Wednesday, June 8, 2011


എനിക്ക് ചേതന്‍ ഭഗത് ആവണം എട്ട്
എട്ട്‌



എട്ട്



2010 ഏപ്രില്‍ 18.
കൊടും ചൂടില്‍ വലഞ്ഞ് ഭൂമീദേവിയേയും സൂര്യനേയും പ്രകൃതിയേയും സര്‍വ്വോപരി ദൈവവത്തേയും കുറ്റപ്പെടുത്തുകയായിരുന്നു നാട്ടുകാര്‍. അവരുടെ നെറ്റിയിലൂടെ വിയര്‍ത്തു തുളുമ്പി വീണ ജലാംശത്തിനു പോലും ഒരു ഒരു ചുടുചായയുടെ പരിവേഷമായിരുന്നു. ഒരു മഴ, ഒരു മഴ, ഒരു പെരുമഴയെങ്കിലും പെയ്തു വീഴുന്ന ദിവസത്തിനു വിദൂരമായെങ്കിലും സ്ഥാനമുണ്ടാവുമോയെന്ന് അവര്‍ തീവ്രമായി അഭിലഷിച്ചിരുന്നു, ആ നാളുകളില്‍.
ആഗോളതാപനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് നേതൃത്വം നല്‍കാനാണ് ഇസ്‌നാനി വളരെക്കാലത്തിനു ശേഷം അന്ന് ആ നഗരത്തിലെത്തിയത്. ( ഓ, എന്നോടു ക്ഷമിക്കൂ, നമുക്ക് പതിവുപോലെ വീണ്ടും ആ കളി തുടങ്ങാം. ഇതിനകം ഇത് എന്റെ ആത്മകഥാകാരന്റെ മൂന്നാം അധ്യായമായതിനാല്‍ ഇസ്‌നാനിയുടെ പേരില്‍ വരുന്ന മാറ്റം പത്രത്തില്‍ പരസ്യം ചെയ്യാം. ഇനി മുതല്‍ കുറഞ്ഞത് ഈ അധ്യായം അവസാനിക്കുന്നതു വരെയെങ്കിലും ഇസ്‌നാനിയുടെ പേര് സലാസ് എന്നാണ്.
സലാസ്.)
അനുദിനം ചുട്ടുപഴുത്തുകൊണ്ടിരിക്കുകയായിരുന്നു നഗരം, അപ്പോള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 52 ഡിഗ്രി സെല്‍ഷ്യസില്‍ ഊഷ്മാവ് ഒരു അട്ടയെപ്പോലെ കടിച്ചുനിന്നിരുന്നതിനാല്‍ എയര്‍ കണ്ടീഷണറുകള്‍ വില്‍ക്കുന്ന കടകള്‍ക്കു മുന്നില്‍ നീണ്ട ക്യൂവിന്റെ വര തീര്‍ത്തിരുന്നു നാട്ടുകാര്‍. നഗരത്തിലെത്തിയതു മുതല്‍ കണ്ട ഈ പുത്തന്‍ ക്യൂ പ്രതിഭാസം കൂടി അന്നത്തെ പ്രഭാഷണത്തിലുള്‍പ്പെടുത്തേണ്ട വിഷയമായി സലാസ് അപ്പോള്‍ തന്നെ തന്റെ റൈറ്റിങ് പാഡില്‍ കുറിച്ചുവെച്ചു.
ഹോട്ടല്‍ മുറിയില്‍, സംഘാടകരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ സലാസിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അവര്‍ ഒരുക്കി എന്നതിനേക്കാള്‍ എല്ലാ സൗകര്യങ്ങളും വേണമെന്ന സലാസിന്റെ നിര്‍ബന്ധമായിരുന്നു മുന്‍പന്തിയില്‍. എവിടെ പോവുമ്പോഴും തന്റെ കാര്യങ്ങളെക്കുറിച്ച് തന്റെ പി എയെക്കാള്‍ ഒരു പടി ശ്രദ്ധ തനിക്കു തന്നെയുണ്ടാവണമെന്ന് സലാസിനു നിര്‍ബന്ധമായിരുന്നു.
നഗരത്തിലെ പുതുതായി നവീകരിച്ച ടൗണ്‍ഹാളിലായിരുന്നു ബോധവല്‍ക്കരണപ്രഭാഷണം. കൃത്യസമയത്തിനും അരമണിക്കൂര്‍ താമസിച്ച് പരിപാടി നടക്കുന്ന ഹാളിലെത്താനുള്ള ഒരുക്കപ്പാടുകളെല്ലാം സലാസ് ആദ്യം തന്നെ ചെയ്തു. അരമണിക്കൂറോളം തന്റെ വണ്ടിക്കാരനെ ഹോട്ടലിനു മുന്നില്‍ കാത്തുനില്‍പ്പിച്ചു. വിദേശപത്രപ്രവര്‍ത്തകരടക്കം രാജ്യത്തിന്റെ എല്ലാ മാധ്യമസ്ഥാപനങ്ങളുടേയും സീനിയര്‍ എഡിറ്റര്‍മാര്‍ ടൗണ്‍ഹാളില്‍ അണിനിരന്നിരുന്നു. സലാസിന്റെ പ്രഭാഷണം ലൈവായി ചാനലുകളില്‍ സംപ്രേഷണം ചെയ്യാനായി നാലോളം ചാനലുകള്‍ സംഘാടകരുമായി ഭീമന്‍ തുകയ്ക്കുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.
സലാസ് ഹാളിലെത്തിയപ്പോള്‍ തന്നെ ആചാരവെടികളും പകല്‍ആകാശത്തില്‍ പൂത്തിരിയും കത്തിത്തെളിഞ്ഞു. പ്ലാസ്റ്റിക് പുഷ്പമാലകള്‍ പഞ്ഞമില്ലാതെ വിവിധ സംഘടനകളുടെ പ്രതിനിധിയായി സലാസിന്റെ കഴുത്തിലേക്ക് നീണ്ടു. ഇതിനൊപ്പം തന്നെ അണിയറയിലെ മൈക്കില്‍ നിന്നും ദൂരങ്ങള്‍ കേള്‍ക്കാവുന്ന സ്വരത്തില്‍, പ്രത്യേകപരിശീലനം നേടിയ വാചകക്കസര്‍ത്തുകാര്‍ വിശിഷ്ടാതിഥിയുടെ അപദാനങ്ങള്‍ വാഴ്ത്തിത്തുടങ്ങി. ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ വാക്കുകള്‍ ഉച്ചാരണശുദ്ധി കൈവിടാതെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചൊല്ലിയതിന് ഗിന്നസ് നോമിനേഷന്‍ കിട്ടിയവര്‍ കൂടിയായിരുന്നു അവര്‍. സലാസ് സ്‌റ്റേജിലെത്തി ഉപവിഷ്ടനാവുന്നതു വരെ ഭാഷയിലെ അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന വാക്കുകള്‍ കൊണ്ട് സലാസിനെ അപദാനിച്ചു. ആ അപൂര്‍വവാക്കുകള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കേ തന്നെ സ്വാഗതഭാഷകന്റേയും അധ്യക്ഷപ്രാസംഗികന്റേയും തെല്ലുനേരത്തെ വാക്കുകള്‍ക്കു ശേഷം സലാസ് മൈക് കൈയ്യിലെടുത്തു.

‘പ്രിയപ്പെട്ടവരേ,
സലാസ് പ്രഭാഷണമാരംഭിച്ചു.
(ഇതിനു മുമ്പുള്ള സലാസിന്റെ പ്രഭാഷണങ്ങളെല്ലാം ചരിത്രത്തില്‍ ഇടംപിടിച്ചവയായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ മറ്റു കഴിവുകള്‍ പോലെ ഇതും പുകള്‍പെറ്റതായിരുന്നു. പലപ്പോഴും പത്രങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണത്തെക്കുറിച്ച് മുഖപ്രസംഗമെഴുതുകയും അതിന്റെ സംക്ഷിപ്തരൂപം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.)
ആഗോളതാപനം എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ ചരിത്രം തന്നെയാണ്. നാമോരുത്തരും ചെയ്തതിന്റെ പിഴ. ഇപ്പോള്‍ ഇതാ, ഹരിതഭവനപ്രഭാവത്തിലൂടെ ഊഷ്മാവ് ക്രമാതീതതമായി ഉയരുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥേയ്‌നും ഭൂമിയ്ക്കു ചുറ്റും ഒരു വലയുമായി കാത്തിരിക്കുന്നു. എന്നിട്ടും നമ്മള്‍ ദൈവത്തെ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടു നില്‍ക്കുന്നു. നാം ചെയ്തതിന്റെ കര്‍മഫലം.
എല്ലാം നമ്മള്‍ ചോദിച്ചുവാങ്ങുകയാണ്. അസാധ്യമായ ചൂട്, കാറ്റിലുണ്ടാവുന്ന വ്യതിയാനം, സൂനാമി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എല്ലാം നാം ദൈവത്തോട് ഇരന്നുവാങ്ങുന്നു. ചൂടുള്ള വേനല്‍ക്കാലവും പതിവിലും ശൈത്യം കൂടിയ മഞ്ഞുകാലവും നമ്മെ വരവേല്‍ക്കുന്നു. മനുഷ്യത്വത്തിലേക്കും ഇതു വ്യാപിക്കുമ്പോഴാണ് ആഗോളതാപനത്തിന്റെ വ്യാപകപരിധി എത്രത്തോളമെന്ന് നാം ബോധവാന്‍മാരാവുന്നത്. കൊടിയ ചൂടിലും കൊടും തണുപ്പിലും മനുഷ്യനില്‍ സ്വാര്‍ഥതയുടെ വിത്തുകള്‍ മുളയ്ക്കുന്നു. മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുന്നു. ശരിക്കും ഭൂമിയേക്കാളേറെ മനുഷ്യനെയാണ്, മനുഷ്യപ്രകൃതിയേയാണ് ആഗോളതാപനം പ്രതികൂലമായി ബാധിക്കുന്നത്...’
സലാസ് കൈയ്യടിയുടെ പ്രകമ്പനത്തിനു സമയമായെന്ന മട്ടില്‍ ഒന്നു നിര്‍ത്തി. സദസിലെ ശുഷ്‌ക്കമായ കൈയ്യടികള്‍ക്കൊപ്പം ബിബിസിയില്‍ നിന്നും സി എന്‍ എന്നില്‍ നിന്നും നേരത്തെ റെക്കോര്‍ഡ് ചെയ്തു വാങ്ങിച്ച കൈയ്യടിയുടെ ഓഡിയോ കൂടി സംഘാടകര്‍ സന്ദര്‍ഭോചിതമായി ഓണ്‍ ചെയ്തതോടെ ജനസാഗരമിരമ്പി. കൈയടിച്ചവര്‍ പോലും തങ്ങളുടെ കൈകളുടെ കൂട്ടിമുട്ടലിലാണോ ഇതു പിറന്നതെന്ന സംശയത്തില്‍ വ്യാകുലരായി. സലാസിന്റെ സന്തോഷം അപ്പോള്‍ എല്ലാത്തിനേക്കാളും വലുതായിരുന്നു. ഈ വാര്‍ധക്യത്തിന്റെ യൗവനത്തിലും തന്നിലെ പ്രാസംഗികനും ബഹുമുഖപ്രതിഭയ്ക്കും കിട്ടുന്ന അംഗീകാരത്തില്‍ അയാള്‍ ഏറെ സന്തോഷിച്ചു. പിന്നീടുള്ള വാക്കുകള്‍ ആ സന്തോഷപ്രകടനത്തില്‍ ആമഗ്‌നമായിരുന്നതിനാല്‍ സ്വനതന്തുക്കളില്‍ നിന്നും പുറത്തുവരാതെ നിന്നു. ബിബിസി, സി എന്‍ എന്‍ ക്ലിപ്പിങ്ങുകള്‍ ഓഫ് ചെയ്യാന്‍ മറന്നതുകൊണ്ട് കൈയടിച്ചു കൊണ്ടേയിരുന്നു. സന്തോഷത്താല്‍ കണ്ണുനിറഞ്ഞ സലാസ് വാക്കുകള്‍ കിട്ടാതെ പ്രഭാഷണമവസാനിപ്പിച്ചു.

ആകസ്മികതകളില്‍ വലിയ വിശ്വാസിയായിരുന്നു സലാസ്. തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളിലും ആകസ്മികതകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടെന്ന് അയാള്‍ അനുമാനിച്ചിരുന്നു. ഇനി ജീവിതത്തിലെ രണ്ടു സന്ദര്‍ഭങ്ങള്‍ തമ്മില്‍ ആകസ്മികതകളില്ലെങ്കില്‍ ഒരുപാട് ചിന്തിച്ചുകൂട്ടി ഒടുവില്‍ അവ തമ്മില്‍ ആകസ്മികതകളുണ്ടെന്ന് സമര്‍ഥിച്ചിരുന്നു, മനസില്‍. അങ്ങനെ പുലബന്ധം പോലുമില്ലാത്ത പല കാര്യങ്ങള്‍ക്കും ആകസ്മികതയുടെ ആവരണം നല്‍കി സ്വയം മനസിനെ വിശ്വസിപ്പിക്കുന്ന ഒരു അന്ധവിശ്വാസി കൂടിയായിരുന്നു അയാള്‍. അല്ലായിരുന്നെങ്കില്‍ താന്‍ ആഗോളതാപനത്തെ പറ്റി സംസാരിക്കാന്‍ ആ നഗരത്തില്‍ തന്നെ വന്നതും ഹോട്ടലിലെ റിസപ്ഷനിസ്റ്റ് കാമിനിയെ കണ്ടതും അയാള്‍ താരതമ്യപ്പെടുത്തുമായിരുന്നില്ല.
പിന്നീട്, കോടതിയില്‍ അഭിഭാഷകരുടെ ഞരമ്പൂറ്റുന്ന ചോദ്യങ്ങള്‍ക്കു മുന്നിലും വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ക്കു മുന്നിലും തന്റെ തന്നെ പ്രതിച്ഛായയ്ക്കു മുന്നിലുമല്ലാം അയാള്‍ സ്വയം ന്യായീകരിച്ചതും താരതമ്യം ചെയ്തതും ആകസ്മികതകളായിരുന്നു.

ആഗോളതാപനവും കാമിനിയും തമ്മിലുള്ള ആകസ്മികത.

അല്ലെങ്കില്‍ എന്തിന് ആഗോളതാപനത്തെക്കുറിച്ചു സംസാരിക്കാന്‍ ഈ നഗരത്തില്‍ വന്നു?
ആഗോളതാപനത്തെക്കുറിച്ച് ഇവിടെ സംസാരിക്കാന്‍ വരുന്നതിനു മുമ്പു തന്നെ ഏറ്റിരുന്നതാണ് നാനോ ടെക്‌നോളജിയെക്കുറിച്ച് ലോകത്തിലെ അംബരചുംബികളുടെ നാട്ടിലെ പ്രഭാഷണപരമ്പര. പക്ഷേ, അവസാനനിമിഷം അവിടങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പരിപാടി അനിശ്ചിതമായി നീട്ടിവയ്ക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് വിധിയുടെ ആകസ്മികതയെന്ന പോലെ ഈ പരിപാടി ഏറ്റെടുക്കുന്നതും ഇവിടേക്കു വരുന്നതും. അതായത് ആകസ്മികതയുടെ ഒന്നാമത്തെ ഘട്ടമാണ് തന്നെ ഇവിടെ എത്തിച്ചത്. രണ്ടാമത്, ഇതിനടുത്തുള്ള മറ്റൊരു ഹോട്ടലായിരുന്നു ആദ്യം താമസത്തിനു ബുക്ക് ചെയ്തിരുന്നതെങ്കിലും അതിന്റെ സ്റ്റാര്‍ പദവിയെക്കുറിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സംഘാടകര്‍ ഒടുവില്‍ ഇവിടെ ബുക്ക് ചെയ്യുകയായിരുന്നു. ആകസ്മികതകളുടെ മൂന്നാമത്തെ ഘട്ടം ഒരു സാദൃശ്യമായിരുന്നു. തന്റെ ജനനരേഖകള്‍ അടുക്കിവെച്ച ചുവന്ന പട്ടുതൂവാലയും കാമിനി അണിഞ്ഞിരുന്ന അതേ നിറത്തിലുള്ള മിഡിയും ഫ്രോക്കും. അവ കണ്ണുകളെ പറിച്ചുനടാനാവാത്ത വിധം കൊളുത്തിപ്പിടിച്ചിരുന്നു. നാലാമത്തെ ആകസ്മികത സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രഭാഷണത്തിനു ശേഷം മുറിയിലേക്കു പോവാന്‍ ലിഫ്റ്റിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ആദ്യമായി റിസപ്ഷനിസ്റ്റ് കാമിനിയെ ശ്രദ്ധിച്ചത്. സത്യം പറയാമല്ലോ, അപ്പോള്‍ അങ്ങോട്ട് ശ്രദ്ധിക്കേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. എന്നിട്ടും കണ്ണുകള്‍ അവിടേക്ക് തന്നെ നീണ്ട് റിസപ്ഷനിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടമായി, ആ ചെറിയ ഇടവേളയിലും.
ആകസ്മികതയുടെ അവസാനപടി റിസപ്ഷനിസ്റ്റിനെ തന്റെ മുറിയിലേക്കു വിളിച്ചതാണ്.

കാമിനി വളരെ പ്രതീക്ഷയോടെയും വിനയത്തോടെയും മുറിയില്‍ വന്നു നിന്നു. അവളുടെ കൈയ്യില്‍ ഒരു ഓട്ടോഗ്രാഫ് പുസ്തകവും ഉണ്ടായിരുന്നു. ആ ഹോട്ടലില്‍ വരുന്ന മഹാരഥന്‍മാരൊക്കെയും ആ സ്വകാര്യശേഖരത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ചിരുന്നു.
‘ഇരിക്കൂ..’
സലാസ് പതുക്കെ കട്ടിലില്‍ നിന്നെഴുന്നേറ്റു.
അപ്പോഴും കാമിനി തന്റെ ആരാധനാമൂര്‍ത്തിയെ തന്നെ നോക്കി നിന്നു. അവള്‍ക്ക് അപ്പോഴും ഒന്നും മനസിലായിരുന്നില്ല. ഓട്ടോഗ്രാഫിനെ വിലയം ചെയ്തിരുന്ന വിരലുകള്‍ വിറച്ചുതന്നെ നിന്നു. ഓട്ടോഗ്രാഫ് ചോദിക്കാനുള്ള അനുകൂല സന്ദര്‍ഭത്തെ കാത്തിരിക്കുകയാവണം അവ.
പതുക്കെ സലാസ് അവളുടെ തോളില്‍ കൈവെച്ചു. ‘റ’ വട്ടത്തില്‍ അവളുടെ സ്വര്‍ണനിറമാര്‍ന്ന തോളുകള്‍ നഗ്‌നമായിരുന്നു.
അവള്‍ ഒരു സ്വപ്നത്തില്‍ നിന്നെന്ന പോലെ എഴുന്നേറ്റു.
‘സര്‍..’
അര്‍ധനിമീലനേത്രങ്ങളില്‍ അത്ഭുതം കുറിച്ചുകൊണ്ട് അവള്‍ ചോദ്യചിഹ്‌നമായി.
പിന്നെ നടന്നത് ഒരു ബലാത്‌സംഗമായിരുന്നു. സ്ത്രീയെ ഏറ്റവും ക്രൂരമായി അറിയാനുള്ള മാര്‍ഗം. ഒരു സുമോ ഗുസ്തിയിലെന്ന പോലെ ശീതീകരിച്ച മുറിയിലെ കിടക്കയിലേക്ക് സലാസ് അവളെ എടുത്തുയര്‍ത്തി വലിച്ചെറിഞ്ഞു. ആ വീഴ്ചയില്‍ അവളുടെ തല ഇടിച്ചത് കട്ടിലിന്റെ ഉയര്‍ന്നുനിന്നതും കൂര്‍ത്തതുമായ കോണോടായിരുന്നു. ഒരു നിലവിളിയില്‍ മുറിയാകമാനം ശബ്ദമയമായി. തലയുടെ പിന്‍ഭാഗത്തു നിന്നും രക്തച്ചാലുകള്‍ നിലത്തേക്ക് ഇറ്റു വീണു. അവ അരിച്ചരിച്ച് വുഡ് ഫ്‌ളോറിങ് ചെയ്ത തറയുടെ അരികുകളിലേക്ക് കറുത്തു കയറി.
ഈയിടെ ഒരു ഇന്റീരിയര്‍ മാഗസിന്‍ ഏറ്റവും മനോഹരമായി ഇന്റീരിയര്‍ ചെയ്ത പത്തു ഇന്റീരിയറുകളിലൊന്നായി തിരഞ്ഞെടുത്തതാഅയിരുന്നു അവിടം. നിലത്തെ വുഡന്‍ ഫ്‌ളോറിങ്, കണ്‍സീല്‍ഡ് ലൈറ്റിങ്, ഡബിള്‍ ഡക്കര്‍ കട്ടില്‍, പുറത്തേക്ക് തുറക്കുന്ന ഓപണ്‍ സ്‌പേസ്, വരാന്ത, ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലുള്ള കര്‍ട്ടന്‍, സൈഡ് ടേബിള്‍, എല്‍ ഇ ഡി ലൈറ്റ് ഘടിപ്പിച്ച ലാംപ് ഷേഡ്, അഞ്ച് ഇതളുകളുള്ള ഫാന്‍, പുതിയ തരം സ്വിച്ച് ബോര്‍ഡ് തുടങ്ങി എല്ലാ ആധുനികതയുടെ മട്ടും ഭാവവും പേറിയിരുന്നു ആ ഇന്റീരിയര്‍. ഇതില്‍, അന്ന്, കാമിനിയുടെ മരണവെപ്രാളത്തില്‍ ആദ്യമായി ഉടയ്ക്കപ്പെട്ടത് സൈഡ് ടേബിളിനരികിലുള്ള ലാംപ് ഷേഡായിരുന്നു. ആദ്യ കടന്നുപിടുത്തത്തിന്റെ വേദനയില്‍ അവളുടെ കാലുകള്‍ അതിന്റെ വെളിച്ചം അപഹരിച്ചു. ശുദ്ധമായ പളുങ്കില്‍ പണിത ലാംപ് ഷേഡ് നിലത്തുവീണ് ഛിന്നഭിന്നമായി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കര്‍ട്ടനായിരുന്നു പിന്നീട് മരണവിധി. രണ്ടാമതായി വെപ്രാളത്തോടെ അവള്‍ കടന്നുപിടിച്ചത് അതിന്റെ കൊളുത്തുകളിലായിരുന്നു. അതു ഞാന്നു വീണതിന്റെ അതേ നിമിഷത്തിലായിരുന്നു സലാസ് അവളെ പൂര്‍ണമായി പ്രാപിച്ചതും അവളിലെ ജീവന്റെ കിളി കൂടു വിട്ട് പറന്നതും.
പക്ഷേ, എന്നിട്ടും കാമാര്‍ത്തിയില്‍ സലാസ് അതൊന്നുമറിഞ്ഞതായി ഭാവിച്ചില്ല. ( അവള്‍ മരിച്ചത് സലാസ് അപ്പോള്‍ അറിഞ്ഞിരുന്നുവോ എന്ന വിഷയത്തില്‍ പിന്നീട് നിരന്തരം ചര്‍ച്ചകളുണ്ടായെങ്കിലും ഭൂരിപക്ഷം പേരും സലാസ് അറിഞ്ഞിരുന്നുവെന്ന് തന്നെ ശക്തിയുക്തം സമര്‍ഥിച്ചതിനാല്‍ ഞാനുമവര്‍ക്കൊപ്പം ചരിക്കുന്നു. കാമിനി മരിച്ചത് അതേ നിമിഷത്തില്‍ തന്നെ സലാസ് അറിഞ്ഞിരുന്നു. പക്ഷേ, അയാള്‍ അത് അറിയാത്തതായി ഭാവിച്ചു.) അയാളിലെ അവസാനത്തെ ബീജവും പെയ്‌തൊഴിയുന്നതു വരെ അയാള്‍ അവളെ സംഗം ചെയ്തുകൊണ്ടേയിരുന്നു.

തന്റെ ജന്‍മരേഖകള്‍ തിരുത്തിയെഴുതിയ അന്നു മുതല്‍ സ്ത്രീയെ വന്യമായി അറിയാനുള്ള ആവേശം എന്നും സലാസില്‍ ഉണ്ടായിരുന്നു. ഏതു സ്ത്രീയേയും അവരുടെ അവയവസൗഷ്ഠവത്തോടെ അറിയുക. അതിനു അയാള്‍ക്ക് അവരുടെ അനുവാദവും വേണ്ടിയിരുന്നില്ല. പക്ഷേ, ഇങ്ങനെയുള്ള സംഗത്തില്‍ ആദ്യമായി ആയിരുന്നു ഒരു സ്ത്രീ കൊല്ലപ്പെടുന്നത്. അതും നൂറ്റാണ്ടുകള്‍ നീണ്ട അയാളുടെ ജീവിതപരിചയത്തിനിടയില്‍.

...കൊലപാതകത്തിനു ശേഷം മുറിയിലെ, അറ്റാച്ച്ഡ് ബാത്‌റൂമിലെ ഷവര്‍ ക്യുബിക്കിളിനു ചുവടെ മണിക്കൂറുകളോളം സലാസ് കിടന്നു. ജലധാരകള്‍ നാലു ഭാഗത്തുനിന്നും അയാളിലേക്ക് നനഞ്ഞുകയറി. ഇനിയെന്ത് എന്നതിനേക്കാള്‍ ചില വിജയചിന്തകളായിരുന്നു അയാളുടെ ഉള്ളില്‍. ഓരോ തവണയും സ്ത്രീയെ അറിയുമ്പോള്‍ ഉണ്ടാവുന്ന അതേ വിജയചിന്തകള്‍. പോലീസ് വരുന്നതിനു തൊട്ടടുത്ത നിമിഷങ്ങള്‍ വരെയും ജീവിതത്തിലെ ആകസ്മികതകളെക്കുറിച്ച് വീണ്ടും ചിന്തിക്കാനാരംഭിച്ചു. പതിവു പോലെ ചില സംഭവങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെങ്കില്‍ കൂടി അയാള്‍ അവയില്‍ സാമ്യതകള്‍ ആരോപിച്ചു.
ഒടുവില്‍ ഒരു ചെറിയ മയക്കത്തിനു ശേഷം എഴുന്നേറ്റ ഉടനെ നഗ്‌നനായി തന്നെ കട്ടിലിനടുത്തേക്കു നടന്നു. അവിടം അപ്പോഴേക്കും കാമിനിയുടെ രക്തം പൂര്‍ണമായും കട്ടപിടിച്ചു കിടന്നിരുന്നു. അയാളുടെ നഗ്‌നമായ കാല്‍വിരലോളം അവ കറുത്തു കിടന്നു. അറിയാതെ ആ തുള്ളികളില്‍ ചവിട്ടിയപ്പോള്‍ താന്‍ ശ്രദ്ധിക്കേണ്ടിയിരുന്നല്ലോ എന്ന മട്ടില്‍ അസ്വസ്ഥനായി. താന്‍ ഒരു തെളിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇനി ഇവ തുടച്ചുമാറ്റാനും തെളിവു നശിപ്പിക്കാനും എത്ര മേല്‍ അധ്വാനിക്കേണ്ടി വരും!

...പിന്നീടുള്ള സമയമത്രയും, പോലീസ് വരുന്നതു വരേയും കാമിനിയുടെ തണുത്തു മരവിച്ച ശരീരം തന്നെ നോക്കി നില്‍ക്കുകയായിരുന്നു അയാള്‍. വീണ്ടും വീണ്ടും നോക്കിനില്‍ക്കേ ഒരിക്കല്‍ കൂടി അതിലേക്ക് പടരാന്‍ തോന്നി. ജഡമായിട്ടു പോലും ആ സൗന്ദര്യം സലാസിനെ ഭ്രമിപ്പിച്ചു.
ഭ്രമം.
ഭ്രമം മാത്രം.
ഒരു മനുഷ്യനെ വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന കോടികളുടെ ഭാഗ്യക്കുറി.
വീണ്ടും ഒരു വട്ടം കൂടി നേരത്തെ എടുത്ത ടേക്ക് വീണ്ടുമെടുക്കാന്‍ സ്വയം ഉത്തേജിതനായ ഒരു സംവിധായകനായി അയാള്‍. വികാരം മരിച്ച കാമിനിയുടെ നിര്‍ജീവതയിലേക്ക് തന്റെ ജീവന്‍ കുത്തിവയ്ക്കുകയായിരുന്നു അയാള്‍. അയാളിലെ ഭ്രമാത്മകത അപ്പോള്‍ ഉച്ചസ്ഥായിയിലെത്തിയിരുന്നു.

...ഭ്രമാത്മകള്‍ക്കൊടുവില്‍ വാതിലില്‍ തട്ടി വിളിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഫോറന്‍സിക് വിഭാഗത്തിനും അധികമൊന്നും തെളിവുകള്‍ വേണ്ടിവന്നില്ല. തെളിവുകളെല്ലാം പൂര്‍ണനഗ്‌നരായി അവര്‍ക്കു മുന്നില്‍ കണ്‍കുളിര്‍ക്കെ മലര്‍ന്നു കിടന്നിരുന്നു.
ആദ്യമായി മുറിയില്‍ കാലെടുത്തുവെച്ച എസ് ഐ, സിനിമകളില്‍ കണ്ടതനുസരിച്ച് മുഖം ഒരു ഭാഗത്തേക്കു തിരിച്ച് ‘ഛെ’ എന്നു പറയുകയും ശവശരീരത്തോടുള്ള ആദരവാല്‍ തന്റെ തൊപ്പി അഴിച്ച് കൈയ്യില്‍ പിടിക്കുകയും ചെയ്തു. അതിനു ശേഷമാണ് സലാസിനു നേരെ മനസില്‍ പരമപുച്ഛവും ഒരു ബിംബമുടയുന്നതിന്റെ ലാഘവത്വവും നിറച്ചത്. എങ്കിലും അയാള്‍ സലാസിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് വസ്ത്രം ധരിക്കാന്‍ അനുവദിച്ചു. ആരെയും നഗ്‌നനായി അറസ്റ്റ് ചെയ്യുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. ആരെയും മാനസികമായി അവഹേളിക്കുന്ന തരത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് ജീവിതം അയാളെ പഠിപ്പിച്ചിരുന്നു. അതും ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധം സ്വന്തം ഭാര്യയിലൂടെയും.
തെരുവുവേശ്യയായിരുന്നു എസ് ഐ യുടെ ഭാര്യ. ഒരു രാത്രി വേശ്യാവൃത്തിയ്ക്കിടയില്‍ മന്ത്രിസമേതമാണ് അവളെ അറസ്റ്റ് ചെയ്തത്. പ്രായത്തിന്റെ ചോരത്തിളപ്പില്‍ അപക്വമായും അവിവേകത്തോടെയും ജോലിയെ ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു, അപ്പോള്‍ അയാള്‍. മന്ത്രിയേയും വേശ്യയേയും നഗ്‌നരായി തന്നെ അറസ്റ്റു ചെയ്തു നീക്കി. സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ഫുള്‍ സൈസ് പടവും എടുപ്പിച്ച് അടുത്ത ദിവസത്തെ പത്രത്തില്‍ വാര്‍ത്ത കൊടുക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും രാത്രി തന്നെ ചെയ്തു. പിന്നെ തന്റെ ചങ്കൂറ്റത്തിലും ജോലിയോടുള്ള ആത്മാര്‍ഥതയിലും ഊറ്റം കൊണ്ട് പിറ്റേന്ന് പ്രഭാതമാവാന്‍ കാത്തുനിന്നു. പക്ഷേ, പിറ്റേന്നു പത്രത്താളുകള്‍ മറിച്ചു തുടങ്ങിയ ഇന്‍സ്‌പെക്ടര്‍ക്ക് ജീവിതത്തില്‍ ആദ്യമായി ഫോട്ടോഷോപ്പ് എന്ന കംപ്യൂട്ടര്‍ സോഫ്റ്റ് വെയറിനോട് കടുത്ത ദേഷ്യവും അടക്കാനാവാത്ത പകയും തോന്നി. അത്രത്തോളം അത്ഭുതപ്പെടുത്തുന്നതായിരുന്നു, വാര്‍ത്തയും അനുബന്ധചിത്രവും. മന്ത്രിയ്ക്ക് പകരം നഗ്‌നനായി താന്‍! വേശ്യയ്ക്ക് മാറ്റമൊന്നുമില്ല. വാര്‍ത്തയിലൊരിടത്തും മന്ത്രിയുടെ പേരേയില്ല. എന്നാല്‍ അനാശാസ്യം നടത്തിയ പ്രതിയുടെ പേരും തന്റെ പേരും വിലാസവും അച്ചട്ടായി കിടക്കുന്നു!
തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നതും തേരുവുവേശ്യയെ ബലമായി അയാളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതും. ജനാധിപത്യം അതിന്റെ വിപ്ലവവിജയം ശരിക്കും ആസ്വദിക്കുന്ന നാളുകള്‍ കൂടിയായിരുന്നു അത്. അന്ന് ഇരുവരുടെയും കഴുത്തിലണിയാനുള്ള മാല സ്‌പോണ്‍സര്‍ ചെയ്തതും കാര്‍മികത്വം നിര്‍വഹിച്ചതും മന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളുമായിരുന്നു.

സ്‌റ്റേഷനിലെത്തിയപ്പോള്‍ മുതല്‍ പക്ഷേ, എസ് ഐ ഒരു പോലീസുകാരന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന എല്ലാ പൗരുഷചിഹ്‌നങ്ങളും വീണ്ടും അണിയുകയും സലാസിനെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ചോദ്യം ചെയ്യാനാരംഭിക്കുകയും ചെയ്തു. അയാള്‍ നേരിട്ടു തന്നെയായിരുന്നു സലാസിന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയത്.

No comments:

Post a Comment