Saturday, June 2, 2012

ക്യാമറാക്കണ്ണുമായി ഒരു അമേരിക്കന്‍ കപ്പല്‍ ജീവിതം


ക്യാമറാക്കണ്ണുമായി ഒരു അമേരിക്കന്‍ കപ്പല്‍ ജീവിതം



കേരളത്തിലെ ഫോട്ടോഗ്രാഫര്‍മാരില്‍ അധികമാര്‍ക്കും അനുഭവിക്കാന്‍ കഴിയാത്ത അനുഭവങ്ങളുടെ നീണ്ട ശേഖരം മുറിയിലങ്ങോളം കാണാം. ഒരു കപ്പലിന്റെ മിനി മാതൃക, സമുദ്രയാത്രക്കിടയിലെ വിവിധ പോസിലുള്ള ഫോട്ടോകള്‍, അമേരിക്കയിലെ വിവിധ ഭാഗങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍, അങ്ങനെ പലതും. ഫോട്ടോഗ്രഫിയില്‍ ഹരം കയറി, അമേരിക്കയിലെ മിയാമിലുള്ള കാര്‍ണിവല്‍ ക്രൂയിസ് ഷിപ്പ് കമ്പനിയില്‍ ചേരാന്‍ വിമാനമേറുന്നതിനു മുമ്പ് എസ് എല്‍ ആനന്ദ് ഇത്രയും ദൂരം യാത്ര ചെയ്തത് ശ്രീലങ്കയില്‍ നടന്ന മിനി ലോകകപ്പ് ക്രിക്കറ്റ് കാണാനായിരുന്നു. അതിനുശേഷം ഇതാണ് ദൈര്‍ഘ്യമേറിയ യാത്ര. ആനന്ദും ഭാര്യ റീനയും കൂടി പഴയ ഓര്‍മ്മകള്‍ ടൈംലൈന്‍ നോക്കി തിരഞ്ഞ് 2008 ഫെബ്രുവരിയിലെ ആ യാത്രയിലെത്തി. ‘ആദ്യം മുടിഞ്ഞ അത്ഭുതമായിരുന്നു. ഈ അമേരിക്കാ അമേരിക്കാ എന്നു പറയുന്നിടത്ത് പോവുന്നത് ജീവിതകാലത്ത് എപ്പോഴെങ്കിലുമുണ്ടാവുന്ന ഭാഗ്യമാണല്ലോ. ശരിക്കും ലോകത്തിന്റെ മറ്റേ അതിര്. 22 മണിക്കൂര്‍ യാത്രയുണ്ടായിരുന്നു. എന്നിട്ടും നമ്മള്‍ അവിടെയെത്തിയപ്പോള്‍ അന്നത്തെ ദിവസം അതേ സമയം മാത്രമായതേയുള്ളൂ എന്ന മറിമായം.’’
അക്കരെക്കാഴ്ചകള്‍
അമേരിക്കന്‍ വന്‍കര മുഴുവനും കറങ്ങുന്ന മൂന്നു കപ്പലുകള്‍. ഒരാഴ്ച നീളുന്ന വിനോദസഞ്ചാരം. തീരക്കാഴ്ചകളിലേക്കും ക്രിസ്റ്റല്‍ പ്രതീതിയുള്ള ജലാശയത്തിലേക്കും പ്രൗഡിയുടെ പകിട്ടിലേക്കും എന്നും സൂം ചെയ്യുന്ന ക്യാമറക്കണ്ണുകള്‍. കാര്‍ണിവല്‍ ഷിപ്പ് കമ്പനിയിലെ ജോലിയെക്കുറിച്ച് ആനന്ദ് വാചാലനാവുന്നു. ഫോട്ടോഗ്രാഫറായി ലോകത്തിന്റെ വേറൊരു കോണിലെത്തുക എന്നതു തന്നെ വ്യത്യസ്ത അനുഭവമാണ്. മുമ്പ് മാതൃഭൂമിയിലായിരുന്നപ്പോള്‍ കൂടുതലും മാഗസിന്‍ ഫോട്ടോഗ്രഫിയായിരുന്നു ചെയ്തിരുന്നത്. അതില്‍ നിന്നുമൊരു അപ്ഗ്രഡേഷന്‍ എന്നുമാഗ്രഹിച്ചിരുന്നു.  ‘പഠിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ നല്ല ഫോട്ടോകള്‍ എടുത്തു സൂക്ഷിച്ചു വയ്ക്കുന്ന ശീലമുണ്ടായിരുന്നു. കോളേജിലെത്തിയപ്പോള്‍ ടീച്ചര്‍മാരും പ്രിന്‍സിപ്പിളുമല്ലാം ഒരു ചുവരു തന്നെ തന്നു. ഇന്നത്തെ ഫേസ് ബുക്ക് വാള്‍ പോലെ എടുത്ത ചിത്രങ്ങള്‍ പതിക്കാന്‍. ഒരു പടത്തിന് 10 രൂപ കിട്ടും. ഇതുകൊണ്ട് പോയി ഫിലിം റോള്‍ വാങ്ങും. ആദ്യമായി ക്യാമറ തരുന്നത് സീനിയറായി കോളജില്‍ പഠിച്ച ബ്രഹ്മന്‍ ചേട്ടനാണ്. ഹെവിമെറ്റാലിക് റഷ്യന്‍ ബോഡിയുള്ള ഫെനിത്തിന്റെ ക്ലോത്ത് ഷട്ടര്‍ 50 എം എം ക്യാമറ. പിന്നീടത്  ആരോ വാങ്ങിക്കൊണ്ടുപോയി. അതിനു ശേഷം ഒരഡ്രസുമില്ല.’
അമേരിക്കയിലേക്കുള്ള യാത്രയുടെ 22 മണിക്കൂറും ഉറങ്ങിയതേയില്ല. ഇന്റര്‍വ്യൂവും മറ്റു  പ്രൊസീഡിയറുകളുമൊക്കെയായി ഏതാണ്ട് എട്ടുമാസമെടുത്തിരുന്നു യാത്രയ്ക്കുള്ള തയ്യാറെടുപ്പ്. അവിടെയെത്തി ആദ്യ രണ്ടു ദിവസം ‘ക്ലീന്‍ അമേരിക്ക’ എന്ന അത്ഭുതം കാണുകയായിരുന്നു പ്രഥമലക്ഷ്യം. റോഡില്‍ കാല്‍ കുത്തുമ്പോള്‍ തന്നെ കാല്‍നടയാത്രക്കാരനെ സഹായിക്കാനായി മറ്റു വണ്ടികളൊക്കെ കൂട്ടം കൂട്ടമായി നിര്‍ത്തിയിടുന്ന അനുഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല. തെരുവുകളില്‍ കൂടുതലും കേള്‍ക്കാന്‍ കഴിഞ്ഞത് സ്പാനിഷും ഇംഗ്ലീഷും മാത്രം. കുടിയേറ്റ സ്‌പെയിന്‍കാര്‍ കൂടുതലും ഇവിടെയാണ് ഉള്ളത്. സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ ഒന്നും മനസിലാവില്ല.
ഫൈവ് സ്റ്റാര്‍ കാര്‍ണിവല്‍ ക്രൂയിസ്
അതൊരു വലിയ പാഠമായിരുന്നു. കപ്പലില്‍ വെച്ച് ആദ്യമായി പഠിച്ചത്. പ്രഫഷണലിസം നമ്മള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുമ്പോഴാണ് പൂര്‍ത്തിയാവുന്നത്. ഭംഗിയായി ജോലി ചെയ്യുക മാത്രമല്ല, വില്‍ക്കപ്പെടുകയും വേണം. ഇതിന് നമ്മുടെ അപ്പിയറന്‍സ്, ഗ്രൂമിങ് എല്ലാം ശ്രദ്ധിക്കണം. മുമ്പ് കോളേജില്‍ സോഷ്യോളജി പഠിച്ചതും ഉപകാരമായി. ശതകോടീശ്വരന്‍മാര്‍ വരുന്ന സ്ഥലമാണ്. എല്ലാവരും ഒരിക്കലും ഒരു പോലല്ല. അതിനനുസരിച്ച് ഡ്രെസ്് അണിയുന്നതില്‍ വരെ ശ്രദ്ധിക്കണം. ശരിക്കും വേറൊരു ലോകം.
എല്ലാ  കപ്പലും ഒരു ക്രൂയിസ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ്. കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ കമ്പനിക്കു തന്നെ ഏതാണ്ട് 82 കപ്പലുകള്‍ ഉണ്ട്. ഒരു ഫൈവ് സ്റ്റാര്‍ ഫോട്ടലിലുള്ളത്രയും സൗകര്യങ്ങളും. ജി പി എസ്, 3 കി മീ ചുറ്റളവിലുള്ള ഏതപകടവും കാണാന്‍ കഴിയുന്ന സോണാര്‍ തുടങ്ങി ഫൈവ് ഡയമന്‍ഷനല്‍ തിയേറ്റര്‍ വരെയയുണ്ട് ഇവിടെ. 14 നിലകളാണ് കപ്പലിന്. ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം ടണ്‍ വരെ ഭാരം, 4000 ത്തോളം ആളുകള്‍ക്കുള്ള സൗകര്യങ്ങള്‍, 1500 ഓളം ജീവനക്കാര്‍, 25 ഓളം ഫോട്ടോഗ്രാഫര്‍മാര്‍, എല്ലാവര്‍ക്കുമായി ഡോക്ടറും നഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘം, വിശാലമായ സിറ്റിങ് ഹാള്‍, വെളുപ്പിന് നാലുമണിയോളവും നീളുന്ന  കസീനോ, ഓപണ്‍ പൂള്‍, ഓപണ്‍ ഡെക്ക്, ഭൂരിപക്ഷം മലയാളികളും തമിഴന്‍മാരും ജോലിക്കാരായുള്ള വലിയ രണ്ട് റസ്‌റ്റോറന്റുകള്‍, സ്പാ, ജിം, സ്‌നൂക്കര്‍, ടേബിള്‍ ടെന്നീസ്, ഡാര്‍ട്ട് പോലുള്ള കളികള്‍ക്കുള്ള സൗകര്യം.. കപ്പലിലെ ഫൈവ് സ്റ്റാര്‍ ലൈഫ് സ്‌റ്റൈല്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിധം നീളുന്നു. കപ്പലില്‍ കയറുമ്പോള്‍ തരുന്ന കാര്‍ഡ് ആണ് ഇറങ്ങുന്നതു വരെയും കപ്പലിലെ തിരിച്ചറിയല്‍ കാര്‍ഡും റൂം കീയുമല്ലാം. പ്രത്യേകപഞ്ചിങ് സിസ്റ്റവുമുണ്ട്. കൂടാതെ പ്രത്യേക ബാങ്ക് സംവിധാനവും. അഞ്ചു നേരമാണ് കപ്പലിലെ ഭക്ഷണം. എല്ലാം കഴിഞ്ഞ് കിച്ചണ്‍ അടക്കാന്‍ അര്‍ധരാത്രിയെങ്കിലുമാവും. 40 നോട്ടിക്കല്‍ മൈല്‍ ആണ് കപ്പലിന്റെ മാക്‌സിമം സ്പീഡ്.
ഫോട്ടോ ഷൂട്ട് അണ്‍ലിമിറ്റഡ്
ഉല്ലാസയാത്ര പുറപ്പെടുമ്പോള്‍ തന്നെ ഫോട്ടോകള്‍ തുരുതുരാ എടുത്തു തുടങ്ങും. ഉദ്ദേശം ഒരു ദിവസം തന്നെ ഏതാണ്ട് 800 മുതല്‍ 1000 ഫോട്ടോ വരെയെങ്കിലും എടുക്കും. എടുക്കുന്ന ഫോട്ടോകളെല്ലാം വൈകുന്നേരമാവുമ്പോഴേക്കും പ്രിന്റ് ചെയ്ത് ഫോട്ടോ സ്‌റ്റോറില്‍ ഇടും. ഇതൊരു വിശാലമായ ഹാളാണ്. എല്ലാ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന പടങ്ങളും ഇവിടെയുണ്ടാവും. കപ്പലില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാകുന്ന മേഖലയാണിത്. കാലത്ത് എട്ടുമണിക്ക് ഫോട്ടോ സ്‌റ്റോര്‍ തുറക്കും. 25 ഡോളര്‍ മുതലാണ് ഫോട്ടോകള്‍ക്കുള്ള വില. ക്യന്‍വാസില്‍ പ്രിന്റ് ചെയ്യുന്ന പടങ്ങള്‍ക്കും അണ്ടര്‍ വാട്ടര്‍ ഫോട്ടോകള്‍ക്കുമാണ് നല്ല ഡിമാന്റ്. കമ്പനി തന്നെ ക്യാമറകള്‍ തരും. അതിലേ പടമെടുക്കാവൂ. കപ്പലില്‍ നിന്നുമെടുക്കുന്ന പടങ്ങളുടെ പൂര്‍ണഅവകാശം കമ്പനിക്കു മാത്രമാണ്. അതിനാല്‍ ആരെങ്കിലും പടം സ്വകാര്യമായി എടുക്കുന്നുണ്ടോ എന്നറിയാന്‍ പിറകേ ആളെയും വിടും. കൂടുതലും ഇന്ത്യക്കാരും ഫിലിപ്പൈസികളുമാണ് കപ്പലിലെ ജീവനക്കാര്‍. ഒളിമ്പസ് ഇ 1 ഉം നിക്കോണ്‍ 300 മാണ് കമ്പനി വക ക്യാമറ. ഹോളിവുഡ് താരങ്ങളും സെനറ്റര്‍മാരുമാണ് വി ഐ പി പരിഗണന കിട്ടുന്നവര്‍.
ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ.. 
ആദ്യദിവസം കപ്പലില്‍ മാത്രം. രണ്ടാമത്തെ ദിവസം ഏതെങ്കിലും ദ്വീപിലാവും. രാവിലെ ആറുമണിക്കെത്തിയാല്‍ പിന്നെ വൈകിട്ട് അഞ്ചുമണി വരെ അടിച്ചുപൊളിക്കാം. അവിടെ ടൂര്‍ ഓപറേറ്റേര്‍സുമുണ്ടാവും. ചരിത്രസ്മാരകസന്ദര്‍ശനം, വൈല്‍ഡ് ലൈഫ്, ഫിഷിങ് തുടങ്ങി എന്തിനുമുള്ള സൗകര്യവുമുണ്ട്. കൂടെ ഫോട്ടോഗ്രാഫര്‍മാരുണ്ടാവും. ചിലപ്പോള്‍ ഈ ദ്വീപുകളില്‍ വെച്ച് കല്യാണപാര്‍ട്ടികള്‍ നടത്തുന്ന അതിഥികളുമുണ്ട്. വെഡിങ്ങിനു മാത്രമായി ക്രൂയിസ് ബുക് ചെയ്യുന്നവര്‍. ‘ഒരിക്കല്‍ ഒരു പാര്‍ട്ടി വെഡിങ്ങിന് ഒരാഴ്ചത്തേക്ക് ബുക്ക് ചെയ്തു. ഇവരുടെ ആഘോഷം ക്യാമറയിലൊപ്പാന്‍ ചെന്നപ്പോഴാണ് അറിയുന്നത്, ഇതൊരു നഗ്‌ന കല്യാണമാണ്. അതായത് കല്യാണത്തിനു വന്ന ഒരാളുടെ ദേഹത്തുപോലും തുണിയുടെ അംശം ലവലേശമില്ല! ഹൊ, അതൊരു വല്ലാത്ത അനുഭവമായിരുന്നു.’ ആനന്ദിന്റെ വാക്കുകളിലെ കൗതുകം.
ഇങ്ങനെ രസമകരമായ അനുഭവങ്ങള്‍ വേറെയുമുണ്ട്.. എല്ലാ വെക്കേഷനിലും വരുന്ന ഗുജറാത്തി കുടുംബം വരുമ്പോഴാണ് കപ്പല്‍ കളര്‍ഫുള്‍ ആവുക. മുകളിലത്തെ ഡെക്കില്‍ നിറയെ അവരുടെ പരമ്പരാഗതമായ കളര്‍ഫുള്‍ വസ്ത്രങ്ങള്‍ കെട്ടിത്തൂക്കും. പിന്നെ പ്രത്യേക ബാന്റ് മേളവുമുണ്ടാവും. കപ്പലിലെ  ഭീമാകാരന്‍ പിയാനോയ്ക്ക് മുന്നില്‍ വെച്ച് ഫോട്ടോയെടുക്കാന്‍ ക്യൂ നില്‍കുന്നവര്‍ രാവിലെ ആറു മണിമുതല്‍ 8 മണി വരെയെങ്കിലും നില്‍ക്കുന്നത് രസമുള്ള മറ്റൊരു കാഴ്ച.
തീയേറ്റര്‍, ബാലേ തുടങ്ങിയവയാണ്  കപ്പലിനകത്തെ പ്രധാനവിനോദങ്ങളില്‍ ചിലത്. മാജിക്, ഡാന്‍സ്, ബിങ്കോ തുടങ്ങിയവയുമുണ്ടാവും. ഇതുവരേയും കടല്‍ കൊള്ളക്കാരെ നേരിടേണ്ടി വന്നിട്ടിലെങ്കിലും കപ്പല്‍ജീവനക്കാര്‍ തന്നെ പൈരേറ്റ്‌സ് ഓഫ് കരീബിയന്‍ വേഷമിട്ട് ജാക്ക് സ്പാരോയെപ്പോലെ അതിഥികളുടെ കൂടെ നിന്ന് പടമെടുക്കും. കൂടെ ചിലപ്പോള്‍ കപ്പലിലെ ചിയര്‍ ഗേള്‍സുമുണ്ടാവും. അതിഥികള്‍ക്ക് ഇതെല്ലാം ഒരു ആവേശമാണ്. ഇത്തരം ഫോട്ടോകള്‍ മുഴുവനും  ചൂടപ്പം പോലെ വിറ്റുപോവും. വേസ്റ്റാവുന്ന ഫോട്ടോകളൊക്കെയും പേപ്പര്‍ ബാഗായി കപ്പലില്‍ തന്നെ ഉപയോഗിക്കും. ഉല്ലാസപൂത്തിരികളുടെ രസകരമായ റീസൈക്കിള്‍.
സേഫ്റ്റി ഫസ്റ്റ്!
കപ്പലില്‍ സുരക്ഷിതത്വമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. വെള്ളമടിച്ചു കൂടുന്ന ജീവനക്കാരുടെ ശരീരത്തിലെ ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കുന്ന സിസ്റ്റം വരെയുണ്ട്. ആദ്യരണ്ടുമാസം ക്രൗഡ് മാനേജ്‌മെന്റ് കോഴ്‌സിനൊപ്പം തന്നെ പ്രത്യേക സേഫ്റ്റി ഡ്രില്ലുകളുമുണ്ട്. എല്ലാ കോഡ് വാക്കുകളും പഠിക്കണം. പ്രത്യേക കോഡ് ഓഫ് ബുക്കുമുണ്ട്. 6 മാസം കപ്പലില്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടു മാസം ലീവാണ്. ലീവ് കഴിഞ്ഞ് തിരിച്ചുവന്നാല്‍ സേഫ്റ്റി കോഴ്‌സ് പിന്നെയും ചെയ്യണം. എല്ലാ ദിവസവും കോഡ് വാക്കുപയോഗിച്ചുള്ള ഡ്രില്ലുണ്ടായിരിക്കുകയും ചെയ്യും. ‘എന്തിനേറെ, ക്രൂവിന്റെ ടോയ്‌ലറ്റില്‍ പോലും സേഫ്റ്റി ഫസ്റ്റ് എന്ന പേരില്‍ ഗര്‍ഭനിരോധനഉറകള്‍ കിട്ടും!’ ആനന്ദ് പറയുന്നു.
ആര്‍ക്കെങ്കിലും അസുഖം വരികയാണെങ്കില്‍ ഉടനെ കരയില്‍ നിന്നും ഹെലികോപ്റ്ററും വരും. അസുഖത്തിന്റെ ഗൗരവമനുസരിച്ച് ആളെ കൊണ്ടുപോവും. റെസ്‌റ്റോറന്റിലെ ഭക്ഷണവും ഇടയ്ക്കിടെ ചെക്കു ചെയ്യും. കപ്പലില്‍ നിന്ന് ഒരു തുള്ളി പോലും ഇന്ധനം കടലില്‍ വീഴാന്‍ പാടില്ലെന്നാണ് നിയമം.  പരിസ്ഥിതിയ്ക്കു ദോഷമാവുന്ന ഒന്നും ചെയ്യുകയുമരുത്. കപ്പല്‍ ബാലന്‍സ് ചെയ്യുന്നത് താഴെയുള്ള അറകളില്‍ ഇടവിട്ട് വെള്ളം കയറ്റിയാണ്. അപ്പോള്‍ തന്നെ കരയിലേക്ക് എത്ര അളവ് വെള്ളം കയറ്റിയെന്ന കമാന്റ് അയയ്ക്കും. ഓരോ സ്ഥലത്തേയും മൈക്രോ ഓര്‍ഗാനിസം വ്യത്യസ്തമായതിനാല്‍ അതാതിന്റെ അതേ ലിമിറ്റില്‍ തന്നെ വെള്ളം തുറന്നുവിടാനാണിത്. ഏതാണ്ട് 26 ലൈഫ് ബോട്ടുകളെങ്കിലും കപ്പലിലുണ്ട്. ഒരു ലൈഫ് ബോട്ടിനകത്ത്  ഏതാണ്ട് 150 പേര്‍ക്കിരിക്കാം. ലൈഫ് ബോട്ടിനകത്ത് ടോര്‍ച്ച്, മെഡിക്കല്‍ കിറ്റ് എല്ലാമുണ്ട്.
കണ്ടു മതി വരാത്ത കാഴ്ചകള്‍
ഇന്ത്യന്‍ ഷര്‍ട്ടിങ്ങും ക്ലോത്തുകളുമാണ് കപ്പലിലുപയോഗിക്കുന്ന തുണിസാമഗ്രികളില്‍ പ്രധാനമെന്നതാണ് അത്ഭുതപ്പെടുത്തിയ കാര്യം. വിര്‍ജിന്‍ ഐലന്‍ഡുകള്‍, സെന്റ് ജോണ്‍സ് ദ്വീപ്, പോര്‍ട്ടോ റിക്കോ, മയാമി, സൗത്ത് കരോളിന, മെക്‌സിക്കോ, കരീബിയന്‍ ദ്വീപുകള്‍, ബഹാമാസ്, ഗയാന, കനഡ, ന്യൂയോര്‍ക്ക്.. കപ്പല്‍യാത്രയ്ക്കിടെ ചെന്നുകയറിയ ഇടങ്ങള്‍. കണ്ടു മതി വരാത്ത കാഴ്ചകള്‍. കനഡയിലെ ഓര്‍മകളുടെ തണുപ്പ് ഇപ്പോഴും കാല്‍പാദങ്ങളിലുണ്ട്. തണുത്തുറഞ്ഞ തെരുവ്. ആരെയും പുറത്തു കാണുകയേയില്ല. ചുറ്റും ലില്ലിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന മരങ്ങളും. ഗ്രൗണ്ട്  സീറോയും മാഡം തുസാദ് മ്യൂസിയവും ടൈം സ്‌ക്വയറും റിപ്ലീസ് ബിലീവിറ്റ് ഓര്‍ നോട്ട് തീയേറ്ററും സ്വാതന്ത്ര്യപ്രതിമയുമല്ലാം പലപ്പോഴായി ക്യാമറയില്‍ പതിഞ്ഞ മഹാത്ഭുതങ്ങള്‍. സഹപ്രവര്‍ത്തകരായ അക്ഷത് ഭാഗവത്, വനിത, കാര്‍മാന്‍ സോള്‍ട്ട്, പ്രഭു, ഓട്ടോ തുടങ്ങിയവരുമല്ലാം ഈ യാത്രയില്‍ ഒപ്പം ചേര്‍ന്നവര്‍.
‘രണ്ടു വര്‍ഷത്തോളം ജോലി ചെയ്തു 2010 ല്‍ നിര്‍ത്തി നാട്ടിലേക്കു വരാനുള്ള കാരണമോ? ദേ, മകള്‍ ദിയ തന്നെ. പിന്നെ ഫാമിലിയെ അങ്ങോട്ടു കൊണ്ടുപോയാല്‍ തന്നെ ഞാന്‍ കപ്പലിലും ഇവര്‍ കരയിലുമായിരിക്കുമല്ലോ..’ ആനന്ദിന്റെ കണ്ണിറുക്കലിനൊപ്പം ഭാര്യ റീനയും ദിയയും ഒപ്പം കൂടി.


















No comments:

Post a Comment