്നു.
കിടപ്പുമുറികളും അകത്തെ ലൈബ്രറിയും പരമാവധി കാറ്റും വെളിച്ചവും പുറത്തെ ജലാശയത്തിലേക്ക് കാഴ്ചയും ലഭിക്കുന്ന വിധമാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. പ്രകൃതിയോടു ചേര്‍ന്നു പോവാന്‍ ബാംബു കൊണ്ട് സീലിങ്ങും ഫ്‌ളോറിങ്ങിന് ക്ലേ ടൈലുകളും നല്‍കിയതു കാണാം. മെസനിന്‍ ഫ്‌ളോര്‍ ആയാണ് ലൈബ്രറി പണിതിരിക്കുന്നത്. ഇവിടെ നിന്നു പുറത്തേക്ക് തുറക്കുന്ന വലിയ ജനാലയും മുകളിലെ ബാംബൂ സീലിങ്ങും തന്നെ വീട്ടിലെ ഏറ്റവും വലിയ ഹൈലൈറ്റ്.  ബെഡ്‌റൂമിലും ടോയ്‌ലറ്റിലും നല്ലവണ്ണം സ്‌കൈലൈറ്റ് കിട്ടും വിധമാണ് സംവിധാനിച്ചിരിക്കുന്നത്. വയനാടന്‍ കാലാവസ്ഥ നല്ലവണ്ണം വീട്ടിനുള്ളിലേക്ക് ആവാഹിക്കപ്പെടുന്ന ആര്‍കിടെക്ചറിങ് കാഴ്ച ഇവിടെ ആസ്വദിക്കാം. കോണ്‍ക്രീറ്റും സിമന്റും വളരെ കുറവ് മാത്രമേ ഇവിടെ ഉപയോഗിച്ചുള്ളൂ. കോണ്‍ക്രീറ്റ് ഇവിടെ വെറും 20 ശതമാനം മാത്രം. കൂടുതലായും ഓപണ്‍ കണ്‍സപ്ട് ആയതിനാല്‍ ഇവിടത്തെ സിമന്റിന്റെ ഉപയോഗവും പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞു. സ്റ്റീലാണ് മേല്‍ക്കൂരയുടെ പട്ടികയ്ക്ക്് ആയി ഉപയോഗിച്ചത്.  ഇതിനെ വേണമെങ്കില്‍ തികച്ചും ഒരു ഗ്രീന്‍ വീടെന്നു വിളിക്കാം.

Saturday, September 15, 2012

നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍..


നെറ്റിയിലേക്ക് നീളുന്ന ചുളിവാര്‍ന്ന രണ്ടു വിരലുകള്‍..


ആദ്യം ഒരു ഡയറിക്കുറിപ്പായി എഴുതാനാണ് വിചാരിച്ചത്. ആന്‍ ഫ്രാങ്കിന്റേതു പോലെ ഈ ഡയറിക്കുറിപ്പുകള്‍ വരുംകാലങ്ങളില്‍ അറിയപ്പെടണമെന്നും ഞാനാഗ്രഹിച്ചു. ഇതെഴുതിക്കഴിഞ്ഞ ഉടന്‍ മരിക്കണമെന്നും കൊതിച്ചു.
മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട് കുറച്ചായി കാലങ്ങള്‍. ഒരുപക്ഷേ ജനിച്ച അന്നു തന്നെ ഞാന്‍ മരണത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാവാം. ഏതു ജീവികളേയും പോലെ. അതുകൊണ്ടാവാം, കുട്ടിക്കാലത്തെ പ്രാര്‍ഥനകളില്‍ ഉറങ്ങാന്‍ നേരം ആയത്തുല്‍ ഖുര്‍സി എന്ന ഖുര്‍ആന്‍ സൂക്തം ഓതിയതിനു ‘അല്ലാഹുവേ എന്നെ ഒരിക്കലും മരിപ്പിക്കരുതേ’ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചത്. ഇതിനൊപ്പം ഒരിക്കലും വീട്ടില്‍ കള്ളന്‍മാര്‍ കയറരുതേ എന്നും പ്രാര്‍ഥിക്കും.
കള്ളന്‍മാരെ ഞാനിത്രയും ഭയപ്പെട്ടതിനു കാരണം, വീടിന്റെ പിന്നാമ്പുറത്തു നിന്നുള്ള പെണ്ണുങ്ങളുടെ ചര്‍ച്ചകള്‍ ഒളിഞ്ഞുനിന്നു കേട്ടതു മുതലാണ്. ഉമ്മാമയുടെ നേതൃത്വത്തിലുള്ള പെണ്‍പടയാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുക. നാട്ടിലേയും മറുനാട്ടിലേയും വിവിധ വീടുകളില്‍ കയറിയ കള്ളന്‍മാരുടെ ക്രൂരകൃത്യങ്ങളെക്കുറിച്ച് അവര്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കും.
‘അയിച്ചുമ്മിറ്റിയാരേ, എന്നിറ്റില്ലേ നമ്മളെ സുനീന്റെ പൊരേന്റെ അങ്ങട്ടേലാ കള്ളന്‍ കാരിയത്. ഓട് പൊളിച്ച് ആത്ത് കാരീട്ട് പൊന്നും പണോം എല്ലം എട്‌ത്തോണ്ട് പോയി.’
അയല്‍പക്കത്തെ ബിനീഷിന്റെ അമ്മ ജാനുവേടത്തി തന്റെ മൂത്ത മകള്‍ സുനിതയെ കെട്ടിച്ചയച്ച പാട്യത്തെ വീടിനടുത്ത് കള്ളന്‍ കയറിയ സംഭവം വിവരിക്കും.
‘എന്നിട്ട്?’
ആകാംക്ഷയോടെ ഉമ്മാമ.
‘എന്നിട്ടെന്താ?’
ജാനുവേടത്തി കഥയുടെ തുടര്‍ന്നുള്ള ഭാഗം വിശദീകരിക്കുമ്പോള്‍ ഉമ്മാമയിലെ ആകാംക്ഷ കൂടെയുള്ള മാതുവമ്മയിലും കല്യാണിയമ്മയിലും നബീസുത്താത്തയിലും മാധവിയേടത്തിയിലും വ്യാപിച്ചിട്ടുണ്ടാവും.
‘കള്ളന്‍ പൊന്നും പണോം കൊണ്ട് പോവുമ്പോഴല്ലേ ആടത്തെ പെണ്ണുങ്ങള് എണീറ്റത്.. ആണ്ങ്ങളേക്കാളും ചെലപ്പം ധൈര്യം പെണ്ണ്ങ്ങക്കല്ലേ? ആടത്തെ ഓള് നേരെ ചെന്ന് കള്ളന്റെ ബേക്കിലൂട്ടെ ഒരു പിട്ത്തം. ബിട്ടില്ല. കള്ളന്‍ എത്ര ബിചാരിച്ചിട്ടും ബിടാണ്ടായപ്പോ, കത്തിയെട്ത്ത് ഓളെ ബലത്തേ കണ്ണിന് ഒരൊറ്റ കുത്ത്! ആള്കള് ബെരുമ്പോളത്തേക്കും കള്ളന്‍ രക്ഷപ്പെട്ടക്ക്.. ഓളെ കണ്ണ് പോയീന്നല്ലാണ്ട് എന്താ പറയ്വാ? ’
ജാനുവേടത്തി ഇങ്ങനെ ഉപസംഹരിക്കുമ്പോഴേക്കും എല്ലാവരുടെയും മുഖത്ത് അത്ഭുതവും ഭീതിയും നിറഞ്ഞിരിക്കും. കൂടെ ഒളിച്ചിരുന്ന് കഥ കേള്‍ക്കുന്ന എന്റെ മുഖത്തും. അപ്പോഴേക്കും എന്റെ കാല്‍പ്പെരുമാറ്റം ഉമ്മാമ മനസിലാക്കിയിരിക്കും.
‘ഇഞ്ഞാട ഒളിച്ചിട്ടെന്താ പരിപാടി? വെറ്‌തേ ഓരോന്ന് കേട്ടുവെക്കും. എന്നിട്ട് മെനഞ്ഞാന്നത്തെപ്പോലെ ഒറക്കത്തില് കൂക്കിയിടാന്‍! പോ, പോയി ഇന്റെ പണി നോക്ക്..’
ഞാന്‍ കള്ളി വെളിച്ചത്തായ കള്ളനെപ്പോലെ ഉമ്മാമയുടേയും മറ്റും കഥാ സദസിലേക്ക് പ്രവേശിക്കും. അപ്പോള്‍ ഉമ്മാമ വാത്‌സല്യത്തോടെ എന്റെ നെറ്റിയില്‍ തലോടിക്കൊണ്ട് ചോദിക്കും.
‘ഇഞ്ഞ് ചോറ് ബെയിച്ചിക്കാ?’
‘ഉം..’
‘എങ്ങനെ ഇണ്ടേനും മങ്ങലപ്പൊരേലെ ചോറ്?’
‘നല്ലതേനും..’
‘എറച്ചിക്കഷണം നല്ലോണം കിട്ടീക്കാ?’
‘ഉം..’
‘അല്‍സയോ?’
‘അല്‍സ ഞാന്‍ വാങ്ങീക്കില്ല. അല്‍സ തിന്നാല് പിന്നെ ചോറ് ബെയിക്കാനാവൂല്ല.. ’
‘ഉം.. നല്ല ബെളവ്ണ്ടല്ലോ ഇനിക്ക്..!’
ഉമ്മാമ എന്റെ തലയില്‍ കൈവെച്ച് ചിരിക്കും. പിന്നെ കല്യാണത്തിനു പോവുമ്പോള്‍ ധരിച്ച പുതിയ ഷര്‍ട്ടും പാന്റും അഴിച്ചുവെച്ച് പഴയവ ധരിക്കാന്‍ പറയും. ഇതിനിടെ ചര്‍ച്ച കള്ളന്‍മാരില്‍ നിന്ന് മാറി അന്ന് കഴിഞ്ഞ തങ്ങളെ വീട്ടിലെ മുഹമ്മദലിക്കാന്റെ മകള്‍ നഫീസയുടെ കല്യാണത്തിലേക്ക് നീങ്ങിയിരിക്കും. ഞാന്‍ വയലിലെ കളിയും കഴിഞ്ഞ് തിരിച്ചുവരുമ്പോഴും അവരുടെ ചര്‍ച്ചകള്‍ തീര്‍ന്നിട്ടുണ്ടാവില്ല.

ഉമ്മാമയായിരുന്നു അന്ന് എന്റെ എല്ലാം. ഞാനറിയുന്നതിനേക്കാളും എന്നേക്കുറിച്ചറിയാവുന്നത് അവര്‍ക്കായിരുന്നു. കുട്ടിക്കാലത്തും വളര്‍ച്ചയുടെ പടവുകളിലുമെല്ലാം ഞാന്‍ അവര്‍ക്കൊപ്പമായിരുന്നു. അന്ന് ഉമ്മാമയുടെ കട്ടിലിന്നൊരരിക് പറ്റി കിടക്കാന്‍ ഞാനും ജ്യേഷ്ഠനും അടിപിടി കൂടിയിരുന്നു. അടിപിടിയുടെ ഒടുവില്‍ പ്രായക്കുറവിന്റെ ആനുകൂല്യത്തില്‍ ‘ഓന്‍ കുട്ടിയല്ലേ’ എന്ന് പറഞ്ഞ് ഉമ്മാമ എനിക്ക് അവസരം തരും. ജ്യേഷ്ഠന്‍ ഇളിച്ചുകാട്ടി പതിവുപോലെ തൊട്ടരികിലെ കട്ടിലിലേക്ക് ചായും.
എന്നെ കുളിപ്പിക്കുന്നതാണ് ഉമ്മാമയ്ക്ക് ഹരമുള്ള മറ്റൊരു കാര്യം. അതൊരു ആവേശവും അവകാശവുമായിരുന്നു അവര്‍ക്ക്. ഹമാം സോപ്പിന്റെ പത കണ്ണിലായി നീറുമ്പോഴും ചൂടുവെള്ളം ദേഹത്തുകൂടെ ഒലിച്ചിറങ്ങുമ്പോഴും ഞാന്‍ അസ്വസ്ഥനായി കരയുക വരെ ചെയ്തിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും എന്റെ വേദനയേയും മുഖം മറച്ചുള്ള വിരലുകളേയും തട്ടിമാറ്റി ഉമ്മാമ പിന്നെയും ഹമാം സോപ്പ് വേഗത്തില്‍ ശക്തി കൂട്ടി ശരീരത്തിലൂടെ ഉരയ്ക്കും. ഞാന്‍ ചുവന്ന് ചുടുകട്ടയായി കരയാന്‍ തുടങ്ങിയാല്‍ ഉമ്മാമയുടെ വക ശകാരവും വരും വഴിയേ.
‘രാവിലെ തൊട്ട് മോന്തിയാവോളം മണ്ണ്ന്നുരുണ്ടിട്ട് ഇപ്പോ കുളിക്കാനാ ഒരു മടി! ഇഞ്ഞ് നോക്ക് അങ്ങട്ടേലെ ആസീന്റെ മക്കളെല്ലാം എങ്ങന്യാ കുളിച്ച് പൗഡറിട്ട് നല്ല മൊഞ്ചില് നടക്ക്ന്നതെന്ന്. ഇതാണെങ്കീ കുളിയും ഇല്ല, നിക്കാരോം ഇല്ല! കളി തന്നെ കളി..’
കുളി കഴിഞ്ഞാലാണ് ‘മണ്ണ്ന്നുര്ണ്ട’തിന്റെ യഥാര്‍ഥശിക്ഷ. മുടികളേയും തലയേയും വേദനിപ്പിച്ച് തല തോര്‍ത്താന്‍ തുടങ്ങും. ഞാന്‍ ശരിക്കും വേദന കൊണ്ട് പുളയും. എന്നാല്‍ ഇതൊന്നും നോക്കാതെ ഉമ്മാമ ജോലി തുടരും.
‘ആടെ അടങ്ങി നിക്കെഞ്ഞാ.. തല തോര്‍ത്താണ്ട് നിന്നാല് പനി പിടിക്കും. പിന്നെ ഡോക്ട്ടറേര്ത്ത് ചെന്ന് സൂചി വെക്കേണ്ടി വരും..’
അതോടെ ഞാന്‍ ശാന്തനാവും. ആ കാലത്ത് ലോകത്തെ ഏറ്റവും വേദനയുണ്ടാവുക സൂചി വെക്കുമ്പോഴാണെന്നായിരുന്നു എന്റെ ധാരണ. സുന്നത്ത് ചെയ്യുമ്പോഴും പല്ലെടുക്കുമ്പോഴും പോളിയോയ്ക്കും വെച്ച സൂചി വയ്പിന്റെ വേദന മനസിലുണ്ട്. അതിനാല്‍ എന്റെ ശാന്തതയ്ക്ക് മറ്റൊരോര്‍മ്മകളും ആവശ്യമുണ്ടായിരുന്നില്ല. കുളിപ്പിച്ചു കഴിഞ്ഞതിനു ശേഷം ഉമ്മാമ തന്നെ മുടി ചീകുകയും വസ്ത്രമുടുപ്പിക്കുകയും ചെയ്യും. മുടി ചീകുമ്പോള്‍ വലതുവശത്ത് ഒരു നെറുക വെച്ച് വെളിച്ചെണ്ണയില്‍ കുതിര്‍ന്ന മുടി മറുവശത്തേക്ക് ചീകുകയാണ് പതിവ്. ആ കാലത്ത് ഞാന്‍ ഏറ്റവുമധികം വെറുത്തിരുന്ന മറ്റൊരു കാര്യം ഈ മുടി ചീകല്‍ സ്‌റ്റൈലായിരുന്നു. ചീര്‍പ്പ് തലമുടിയിലൂടെ നൃത്തം ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ചിണുങ്ങിത്തുടങ്ങും. അപ്പോള്‍ ഉമ്മാമയുടെ സമാധാനപ്പെടുത്തല്‍ ഇങ്ങനെയാണ്.
‘കുനീലെ ഷാഹിദാന്റെ മക്കളെ കണ്ട്ക്ക്‌ല്ലേ ഇഞ്ഞ്.. ഇങ്ങനെ നല്ല ബൃത്തിയും ഭംഗിയും ഇല്ലാണ്ട് ഓല് പൊരേന്റെ പൊറത്തെറങ്ങലേ ഇല്ല!’
രാവിലെ സ്‌കൂളില്‍ പോവുമ്പോഴും ഈ സ്‌റ്റൈലിലുള്ള മുടി ചീകല്‍ തന്നെയായിരിക്കും. അപ്പോള്‍ അമര്‍ഷമടക്കിപ്പിടിച്ചിരിക്കുമെങ്കിലും സ്‌കൂളിലേക്കുള്ള വഴിയില്‍ ഞാന്‍ മുടി മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് പിന്നിലേക്ക് ചായ്ക്കും. ഒരു തരം ബാബു ആന്റണി സ്റ്റൈല്‍. അന്ന് സ്‌കൂളിലൊക്കെ കത്തിനിന്നത് ആ സ്‌റ്റൈലായിരുന്നു.

രാത്രി ഉറങ്ങാന്‍ നേരം ഉമ്മാമ അന്ന് സ്‌കൂളില്‍ വെച്ചു നടന്ന കാര്യങ്ങള്‍ സ്‌നേഹപൂര്‍വം ചോദിക്കും. ഞാന്‍ അപ്പോള്‍ നാടകീയമായി, ഞാന്‍ ഇല്ലെങ്കില്‍ കെ ഡബ്ലു യു പി സ്‌കൂള്‍ നടക്കില്ലെന്ന മട്ടില്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി, എന്നെ ഹീറോയാക്കി കഥകള്‍ പറഞ്ഞുതുടങ്ങും. ഈ കഥകളെല്ലാം ഉമ്മാമ ഹൃദിസ്ഥമാക്കി പിറ്റേന്ന് പെണ്ണുങ്ങളുടെ ചര്‍ച്ചാകൂട്ടത്തിലും പറയും. അത് ഒളിഞ്ഞിരുന്ന് കേള്‍ക്കുന്ന ഞാന്‍ ചമ്മി നാശമായി ഉരുകുന്നുണ്ടാവും.
‘ഈ ഉമ്മാമയെക്കൊണ്ട് എന്തൊരു എടങ്ങേറാണ്! എല്ലാ കാര്യങ്ങളും വിശ്വസിച്ച് എല്ലാരോടും പറയും..’
ഞാന്‍ മനസില്‍ പ്‌രാകും.
പക്ഷേ, എനിക്കെന്തെങ്കിലും അസുഖം വന്നാലാണ് ഉമ്മാമ മദര്‍ തെരേസയാവുക. അന്ന് പിന്നെ വീട്ടില്‍ ചര്‍ച്ചാകൂട്ടമൊന്നുമുണ്ടാവില്ല. അവര്‍ കട്ടിലിന്റെ ഓരത്ത് വന്നിരിക്കും. ചുളിവാര്‍ന്നു തുടങ്ങിയ വിരലുകള്‍ എന്റെ നെറ്റിയിലൂടെ ഓടിക്കും. എന്നിട്ട് ഭൂമുഖത്തെ ഏറ്റവും സ്‌നേഹത്തോടെ ചോദിക്കും.
‘ഇപ്പം എങ്ങനുണ്ട്?’
ഞാന്‍ ഒന്നും മിണ്ടാതെ തല ചുവരിനോട് ചേര്‍ത്ത് ചെരിഞ്ഞുകിടക്കും. അപ്പോള്‍ ഉമ്മാമ ബലം പ്രയോഗിച്ച് തിരിച്ചുകിടത്തി പിന്നെയും നെറ്റിയിലൂടെ വിരലോടിക്കും.
‘പടച്ചോനോട് പ്രാര്‍ഥിച്ചിട്ട് കെടന്നോ. രാവിലെയാവുമ്പം കൊണാവും..’
പിന്നെ അവര്‍ വിക്‌സ് നെറ്റിയില്‍ പുരട്ടും. കടുവയുടെ മുഖമുള്ള കമ്പിളിപ്പുതപ്പ് കാലിലൂടെ വലിച്ച് മുഖമടച്ച് മറയ്ക്കും. വിക്‌സ് നെറ്റിയില്‍ പുരട്ടിയാല്‍ പിന്നെ മുഖം മറച്ച് കിടന്നുറങ്ങണം. അങ്ങനെയെങ്കില്‍ മാത്രമേ ആവി പിടിക്കാന്‍ കഴിയൂ. രാവിലെ ഉറങ്ങിയെണീക്കുമ്പോഴേക്കും പനി ഏതാണ്ട് മാറിയിരിക്കും.

ഉമ്മാമയ്ക്ക് എന്നോടുള്ള പ്രത്യേകസ്‌നേഹത്തിന്റെ പേരില്‍ പലപ്പോഴും ഞാനും ജ്യേഷ്ഠനും തമ്മില്‍ അടിപിടിയുമുണ്ടായിട്ടുണ്ട്.
‘ഈ ഉമ്മാമയെന്താ ഇങ്ങനെ? കിട്ടിയ ഓതി തേച്ചും പൊന്നാരമോന് തന്നെ കൊടുക്കും. ഇങ്ങനെയുണ്ടോ ഒരു ബീര്യം?’
ജ്യേഷ്ഠന്‍ ചോദിക്കും.
ദുബായില്‍ നിന്ന് അമ്മാവന്‍മാര്‍ വരുമ്പോള്‍ കൊണ്ടുവരാറുള്ള ഗള്‍ഫ് മിഠായികള്‍ വിതരണം ചെയ്യുമ്പോഴായിരിക്കും ഈ സംസാരം. എത്ര രുചിച്ചാലും മതിവരാത്തതാണ് ഗള്‍ഫ് മിഠായികള്‍. അത് വീതം വയ്ക്കാനുള്ള ചുമതല ഉമ്മാമയ്ക്കായിരിക്കും. എല്ലാവര്‍ക്കുമായി ഉമ്മാമ കൃത്യമായി വീതിയ്ക്കും. ഒരു വിഹിതം ഉമ്മാമയുമെടുക്കും. പിന്നെ എല്ലാവരും അവരവരുടെ വിഹിതം കഴിക്കുന്നതിനിടയില്‍ ഉമ്മാമ വിദഗ്ധമായി അവരുടെ വിഹിതം എന്റെ കൈയ്യില്‍ തരും. ഇതു കാണുമ്പോഴായിരിക്കും ജ്യേഷ്ഠന്റെ അഭിപ്രായപ്രകടനം.
ഉമ്മാമ അപ്പോള്‍ നിഷ്‌ക്കളങ്കമായി ചിരിക്കും.
‘ഞാങ്കൊട്ത്ത്‌ട്ടൊന്നും ഇല്ല..’
‘അപ്പോ ഉമ്മാമേന്റെ കൈയ്യില്ള്ളതേട്ത്തൂ..?’
എന്റെ ഇളയ പെങ്ങള്‍ ചോദിക്കും.
‘അത് കാക്ക കൊണ്ടോയി..’
ഉമ്മാമ കൈ മലര്‍ത്തും.
‘ഉമ്മാമ എപ്പോം ഇങ്ങനാ.. ഞമ്മളാരും ഇങ്ങളെ മക്കളല്ലേ?’
അവരിരുവരും കെറുവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മാമ എന്റെ നെറ്റിയിലൂടെ വിരലുകളോടിച്ചുകൊണ്ടിരിക്കുകയായിരിക്കും.
‘ഇങ്ങളെല്ലാം അന്റെ മക്കള് തന്നെ. പക്ഷേ, ഓനെന്റെ പൊന്നാരമോനാ..’
ഉമ്മാമ പറയും.
‘ഇങ്ങളെല്ലാരും പുതിയ പൊരയെടുത്തേരം അങ്ങോട്ടേക്ക് പോയപ്പം ഓന്‍ മാത്രമല്ലേ, അന്നെ വിട്ടുപോവാണ്ട് കൂടെ നിന്നത്. അതോണ്ട് ആ സ്‌നേഹം അനക്കെന്നും ഓനോടുണ്ട്..’
‘ഉം, ഒരു പൊന്നാരമോന്‍! എന്നാ പിന്നെ കൊണ്ടോയി പുഴ്ങ്ങിത്തിന്ന്..’
ഇളയ പെങ്ങള്‍ എന്നെ അവളുടെ നഖം മുറിക്കാത്ത വിരലുകള്‍ കൊണ്ട് നുള്ളിയും ഉമ്മാമയെ ഇളിച്ചുകാട്ടിയും അവിടെ നിന്ന് യാത്രയാവും.

ഉമ്മാമയ്ക്കു വേണ്ടി പറമ്പിലെ മാവുകളില്‍ കയറി മാങ്ങ പറിച്ചുകൊടുക്കാറുള്ളതും തേങ്ങ പെറുക്കി ആദ്യം മുറ്റത്തും പിന്നെ തട്ടിന്‍പുറത്ത് വയ്ക്കുന്നതുമല്ലാം ഞാന്‍ തന്നെ. ഒരിക്കല്‍ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ പോയപ്പോയാണ് ഉമ്മാമ ബി പി കുറഞ്ഞതിനാല്‍ തലശേരി ഇന്ദിര ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. അന്ന് പതിവില്ലാതെ ഉപ്പാപ്പ ഇശാഅ് നമസ്‌കാരത്തിനു ശേഷം ഗ്രില്‍സിനരികില്‍ നിന്ന് പുറത്ത് നോക്കി ഫില്‍റ്ററില്ലാത്ത സിഗരറ്റ് ആഞ്ഞുവലിച്ചുകൊണ്ടിരുന്നപ്പോള്‍ ഉമ്മാമയുടെ സ്ഥിതി കുറച്ചുകൂടുതലാണെന്നു തോന്നി. ഒരു വേള ഉമ്മാമ മരിച്ചുപോവുമോ എന്നു പോലും ഭയപ്പെട്ടു.
പക്ഷേ, പിറ്റേന്ന് ഉമ്മാമയ്ക്ക് അല്‍പം സമാധാനമായി. ഐ സി യുവില്‍ നിന്ന് റൂമിലേക്കു മാറ്റി. ഉപ്പാപ്പയുടെ കൂടെ കാണാന്‍ ചെന്നപ്പോള്‍ ഉമ്മാമ പതിവുപോലെ എന്റെ നെറ്റിയിലേക്ക് വിരലുകള്‍ നീട്ടി.
‘ഓട്ടത്തില് പസ്റ്റ് കിട്ടിയാ?’
ഉമ്മാമ ചോദിച്ചു.
‘ഉം ഉം..’
ഞാന്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.
‘ആയെന്താ?’
‘ഉമ്മാമാക്ക് സുഖമില്ലാന്നറിഞ്ഞപ്പോ...’
‘ഞാന്‍ നാളെത്തന്നെ അങ്ങ് ബരൂല്ലേ? ഇഞ്ഞെന്തിനാ അതാലോചിച്ച് സമ്മാനം ഇല്ലാണ്ടാക്കിയേ?’
ഞാന്‍ കരച്ചിലോടെ ഉമ്മാമയുടെ കാല്‍ വിരലുകളിലേക്ക് മുഖം പൂഴ്ത്തി. ജീവിതത്തില്‍ ആദ്യമായി കരുതിക്കൂട്ടാതെ കരയുകയായിരുന്നു, ഞാനപ്പോള്‍. ഉമ്മാമ മരിച്ചാല്‍.. എനിക്ക് ആലോചിക്കാവുന്നതിനുമപ്പുറമായിരുന്നു ആ കാര്യം.

പിന്നീട് ഉപ്പാപ്പയുടെ മരണശേഷം ചിലപ്പോള്‍ ഉമ്മാമയുടെ ദു:ഖം വാക്കുകളാവുമ്പോള്‍, പൊടിഞ്ഞുതുടങ്ങുന്ന കണ്ണീര്‍ത്തുള്ളികളാവുമ്പോള്‍ ഞാന്‍ സമാധാനിപ്പിക്കും.
‘ഉമ്മാമാ ഇങ്ങളിങ്ങനെ കരയല്ലേ.. ഇങ്ങള് കരയുമ്പോള്‍ ഞാനും കരയും. കാരണം ഈ ദുനിയാവില് ഇങ്ങള് കരയുന്നത് കാണുന്നതാണ് ഞാനേറ്റവും ഇഷ്ടപ്പെടാത്ത കാര്യം. ഇങ്ങളിങ്ങനെ കരഞ്ഞോണ്ടിരുന്നാല്‍ ഞാനെന്നും രണ്ടാം സ്ഥാനത്താവും. എല്ലാ മത്‌സരങ്ങളിലും പരീക്ഷകളിലും ഒന്നാമതെത്താതാവും. ഞാനൊന്നാമതെത്താന്‍ ഇങ്ങക്ക് ആഗ്രഹമില്ലേ?’
‘ഇണ്ട്.. ഇഞ്ഞെപ്പം ഒന്നാമത് തന്നെയാവണം..’
ഉമ്മാമ ആരും കാണാതെ കോന്തലയ്ക്കല്‍ കെട്ടിവെച്ച ഏതാനും ചില്ലറത്തുട്ടുകള്‍ എനിക്കു തരികയും തട്ടം കൊണ്ട് കണ്ണീര്‍ തുടയ്ക്കുകയും ചെയ്യും.
‘പടച്ചോനെപ്പോം ഇന്റെ കൂടെയുണ്ട്..’
അവര്‍ പറയും.
‘പടച്ചോന്‍ മാത്രം പോര, ഇങ്ങളും ഇണ്ടാവണം..’

ഞാനും.




Saturday, September 8, 2012

ഇല്ല, ഷീന്‍ കോണറി തിരിച്ചുവരവിനില്ല



ഇല്ല, ഷീന്‍ കോണറി തിരിച്ചുവരവിനില്ല

ഒടുവില്‍ ഷീന്‍ കോണറി പറയുന്നു, വയ്യ, മക്കളേ ഇനിയൊരങ്കത്തിനില്ല. ചന്തുവിന് എല്ലാം മതിയായി.
പറഞ്ഞുവരുന്നത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹോളിവുഡിലെ ഇഷ്ടവാര്‍ത്തകളിലൊന്നായ ഷീന്‍ കോണറിയുടെ തിരിച്ചുവരവ് വാര്‍ത്തകളെക്കുറിച്ചാണ്. വീണ്ടും വരും. ജെയിംസ് ബോണ്ടിന്റെ ആക്ഷന്‍ റൊമാന്റിക് ഭാവത്തിലല്ലെങ്കിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ചിത്രത്തില്‍ തന്നെ നടിക്കും. ഇതൊക്കെ കേട്ട് ആരാധകരും ആവേശം കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഈ കിംവദന്തികള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മൈക്കല്‍ കെയ്ന്‍ തിരിച്ചുവരവ് വാര്‍ത്ത നിഷേധിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ഷീന്‍ കോണറിയ്ക്ക് 81 വയസ് തികഞ്ഞത്. 2003 ല്‍ അഭിനയത്തില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചിരുന്നു അദ്ദേഹം. ‘ദി ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ സിനിമ. കോണറിയുടെ അത്രയെളുപ്പമൊന്നും  അനുകരിക്കാനാവാത്ത സ്‌റ്റൈല്‍ അദ്ദേഹത്തിനു ഒട്ടേറെ ആരാധകരെ സമ്മാനിച്ചിരുന്നു.
ഏതായാലും ഷീന്‍ കോണറി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കരുതേ എന്ന് തന്നെയാണ്  ലോകമെങ്ങുമുള്ള ആരാധകരുടെ പ്രാര്‍ഥനയും സ്വപ്നവുമല്ലാം.