Saturday, November 26, 2011

കൊച്ചിയിലൊരു പകല്‍ ഷൂട്ടിങ്






കൊച്ചിയിലൊരു പകല്‍ ഷൂട്ടിങ്
ബെസ്റ്റ് ആക്ടര്‍ സിനിമയുടെ ഷൂട്ടിങ് വേളയിലൊരു ദിനം ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ആവേശത്തിന്റേതായിരുന്നു. മെഗാനടന്‍ മമ്മൂട്ടിയും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടനും സലീം കുമാറുമൊക്കെയൊരുക്കിയ അഭിനയമുഹൂര്‍ത്തങ്ങള്‍ അന്നത്തെ ദിവസം നക്ഷത്രദിനമാക്കി.

Friday, November 25, 2011

പ്രശസ്തനായ അവിവാഹിതന്‍


പ്രശസ്തനായ അവിവാഹിതന്‍
വിവാഹം കഴിച്ചിരുന്നെങ്കില്‍ തനിക്കിന്നുള്ളതുപോലെ പ്രഭാഷണങ്ങള്‍ക്കോ മറ്റു പരിപാടികള്‍ക്കോ പോവാന്‍ പറ്റുമായിരുന്നില്ലെന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തനായ അവിവാഹിതന്‍ അഴീക്കോട് പറയുന്നു. പലരും വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും രക്ഷപ്പെട്ടതാണ്. നമ്മളേക്കാളേറെ നാട്ടുകാര്‍ക്കാണ് പത്തിരുപത്തഞ്ച് വയസില്‍ ഒരാള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം. ‘ഒരുപിടി നല്ല സുഹൃത്തുക്കളുണ്ടായാല്‍ ധൈര്യമായി അവിവാഹിതñജീവിതം നയിക്കാം. അനാരോഗ്യമൊന്നുമില്ലാത്തതിനാല്‍ വല്യ പ്രശ്‌നവുമില്ല. ഭക്ഷണം അധികം ക്രേസില്ലാത്തതു കൊണ്ട് പ്രശ്‌നവുമല്ല. ഉച്ചയ്ക്ക് ഭക്ഷണം കിട്ടിയില്ലെങ്കില്‍ പോട്ടെന്നു വയ്ക്കും. അത്ര തന്നെ. എന്നാലും കുടുംബവും കുട്ടികളുമായി കഴിയുന്നവരെ കുറ്റം പറയാനും ഞാനില്ല. കുടുംബമെന്നത് സാര്‍വലൗകിമായ ഒരു മനസിന്റേയും സമൂഹത്തിന്റേയും മാതൃകകളാണ്. കുടുംബത്തെ ഒഴിവാക്കിയോ വേദനിപ്പിച്ചോñഒരു നിയമവും പാടില്ല.’
കുടുംബാസൂത്രണത്തിന്റെ നിയന്ത്രണത്തിനല്ല, കുടുംബത്തിന്റെ ആരോഗ്യകരമായ സുഖാവസ്ഥയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ജനനനിയന്ത്രണത്തെ ചോദ്യം ചെയ്തുള്ള നിര്‍ദശങ്ങള്‍ വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കുകയും ചെയ്യുന്നില്ല. ഇതാണ് ഏകപരിഹാരമെന്ന മട്ടിലുള്ള ന്യായാന്യായങ്ങള്‍ തികച്ചും വിഡ്ഢിത്തമാണ്. ഇത്തരം നിയമങ്ങള്‍ കര്‍ശനമായി നടത്താന്‍ ശ്രമിക്കുന്നത് കുടുംബങ്ങളെ ബാധിക്കാന്‍ അനുവദിക്കുന്നത് ശരിയല്ല. ‘ഇവിടെ ബോധവല്‍ക്കരണമാണ് പ്രധാനം. ഒന്നും അടിച്ചേല്‍പ്പിക്കരുത്. വിപുലമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ഗാന്ധിജി കല്യാണം കഴിച്ചിരുന്നെങ്കിലും ഒരു ബ്രഹ്മചാരിയുടെ ജീവിതമാണല്ലോ നയിച്ചത്. അദ്ദേഹത്തിന് ആത്മീയമായ ചിന്തകളുമുണ്ടായിരുന്നു.’ അഴീക്കോട് ചോദ്യം ഇതാണ്.
കല്യാണം കഴിക്കാത്തതിനെക്കുറിച്ചും കുടുംബവും കുട്ടികളും വേണ്ടെന്നു വച്ചതിനെക്കുറിച്ചുമല്ലാം കൃത്യമായും ഉണ്ട് മറുപടി. ‘ഞാന്‍ അവിവാഹിതനായി കഴിയുന്നതു കൊണ്ട് എനിക്കൊരുപാട് മെച്ചങ്ങളുണ്ട്. കുടുംബമാവുമ്പോള്‍ എന്റെ കുട്ടി എന്റെ കുട്ടി എന്ന സങ്കുചിതത്വ ചിന്തയുണ്ടാവും. ബര്‍ണാഡ് ഷാ പറഞ്ഞതു പോലെ വിവാഹം കഴിച്ചവന്‍ എപ്പോഴെങ്കിലും വിവാഹമോചനത്തിനെക്കുറിച്ചും ചിന്തിക്കുമെന്ന് തീര്‍ച്ചയാണ്. മനുഷ്യസ്വഭാവത്തെപ്പറ്റി ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ലല്ലോ?’

Sunday, November 20, 2011

ഓര്‍ക്കുന്നുവോ ഈ ഗ്രൂപ്പ് ഫോട്ടോ?





















ഓര്‍ക്കുന്നുവോ ഈ ഗ്രൂപ്പ് ഫോട്ടോ?
പുതിയാറമ്പത്തെ കണ്ടത്തില്‍ ഒരു ഷട്ടില്‍ ടീം

ഒരു മനോരമാക്കാലം

ഒരു പ്ലസ്ടൂക്കാലം


ഒരു ഫുട്‌ബോള്‍ക്കാലം
കല്ലാച്ചേരിക്കടവിലൊരു ദിനം
ഒരു പ്രസ് ക്ലബ് കാലം
ആഷ്‌ലി ബംഗ്ലാവില്‍ സഹപ്രവര്‍ത്തകരോടൊത്ത്
ഒരു പുസ്തകപ്രകാശന ദിനം
കൂട്ടയാത്രയുടെ സുഖങ്ങള്‍
ഫ്രെയിമില്‍ നിറയും..

Friday, November 18, 2011

ഇത് തിരുവനന്തപുരം തന്നെ!

















ഇത് തിരുവനന്തപുരം തന്നെ!

മൂന്ന് ആരോപണങ്ങള്‍.
മൂന്നിനും മുനയും മൂര്‍ച്ചയുമുണ്ട്. പ്രത്യക്ഷത്തില്‍ അസൂയയുടേതെന്നു തോന്നിക്കാത്ത ഒരുതരം ലാഘവത്വവും അമ്മച്ചിയാണേ സത്യമെന്ന ഉറപ്പും. ഇനി നിഷേധിക്കാന്‍ പോയാല്‍ പാണന്‍മാര്‍ പാടിപ്പഴകിയ ചില പഴങ്കഥകളുമുണ്ട്. അതിലൊന്ന് ഇങ്ങനെ. അയ്യപ്പന്‍ ഇരിക്കുകയാണ്, ഗുരുവായൂരപ്പന്‍ നില്‍ക്കുകയാണ്, ശ്രീപത്മനാഭസ്വാമിയാവട്ടെ കിടക്കുകയും. കാരണമെന്താ, അങ്ങേര്‍ക്കറിയാം. നിന്നാല്‍ നാട്ടുകാര്‍ കാലുവാരുമെന്ന്! കണ്ണില്‍ ചോരയില്ലാത്തവര്‍, കടുകട്ടി മനസുള്ളവര്‍, റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കരമനയിലേക്കുള്ള വഴി ചോദിച്ചാല്‍ നന്തന്‍കോഡേക്ക് കൈചൂണ്ടുന്നവര്‍ തുടങ്ങി രണ്ടാമത്തെ ആരോപണത്തിന് പര്യായപദങ്ങളാണ് കൂടുതലും. മൂന്നാമത്തേത് പക്ഷേ, തികച്ചും സാങ്കേതികം. തിരുവനന്തപുരത്തേക്ക് വരുന്ന എല്ലാ ട്രെയിനുകളും എന്നും താമസിച്ചേ എത്തൂ. അവസാന സ്‌റ്റേഷനുകളായ പേട്ടയുടേയും തമ്പാനൂരിന്റേയും ഇടയ്‌ക്കൊരു നില്‍പാണ് ചിലപ്പോള്‍. ഇല്ലത്ത് നിന്ന് പുറപ്പെട്ടു, അമ്മാത്തൊട്ട് എത്തിയുമില്ല എന്ന പോലെ തന്നെ. ഇനിയും സംശയിച്ചുനിന്നാല്‍ എന്നാ പിന്നെ നീ ചെന്ന് അനുഭവിക്കെന്ന മട്ടില്‍ അഭിപ്രായവേദി പിന്‍വാങ്ങും.
ഓണക്കാലത്ത് തലസ്ഥാനത്ത് ‘സി ഐ ഡി പണി’യുമായി ഇറങ്ങിയപ്പോള്‍ പ്രധാനമായും തെളിയിക്കാനുള്ളത് ഈ ആരോപണങ്ങളിലെ നിജസ്ഥിതിയായിരുന്നു.

സാര്‍വലൗകികം സാര്‍ വിളി
ഒരു കാലത്ത് തിരുവനന്തപുരത്ത് തെങ്ങുകളേ ഉണ്ടായിരുന്നില്ല പോല്‍! പകരം നിറഞ്ഞുനില്‍ക്കുന്ന പുന്നമരങ്ങള്‍. അതിനാല്‍ അന്നത്തെ പല വീടുകള്‍ക്കും പുന്നയ്ക്കല്‍, പുന്നപുരം എന്നെല്ലാമായിരുന്നു പേര്. അന്ന് എന്ന് പറഞ്ഞാല്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടോളം. അനന്തപുരിയുടെ പഴക്കമെടുത്താല്‍ മറ്റ് ദക്ഷിണേന്ത്യന്‍ തലസ്ഥാനനഗരികളേക്കാള്‍ പഴക്കമുള്ളതാണെന്ന് സാരം. (സി ഐ ഡികള്‍ക്ക് ചരിത്രബോധം ഇല്ലെന്ന പഴയ ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസിലായില്ലേ?)
എവിടേയും ഏതുനിമിഷവും കേള്‍ക്കാവുന്ന സാര്‍ വിളിയാണ് അനന്തപുരിയിലെ ആദ്യവിശേഷം. വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടം. സര്‍ക്കാര്‍ തലത്തിലെ ശിപായി തൊട്ട് മുഖ്യമന്ത്രി വരെയെത്തും ഈ വിളി. ഭരണസിരാകേന്ദ്രമെന്ന പകിട്ട് വേറെയുമുണ്ട്. എണ്ണമറ്റ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും നിയമസഭയും സെക്രട്ടറിയേറ്റും എന്‍ ജി ഓകളും ഇവിടെ സദാ ജാകരൂകരാണ്. കൂട്ടത്തില്‍ എടുത്തുപറയേണ്ടത് സര്‍ക്കാര്‍ ജീവനക്കാരെ തന്നെ. ഐക്യകേരളം രൂപപ്പെടുന്നതിനും മുമ്പ് നായര്‍ പടയിലെ പട്ടാളക്കാരനാവാനായിരുന്നു അനന്തപുരിക്കാരന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും ഇന്ന് സര്‍ക്കാര്‍ ജോലിയാണ് പ്രിയസ്വപ്നം. പഠിച്ച്, പണി സര്‍ക്കാര്‍ ഓഫീസില്‍ കിട്ടിയാല്‍ പിന്നെ ഒന്നും നോക്കണ്ട. ചെറുക്കന് കല്യാണമാലോചിക്കാം, പെണ്ണിനെ പത്രത്തില്‍ പരസ്യം കൊടുക്കാതെ കെട്ടിച്ചയക്കാം. അവര് നെലയും വെലയുമുള്ള വല്യ സാറായെന്ന് ചുരുക്കം. ഓഫീസിലെ എല്ലാ ഡ്യൂട്ടിയും കഴിഞ്ഞ് തിരിച്ച് വീട്ടിലിറങ്ങാന്‍ നേരം സെക്രട്ടറിയേറ്റ് പടിക്കലെ ഓട്ടോക്കാരനും ചോദിക്കും. ‘സാറേ, എങ്ങോട്ടാ? മീറ്ററ് കാശ് മതി. കേറിയാട്ടെ’ന്ന്. ഇനി ഷോപ്പിങ്ങിന് ചാല മാര്‍ക്കറ്റിലിറങ്ങിയാലോ, അപ്പോഴും കേള്‍ക്കാം പച്ചക്കറിയുടെ വിലവിവരത്തിനൊപ്പം ബഹുമാനത്തില്‍ പൊതിഞ്ഞ ‘സാര്‍’. തിരിച്ചങ്ങോട്ടും, പച്ചക്കറിക്ക് വില കുറക്കുമെന്ന പ്രതീക്ഷയില്‍ ‘സാര്‍’ കൂട്ടുന്നവരുമുണ്ട്. ഇതിന്റെ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍ അഥവാ ബിരിയാണി കിട്ടിയാലോ എന്ന സലീം കുമാര്‍ ഫലിതത്തില്‍ സ്വയം ചിരിക്കും.
അതെ, സാര്‍ വിളിയില്‍ അനന്തപുരിക്കാര്‍ അവരുടെ സ്‌നേഹവും നര്‍മ്മവുമല്ലാം കരുതിവെച്ചിട്ടുണ്ട്.
പത്മനാഭസ്വാമിയുടെ ഐശ്വര്യം.
നിധി കിട്ടിയതിനു ശേഷം അനന്തപുരിക്കാര്‍ക്ക് ഇത്തിരി ജാഡയും കൂടിയോ എന്നൊരു സംശയം. പക്ഷേ, അപ്പോഴേക്കും ജാഡയല്ല, ഭക്തിയാണെന്ന് തിരുത്തുന്നു കോഴിക്കോട്ടുകാരായ നിജേഷും അഞ്ജലിയും. മൂന്ന് മാസം മുമ്പായിരുന്നു കല്യാണം. നിജേഷിന് ടെക്‌നോപാര്‍ക്കില്‍ ജോലിയുണ്ട്. അഞ്ജലി പക്ഷേ, ആദ്യമായാണ് ഇവിടെയെത്തുന്നത്. അതിന്റെ സന്തോഷവുമുണ്ട്

ഇരുവരുടെ മുഖത്തും.
‘ഞാന്‍ മുമ്പും വന്നിട്ട്‌ണ്ടെങ്കിലും സകുടുംബം ആദ്യാണ്. നിധി കിട്ടിയതിനു ശേഷം പണ്ടത്തെപ്പോലല്ല. തെരക്കും സെക്യൂരിറ്റിയുമല്ലാം കൂടിയിട്ട്ണ്ട്. ’
നിജേഷ് വാചാലനാവുമ്പോള്‍ ചുറ്റും ഭക്തിസാന്ദ്രമായ മുഖത്തോടെ വിവിധ ദിക്കുകളില്‍ നിന്നെത്തിയ ഭക്തന്‍മാര്‍ വന്നും പോയും കൊണ്ടിരുന്നു. ശരിയാണ്. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പടമെടുക്കുന്നവരും മറ്റുമായി നിരവധിയുണ്ടെങ്കിലും എല്ലാവരിലും മഫ്ടിയിലും മറ്റുമായി നില്‍ക്കുന്നñപോലീസിന്റെ ഒരു കണ്ണുണ്ട്. അതിനും മുകളില്‍ അദൃശ്യമായി സാക്ഷാല്‍ ശ്രീപത്മനാഭന്റേയും.
വെല്‍ അറേഞ്ച്ഡ്!
കൊളോണിയല്‍ കാലത്തെ പൗരാണികകെട്ടിടങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്ന അനന്തപുരി. ഇതൊരു കവിതയുടെ തുടക്കമൊന്നുമല്ല. നഗരത്തിലൂടെ പത്തുമിനിറ്റു കറങ്ങുമ്പോഴേക്കും കെട്ടിടഭംഗികള്‍ നിങ്ങളെ ആകര്‍ഷിച്ച് വശം കെടുത്തും. നീളമുള്ള വരാന്തകളും തടി ഉപയോഗിച്ചുള്ള മേല്‍ക്കൂരകളും കാലാവസ്ഥയെ അതിജീവിക്കുന്ന തരം നിര്‍മാണരീതികളുമാണ് ഇവയെ ഇത്ര കാലവും നിലനിര്‍ത്തിയതെന്ന് പ്രശസ്തആര്‍കിടെക്ട് ടി എം സിറിയക് പറയുന്നു. നഗരത്തില്‍ കൃത്യമായ സ്ഥലങ്ങളില്‍ ഒരു ശില്‍പിയുടെ കരവിരുതില്‍ കെട്ടിടങ്ങള്‍ അറേഞ്ച് ചെയ്തതിലുമുണ്ട് സൗന്ദര്യം. ഇവ തലസ്ഥാനജീവിതത്തെ മൊത്തവും താളാത്മകമാക്കുന്നുന്നുവെന്ന സത്യത്തോടു നമുക്കും യോജിക്കാം. പിന്നെ പ്രധാനകെട്ടിടങ്ങളൊക്കെയും പണികഴിപ്പിച്ച ആയില്യം തിരുനാളിനോടും വിശാഖം തിരുനാളിനോടും കടപ്പെടുകയും ചെയ്യാം.
കിഴക്കേകോട്ട ഇവിടത്തെ ഒരു ലാന്‍ഡ്മാര്‍ക്കാണ്. കഴിഞ്ഞ 12 വര്‍ഷത്തോളമായി അതിന്റെ ലാന്‍ഡ് മാര്‍ക്ക് ചിന്നത്തായും. മാതളം, സപ്പോട്ട, ഉറുമാന്‍പഴം എന്നിവയുടെ ‘കച്ചോട’ക്കാരിയായ ഈ മധുരക്കാരി വല്ലപ്പോഴും മാത്രമേ നാട്ടിലേക്ക് പോവാറുള്ളൂ. എല്ലാം ഈ ഊര് താന്‍ എന്ന് അഭിമാനത്തോടെ പറയുകയും ചെയ്യും. ഇതിനടുത്തെ ചെറിയ ഊടു വഴിയിലൂടെ ശ്രീവരാഹക്കുളത്തിനടുത്തേക്ക് ഒരു ഷോര്‍ട് കട്ടുമുണ്ട്. ഇത്തവണ ഓണത്തിന് വരാഹക്കുളഠñപഴയതുപോലെ വള്ളം കളിയില്‍ ഓളമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷയും. .മൊത്തം എട്ട് ഏക്കര്‍ വരും കുളം. പത്മതീര്‍ഥകുളമുണ്ടായ കാലത്തേ ഇതും ഉണ്ടായെന്നാണ് ഈശ്വരന്‍മാരുടെ വെല്‍ അറേഞ്ച്ഡ് ഐതിഹ്യങ്ങള്‍..
രാജഭക്തിയും രാജ്യഭക്തിയും
തിരുവനന്തപുരത്തിന്റെ നിറം ഒരുപക്ഷേ, മഞ്ഞയാവും. എന്നും പൂത്തുനില്‍ക്കുന്ന മഞ്ഞവാകപ്പൂകളും വിഷുവെത്തും വളരെ മുമ്പേ നിറയുന്ന കൊന്നപ്പൂക്കളും നഗരത്തെ വ്യത്യസ്തമാക്കുന്നു. വികസനത്തിനു വേണ്ടി മരങ്ങള്‍ ഇല്ലാതാക്കാന്‍ ഇവിടുത്തുകാര്‍ക്ക് ഒട്ടും ഇഷ്ടമല്ലെന്ന് തോന്നുന്നു. സംശയമുണ്ടെങ്കില്‍ കവടിയാറും ശാസ്തമംഗലത്തും സെക്രട്ടറിയേറ്റ് പരിസരത്തുമൊക്കെ വെറുതെയൊന്ന് കറങ്ങിയാല്‍ മതി, കാണാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരമുത്തശിമാരെ.
നാട്ടുകാര്‍ക്ക് രാജഭക്തിയും രാജ്യഭക്തിയും ഒന്നാണ്്. ചരിത്രകാരനും അധ്യാപകനുമായ ഡോ. എം.ജി ശശിഭൂഷണ് പറയാനുള്ളത് അതിനെക്കുറിച്ച്. മുമ്പ് ശ്രീചിത്തിരുനാള്‍ ബാലരാമവര്‍മ രാജാവ് ചുവന്ന കൊടിയും ശംഖുമുദ്രയുള്ള, നമ്പര്‍ പ്ലേറ്റില്ലാത്ത റോള്‍സ് റോയ്‌സില്‍ കടന്നുപോവുമ്പോള്‍ മറ്റ് വാഹനങ്ങളൊക്കെ ബഹുമാനപൂര്‍വം നിര്‍ത്തിയിടുകയോ കടന്നുപോവാന്‍ വഴിയൊരുക്കുകയോ ചെയ്യുന്നത് ഒരു അപൂര്‍വകാഴ്ചയായിരുന്നു.
20 വര്‍ഷമായി നഗരത്തില്‍ ഓട്ടോയോടിക്കുന്ന ഹരികുമാറിനു പറയാനുള്ളതും രാജഭക്തികഥകള്‍. ‘മുമ്പൊരിക്കല്‍ രാജകുടുംബത്തിലെ ഒരംഗം ഈ ആട്ടോയില് തമ്പാനൂര്ന്ന് കേറിയതാ, കവടിയാര്‍ കൊട്ടാരത്തില് എത്തുന്നത് വരേയും എനിക്ക് ടെന്‍ഷനാരുന്നു. അങ്ങേര്‍ക്ക് എന്റെ ഡ്രൈവിങ് ഇഷ്ടപ്പെടുന്നില്ലേ, വണ്ടിക്ക് കുലുക്കം കൂടുന്നുണ്ടോ എന്ന ചിന്ത തന്നെ. അവസാനം കൊട്ടാരത്തിനു മുമ്പിലെത്തിയപ്പോയാ ശ്വാസം ന്യാരെ വീണത്. പൈസ വേണ്ടെന്ന് പറഞ്ഞെങ്കിലും അങ്ങേര് കൂടുതല് പൈസയും തന്നു..’
അരങ്ങിലെ കല ഇഷ്ടം
അരങ്ങിലെ കലയാണ് എന്നും തിരുവനന്തപുരത്തുകാര്‍ക്ക് പഥ്യം. ഒരുപക്ഷേ, അതുകൊണ്ടാവാം ആസ്ഥാനനര്‍ത്തകരും ഗായകരും നടന്‍മാരുമൊക്കെ കൂടുതലും തിരുവനന്തുപുരത്ത് തന്നെ. പണ്ടേ, പ്രോത്‌സാഹനം നല്‍കാന്‍ സ്വാതി തിരുനാളിനെപ്പോലുള്ളവരും പിന്‍തലമുറക്കാരും ഇവിടെയാണല്ലോ കൂടുതലും.
‘സി ഐ ഡി കണ്ണട’യുമായി നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് കവടിയാറുള്ള കോഫീ ഡേ ഷോപ്പിലാണ്. ഇവിടത്തെ ടേബിളിനു ചുറ്റും ഇരിക്കുന്നവരെല്ലാം സിനിമാമോഹികളാണ്. അവര്‍ കഥ ചര്‍ച്ച ചെയ്യുന്നു. തിരക്കഥ എഴുതുന്നു. പഴയ കാല കോഫീഹൗസുകളില്‍ തളിരിട്ട മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകളെപ്പോലെ പുതിയ സൗഹൃദത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ നെയ്യുന്നു.
‘ശരിക്കു പറഞ്ഞാല്‍ ഞങ്ങളുടെ ഓഫീസ് കൂടിയാണ് ഇതെന്നു പറയാം. എന്നും രാവിലെ എത്തും. കോഫിയും നുണഞ്ഞ് വൈകുന്നേരം വരെ ചര്‍ച്ചയും സ്‌ക്രിപ്റ്റ് ഡിസ്‌ക്രിപ്ഷനുമായിരിക്കും. ഞങ്ങള് മാത്രമല്ല, കണ്ടില്ലേ ദേ അവരും അതിനടുത്തിരിക്കുന്നവരുമെല്ലാം സിനിമാമോഹികള്‍ തന്നെ. പഴയ കാലത്ത് കോഫീ ഹൗസുകളാണെങ്കില്‍ ഇന്ന് ഈ കോഫീ ഡേയാണ് ഞങ്ങള്‍ യങ്‌സ്‌റ്റേര്‍സിന്റെ സ്ഥിരം സെന്റര്‍..’
യുവസിനിമാക്കാരായ കൃഷ്ണമുരളിയും ഗിരീഷ് കൃഷ്ണനും അവരുടെ ഇറങ്ങാന്‍ പോവുന്ന ‘ലെറ്റ് മി’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ മുഖചിത്രം കാണിച്ചു.
സമരകാഹളങ്ങളുടെ തലസ്ഥാനം
മുന്‍മേയറും എം എല്‍ എയുമായ വി ശിവന്‍കുട്ടിയുടെ അഭിപ്രായത്തില്‍ തലസ്ഥാനത്തെ രാഷ്ട്രീയം മറ്റുജില്ലകളിലെപ്പോലെ പ്രക്ഷുബ്ധമല്ലെന്നാണ്. സ്ഥിരമായി ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയെ മാത്രം തിരഞ്ഞെടുത്ത ചരിത്രവുമില്ല തലസ്ഥാനത്തിന്. കൃത്യമായും സ്ഥാനാര്‍ഥി വിലയിരുത്തല്‍ നടത്തിയിട്ടേ, നാട്ടുകാര്‍ വോട്ടു കൊടുക്കൂ. പിന്നെ തലസ്ഥാനഗരി ആയതിനാല്‍ സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിന് സ്വാഭാവിക മാധ്യമശ്രദ്ധയും ജനശ്രദ്ധയും കൂടുന്നു. അത് ഏത് തലസ്ഥാനനഗരിയെടുത്തു നോക്കിയാലും സ്വാഭാവികവുമാണ്. എല്ലാ രാഷ്ട്രീയക്കാരേയും അഅന്യദേശക്കാരേയും സൗഹൃദപൂര്‍വം സ്വാഗതം ചെയ്യുന്നതാണ് ഇവിടുത്തുകാരുടെ രീതി. കഴിവിനെ അവര്‍ എന്നും അംഗീകരിക്കും. നന്‍മ കാണുകയാണെങ്കില്‍ സ്വയം മറന്നു സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. മുമ്പ് പോളിടെക്‌നിക് സമരകാലത്ത് കാര്‍ത്തികതിരുനാള്‍ ആഡിറ്റോറിയം മാര്‍ച്ചില്‍ ആണുങ്ങളെയെല്ലാം പോലീസ് ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടികളെ സംഘടിപ്പിച്ച് സമരം നയിച്ച ചരിത്രം എം എല്‍ എ വീണ്ടുമോര്‍ക്കുന്നതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. അന്ന് സമരം നയിച്ചവരിലൊരാള്‍ ഇന്ന് ആജീവനാന്തം കൂടെയുണ്ട്. ഭാര്യ പാര്‍വതി.
സദ്ദാംñഹുസൈനെ തൂക്കിലേറ്റിയ നാള്‍ സ്വന്തം നാടായ തിക്രിത്തില്‍ പ്രകടനം നടത്തുന്നതിനുമുമ്പേ പ്രകടനം നടത്തിയവരാണ് യൂണിവേഴ്‌സിറ്റി കോളജുകാര്‍. 145 വര്‍ഷത്തെ പഴക്കമുള്ള കോളജില്‍ കെ ആര്‍ നാരായണനും ഒ എന്‍ വിയുമുള്‍പ്പെടെ അതിപ്രശസ്തരൊക്കെ പഠിച്ച കഥയുടെ ആത്മവിശ്വാസത്തിലുമാണ് ഇസ്‌ലാമിക് ഹിസ്റ്ററി ബാച്ചിലെ ദീപുവും അനീഷും കൂട്ടുകാരും. മുമ്പ് കോളജ് സന്ദര്‍ശിച്ച ഗാന്ധിജിയുടെ കണ്ണട ഫ്രെയിം ഇന്നും പ്രിന്‍സിപ്പല്‍ റൂമില്‍ ഭദ്രമാണ്. ‘മൊത്തം 23 ഡിപാര്‍ട്‌മെന്റുകള്‍ ഉണ്ട് ഇവിടെ. അന്യജില്ലകളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെയെത്തുന്നത് ഇവിടത്തെ ലൈബ്രറി പോലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാണ്. വിദ്യാഭ്യാസത്തിന് തലസ്ഥാനഗരി നല്‍കുന്ന വില അത്രയും വലുതാണ്.’ കോളജ് പ്രിന്‍സിപ്പല്‍ ഡി. പ്രേംലാലിന്റെ വാക്കുകളിലെ അഭിമാനം മൊത്തം നാടിന്റേയും അനുഭവമായതു പോലെ..
മതമേതായാലും..
കിം കിം ഡൂക്കിന്റെ ആരാധകനായ സുഹൃത്തിനു വേണ്ടിയാണ് കുറച്ചു ഡിവിഡികള്‍ വാങ്ങാനായി ബീമാ പള്ളി പരിസരത്തെത്തിയത്. ഇടയ്ക്ക് പള്ളിയിലും കയറി. ജാതിമത വ്യതാസങ്ങള്‍ക്ക് അതീതമായി എല്ലാ മതസ്ഥരേയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് പള്ളി. ‘അശരണര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം. മതില്‍ക്കെട്ടുകളൊന്നുമില്ല.’ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെ കഴിയുന്ന നബീസയുടെ വാക്കുകളില്‍ ഉറച്ച വിശ്വാസവും തെളിവുമുണ്ട്. എല്ലാ ജാതിമതസ്ഥര്‍ക്കും എന്നും ബീമാബീവിയുടേയും പുത്രന്‍ മാഹീന്‍ അബൂബക്കര്‍ വലിയുള്ളാഹിയുടേയും അനുഗ്രഹമുണ്ടെന്നാണ് വിശ്വാസം. വ്യാഴായ്ചയും ഞായറാഴ്ചയുമാണ് കൂടുതല്‍ തിരക്ക്. വ്യാഴായ്ച വരുന്നവരെല്ലാം പള്ളിയില്‍ കഴിച്ചുകൂടും. വാസന തിരികള്‍ കത്തിച്ചുവെച്ച് ചെറിയ മണ്‍കലങ്ങളും അലുമിനിയം പാത്രങ്ങളും തലയില്‍ വെച്ച് വിനയത്തോടെ ഏഴുപ്രാവശ്യം പള്ളി പ്രദക്ഷിണം ചെയ്ത് നേര്‍ച്ച പൂര്‍ത്തിയാക്കും. ഒരു ചന്ദനക്കുട നേര്‍ച്ചയുടെ ആരവം ഇവിടെതുടങ്ങുകയായി.
സീരിയലുകളുടെ സ്വന്തം ഇല്ലം
കേരളത്തിലെ ഒരുവിധം എല്ലാ സീരിയലുകളുടേയും ലൊക്കേഷന്‍ തിരുവനന്തന്തപുരമാണ്. തിരക്കഥാകൃത്തും ശ്രീഗുരുവായൂരപ്പന്‍ പോലുള്ള സീരിയലുകളുടെ രചയിതാവുമായ ടി. ശത്രുഘ്‌നന് പറയാനുള്ളത് ഇതിലൂടെ തലസ്ഥാനനഗരി ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യവസായം കൂടി തുടങ്ങിയിരിക്കുന്ന കാര്യമാണ്.
‘ശംഖുമുഖം കടപ്പുറം, ചിത്രാഞ്ജലി, അഭയ, എ ആര്‍ എസ്, പിന്നെ കുറേ വീടുകള്‍ തുടങ്ങി സീരിയലിന് അനുയോജ്യമായ നിരവധി ലൊക്കേഷനുകളുണ്ട് ഇവിടെ. സീരിയലില്‍ ചാന്‍സ് ചോദിച്ചു വരുന്നവരോടെല്ലാം ഞാന്‍ പറയാറുള്ളത് ആദ്യം തിരുവനന്തപുരത്തെ ഇഷ്ടപ്പെടാനാണ്. പിന്നെ ഇവിടെ വന്ന് താമസിക്കുക. നിഷ്‌ക്കളങ്കരാണ് സാധാരണക്കാരില്‍ കൂടുതലും. അല്ലാതെ ഇവരാരും ഭീകരരോ കണ്ണില്‍ ചോരയില്ലാത്തവരോ അല്ല.’
കോഴിക്കോടുകാരനായ തിരക്കഥാകൃത്ത് പറഞ്ഞുനിര്‍ത്തുമ്പോഴേക്കും ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ വയലാര്‍ മാധവന്‍ കുട്ടി അടുത്ത സീനിനെക്കുറിച്ചറിയാന്‍ വിളിച്ചു.
തിരോന്തോരത്തെ ‘കലിപ്പും’ ‘കട്ട’യും
നഗരത്തിലേറെ ചുറ്റിയിട്ടും അധികമൊന്നും കേള്‍ക്കാത്തത് രാജമാണിക്യത്തിന്റെ കലിപ്പു തീരാത്ത തിരോന്തോരം ഭാഷ. ചോദിച്ചപ്പോള്‍ വിശദമാക്കിത്തന്നത് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ അസ്‌ലമും മനോജും. ‘അതൊക്കെ കേള്‍ക്കണമെങ്കില് നിങ്ങളങ്ങ് നെയ്യാറ്റിന്‍കരയും മറ്റും പോണം. ടൗണ്‍ ഏരിയയില് ഇത്തരം ഭാഷയൊന്നുമില്ല. അതിന്ള്ള പ്രധാനകാരണം നഗരത്തിനു ചുറ്റുമുള്ളത് ഞങ്ങളെപ്പോലുള്ള മറുജില്ലന്‍ മലയാളികളൊക്കെത്തന്നെ.’
എങ്കിലും കേള്‍ക്കാതെ തരമില്ലല്ലോ എന്നായപ്പോഴാണ് ചാല മാര്‍ക്കറ്റിലേക്കൊരു വീണ്ടുമൊരു ഇറക്കമിറങ്ങിയത്. ഇല്ല. ഇവിടെയുമില്ല.. ഇല്ലെന്ന് ഉറപ്പിക്കാനൊരുങ്ങുമ്പോള്‍ ദൈവാനുഗ്രഹം പോലെ രണ്ട് അസല്‍ തിരോന്തോരക്കാര് മുന്നില്‍ ചാടി. ‘എന്തര് ണ്ണാ, ക്യാമറായൊക്കെയായി?’
‘അല്ല, മാര്‍ക്കറ്റിന്റെ ഫോട്ടോയെട്ക്കാന്‍..’
‘തന്നേ? ഫ്രീ ആണ്ണോ?’
‘ഉം..’
‘എങ്കീ, ദേ ഞങ്ങടെയൊരു കലിപ്പ് ഫോട്ടോയെട്ത്താട്ടെ. കട്ടയായിരിക്കണം, കേട്ടാ?’
ഫോട്ടോഗ്രാഫര്‍ അവരുടെ പടമെടുപ്പ് തുടങ്ങിയപ്പോഴേക്കും ആ കാര്യത്തിലും കിട്ടി, സമാധാനവും സൊലൂഷനും.
തലസ്ഥാനത്തെ സ്ത്രീജീവിതം
‘പേര് ഗിരിജ. ഈ മതിലില്‍ ഒട്ടിക്കുന്നത് പേള്‍സ് ഇന്ത്യ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന നെഹ്രു ട്രോഫി വള്ളം കളിയുടെ പോസ്റ്ററാണ്. ഞാന്‍ അതിന്റെ ഓര്‍ഗനൈസറുകളില്‍ ഒരാളാണ്. പിന്നെ സമയം! ഞങ്ങള്‍ സ്ത്രീകള്‍ ഇവിടെ പരിപൂര്‍ണസ്വതന്ത്രരാണ്. ഇതുവരേയും വൃത്തികെട്ട അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. തലസ്ഥാനനഗരത്തില്‍ എപ്പോള്‍ വേണമെങ്കിലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാം. അതിന് സമയോം കാലമൊന്നുമില്ല..’
സമയം രാത്രിയിലേക്കും വൈകിയിട്ടും തിരുവനന്തപുരത്തെ സ്ത്രീജീവിതം സ്വച്ഛന്തം ഒഴുകുകയാണ്. ആരെയും പേടിക്കാതെ തെരുവില്‍ പോസ്റ്ററുകള്‍ ഒട്ടിക്കാമെങ്കില്‍ തലസ്ഥാനത്തെ സ്ത്രീ അത്രയും സുരക്ഷിതയെന്നര്‍ഥം. രാത്രികളില്‍ റെസ്‌റ്റോറന്റുകളില്‍ നിറയുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളെ കാണുമ്പോള്‍ തലസ്ഥാനനഗരിക്കാരുടെ വീടുകളില്‍ വെച്ചു വിളമ്പുന്ന പാചകവൈദഗ്ധ്യം അല്‍പമൊന്ന് കുറഞ്ഞിട്ടുണ്ടോ എന്നാണ് എസ് ഐ ടി ഹോസ്പിറ്റലിലെ പീഡിയാട്രിക് പ്രഫസറായ ഡോ. കെ. ഇ എലിസബത്തിന്റെ സംശയം. ‘ഇങ്ങനെ ഫാസ്റ്റ്ഫുഡ് രീതിയിലേക്ക് മാറുന്നതിന്റെ കുഴപ്പം കാണാനുമുണ്ട്, തലസ്ഥാനത്തെ ആരോഗ്യരംഗങ്ങളില്‍. ഇപ്പോള്‍ കൂടുതല്‍ പേരും ഡയബറ്റിസ്, ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക് തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിസന്ദര്‍ശകരാണ്. തിരുവനന്തപുരത്ത് എന്തെങ്കിലും അടിയന്തിരമായി മാറണമെങ്കില്‍ ആരോഗ്യരംഗത്തെ അനാസ്ഥ മാറണമെന്നാണ് എനിക്കു തോന്നുന്നത്.’
ഡോ. എലിസബത്ത് കാര്യകാരണസഹിതം പറയുന്നു.
പ്രവാസികളേ ഇതിലേ ഇതിലേ..
കാര്‍ട്ടൂണിസ്റ്റും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമൊക്കെയായ പി. മോഹനന് സ്വന്തം നാടായ തൃശൂരിനേക്കാള്‍ ഇഷ്ടം ഈ അനന്തപുരിയാണ്. 1997 മുതല്‍ അദ്ദേഹം ഇവിടെയുണ്ട്. വികസനത്തെ അതിവേഗം സ്വീകരിച്ച് ബഹുദൂരം മുന്നില്‍ പായുന്നതിനേക്കാള്‍ ഇവിടത്തുകാര്‍ക്ക് ഇഷ്ടം അല്‍പമൊന്ന് തണല്‍ച്ചോലകളില്‍ മയങ്ങിയതിനു ശേഷം വീണ്ടും യാത്ര തുടരാനാണെന്ന് അദ്ദേഹം പറയുന്നു.
‘ഓര്‍മകളില്‍ ഉറങ്ങിക്കിടക്കുന്ന നഗരമാണ് തിരുവനന്തപുരം. വലിയ പണക്കാര്‍ പോലും വമ്പന്‍ കെട്ടിടങ്ങള്‍ പണിയാനോ പണം ധൂര്‍ത്തടിക്കാനോ അവരെ കിട്ടില്ല. രാജഭക്തി കാരണം രാജകൊട്ടാരത്തിനേക്കാള്‍ വലിയത് തങ്ങള്‍ക്കെന്തിനെന്ന ചിന്തയാവും. ഇനി രണ്ടുനില പണിതാലോ, താഴത്തെ നില വാടകയ്ക്ക് കൊടുക്കാനും ഏര്‍പ്പാടാക്കും. ഇടത്തരക്കാര്‍ക്ക് ഇത്രയും സൗകര്യത്തോടെ ജീവിക്കാനുള്ള മറ്റൊരു പട്ടണമില്ല. അടങ്ങിയൊതുങ്ങി സ്വന്തം താല്‍പര്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിപോഷിപ്പിക്കാന്‍ ആഗ്രഹഹിക്കുന്നവര്‍ക്ക് പറ്റിയ ജില്ല തന്നെയാണ് തിരുവനന്തപുരം.’
കാലസ്ഥിതി മുതല്‍ ഉള്ള നോവലുകളും കാരിക്കേച്ചര്‍ വരയും ഏഷ്യാനെറ്റില്‍ ടെലികാസ്റ്റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പാനല്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ ആയ ഭരതവാക്യം വരെയുള്ളവയ്ക്ക് പ്രചോദനം തിരുവനന്തപുരമാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. ഏത് പ്രവാസിയേയും അനന്തപുരി ഹൃദയപൂര്‍വം സ്വീകരിക്കുന്നു.
ഞങ്ങള്‍ മത്‌സരിക്കുന്നത്..
യാത്രയുടെ അന്ത്യം നഗരത്തിലെ ഹാന്റിക്രാഫ്റ്റ് കരകൗശലമേളയിലായിരുന്നു. പറഞ്ഞുകേട്ടതുപോലെ തിരുവനന്തപുരം മേളകളുടേയും ഫെസ്റ്റിവലുകളുടേയും കേന്ദ്രം കൂടിയാണ്. അതെ, അനന്തപുരിക്കക്കാരന്റെ മത്‌സരബുദ്ധി തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും അവന്‍ ശരിക്കും മത്‌സരിക്കുന്നത് അവനോടു തന്നെയാണ്. എല്ലാത്തിലും മാതൃകയാവുകയാണ് ലക്ഷ്യവും. കോഴിക്കോടിനോടും നെടുമ്പാശേരിയോടും എന്തിനേറെ ബാംഗ്ലൂര്‍ വിമാനത്താവളത്തിനോടുവരെ മത്‌സരിക്കുന്ന വിമാനത്താവളവും വിനോദസഞ്ചാരത്തിനായി പരസ്പരം മത്‌സരിക്കുന്ന കോവളവും നെയ്യാര്‍ ഡാമും പൊന്‍മുടിയുമല്ലാം ഇതിനുദാഹരണം മാത്രം. ഇനിയുമാരെങ്കിലും അവര്‍ക്കു നേരെ മൂന്ന് ആരോപണങ്ങളുമായി വന്നാല്‍ അതിനെ ചെറുക്കാന്‍ വര്‍ഷങ്ങളായി ഇവിടെ പ്രവാസñജീവിതം നയിക്കുന്നവരുടെ ഉദാഹരണസാക്ഷ്യവുമുണ്ട്. പി മോഹനന്‍ രോഷത്തോടെ ചോദിക്കുന്നു. ‘ആരാണ് പറഞ്ഞത് ഇവിടുത്തുകാര്‍ കണ്ണില്‍ ചോരയില്ലാത്തവരാണെന്ന്. എന്തെങ്കിലും അരാജകത്വം ഇവിടെയുണ്ടെങ്കില്‍ അതിലും കൂടുതല്‍ മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്റെ മൊബൈല്‍ ഫോണ്‍ രണ്ടു തവണ ഓട്ടോയില്‍ വെച്ചു മറന്നപ്പോഴും കൊണ്ടുതന്നവരാണ് ഇവിടുത്തുകാര്‍. മൂന്നാമതൊരു പ്രാവശ്യം നാട്ടില്‍ വെച്ചു മറന്നപ്പോ, അതിന്റെയൊരു അഡ്രസുമില്ലായിരുന്നു...’
..ആയതിനാലും സി ഐ ഡികള്‍ക്ക് നേരിട്ടു ബോധ്യം വന്നതിനാലും തലസ്ഥാനത്തെക്കുറിച്ചുള്ള ആദ്യരണ്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും മൂന്നാമത്തെ ആരോപണം കേന്ദ്രറെയില്‍വേ മന്ത്രാലയത്തിനു വിടണമെന്നും ഉത്തരവിടുന്നു..


ഷഫീഖ് കടവത്തൂര്

Thursday, November 10, 2011

പിന്തുണ പ്രഖ്യാപിച്ചു കൊടുക്കപ്പെടും!


പിന്തുണ പ്രഖ്യാപിച്ചു കൊടുക്കപ്പെടും!

ഈയിടെയായി സത്യഗ്രഹമാണ് ഇന്ത്യയിലെ ഫാഷന്‍. മറ്റ് രാജ്യങ്ങളില്‍ സായുധ രക്തരൂഷിത വിപ്ലവങ്ങള്‍ ആഞ്ഞടിക്കുമ്പോള്‍ തടിയ്ക്ക് അധികം കേടില്ലാത്ത ഈ വിപ്ലവമാര്‍ഗത്തിന് പിന്തുണ പ്രഖ്യാപിക്കാനുള്ള തിരക്കാണ് എല്ലാ സെലിബ്രിറ്റികള്‍ക്കും. പ്രത്യേകിച്ച് സിനിമാക്കാര്‍. ഉള്ള പ്രശസ്തി പോരാഞ്ഞ് ആരെങ്കിലും എന്തെങ്കിലും തുടങ്ങിക്കഴിഞ്ഞാല്‍, അപ്പോള്‍ ഇവര്‍ പിന്തുണ പ്രഖ്യാപിച്ചു കളയും! ദേ, അണ്ണാ ഹസാരേ സമനിനിര്‍ത്തിയ ഒഴിവില്‍ ഇതാ, ഇവിടെ തമിഴ്‌നാട്ടിലും ഒരു സത്യാഗ്രഹം തുടങ്ങാന്‍ പോവുന്നു. അതിനു പിന്തുണ പ്രഖ്യാപിക്കാന്‍ മുന്നില്‍ നിന്ന് തിരക്ക് കൂട്ടുന്നതോ, തമിഴ് സിനിമാലോകവും. സംഗതി രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ വിധിച്ചവരെ മൂന്ന് പേരേയും മോചിപ്പിക്കാനുള്ള സമരത്തെക്കുറിച്ചാണ്. അല്‍പം രാഷ്ട്രീയം തന്നെയെന്ന് സാരം.
മദ്രാസ് ഹൈക്കോര്‍ട്ട് കഴിഞ്ഞാഴ്ചയാണ് മൂന്ന് പേര്‍ക്കും വധശിക്ഷ പ്രഖ്യാപിച്ചത്. ഇപ്പോള്‍ വെല്ലൂര്‍ ജയിലിലുള്ള പേരരിവാളന്‍, സന്താന്‍, ശ്രീഹരന്‍ ഏലിയാസ് മുരുകന്‍ എന്നിവരെ വരുന്ന
സെപ്തംബര്‍ 9 ന് തൂക്കിലേറ്റാനാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് തമിഴ് നാട്ടിലെ സന്നദ്ധസംഘടനകളും രാഷ്ട്രീയക്കാരും വിദ്യാര്‍ഥികളുമടങ്ങുന്ന ജനസമൂഹം അനിശ്ചിതകാല നിരാഹാരം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന് പിന്തുണ പ്രഖ്യാപിക്കാനാണ് തമിഴ് സിനിമാലോകത്തിന്റെ മത്‌സരം. സേവ് പേരരിവാളന്‍ എന്നാണ് എന്നാണ് ഈ കാംപയിനിന്റെ പേര്. ഏതായാലും അണ്ണാ ഹസാരേയുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഉപവാസമിരുന്ന താരങ്ങളൊക്കെയും ഇതിനും മുന്നിലുണ്ടാകുമോ എന്ന് കണ്ടറിയാന്‍ കാത്തിരിക്കുകയാണ് ഫാന്‍സുകാരും ആവേശക്കമ്മിറ്റിയുമല്ലാം.

Monday, November 7, 2011