Sunday, May 29, 2011


എനിക്ക് ചേതന്‍ ഭഗത് ആവണം ഏഴ്‌

ഏഴ്


ഇത് വാഹിദിന്റെ ജീവിതത്തിലെ രണ്ടാമത്തെ അധ്യായം.
ജീവിതം കഥകളില്‍ നിന്ന് വലുതായി വ്യത്യാസമില്ലെങ്കിലും അപ്രതീക്ഷിതമായി എന്തൊക്കെ സംഭവിക്കുന്നു എന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ലല്ലോ? അതിനാല്‍ അപ്രതീക്ഷിതമായതിനെ കാത്തിരിക്കുന്നതിനു പോലും ഒരു സൗന്ദര്യമുണ്ട്. ഒരു തരം ദേഷ്യവും വെറുപ്പും നിറഞ്ഞ സൗന്ദര്യം.
ഇങ്ങനെ ദേഷ്യവും വെറുപ്പും നിറഞ്ഞ കാത്തിരിപ്പിന്റെ സൗന്ദര്യം ആസ്വദിക്കുന്ന വാഹിദിനെ ഈ അധ്യായം മുതല്‍ നമുക്ക് ഇസ്‌നാനി എന്നു വിളിക്കാം.
രണ്ട് എന്നര്‍ഥം.
അല്ലെങ്കിലും എന്നും ഒരേ പേരില്‍ തന്നെ അറിയപ്പെടാന്‍ ആര്‍ക്കാണിഷ്ടം? പത്രത്തില്‍ തന്റെ പേരു മാറ്റിയ കാര്യം വിളംബരം ചെയ്യുന്ന ഒരു ഭാഗ്യാന്വേഷിയോടു ചോദിക്കൂ. ഇവിടെ പക്ഷേ, ഒരു ഭാഗ്യാന്വേഷി എന്നതിനേക്കാള്‍ ഒരു പരിഷ്‌ക്കര്‍ത്താവ് എന്ന മുഖമാണ് ഇസ്‌നാനിക്കു ചേരുക. ഒരിക്കലും ഏതെങ്കിലും ചട്ടക്കൂടില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഈ അധ്യായം അവസാനിക്കുന്നതു വരേയെങ്കിലും നിങ്ങള്‍ വാഹിദിനെ, ഇസ്‌നാനി എന്നു വിളിക്കുക.
ഇസ്‌നാനി എന്നു മാത്രം.

വീണ്ടും മരണത്തിന്റെ അടയാളങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതിനു മുമ്പ് ഇസ്‌നാനി പോയത് തന്റെ ജാതകക്കുറിപ്പുകള്‍ ഒന്നുകൂടി പരിശോധിക്കാനായിരുന്നു. വീട്ടിലെ പഴയ രേഖകളും തുണിസാമാനങ്ങളും സ്ഥാവരജംഗമവസ്തുക്കളും അടുക്കിവെച്ച ഭാണ്ഡങ്ങളില്‍ ഇസ്‌നാനി അന്വേഷിച്ചു. ഉദ്ദേശിച്ചതു കിട്ടിയില്ലെങ്കിലും ആ തിരച്ചില്‍ സന്തോഷം പകരുന്ന മറ്റു ചില വസ്തുക്കള്‍ ലഭിക്കാന്‍ സഹായിച്ചു. മുമ്പ് അവന്റെ അമ്മ കല്യാണത്തിനു ധരിച്ച പട്ടുസാരിയായിരുന്നു അവയിലൊന്ന്. പതിനേഴു വര്‍ഷം മുമ്പ് അതേ കല്യാണരാവിലാവാം അവ ഈ ഭാണ്ഡത്തിന്റെ അടിത്തട്ടില്‍ സ്ഥാനം പിടിച്ചത്. അതിനു മുകളിലായി അതാതു കാലത്തെ അപൂര്‍വമോ കുറേ കാലം മുഖ്യധാരയില്‍ സ്ഥാനം പിടിച്ചതോ ആയ മറ്റു വസ്തുക്കളും ഉണ്ടായിരുന്നെങ്കിലും കല്യാണസാരിയാണ് അയാളെ കൂടുതല്‍ ആകര്‍ഷിച്ചത്.
അവയിലെ നൂലുകള്‍ക്ക് അപ്പോഴും തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. വര്‍ഷമേറെ കഴിഞ്ഞിട്ടും പുതുമണം മാറാത്ത സ്വര്‍ണനിറമാര്‍ന്ന കാഞ്ചീവരം സാരി. ഒരു തവണ മാത്രം ഉപയോഗിക്കപ്പെടാന്‍ ഭാഗ്യം സിദ്ധിച്ച കല്യാണസാരി.
താനൊരു കവിയായിരുന്നെങ്കില്‍ അപ്പോള്‍ ആ ആശയം വെച്ച് കവിതയെഴുതുമായിരുന്നുവെന്ന് ഇസ്‌നാനി മനസില്‍ കണക്കുകൂട്ടി. താനൊരു ചിത്രകാരനായിരുന്നുവെങ്കില്‍ കാഞ്ചീവരം സാരിയുടുത്തു നില്‍ക്കുന്ന അമ്മയുടെ പടം വരയ്ക്കുമെന്നും.
അല്‍പനേരത്തെ ഭാവാത്മകമായ അത്ഭുതം കൂറലിനു ശേഷം അവന്‍ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. ആ തിരച്ചിലിനു ഒരു പ്രത്യേകതാളമായിരുന്നു. കൈയ്യില്‍ കിട്ടുന്ന വിശിഷ്ട വസ്തുക്കളെല്ലാം ഭംഗി ആസ്വദിച്ചതിനു ശേഷം മുറിയില്‍ വലിച്ചെറിയുകയോ അലങ്കോലമാക്കുകയോ ചെയ്യുക എന്നതായിരുന്നു അവന്റെ രീതി. അലങ്കോലമാണ് സൗന്ദര്യം എന്നായിരുന്നു അവന്റെ സങ്കല്‍പം. അലങ്കോലമായിക്കിടക്കുന്ന പഴയ കാല ചരിത്രരേഖകള്‍ ആദ്യം അവനില്‍ ദേഷ്യവും സഹതാപവും അത്ഭുതവും അവസാനമായി കൗതുകവും നിറച്ചു. ആ കൗതുകത്തിനും കാഞ്ചീവരം സാരിയുടെ നൂലിഴകളുടെ ആകാംക്ഷയായിരുന്നു. ഇടയ്ക്ക് കൂടി വന്ന കൗതുകം പെട്ടെന്ന് കുറയുകയും പിന്നെñഉയരുകയും ചെയ്തു. ഈയൊരു ഗ്രാഫിന്റെ അവസാന മിനുക്കുപണികളിലായിരുന്നു, ഇസ്‌നാനിക്ക് തന്റെ ജന്‍മരേഖ ലഭിച്ചത്.
ഇസ്‌നാനി അപ്പോള്‍ പെട്ടെന്ന് കരഞ്ഞു.
പെട്ടെന്ന് ചിരിച്ചു.
പെട്ടെന്ന് ഏങ്ങലടിച്ചു.

ജന്‍മരേഖകള്‍ അടുക്കിവെച്ച ചുവന്ന തുണിയ്ക്ക് കൂറയുടെ മണമായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം, (അല്ല നൂറ്റാണ്ടുകള്‍ക്കു ശേഷം) കാമിനിയുടെ കൊലപാതകം അന്വേഷിക്കാന്‍ വന്ന പോലീസുകാരും ഫോറന്‍സിക് വിഭാഗവുമാണ് അതിനു പഴുതാരയുടെ ഗന്ധമാണെന്ന് തിരിച്ചറിഞ്ഞതും ലോകത്തോടു പ്രഖ്യാപിച്ചതും.

ചുവന്ന തുണി അഴിച്ച്, അതിലെ ജന്‍മരേഖകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി ഇവയിലേതൊക്കെ തന്റെ ജീവിതത്തില്‍ നടന്നുവെന്ന് കൃത്യമായി ഓര്‍ക്കാന്‍ ഇസ്‌നാനി ശ്രമിച്ചു. എല്ലാം നടന്നില്ലെങ്കിലും ചിലതൊക്കെ നടന്നുവെന്ന കാര്യം മനസില്‍ ഒരു ഭാരമായി മൂടി. ആ ഭാരം കൂടിക്കൂടി വരവേയാണ് രേഖകളിലെ 28 എന്ന അക്കത്തിലേക്ക് എത്തിച്ചേര്‍ന്നത്.
കൃത്യം 28 വയസില്‍ താന്‍ മരിക്കും.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം അതിന്റെ സൂചനകളാണ്. പ്രധാന ബാറ്റ്‌സ്മാനു പുറമേ, പിഞ്ച് ഹിറ്റര്‍മാരേയും അപ്രധാന ബാറ്റ്‌സ്മാന്‍മാരേയും നൈറ്റ് വാച്ച്മാന്‍മാരേയും ഇറക്കുന്നതുപോലെ മരണദേവന്‍ തന്റെ കരുക്കള്‍ നീക്കുകയാണ്. ഒരു ക്രിക്കറ്റ് കോച്ചിനേപ്പോലെ.
മരണത്തിന്, മരണദേവന് എന്തു രൂപമാവാം ഉള്ളത് എന്നായി അടുത്ത ചിന്ത. (ഇസ്‌നാനിയുടെ ചിന്തകള്‍ വായനയെ വിരസമാക്കുമെങ്കിലും ഒരു അവാര്‍ഡ് സിനിമ കാണുന്ന ലാഘവത്വത്തിലേക്ക് നിങ്ങളുടെ മനസിനെ നയിക്കുന്നതിനു മുമ്പ് പറയട്ടെ, ഈ ചിന്തകള്‍ക്കു പോലും പ്രാധാന്യം ഏറെയുണ്ട്. നിങ്ങളുടെ ലാഘവത്വത്തേക്കാള്‍, മുദ്ര കുത്തലിനേക്കാള്‍ ഈ ചിന്തകളാണ് ഇസ്‌നാനിയുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്.)
പ്രപഞ്ചത്തിലെ ഏറ്റവും പരീക്ഷണതല്‍പരനായിരിക്കും മരണദേവന്‍. ചിലരെ തൊട്ടു തൊട്ടില്ല എന്ന രൂപത്തില്‍ തലോടും. ചിലരെ മരണമുഖം വ്യക്തമായി കാണിച്ചുകൊടുത്ത് ഒന്നുമറിയില്ലെന്ന ഭാവത്തില്‍ തിരിച്ചു വരുത്തും, മരണത്തേക്കാള്‍ ഭീതിദമായ ജീവിതത്തിലേക്കു തന്നെ.
മരണത്തെ തോല്‍പ്പിച്ചാല്‍ എന്തിനേയും തോല്‍പ്പിക്കാം. എല്ലാത്തിനേയും ജയിക്കാം. ആകസ്മികതായില്‍ കൂടിയാണെങ്കിലും മരണത്തെ തോല്‍പിക്കാനുള്ള ഒരു വഴി കണ്ടെത്തിയാല്‍ അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ വിജയം. ആ ആകസ്മികവഴിയാണ് ഇസ്‌നാനിയെ 28 വര്‍ഷങ്ങള്‍ക്കു ശേഷം പിന്നെയും രണ്ടു നൂറ്റാണ്ടു കൂടി ജീവിപ്പിച്ചതും പിന്നെ ആത്മഹത്യയിലെത്തിക്കുകയും ചെയ്തത്.

ഇസ്‌നാനിയുടെ ആത്മഹത്യയ്ക്ക് നിരവധി കാരണങ്ങളുണ്ടായിരിക്കാം. പക്ഷേ, മരിക്കുന്നതിനു ദിവസങ്ങള്‍ മുമ്പു തന്നെ ഇസ്‌നാനി കടുത്ത വിഷാദത്തിലായിരുന്നു. അപ്രതീക്ഷിത കുമ്പസാരവും കാമിനിയുടേള്‍പ്പെടെയുള്ള മറ്റു ചില സംഭവങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. ജന്‍മദിനമുള്‍പ്പെടെ അവസാന നാലു ദിവസങ്ങള്‍ ഇസ്‌നാനി കടുത്ത നിരാശയിലായിരുന്നു. വെറുതേയിരിക്കുമ്പോള്‍ പോലും തന്റെ ശ്വസനവും പോയി മറയുന്ന നിമിഷങ്ങളുടെ ടക് ടക് താളവും അയാളെ ആഴത്തില്‍ കുറ്റബോധമുള്ളവനാക്കുകയും പിന്നെ പതിയെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തതായിരിക്കാം.
2011 ജനുവരി 28 ന്.

മരിച്ചതിന്റെ നാലു നാളുകള്‍ക്കു ശേഷം മാത്രമാണ് ഇസ്‌നാനി മരിച്ച വിവരം പുറംലോകം അറിയുന്നത്. മെയിലുകളിലും ബ്ലോഗുകളിലും ടി വി ചാനലുകളിലും പത്രങ്ങളിലും കൃത്യം നാലാം നാള്‍ മുതല്‍ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍ അല്‍പാല്‍പമായി കാണിച്ചുതുടങ്ങി.
ചാനലിലെ മാറു മറയ്ക്കാത്ത അവതാരിക ദു:ഖപാരവശ്യം നിറഞ്ഞ മുഖഭാവത്തോടെ ഇങ്ങനെ പറഞ്ഞു.
‘ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും പ്രായം കൂടിയ ആളും വിവാദനായകനുമായ ഇസ്‌നാനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തന്റെ ബംഗ്ലാവിന്റെ ബാത് ടബിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇസ്‌നാനിയെക്കൂടാതെ ഇവിടെ മറ്റാരും താമസമില്ല. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ ഗന്ധം ശ്വസിച്ച് എത്തിയ നാട്ടുകാരാണ് വാതിലുകള്‍ പൊളിച്ച് അകത്തുകടന്ന് പുറത്തെടുത്തത്. മൃതദേഹത്തിന്റെ ലിംഗഞരമ്പുകള്‍ മുറിഞ്ഞ നിലയിലായിരുന്നു. ഇതൊരു ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരേയും സ്ഥിരീകരിക്കപ്പെട്ടില്ല. മരിക്കുമ്പോള്‍ ഇദ്ദേഹത്തിന് 228 വയസ് പ്രായമുണ്ടായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ..’
വാര്‍ത്താ അവതാരിക തുടര്‍ന്ന് പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു മാജിക് ഷോയിലെന്ന പോലെ അപ്രത്യക്ഷമാവുകയും തുടര്‍ന്ന് സ്‌ക്രീനില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊള്ളുന്ന ഒരു പശ്ചിമേഷ്യന്‍ രാജ്യത്തുനിന്നുള്ള തല്‍സമയദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു കലാപകാരിയെ മാതൃകാപരമായി തല കൊയ്ത് ശിക്ഷിക്കുന്നതിന്റെ വിവിധ ജനവികാരങ്ങള്‍. അതിനു ശേഷം വീണ്ടും ചാനല്‍ അവതാരിക പ്രത്യക്ഷയായി. ഇത്തവണ അവള്‍ മാറു മറച്ചിരുന്നു.

ഇസ്‌നാനിയുടെ മൃതദേഹം ആരും കുളിപ്പിക്കാനെടുത്തില്ല. ആരും ആചാരവെടി മുഴക്കിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചില്ല. ദേശീയപതാക താഴ്ത്തിക്കെട്ടുകയോ പതാകയ്‌ക്കൊപ്പം കറുത്ത തുണി കൂട്ടിച്ചേര്‍ത്ത് ഉയര്‍ത്തുകയോ ചെയ്തില്ല. പത്രങ്ങളിലോ ചാനലുകളിലോ അനുബന്ധവാര്‍ത്തകളൊന്നും നല്‍കിയതുമില്ല. ഒരു കാലത്ത് ആ ബംഗ്ലാവിന്റെ മുറ്റത്തും കോലായയിലും ചടഞ്ഞുകൂടിയിരുന്ന നായ്ക്കളോ പ്രാവുകളോ ഒന്നും തന്നെ ആ വഴി യാദൃശ്ചികമായി പോലും എത്തിനോക്കിയില്ല.
മറവു ചെയ്തു തീരുന്നതു വരെ കുഴിവെട്ടുകാരനടക്കമുള്ളവര്‍ മൂക്കു പൊത്തിക്കൊണ്ടു നിന്നു. ജഢത്തിന്റെ അവസാനഗന്ധവും മണ്ണിനുള്ളിലായെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അധികാരികള്‍ തങ്ങളുടെ ശ്വസനാവയവത്തെ മൂടി വെച്ച മാസ്‌ക്കുകളും കര്‍ച്ചീഫും എടുത്തുമാറ്റിയത്.
2011 ഫെബ്രുവരി 1 ന്.

പിറ്റേന്ന് വിലാപയാത്രയ്ക്ക് അറിഞ്ഞെത്തിയ കടുത്ത അനുയായികളില്‍ ചിലര്‍ ആവേശം പ്രകടിപ്പിച്ചെങ്കിലും രാജ്യസുരക്ഷയുടെ പേരില്‍ അവരെ പോലീസ് മുന്‍കൂറായി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പോലീസ് ഇസ്‌നാനിയുടെ സ്ഥാവരജംഗമവസ്തുക്കള്‍ എന്തൊക്കെയെന്ന് കണക്കാക്കി ബംഗ്ലാവ് സീല്‍ വെക്കുകയും കോടികളുടെ സ്വത്ത്, പരിശോധിച്ച പോലീസുകാരും അധികാരികളും കള്ളപ്രമാണങ്ങള്‍ ഉപയോഗിച്ച് കൈക്കലാക്കുകയും ചെയ്തു. അവര്‍ക്കും അവരുടെ രണ്ടു തലമുറയ്ക്കും ജോലി ചെയ്യാതെ ജീവിക്കാനുള്ള വിഹിതമുണ്ടായിരുന്നു അത്.

പഴമക്കാരുടെ ആലോചനകള്‍ക്കും ഓര്‍മ്മകള്‍ക്കും അതീതമായിരുന്നു, ഇസ്‌നാനിയെക്കുറിച്ചുള്ള ചിന്തകള്‍. എത്ര ആഴത്തില്‍ ചിന്തിച്ചിട്ടു പോലും അവരുടെ ഓര്‍മ്മകള്‍ക്ക് രണ്ടു അറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഓര്‍മകളുടെ ഒരറ്റം തേടിപ്പിടിച്ചു കഴിയുമ്പോഴായിരിക്കും മറ്റേയറ്റം അനുവാദമില്ലാതെ പിടിവിടുക. വര്‍ഷങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സ്ഥാനചലനം വന്നെങ്കിലും അവരുടെ പിന്നീടുള്ള ഓര്‍മ്മകളുടെ യാത്രകള്‍ക്ക് സത്യാന്വേഷിയായ ഒരു പട്ടാളക്കാരന്റെ ചിട്ടയായിരുന്നു. ഇസ്‌നാനിയെക്കുറിച്ചുള്ള ചരിത്രത്തിന് അവരുടെ മൂന്നാമത്തെ മുന്‍തലമുറ പറഞ്ഞ അറിവായിരുന്നു അവരുടെ ആദ്യഓര്‍മകള്‍. ഉറക്കമില്ലാത്ത രാത്രികളില്‍ കഥകള്‍ക്കു വേണ്ടി വാശി പിടിച്ച അവര്‍ക്ക് ഇസ്‌നാനിയെക്കുറിച്ചുള്ള വീരകഥകളായിരുന്നു മൃതസഞ്ജീവനിയും ഉറക്കഗുളികകളുമല്ലാം. ഇസ്‌നാനിയുടെ യൗവനമായിരുന്നു അവര്‍ക്കു രേഖപ്പെടുത്താനുള്ള വിധി.
ഇസ്‌നാനിയുടെ ജീവചരിത്രത്തിലങ്ങോളം വിശ്വസനീയവും അവിശ്വസനീയവുമായ കഥകള്‍ ധാരാളമുണ്ടായിരുന്നു. അതിനാല്‍ അവിശ്വസനീയമായതു തിരഞ്ഞെടുക്കുന്നതിനു മുമ്പ് നാലു പേരുടേയെങ്കിലും കുറിപ്പുകളില്‍ ഇവയ്ക്കു സാമ്യമുണ്ടോ എന്ന് കൃത്യമായി പരിശോധിച്ചിരുന്നു. ഇവ ഉറപ്പു വരുത്തിയിട്ടു മാത്രമേ അവസാനചരിത്രനിര്‍മിതിയില്‍ ഞാന്‍ ഏര്‍പ്പെട്ടുള്ളൂ.

ഒടുവില്‍, ഇതെഴുതി തുടങ്ങുമ്പോയേക്കും എന്റെ ആദ്യസൃഷ്ടി മുതലുള്ള സാഹിത്യശ്രമങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്ന പോലെ മുന്നില്‍ തെളിഞ്ഞുവന്നു.

മുതിര്‍ന്നതിനു ശേഷം ഞാന്‍ ആദ്യമെഴുതിയതു ഒരു സാഹിത്യനിരൂപണമായിരുന്നു. ഞങ്ങളുടെ ഭാഷയില്‍ നിന്നും 32 വിദേശഭാഷകളിലേക്ക് തര്‍ജുമ ചെയ്ത ഒരു സാഹിത്യസൃഷ്ടിയെ
അധികരിച്ചു കൊണ്ടെഴുതിയ എഴുത്ത്. ആ സൃഷ്ടിയിലെ നായകനു സംഭവിക്കുന്നñസ്വത്വñനഷ്ടത്തിലൂന്നിയുള്ളതായിരുന്നു ആ നിരൂപണം. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ സ്വത്വം നഷ്ടമാവുന്ന നായകന് പിന്നീട് കഥയിലങ്ങോളം ആത്മാവില്ലാതെ അലയേണ്ടിവരുന്നു. അതിനാല്‍ ഇതു കഥയുടെ ആത്മാവിനേയും ബാധിക്കുന്നതായും 32 ഭാഷയിലേയും വായനക്കാര്‍ക്ക് ആത്മാവില്ലാത്തവരുടെ ജല്‍പനങ്ങള്‍ സഹിക്കേണ്ടിവരുന്നുവെന്നുമായിരുന്നു എന്റെ നിരീക്ഷണം. എന്നാല്‍, എന്റെ നിഗമനങ്ങള്‍ എന്റെ മനസില്‍ തന്നെ കഴിയേണ്ടവയാണെന്നും അവ പൊതുജനമധ്യത്തില്‍ വിളമ്പേണ്ടവയോ പുസ്തകമാക്കേണ്ടവയോ അല്ലെന്നും അറിയിച്ചുകൊണ്ടുള്ള കുറിപ്പുകളാണ് പിന്നീടുള്ള ദിവസങ്ങളില്‍ എന്നെ വരവേറ്റത്. കഥാകൃത്ത് അടക്കം ഒരു വലിയ ജനക്കൂട്ടം എന്റെ നിലപാടിനെ പ്രതികൂലിച്ച് രംഗത്തെത്തി. ആ എഴുത്തുകാരന്‍ ഏതു ചവര്‍ എഴുതിയാലും തങ്ങള്‍ വായിച്ച് തൃപ്തിയടയുമെന്നും അതു ചോദിക്കാന്‍ ഞാന്‍ ആളായിട്ടില്ലെന്നും വായനക്കാര്‍ പ്രഖ്യാപിച്ചു. എന്റെ വീടിനു നേരെ കല്ലേറും തെറിവിളിയും പതിവായി. ഒടുവില്‍ എഴുത്ത് താല്‍ക്കാലികമായി നിര്‍ത്തി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഞാന്‍ മറ്റൊരു സാഹിത്യസൃഷ്ടി നടത്തിയത്. ഇത്തവണ അതൊരു ചെറുകഥയായിരുന്നു. പക്ഷേ, ആദ്യസാഹിത്യസൃഷ്ടിയുടെയത്രയും ജനശ്രദ്ധയോ നിരൂപകശ്രദ്ധയോ കിട്ടാതെ ചരമമടയാനായിരുന്നു അതിന്റെ വിധി. ഒരു നിരൂപകന്‍ ഒരിക്കലും കഥയെഴുതരുതെന്ന് എവിടെയൊക്കെയോ ആരൊക്കെയോ നിയമങ്ങള്‍ വിധിച്ചിരുന്നു. തുടര്‍ന്നായിരുന്നു നീണ്ട സാഹിത്യമൗനങ്ങളിലേക്ക് ഞാന്‍ കടന്നത്.
ഇപ്പോള്‍ ഇതാ, വീണ്ടും എഴുതാന്‍ തുടങ്ങിയപ്പോഴേക്കും എന്റെ മൗനങ്ങളും ആശ്ചര്യചിഹ്‌നങ്ങള്‍ പോലും അര്‍ഥവത്താവുന്നു. ഏതായാലും ഇസ്‌നാനിയുടെ ആത്മകഥയും അപ്രതീക്ഷിത ആത്മഹത്യയും എന്റെ സാധ്യതകളെ അത്രയേറെ വര്‍ധിപ്പിച്ചിരിക്കുന്നു.
ദേ, നോക്കൂ എന്റെ മേശപ്പുറത്തെ സാഹിത്യഅക്കാദമിയുടെ ഫെല്ലോഷിപ്പ്!
ദൈവമേ, ഞാന്‍ നിന്നേയും എന്റെ ആത്മകഥാകാരനായ ഇസ്‌നാനിയേയും മനസില്‍ ഒരായിരം വട്ടം സ്മരിക്കുന്നു.

Monday, May 16, 2011



ഭാഗം രണ്ട്‌

എനിക്ക് ചേതന്‍ ഭഗത് ആവണം
ആറ്‌


ആറ്




അനുബന്ധം:
ഈ ആത്മകഥയ്ക്ക് ഇങ്ങനെയൊരു അനുബന്ധക്കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. തീര്‍ച്ചയായും ഒരു ആത്മകഥയ്ക്ക് ഇങ്ങനെയൊരു അവസാന ഏച്ചുകെട്ടല്‍ അന്യായവുമാണ്. പക്ഷേ വിധിയുടെ ഇടപെടലിനെ മറികടക്കാനോ ചോദ്യം ചെയ്യാനോ ആര്‍ക്കാണ് സാധിക്കുക? വിധികര്‍ത്താവിനല്ലാതെ. ഏതായാലും വായനക്കാരന്‍ സദയം ക്ഷമിക്കുമെന്ന വിശ്വാസത്തോടെ എല്ലാത്തിനും അവസാനം പ്രത്യക്ഷപ്പെടേണ്ട അനുബന്ധക്കുറിപ്പ് ഇവിടെ ആമുഖക്കുറിപ്പായി നല്‍കുന്നു.
എന്റെ ആത്മകഥാകാരന്‍ മരിക്കുമ്പോള്‍, അദ്ദേഹത്തിന് 228 വയസ് പ്രായമുണ്ടായിരുന്നു.
ഇതൊരിക്കലും ഒരു സാങ്കല്‍പികകഥയുടെ തുടക്കമല്ല. 228 വയസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ താല്‍പര്യം വെടിഞ്ഞേക്കാം. കാരണം 228 വയസ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്.
മനുഷ്യജീവിതത്തിന്റെ ശരാശരി ആയുസ് 60 മുതല്‍ 80 വയസ് വരെയാണ്.
എങ്കിലും അപൂര്‍വം ചിലര്‍ നൂറു വയസിലെത്തി, സെഞ്ച്വറി തികച്ച ബാറ്റ്‌സ്മാനെപ്പോലെ കാതടപ്പിക്കുന്ന സ്വരത്തില്‍ ചുമച്ചു കൊണ്ടിരിക്കും. പിന്നെയും ചിലര്‍ ഗിന്നസ് ബുക്ക് ലക്ഷ്യമിട്ട് ജീവിക്കും. 120 ലും 130 ലും മരിക്കാത്തതിന്റെ വിഷമം പേറും. തങ്ങളുടെ എത്രാം തലമുറയിലെ പേരമകനാണ്, ഇപ്പോള്‍, ചുളിവാര്‍ന്ന വിരലുകളില്‍ തഴുകുന്നതെന്നറിയാതെ ഓര്‍മ്മകളില്‍ ബുദ്ധിമുട്ടും.
പിന്നെയുള്ളത് ഗോത്രവര്‍ഗക്കാരാണ്.
ആദിവാസികള്‍. പ്രകൃതിയോടു ഏറ്റവും ചേര്‍ന്നു ജീവിക്കുന്നവര്‍.
അവര്‍ തങ്ങളോടു ഏറ്റവും ചേര്‍ന്നു ജീവിക്കുന്നവരായതിനാല്‍ പ്രകൃതി തന്നെ അവരെ മരണത്തില്‍ നിന്നു സംരക്ഷിക്കുന്നു. അവരുടെ എല്ലുകള്‍ക്ക്, പേശികള്‍ക്ക്, മജ്ജകള്‍ക്ക് പിന്നെയും പിന്നെയും ഊര്‍ജം പ്രദാനം ചെയ്യുന്നു. തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ എന്തും ചെയ്യുന്ന അണിയെപ്പോലെ പ്രകൃതി അവരെ ജീവിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഒരാള്‍ 228 വയസു വരെ ജീവിക്കണമെങ്കില്‍ തീര്‍ച്ചയായും അയാളേക്കാളേറെ പ്രകൃതിയായിരിക്കും അയാളുടെ തീരുമാനങ്ങളെടുക്കാന്‍ മുന്നിലുണ്ടാവുക.
പ്രകൃതിയായിരിക്കും അയാളുടെ വസ്ത്രം.
പ്രകൃതിയായിരിക്കും അയാളുടെ ശ്വാസം.
പ്രകൃതിയായിരിക്കും അയാളുടെ ജീവന്‍.

എന്റെ ആത്മകഥാകാരന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു.

അദ്ദേഹം പ്രകൃതിയേയോ പ്രകൃതി അദ്ദേഹത്തേയോ എന്നറിയാത്ത ഒരു ദത്തെടുക്കല്‍ അവര്‍ക്കിടയില്‍ നടന്നിരുന്നു. ഒരു തരം ആജീവനാന്തദത്തെടുക്കല്‍. ഇവിടെ ആജീവനാന്തം എന്ന പദമുപയോഗിച്ചതിനും കാരണമുണ്ട്. പ്രകൃതിയുടെ ആജീവനാന്തം എന്നായിരുന്നു ശരിക്കുള്ള പദം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 28 വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാം ആജീവനാന്തമായിരുന്നു. പ്രപഞ്ചാന്ത്യം വരെയുള്ള ജീവിതം.
പിന്നേയും രണ്ടു നൂറ്റാണ്ടോളം അദ്ദേഹം ജീവിച്ചു. ചില സമയങ്ങളില്‍ അദ്ദേഹം സന്തോഷത്തിന്റെ മാത്രം തന്‍മാത്രകളായിരുന്നു. അപ്പോള്‍ അദ്ദേഹം കരുതിയിരുന്നത് ഈ ലോകത്ത് ജീവിക്കുന്നത് താന്‍ മാത്രമാണെന്നായിരുന്നു. തനിക്കു ചുറ്റുമാണ് ലോകം കറങ്ങുന്നതെന്നും താന്‍ സ്വയം ഒരു അച്ചുതണ്ടാണെന്നും അദ്ദേഹം വിശ്വസിച്ചു.
ദു:ഖം വരുമ്പോള്‍ അദ്ദേഹം മറ്റാരേക്കാളും കൂടുതല്‍ ദു:ഖിതനായിരുന്നു. ലോകത്തില്‍ ദു:ഖം അനുഭവിക്കുന്നത് താന്‍ മാത്രമാണെന്നു അപ്പോള്‍ അദ്ദേഹം കരുതും. അതിന്റെ മൂര്‍ധന്യത്തില്‍ സ്വശരീരത്തെ പഴയ സീരിയല്‍ നടിമാരെപ്പോലെ വേദനിപ്പിക്കും. ചിലപ്പോള്‍ തല ചുവരില്‍ ആഞ്ഞടിക്കും. ചിലപ്പോള്‍ വില്‍ക്കിന്‍സണ്‍ ബ്ലേഡു കൊണ്ട് (കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം ഉപയോഗിക്കുന്ന ഷേവിംങ് ബ്ലേഡ്) ശരീരമാകെ മുറിവേല്‍പ്പിക്കും. മറ്റു ചിലപ്പോള്‍ മുറിയില്‍ അടച്ചിരുന്ന് വലിച്ചു തള്ളിയ ധൂമങ്ങള്‍ക്കിടയില്‍ ഒരു അശ്വത്ഥാമാവിനെപ്പൊലെ ഇരിക്കും. ചുറ്റും അലയുന്ന പുകപടലങ്ങളെ കണ്ണുകളിലേക്കു വലിച്ചെടുത്ത് കാഴ്ചശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കും. ഒരു പക്ഷേ, ഇങ്ങനെയൊരു ദു:ഖം വന്നപ്പോഴാവാം ആജീവനാന്തം ജീവിക്കാന്‍ തയ്യാറെടുത്തിരുന്ന അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
28 ാം വയസിനു ശേഷം കൃത്യം 200 വര്‍ഷങ്ങള്‍ക്കു ശേഷമാവണം അദ്ദേഹത്തിന് ഇത്രയും കഠിനമായ രീതിയില്‍ നിരാശയുണ്ടാവുന്നത്. ആ നിരാശ വളരെ വേഗം അദ്ദേഹത്തിന്റെയുള്ളിലാകമാനം വ്യാപിച്ചിരിക്കണം. അതിന് ആത്മഹത്യയല്ലാതെ മറ്റൊരു പരിഹാരം ഉണ്ടാകാനിടയില്ലായിരിക്കണം.

അദ്ദേഹം!
അദ്ദേഹം..
എത്രയധികമാണ് ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്!
അദ്ദേഹം.
അഥവാ അയാള്‍.
കേട്ടുമടുത്തതും വായിച്ചു തീര്‍ത്തതുമായ ക്ലാസിക്കുകളിലെ നായകന്റെ സ്ഥിരം നാമം. നമുക്കറിയാത്തവരെ നാം അയാള്‍ എന്നു വിളിക്കുന്നു. പിന്നെ അയാള്‍ക്കില്ലാത്ത ഒരുപാട് ഗുണങ്ങള്‍ അയാളിലേക്ക് ആരോപിക്കുന്നു. തന്റെ ചുമലില്‍ അവിചാരിതമായി വന്നുപെട്ട കഴിവുകളുടേയും കിംവദന്തികളുടേയും ഭാരത്താല്‍ അയാള്‍ സ്വയം തല കുനിച്ച് കൃതഹസ്തനാവുന്നു. എന്നെങ്കിലും ഏതെങ്കിലും രാത്രി, ആളൊഴിഞ്ഞ തെരുവിലെ മലിനമായിക്കിടക്കുന്ന ഒരു ഓടയില്‍ അയാള്‍ ‘അയാളെ’ ഇറക്കിവെക്കുന്നു. പനിനീരിനു പകരം അയാളില്‍ അപ്പോള്‍ ചൊരിയപ്പെടുന്നത് കാലത്തു കഴിച്ച പോഷകാംശമില്ലാത്ത ഭക്ഷണത്തിന്റെ ചര്‍ദ്ദിലായിരിക്കും.
അതിനാല്‍ ഇവിടെയെങ്കിലും നമുക്ക് ചരിത്രത്തെ ആവര്‍ത്തിപ്പിക്കാതിരിക്കാം. എന്റെ ആത്മകഥാകാരന് വ്യക്തമായും ഒരു പേരുണ്ട്. ഒന്നല്ല, ഒരുപാട്. മാറിമാറി വരുന്ന അധ്യായങ്ങള്‍ക്കനുസരിച്ച് അദ്ദേഹത്തിന് വ്യത്യസ്ത നാമങ്ങളാണ്. വ്യത്യസ്ത ഭാവങ്ങളും വ്യത്യസ്തരൂപങ്ങളുമാണ്.
ഈ അനുബന്ധം ഇവിടെ അവസാനിപ്പിക്കാമെന്നു തോന്നുന്നു. അവസാനമെത്തിയപ്പോഴേക്കും ഇതൊരു ആമുഖമായി മാറിയെന്നൊരു സംശയം ബാക്കിയുണ്ട്. എങ്കിലും ഇനി ഞാന്‍ പൂര്‍ണമായും വായനക്കാരനു കീഴടങ്ങുന്നു.
എന്റെ ആത്മകഥാകാരന്റെ ജീവിതത്തിലൂടെ ഞാന്‍ നടത്തിയ അവിസ്മരണീയവും സാഹസികവുമായ സത്യാന്വേഷണപരീക്ഷണയാത്ര ഇവിടെ തുടങ്ങുന്നു. ഓര്‍ക്കുക, ഇതൊരിക്കലും അദ്ദേഹത്തിന്റെ ആത്മകഥയുടെ പൂര്‍ണരൂപമല്ല. അപ്പപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ക്കനുസരിച്ച് ഞാന്‍ കുറിച്ചുവെച്ച ഏതാനും കുറിപ്പുകള്‍ മാത്രമാണിത്. ഇനി ഇതില്‍ മറ്റു പല ചേരുവകളും ചേര്‍ത്ത് ഒരു ആത്മകഥയുടെ പരുവത്തിലേക്ക് മാറ്റിയെഴുതണം. സര്‍വശക്തനായ ദൈവം അതിന് അനുവദിക്കണേ എന്നു പ്രാര്‍ഥിക്കുന്നു.
ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സീറ്റ് ബെല്‍റ്റുകള്‍ മുറുക്കാം, ചില സിനിമാ പരസ്യങ്ങളില്‍ പറയുന്നതു പോലെ.

ആത്മകഥ ഒന്നാം ഖണ്ഡം

നേരത്തെ പറഞ്ഞതുപോലെ ഇത് ആത്മകഥയുടെ ഒന്നാം ഖണ്ഡമായതിനാല്‍ നമുക്ക് എന്റെ ആത്മകഥാകാരനെ അറബി അക്ഷരമാലയിലെ ആദ്യ അക്കമായ വാഹിദ് എന്നു വിളിക്കാം. എന്തുകൊണ്ട് അറബി ഭാഷ ഉപയോഗിച്ചു എന്നാണ് ചോദ്യമെങ്കില്‍ ഏറ്റവും കുറച്ച് വാക്കുകള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ അര്‍ഥം പ്രതിഫലിപ്പിക്കുന്നതാണ് അറബി ഭാഷ. മാത്രവുമല്ല, നിലോഫറിന്റെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധവും ഇതിനു പിന്നിലുണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ.
പേരു പോലെ, 228 ാം വയസില്‍ മരിക്കുന്നതിനു മുമ്പു വരെ വാഹിദ് ഏകനായിരുന്നു. തികച്ചും ഏകന്‍. ജന്‍മ നക്ഷത്രങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുമെന്ന് ജനിച്ച സമയവും തീയ്യതിയും വര്‍ഷവും കൃത്യമായി കണക്കുകൂട്ടി ജ്യോത്‌സന്‍ പ്രവചിച്ചിരുന്നു. പ്രധാനമായും ഏഴു പ്രവചനങ്ങളാണ് ജ്യോത്‌സന്റേതായി ആത്മകഥയില്‍ ഉള്‍പ്പെടുത്താനുള്ളത്.
1- 28 ാം വയസ് തികയുന്ന അന്ന് വാഹിദ് ആത്മഹത്യ ചെയ്യും.
2- ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അത്രയെളുപ്പമൊന്നും നടക്കില്ല.
3- ഒരുപാട് തീര്‍ഥയാത്രകള്‍ നടത്തും.
4- ഒരുപാട് ഔദ്യോഗികപദവികളും ഉത്തരവാദിത്തങ്ങളും വഹിക്കും.
5- ഇടവിട്ട് സന്തോഷവും ദു:ഖവും ഉണ്ടാവും.
6- വിചാരിക്കാത്ത ഇടത്തുനിന്നും സ്വത്തുക്കള്‍ കൈവരും.
7- കല്യാണം ഇവര്‍ക്കു വിധിച്ചിട്ടില്ല. സ്ത്രീസമ്പര്‍ക്കത്തില്‍ എന്നും ഒറ്റപ്പെട്ടവര്‍.

ജ്യോത്‌സന്റെ പ്രവചനങ്ങള്‍ ഫലിച്ചില്ലെന്ന്, വാഹിദ് പിന്നെയും 200 കൊല്ലം കൂടി ജീവിച്ചതിനാല്‍ നമുക്ക് പറയാം. പ്രവചനശുദ്ധിയില്‍ സംശയിക്കാം. ജീവിതത്തില്‍ വാഹിദ് കയറിയിറങ്ങിയ സ്ത്രീകളുടെ കണക്കെടുത്ത് ജ്യോത്‌സന്റെ കവിടിയ്ക്കു മുന്നില്‍ നിരത്തി പിന്നെയും അയാളെ ക്രൂശിക്കാം.
പക്ഷേ, ആരു ക്രൂശിച്ചാലും വാഹിദ് മാത്രം ഒരിക്കലും ജ്യോത്‌സനെ കുറ്റപ്പെടുത്തില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. തന്റെ ജീവിതം അയാള്‍ കുറിച്ച ജാതകവരികളില്‍ നിന്ന് ഒരണുമണി പോലും വ്യതിചലിച്ചിട്ടില്ലെന്ന് മറ്റാരേക്കാളും നന്നായി വാഹിദിന് അറിയാമായിരുന്നു. ജനിച്ചയന്നു മുതല്‍ മരണം തന്റെ കൂടെയുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ഉദാഹരണവുമുണ്ട്. പിതാവിനൊപ്പം, എസ്‌റ്റേറ്റില്‍ പണി ചെയ്യുന്ന പണിക്കാര്‍ അനധികൃതമായി വിശ്രമിക്കുന്നുണ്ടോ എന്നറിയാന്‍ പോയപ്പോള്‍, ഞൊടിയിട വ്യത്യാസത്തില്‍, രണ്ടു നൂറ്റാണ്ടു മുമ്പ് വീണ തേങ്ങ പിതാവിന്റെ തലയില്‍ തന്നെ പതിച്ച കഥ ഓര്‍മ വരുന്നു. ഒരു സെക്കന്റു മുമ്പു വരെ അവിടെ നിന്നിരുന്നത് വാഹിദ് ആയിരുന്നു. ഒരു നിമിഷത്തെ ഇടവേളയില്‍ ഒരു ജീവിതം നീളുകയും ഒരു ജീവിതം മൃതപ്രായമാവുകയും ചെയ്തു. തേങ്ങ വീണ്, തല പൊട്ടി ചോരയൊഴുകിയ പിതാവ് മകന്റെ കൈകള്‍ മുറുകെ പിടിച്ചു. വായില്‍ നിന്നു നുരയും പതയും വന്നു. കണ്ണുകള്‍ തുറിച്ച്, പുറത്തു ചാടാനെന്ന വിധം പരക്കം പാഞ്ഞു. ഓടിക്കൂടിയ പണിക്കാര്‍ മുഴുവനും ചുറ്റും കൂടി. അവര്‍ മുതലാളിയുടെ കൈയ്യും കാലും ഉഴിയാനും നെറ്റിയിലൂടെ പരന്നൊഴുകിയ രക്തം തുടയ്ക്കാനും തുടങ്ങി. പിതാവ് ഇപ്പോള്‍ ബോധം തെളിഞ്ഞിരുന്നെങ്കില്‍, ജോലിക്കിടയില്‍ ഇങ്ങനെ അലംഭാവം കാണിച്ചതിന് പണിക്കാരെയെല്ലാം കുറ്റപ്പെടുത്തുന്ന രംഗമോര്‍ത്ത് മനസില്‍ ചിരിച്ചുകൊണ്ടായിരുന്നു വാഹിദ് അച്ഛന്റെ മുറുകിയ കൈകള്‍ പതിയെ വിടുവിച്ചത്. മരണവെപ്രാളത്തില്‍ പിതാവ് താടി താഴോട്ടും മുകളിലോട്ടും ചലിപ്പിക്കുന്നത് ജോലിക്കാരെ മുഴുവനും ചീത്ത പറയാനാണെന്നും അവന്‍ മനസില്‍ സങ്കല്‍പ്പിച്ചു. ചില പണിക്കാര്‍ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടെന്ന അര്‍ഥത്തിലുള്ള പഴഞ്ചൊല്ല് വകഭേദത്തോടെ മൊഴിഞ്ഞ് കൊച്ചുമുതലാളിയെ നോക്കി നെടുവീര്‍പ്പിട്ടു.
അന്ന് വാഹിദിന് അഞ്ച് വയസായിരുന്നു. അഞ്ചാം വയസിലേക്ക് കാലെടുത്ത് വെച്ചിട്ട് അന്നേക്ക് 28 ദിവസമായിരുന്നു.

പിന്നെ മരണം വാഹിദിനെ സമീപിച്ചത് മറ്റൊരു വിധത്തിലായിരുന്നു. വിഷപ്പാമ്പിന്റെ രൂപത്തില്‍. സത്യത്തില്‍ പാമ്പിനു വിഷമുണ്ടായിരുന്നോ ഇല്ലയോ എന്നത് ഇന്നും ചരിത്രത്തില്‍ വിവാദവിഷയമാണ്. വിഷചികിത്‌സയെക്കുറിച്ചും വിഷപ്പാമ്പുകളെക്കുറിച്ചും ആഴത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അന്ന് വാഹിദിനെ കടിച്ച പാമ്പ് ഏതിനത്തില്‍ പെട്ടതായിരുന്നുവെന്ന് അന്വേഷിക്കുന്നത് കൗതുകകരവും ഇനിയൊരു കാലത്ത് അവര്‍ സര്‍വീസ് സ്‌റ്റോറി എഴുതുകയാണെങ്കില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതുമാണ്.
അന്ന്, പാമ്പ് വിഷമുള്ളതായിരുന്നതല്ലെന്ന് വാഹിദ് വാദിച്ചു. അത് കൊടിയ വിഷമുള്ളതാണെന്ന് വാഹിദിനെ എടുത്ത് ഭിഷഗ്വരന്റെ അടുത്തെത്തിച്ച നാട്ടുകാരും.
വാഹിദും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുമ്പോള്‍, മരപ്പൊത്തിലേക്ക് തെറിച്ചുവീണ പന്ത് എടുക്കുന്നതിനിടയിലായിരുന്നു സംഭവം. പൊത്തിന്റെയുള്ളില്‍ പെട്ടെന്നൊന്നും കാണാന്‍ പറ്റാത്ത രീതിയില്‍ പന്തു കുടുങ്ങിയപ്പോള്‍ വാഹിദ് ആദ്യമാലോചിച്ചത് ഗുരുനാഥന്‍ പഠിപ്പിച്ച പഴയ നാടോടിക്കഥയായിരുന്നു. ഗുരുനാഥന്‍, അദ്ദേഹം ഈ കഥ പറയുമ്പോള്‍ ശ്രദ്ധിക്കാതിരുന്നതിനാല്‍
അവന്റെ ചെവി, പറിഞ്ഞു പോവും വിധം കൂട്ടിപ്പിടിച്ച് ശിക്ഷയും നല്‍കിയിരുന്നു.

ഒരിക്കല്‍ ഒരിടത്ത് ഒരു ഗുരുനാഥന്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അനേകം ശിഷ്യന്‍മാരുണ്ടായിരുന്നു. ശിഷ്യന്‍മാരില്‍ നെഹ്‌റു എന്ന ശിഷ്യനോടായിരുന്നു അദ്ദേഹത്തിന് വാത്‌സല്യം കൂടുതല്‍. നെഹ്‌റു പ്രകടിപ്പിച്ച ബുദ്ധിശക്തിയും കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവുമായിരുന്നു ഇതിനു പിന്നില്‍. (ഈ കഥ പറയുന്നതിനിടയില്‍ തന്റെ എല്ലാ ശിഷ്യരും നെഹ്‌റുവിനെപ്പോലെ ആയിരുന്നതെങ്കിലെന്ന് ഗുരു പ്രാര്‍ഥിച്ച കാര്യവും വാഹിദ് ഓര്‍മ്മിച്ചു.)
ഒരിക്കല്‍, കൊച്ചു നെഹ്‌റുവും കൂട്ടുകാരും കൂടി പന്തു കളിക്കുകയായിരുന്നു. ഇതിനിടയില്‍ പന്തു തെറിച്ച് അടുത്തുള്ള മരപ്പൊത്തില്‍ വീണു. എത്ര ശ്രമിച്ചിട്ടും അവര്‍ക്ക് ആ പന്തെടുക്കാനായില്ല. അപ്പോള്‍ കൊച്ചു നെഹ്‌റു കൂട്ടുകാരോട് ഒരു പാത്രം നിറയെ വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. ആദ്യം എന്തിനാണെന്ന് മനസിലാവാതെ കൂട്ടുകാര്‍ അമ്പരന്നു നില്‍ക്കുകയും പിന്നെ വെള്ളം കൊണ്ടുവരികയും ചെയ്യുന്നു. അപ്പോള്‍ ബുദ്ധിമാനായ ആ ബാലന്‍ അവര്‍ കൊണ്ടുവന്ന വെള്ളം പൊത്തിലൊഴിക്കുന്നു. മരപ്പൊത്ത് നിറഞ്ഞു കവിയുന്നതിനനുസരിച്ച് പന്ത് ഉയര്‍ന്നു വരുന്നു. കൂട്ടുകാരെല്ലാവരും ചേര്‍ന്ന് ആ ബാലനെ അഭിനന്ദിക്കുന്നു.
‘എന്റെ പ്രിയ ശിഷ്യന്‍മാരേ, നിങ്ങളെല്ലാവരും നെഹ്‌റു എന്ന ആ ബാലനെപ്പോലെയാവണമെന്നാണ് എന്റെ ആഗ്രഹം.’ അന്ന്, ഗുരു പറഞ്ഞുനിര്‍ത്തി.
അന്നത്തെ പഠനം കഴിഞ്ഞുവെന്ന് അറിയിച്ച് മണി മുഴങ്ങി.

ഇപ്പോള്‍ പൊത്തില്‍ പന്തു കുടുങ്ങിയപ്പോഴും വാഹിദ് ആദ്യമോര്‍ത്തത് ആ പഴയ ഗുരുനാഥനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ നെഹ്‌റുവിനെക്കുറിച്ചുമായിരുന്നു.
തുടര്‍ന്ന് വാഹിദും അതുപോലെ തന്റെ കൂട്ടുകാരോട് വെള്ളം കൊണ്ടുവരാന്‍ പറഞ്ഞെങ്കിലും അവര്‍ അനുസരിക്കാത്തതിനാല്‍ അവനു തന്നെ വെള്ളം കൊണ്ടുവരേണ്ടി വന്നു. പിന്നെ അവന്‍ ഗുരു പറഞ്ഞ കഥയിലെ നെഹ്‌റുവിനെപ്പോലെ വെള്ളം ആ പൊത്തിലേക്ക് ഒഴിച്ചു തുടങ്ങി. മണ്‍സൂണിലല്ലാതെ ആദ്യമായി വെള്ളം കാണുന്നതായിരുന്നതിനാല്‍ മരവും നല്ല ദാഹത്തിലായിരുന്നു. എല്ലാം ജലത്തുള്ളികളും മരം പെട്ടെന്നു തന്നെ ആഗിരണം ചെയ്തുകൊണ്ടേയിരുന്നു. വീണ്ടും വീണ്ടും വെള്ളം ചുമന്ന് തളരാനായിരുന്നു അവന്റെ വിധി. ഒടുവില്‍ നിരാശയോടെയാണ് തന്റെ മെലിഞ്ഞ കൈകള്‍ അവന്‍ പൊത്തിലേക്ക് ഇട്ടത്. മരപ്പൊത്തിന്റെ ആഴങ്ങളില്‍ അവന്റെ കൈകള്‍ തിരഞ്ഞുനടന്നു. പിന്നെയും പന്തില്‍ സ്പര്‍ശനമെത്താതിരുന്നപ്പോഴായിരുന്നു, അവന്‍ കൈ പിന്‍വലിക്കാന്‍ തുടങ്ങിയതും വിഷപ്പാമ്പ് ആദ്യമായി കൊത്തുന്നതും. ദംശനമേറ്റ വേദനയില്‍ മുഖത്ത് കരച്ചിലും ശരീരത്തില്‍ വിറയലും വരുത്തി അവന്‍ നിലവിളിച്ചുകൊണ്ടിരിക്കെ കൂട്ടുകാര്‍ പരിശോധിച്ച് സര്‍പ്പദംശനമാണെന്ന് ഉറപ്പുവരുത്തി.
ഓടിയടുത്ത നാട്ടുകാര്‍ അപ്പോള്‍ തന്നെ പൊത്തില്‍ തിരഞ്ഞെങ്കിലും വാലിന്റെ ഒരു ഭാഗം മാത്രമേ മിന്നായം പോലെ കാണാനുള്ള ഭാഗ്യം സിദ്ധിച്ചുള്ളൂ. അപ്പോള്‍ തന്നെ അവര്‍ വാലിന്റെ ഉടമ കൊടിയ വിഷമുള്ള ജാതിയാണെന്നുള്ള പ്രഖ്യാപനങ്ങള്‍ പരസ്പരം നടത്തി. പിന്നെ അവര്‍ ദു:ഖത്തോടെയും സഹതാപത്തോടെയും വാഹിദിനെ നോക്കി അവന്റെ ശരീരം ശ്രീകൃഷ്ണവര്‍ണമാവുന്നതും കാത്തുനിന്നു. മറ്റു ചിലര്‍ അവന്റെ ജാതകം കുറിച്ച ജ്യോത്‌സന്റെ പരേംഗിതജ്ഞാനത്തെ സ്മരിക്കുകയും ഉള്ളില്‍ കുന്നോളം ഭയം നിറയ്ക്കുകയും ചെയ്തു. അവന്റെ ബന്ധുക്കളുടെ ദു:ഖം തങ്ങളുടെ കൂടി ദു:ഖമാണെന്ന തെറ്റിദ്ധാരണ പരത്തി ചിലര്‍ കപടമായി ഏങ്ങലടിക്കുകയും ഒരു ജീവന്റെ തിരിനാളം കെടാന്‍ പോവുന്നതിന്റെ അവസാനദൃശ്യങ്ങള്‍ കണ്ണുകള്‍ കൊണ്ടൊപ്പാന്‍ ദൃഢമായി ഉള്ളില്‍ പ്രതിഞ്ജയെടുക്കുകയും ചെയ്തു.
‘മരണം എല്ലാവര്‍ക്കും സംഭവിക്കും. അതില്‍ ആരും ഭയപ്പെടരുത്. ഈ ലോകത്തില്‍ അനശ്വരമായത് മരണം മാത്രമേയുള്ളൂ. മരണത്തെ തടഞ്ഞുനിര്‍ത്താന്‍ ലോകത്തില്‍ ആരു വിചാരിച്ചാലും, ഏതു ശാസ്ത്രം വിചാരിച്ചാലും നടക്കുകയില്ല.’ നാട്ടിലെ തത്വഞ്ജാനിയായ ഷെയ്ഖ് അപ്പോഴേക്കും ഒരു ചെറിയ പ്രഭാഷണത്തിന്റെ സാധ്യതകള്‍ മുന്നില്‍ കണ്ട് അഭിപ്രായപ്പെട്ടു.
ഇങ്ങനെ നാട്ടുകാര്‍ ആവേശപൂര്‍വം പാമ്പുവേട്ടയിലും ചര്‍ച്ചയിലും ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്, കൂട്ടത്തില്‍ ബുദ്ധി ലവലേശമില്ലെന്ന് മുദ്ര കുത്തപ്പെട്ടിരുന്ന ഒരു ഭ്രാന്തന്‍ പാമ്പു കടിയേറ്റവനെ ഭിഷഗ്വരന്റ അടുത്തെത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചതും നാട്ടുകാര്‍ അതിനെക്കുറിച്ച് ബോധവാന്‍മാരാകുന്നതും. അപ്പോള്‍ തന്നെ മറ്റു ചിലര്‍ കൂടി അത് ഏറ്റുണര്‍ത്തുകയും ഭ്രാന്തന്റെ സ്വരത്തേക്കാള്‍ ഉച്ചത്തില്‍ പറഞ്ഞ് ആ ബോധോദയയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്തു.
ഭിഷഗ്വരന്‍ ഇതുവരേയും മരിച്ചുകഴിയാതിരുന്ന വാഹിദിനെ അത്ഭുതത്തോടെയാണ് നോക്കിയത്. ഇതിനകം തന്നെ അവന്റെ നാഡികളിലൂടെ രക്തചംക്രമണവ്യവസ്ഥയില്‍ എത്ര മില്ലീലിറ്റര്‍ വിഷം എത്തിയിരിക്കുമെന്ന് അയാള്‍ കണക്കാക്കിയിരുന്നു. തന്റെ വൈദ്യശാസ്ത്രജീവിതത്തിലെ ഒരു നിര്‍ണായകനിമിഷത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നാട്ടുകാരുടെ അത്ഭുതവും സഹതാപവും നിറഞ്ഞുനിന്ന മുഖങ്ങളില്‍ നോക്കി അയാള്‍ മനസിലാക്കി. തുടര്‍ന്ന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന അവരുടെ ചോദ്യങ്ങള്‍ക്ക് തന്റെ വൈദ്യശാസ്ത്രപഠനശാഖയെ ഒന്നടങ്കം വഞ്ചിച്ച് അയാള്‍ മറുപടി പറഞ്ഞു.
‘ഇയാളെ കടിച്ചിരിക്കുന്നത് വിഷപ്പാമ്പല്ല. വിഷപ്പാമ്പല്ലേയല്ല..’
നാട്ടുകാര്‍ ഒന്നടങ്കം സംശയത്തോടെ അയാളെ നോക്കി.
‘അപ്പോള്‍ ഈ പാടുകള്‍?’
നാട്ടുകാരില്‍, നേരത്തെ ഭ്രാന്തന്റെ നാവില്‍ നിന്നും ഉച്ചത്തില്‍ സംസാരിച്ച് ക്രെഡിറ്റ് പിടിച്ചുപറ്റിയ അവിടത്തെ ഏറ്റവും പ്രമാണിയും ധനാഢ്യനുമായ ആള്‍ ചോദിച്ചു. അയാളുടെ ശബ്ദം അത്രയ്ക്കു ഉച്ചത്തിലുള്ളതും ആധികാരികവുമായിരുന്നു. മറ്റുള്ളവരെല്ലാം ഇതേ ചോദ്യം തന്നെ ചോദിച്ചെങ്കിലും അവരൊന്നും ഈ ചോദ്യം മനസില്‍ പോലും വിചാരിച്ചില്ലെന്ന വിധമായിരുന്നു, അയാളുടെ ആധികാരിക സ്വരം.
അയാളുടെ ചോദ്യത്തിനു മുന്നില്‍ ആദ്യം ഭിഷഗ്വരന്‍ ഒന്നു പകച്ചു. ഇതുവരെ പഠിച്ച ശാസ്ത്രത്തെ തള്ളിപ്പറയേണ്ട വിഷമം ഒരു ഭാഗത്ത്. ആളുകള്‍ തന്നെ അവിശ്വാസത്തോടെ നോക്കുന്ന അവസ്ഥ വേറൊരു വശത്ത്. കൂടെ ഇപ്പോഴും മരിക്കാതെ നില്‍ക്കുന്ന വാഹിദിന്റെ നോട്ടം ത്രിശങ്കു വശത്തും. ഒടുവില്‍ ധൈര്യപൂര്‍വം അയാള്‍ തന്റെ പ്രസ്താവനയെ സാധൂകരിക്കാന്‍ ആരംഭിച്ചു.
‘അല്ല. നിങ്ങളുടെ സംശയം ശരിയല്ല. ഇയാളെ കടിച്ചിരിക്കുന്നത് വിഷപ്പാമ്പല്ല. ലക്ഷണം കണ്ട് അങ്ങനെ തോന്നുമെങ്കിലും അവയുടേതല്ല ആ പാടുകള്‍. അവ അവന്റെ ശരീരത്തില്‍ പണ്ടു മുതലേ ഉണ്ടായിരിക്കണം. നിങ്ങള്‍ പാമ്പു കടിച്ചെന്ന സംശയത്തോടെ നോക്കുമ്പോഴാണ് അവ വിഷമിറങ്ങിയ പാടുകളായി തോന്നുന്നത്.’
നാട്ടുകാര്‍ അവരുടെ കാഴ്ചാശക്തിയേയും നിരീക്ഷണപാടവത്തേയും അവിശ്വസിക്കണോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ ഭിഷഗ്വരന്‍ നിസാരമെന്ന മട്ടില്‍ അടുത്ത രോഗിയെ പരിശോധിക്കാന്‍ ആരംഭിച്ചു. പിന്നെയും കൂട്ടം കൂടി നിന്നിരുന്ന നാട്ടുകാരെ ഇടം കണ്ണോടെ നോക്കി അയാള്‍ നാഡിമിടിപ്പ് പരിശോധിക്കുന്ന ഉപകരണം രോഗിയുടെ നെറ്റിയില്‍ വെച്ചു. നാട്ടുകാര്‍ ജാള്യതയില്‍, വൈകി വന്ന ബോധോദയത്തോടെ അവരവരുടെ വീട്ടിലേക്കു നടന്നു. ആശുപത്രി വരാന്തയില്‍ വാഹിദിനെ തനിച്ചാക്കുന്നതുവരേയും അവരുടെ ബോധോദയം തുടര്‍ന്നു.
ഒടുവില്‍ തനിച്ചായി എന്ന ഉത്തമബോധ്യം വന്നപ്പോള്‍ ഭിഷഗ്വരന്‍ പതുക്കെ വാഹിദിനരികിലെത്തി ചുറ്റുമൊന്നും ആളില്ലെന്ന് ബോധ്യം വരുത്തി ചോദിച്ചു.
‘നീയെന്താ മരിക്കാത്തത്?’
വാഹിദ് അത്ഭുതത്തോടെ അയാളുടെ ചോദ്യം മനസിലാവാതെ, ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസം നോവലുകളിലെ നായകനെപ്പോലെ ചോദ്യകര്‍ത്താവിനെ തന്നെ നോക്കി നിന്നു.
‘എന്നെ കടിച്ചത് വിഷപ്പാമ്പല്ല എന്ന് ഡോക്ടര്‍ തന്നെയല്ലേ പറഞ്ഞത്?’
അവന്‍ തിരിച്ചു ചോദിച്ചു.
‘അല്ല. നിന്നെ കടിച്ചത് കൊടിയ വിഷമുള്ള ഒരു പാമ്പു തന്നെയാണ്. ഈ പാടുകള്‍ കണ്ടാലറിയാം. അതിന്റെ വിഷം ഒരു മില്ലീലിറ്റര്‍ വേണ്ട നിമിഷങ്ങള്‍ക്കുള്ളില്‍ ആളു മരിക്കാന്‍..’
ഭിഷഗ്വരന്‍ അംഗവിക്ഷേപത്തോടെ പറഞ്ഞു,
വാഹിദ് അപ്പോള്‍ പറയേണ്ടതെന്തെന്നറിയാതെ നിന്നു. അവനെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതവാര്‍ത്ത തന്നെയായിരുന്നു. അന്നായിരുന്നു വാഹിദിന് ആദ്യമായി തന്നില്‍ സംശയം തോന്നിയത്. മുമ്പ്, സെക്കന്റിന്റെ ആയിരത്തിലൊരംശത്തിന് തന്റെ തൊട്ടടുത്ത് വീണ തേങ്ങയേയും ദംശിച്ചിട്ടും ഒരു തുള്ളി വിഷം പോലും തന്നില്‍ ചര്‍ദിക്കാന്‍ കഴിയാതിരുന്നñവിഷപ്പാമ്പിനേയും വാഹിദ് സംശയത്തോടെ ഓര്‍ത്തു. എന്തുകൊണ്ട് താന്‍ മരിക്കുന്നില്ല എന്ന ഭിഷഗ്വരന്റെ ചോദ്യം അവനില്‍ രൂഢമൂലമായി.

Tuesday, May 10, 2011


എനിക്ക് ചേതന്‍ ഭഗത് ആവണം
അഞ്ച്

അഞ്ച്



പിറ്റേന്നു മുതല്‍ എന്റെ റോള്‍ മോഡലായി ദസ്തയേവ്‌സ്‌ക്കിയ്ക്കു പകരം ചേതന്‍ ഭഗത് പ്രതിഷ്ഠിക്കപ്പെട്ടു എന്നതു നേരാണ്.
എനിക്കു ചേതന്‍ ഭഗത് ആവണം.
ഇനി മുതല്‍ ഞാന്‍ ഒരു പുതിയ മനുഷ്യനായിരിക്കുമെന്ന് എല്ലാ പുതുവര്‍ഷദിനാരംഭത്തിലും പ്രതിഞ്ജയെടുക്കുന്നതു പോലെ അന്നും ഞാന്‍ പ്രതിഞ്ജയെടുത്തതുമെല്ലാം നേരു തന്നെയാണ്.
എനിക്ക്, എന്റെ ലക്ഷ്യത്തിലേക്ക്, സ്വപ്നത്തിലേക്ക് സഞ്ചരിക്കണം. കൂടുതല്‍ സ്വപ്നങ്ങള്‍ കാണുന്നത് കുറഞ്ഞ അളവിലെങ്കിലും നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാം. പക്ഷേ, മറ്റൊരാളുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി നമ്മുടെ സ്വപ്നങ്ങളെ വഴിയോരത്തെ സത്രത്തില്‍ വിശ്രമിക്കാന്‍ അനുവദിച്ചാല്‍..
സത്യത്തില്‍, നിലോഫറിന്റെ സ്വപ്നങ്ങളും രീതികളുമാണ് എന്നെ സംശയാലുവാക്കുന്നത്.
നിലോഫറിന്റെ സ്വപ്നങ്ങള്‍.

നിലോഫറിന് നിലോഫറിന്റേതായ വ്യക്തിത്വമുണ്ട്.
ഞാന്‍ അംഗീകരിക്കുന്നു.
നിലോഫര്‍, നിലോഫറാണെന്നും കാശ്മീരുകാരിയാണെന്നും സുന്ദരിയാണെന്നും ഫാഷന്‍ ഡിസൈനറാണെന്നും എന്റെ സ്വപ്നങ്ങളോടു ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവളാണെന്നും അവള്‍ക്കു ബെല്ലി ഡാന്‍സിന്റെ ബാലപാഠങ്ങള്‍ അറിയാമെന്നും ഞാന്‍ അംഗീകരിക്കുന്നു.
എന്നാല്‍ നിലോഫറിന്റെ സ്വപ്നങ്ങളിലേയും ജീവിതരീതികളിലേയും വൈചിത്രമാണ് എന്നെ കുഴയ്ക്കുന്നത്.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ, ബെഡ് കോഫി വേണമെന്ന് നിര്‍ബന്ധമുള്ള ഭര്‍ത്താവൊന്നുമല്ല ഞാന്‍. എങ്കിലും നന്നെ രാവിലെ എഴുന്നേല്‍ക്കുന്നതാണ് ശീലം. നന്നെ രാവിലെ തന്നെ എഴുത്തിലോ ചിന്തകളിലോ മുഴുകുക. ചിന്തകള്‍ക്കും എഴുത്തിനും മൂര്‍ച്ച കൂടുന്ന വേള കൂടിയാണ് ഇത്. എന്റെ എഴുന്നേല്‍പ്പു ബഹളങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ നിലോഫറും എഴുന്നേല്‍ക്കും. പിന്നീടാണ് അവളുടെ സംശയാസ്പദമായ സംഭാഷണങ്ങളുടേയും പ്രവൃത്തികളുടേയും ആരംഭം. നന്നെ പ്രഭാതത്തിലെ അവളുടെ പരസ്പരബന്ധമില്ലാത്ത വാക്കുകള്‍ ചേര്‍ത്തുള്ള കുശലാന്വേഷണം ഇങ്ങനെ നീളും.
‘ഹായ്, ഗുഡ് മോര്‍ണിങ്!’
‘നിങ്ങള്‍ എഴുതുകയാണോ? (ഞാനപ്പോള്‍ വായനയിലായിരിക്കും) ചേതന്‍ ഭഗത്തിനെ വെല്ലുമോ? ’
‘കുട്ടിക്കാലത്ത് ഞാനൊരുപാട് വായിക്കുമായിരുന്നു.’
‘കാശ്മീരിലെ പ്രഭാതം ഇങ്ങനെയൊന്നുമല്ല.’
‘കഴിഞ്ഞ റിപ്ലബിക് ദിനം ഞങ്ങള്‍ക്ക് എത്രയേറെ പ്രശസ്തി നല്‍കിയെന്നോ!’
‘അപ്പുറത്തെ വീട്ടിലെ ലൗ ബേര്‍ഡ്‌സിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ? ഈ പ്രഭാതം ഇത്ര മനോഹരമാക്കുന്നതില്‍ അതു വഹിക്കുന്ന പങ്ക് അതു മാത്രം അറിയുന്നുണ്ടാവില്ല. പാവം!’
‘ആ, പിന്നെ ചായയുടെ കാര്യം. ചേതന്‍ ഭഗതിന്റെ എഴുത്ത് എന്തുകൊണ്ടാണ് ആധുനിക മനസിനെ ഇത്രമാത്രം ആകര്‍ഷിക്കുന്നത്?’
അവളുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചാറ്റിങ് രീതിയില്‍ അവള്‍ തന്നെ പറയും. പക്ഷേ, ആദ്യം പറഞ്ഞ വാചകത്തോടു പിന്നീടു പറഞ്ഞ വാചകത്തിനു യാതൊരു ബന്ധവുമുണ്ടാവില്ല. അതിനാല്‍ അവള്‍ക്കു മറുപടി നല്‍കുമ്പോള്‍ അവള്‍ പറഞ്ഞ എത്രാമത്തെ വാചകത്തിനാണ് മറുപടി പറയുന്നതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കാനും ഞാന്‍ ബാധ്യസ്ഥനായിരുന്നു. എന്റെ പിന്നീടുള്ള ജീവിതത്തില്‍ മുഴുവനും ഈ ഓര്‍മ്മിപ്പിക്കല്‍ വേണമല്ലോ എന്നോര്‍ത്തപ്പോള്‍ ആദ്യരാത്രിയില്‍ തന്നെ ഞാന്‍ അറിയാതെ ഞെട്ടി വിറച്ചിരുന്നു.
ചാറ്റ് ഭാഷയായിരുന്നു അവള്‍ക്ക് മറ്റെല്ലാത്തിനേക്കാളും പഥ്യം. ഒരു സ്വപ്നത്തിലെന്ന പോലെ അവള്‍ വാക്കുകളോരോന്നായി ഉരുവിടും. അവയുണ്ടാക്കുന്ന അര്‍ഥവ്യാപ്തിയോ മറ്റുള്ളവരിലെ അത്ഭുതമോ ഒന്നും അവള്‍ക്കു പ്രശ്‌നമായിരുന്നില്ല. അപ്പോള്‍ അവള്‍ പൂര്‍ണമായ അര്‍ഥത്തില്‍ തന്നെ ഒരു സ്വപ്നജീവിയായിരുന്നു. തന്റെ സ്വപ്നങ്ങളോടു മാത്രം സംവദിക്കുന്നവള്‍.
അവളുടെ സ്വപ്നങ്ങള്‍ക്കു മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും അവ മറ്റൊന്നിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ സ്ഥാനഭ്രംശം ചെയ്തിരിക്കും.
അവളുടെ മറ്റൊരു സ്വപ്നഭാഷയുടെ തുടര്‍ച്ചയിലേക്ക്.

വിവാഹം കഴിഞ്ഞ് നാലാം നാളാണ് ഞാന്‍ എന്റെ സ്വപ്നം അവള്‍ക്കു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചത്.
‘എനിക്ക് ചേതന്‍ ഭഗത് ആവണം. ’
അവള്‍ അപ്പോള്‍ മിനിഞ്ഞാന്ന് വൈകിട്ട് അവളുടെ ഷര്‍ട്ടില്‍ നിന്നും ഉതിര്‍ന്നു വീണ സ്വര്‍ണനിറമുള്ള ബട്ടണ്‍ നൂലില്‍ കോര്‍ത്ത് തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു.
‘എനിക്ക് ചേതന്‍ ഭഗത് ആവണം.’
ഞാന്‍ എന്റെ സ്വപ്നം ആവര്‍ത്തിച്ചു.
‘ഇപ്പോള്‍ വരുന്ന നൂലുകള്‍ക്കൊന്നും പഴയ ക്വാളിറ്റിയില്ലെന്നേ.. എത്ര വേഗമാണെന്നോ അവ മുറിഞ്ഞുകഷണമാവുകയോ തേയ്മാനം സംഭവിക്കുകയോ ചെയ്യുന്നത്.’
അവള്‍ പറഞ്ഞു.
അവളുടെ പ്രകൃതം കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ കൃത്യമായി മനസിലായിരുന്നതിനാല്‍ ഞാന്‍ തുടര്‍ന്നു.
‘ഞാനൊരു പ്രസാധകനെ കണ്ടിരുന്നു. എന്റെ ആഗ്രഹം അയാളോടു പറയുകയും ചെയ്തു. മാര്‍ക്കറ്റ് വാല്യു കൂടി നോക്കി എഴുതാനാണ് അയാളുടെ നിര്‍ദേശം..’
‘സൂചിയും ബട്ടണ്‍ ദ്വാരവും തമ്മിലുള്ള ബന്ധം വേട്ടക്കാരനും ഇരയും പോലെയാണോ?
അവള്‍.
‘..എന്നിട്ട് അയാള്‍ വിപണിയില്‍ ഇപ്പോള്‍ കൂടുതലും വിറ്റഴിക്കപ്പെടുന്നതും കൂടുതല്‍ പേര്‍ വായിക്കുന്നതുമായ പുസ്തകങ്ങളെക്കുറിച്ചു വിവരിച്ചു. മുമ്പൊരിക്കല്‍ മറ്റൊരു പത്രാധിപര്‍ എന്നോടു പറഞ്ഞതു പോലെ തന്നെ. ഒന്നുകില്‍ ചേതന്‍ ഭഗതിനെപ്പോലെ എഴുതണം. ഫിക്ഷന്‍സ്. അല്ലെങ്കില്‍, ജീവിതവിജയത്തിനും വീടുനിര്‍മാണത്തിനു ചെലവു കുറയ്ക്കാനുമുള്ള 101 വഴികള്‍ പോലുള്ളവയോ പാചകക്കുറിപ്പുകളോ മഹാന്‍മാരുടെ ആത്മകഥകളോ ജീവചരിത്രമോ എഴുതണം. ഇവയേതെങ്കിലും എഴുതുകയാണെങ്കില്‍ പ്രസിദ്ധീകരിക്കാമെന്ന്. ’
ഞാന്‍ അവളുടെ ഭാവം മനസിലാക്കാനായി ഒന്നു നിര്‍ത്തി.
‘ഈ ബട്ടണും നീല നിറമുള്ള നൂലും കൃത്യമായി ചേരുന്നുണ്ട്. അല്ലേ?’
അവള്‍ ആകാംക്ഷാപൂര്‍വം ചോദിച്ചു.
‘..ആദ്യം, ഇതെനിക്കു കേട്ടപ്പോള്‍ നിരാശ തോന്നി. ഉത്തമമായ സാഹിത്യമെഴുതണമെന്ന് ആഗ്രഹിക്കുന്ന, കഥകളും കവിതകളും നോവലുമൊക്കെ എഴുതണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മറ്റൊരാളുടെ പൊടിപ്പും തൊങ്ങലും നിറഞ്ഞ ജീവചരിത്രവും ആത്മകഥയും എഴുതാന്‍ കഴിയും? ഞാന്‍ കടുത്ത നിരാശയിലായി..’
ഞാന്‍.
‘എന്നിട്ട്?’
ഇടയ്‌ക്കെപ്പോഴോ എന്റെ അനുഭവക്കുറിക്കലിന് സാമ്യമുള്ള ഒരു പ്രതികരണം അവളില്‍ നിന്നുമുയര്‍ന്നു. ഞാന്‍ ആവേശഭരിതനായി ബാക്കി പറയാന്‍ തുടങ്ങി.
‘..പിന്നെ അല്‍പം കഴിഞ്ഞ് നിരാശ അല്‍പമൊന്നടങ്ങിയപ്പോള്‍ ഞാന്‍ സാവധാനം ചിന്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് വേണ്ടത് ഒരു ഇടമാണ്. ഒരു പേരാണ്. ആ ഇടത്തു നിന്ന്, ആ പേരില്‍ നിന്നാവണം എന്റെ ചേതന്‍ ഭഗതിലേക്കുള്ള യാത്രയുടെ ആരംഭം കുറിക്കേണ്ടത്. ഒരു പക്ഷേ, എന്റെ സ്ഥാനത്ത് ചേതന്‍ ഭഗത് ആയിരുന്നെങ്കിലും തിരഞ്ഞെടുക്കുന്ന മാര്‍ഗം ഇതു തന്നെയാവും. പ്രസാധകനു മുന്നില്‍ എന്റെ യഥാര്‍ഥലക്ഷ്യം തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവെച്ച് ഞാന്‍ അതു തന്നെ തീരുമാനിച്ചു.’
അപ്പോഴേക്കും അവള്‍ തുന്നല്‍ ഏകദേശം പൂര്‍ത്തിയാക്കിയിരുന്നു.
ഞാന്‍ തുടര്‍ന്നു.
‘...അങ്ങനെ ആലോചിച്ചപ്പോള്‍ എനിക്കു തോന്നി ആരുടേയെങ്കിലും ആത്മകഥയോ ജീവചരിത്രമോ എഴുതുന്നതാണ് നല്ലതെന്ന്. ആരുടേയെങ്കിലും ആത്മകഥ ഒരു ഗോസ്റ്റ് റൈറ്ററായി എഴുതുക. ചിലപ്പോള്‍ ആ ക്രോഡീകരണത്തിലൂടെയാണ് എന്റെ കാലം തെളിയുന്നതെങ്കിലോ? അതിനാല്‍ ഞാന്‍ ഒരാളുടെ ആത്മകഥ എഴുതാന്‍ തീരുമാനിച്ചു.
സൂചി മുന ഇടയ്ക്ക് അറിയാതെ വിരലുകളില്‍ തന്നെ തറച്ചപ്പോള്‍, ചോര പൊടിയുന്നുണ്ടോ എന്ന സംശയത്തോടെ അവള്‍ വിരലുയര്‍ത്തി എന്റെ മുഖത്തേക്കു നോക്കി. പിന്നെ വിരലിലെ രക്തത്തുള്ളികള്‍ നാവു കൊണ്ടു നുണഞ്ഞു.
‘ആത്മകഥ?
അവള്‍ ആദ്യമായി സംശയം പ്രകടിപ്പിച്ചു.
‘അതെ. എനിക്ക് വീണ്ടും ചേതന്‍ ഭഗതിനെപ്പോലെ ഐ ഐ എമ്മില്‍ പഠിക്കുവാനോ, ചേതന്‍ ഭഗതിനേക്കാള്‍ സ്മാര്‍ട്ട് ആയ ഭാര്യയെ കിട്ടാനോ പോവുന്നില്ല. അതിനാല്‍ ഇപ്പോള്‍ അദ്ദേഹം എന്റെ സ്ഥാനത്തായിരുന്നെങ്കില്‍ ചെയ്യുമായിരുന്നñഒരു കാര്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരാളുടെ ആത്മകഥ എഴുതുക.
‘ആരുടെ?
അവള്‍ ഇപ്പോള്‍ പൂര്‍ണമായും എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുതുടങ്ങിയെന്നു തോന്നുന്നു.
‘അദ്ദേഹം.. പറഞ്ഞാല്‍ നിനക്ക് ചിലപ്പോള്‍ അറിയുമായിരിക്കും. ഈ ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള ആള്‍. ഒരുപക്ഷേ, ആയിരം സൂര്യചന്ദ്രന്‍മാരെ കണ്ട അദ്ദേഹം തന്നെയാവും ഈ ലോകത്ത് ആത്മകഥയെഴുതാന്‍ ഏറ്റവും യോഗ്യന്‍. പ്രസാധകനോട് അദ്ദേഹത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ തന്നെ സമ്മതം മൂളി.
‘അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരനോ സിനിമാതാരമോ രാഷ്ട്രീയക്കാരനോ ക്രിമിനലോ ആയിരുന്നോ?
അവള്‍ക്ക് താല്‍പര്യമേറി.
‘അദ്ദേഹം ഇവയൊന്നുമായിരുന്നില്ലെങ്കിലും നീ പറഞ്ഞവരേക്കാളൊക്കെ ജീവിതം പറയാന്‍ യോഗ്യനാണ്. വിശേഷിച്ചും ഇരുനൂറ് വര്‍ഷത്തിലേറെ ജീവിച്ച ഒരാളാവുമ്പോള്‍..
‘ഇരുനൂറ് വര്‍ഷം?
‘അതെ. ഇരുനൂറിലേറെ വര്‍ഷമായി അദ്ദേഹം ജനിച്ചിട്ട്. രണ്ടു നൂറ്റാണ്ടുകള്‍. അതായത് നമ്മുടെ ആദ്യസ്വാതന്ത്ര്യസമരത്തിനും മുന്‍പ്. അതിനാല്‍ അദ്ദേഹത്തിന് പറയാനുള്ള ജീവിതകഥയ്ക്ക് മറ്റാരെക്കാളും ആഴമുണ്ടാകുമെന്ന് തീര്‍ച്ച.
‘ചായ വേണ്ടേ?
അവള്‍ അപ്പോഴേക്കും അവളുടെ വിരോധാഭാസങ്ങളിലേക്കു തിരിച്ചുവന്നു. ഏതു നിമിഷവും ഇതു പ്രതീക്ഷിച്ചിരുന്നതിനാല്‍ ഞാന്‍ തുടര്‍ന്നു.
‘ഒരു ഗ്ലാസിലെ വെള്ളം പോലെയാണ് അദ്ദേഹം. വ്യക്തമായ മുഖമോ രൂപമോ ഭാവമോ ഒന്നുമില്ല. നോക്കിക്കാണുന്നതിനനുസരിച്ച് എല്ലാം മാറിക്കൊണ്ടേയിരിക്കും. കാഴ്ചക്കാരുടെ ധാരണകളാണ് ജീവിതം. ഇതെഴുതിത്തുടങ്ങുന്നതോടെ എന്റെ എഴുത്തുജീവിതവും ആരംഭിക്കും..
‘പക്ഷേ, അയാള്‍ സമ്മതിക്കുമോ?
അവള്‍ വീണ്ടും യാഥാര്‍ഥ്യ ലോകത്തിലേക്ക് ഇറങ്ങിവന്നു.
‘സമ്മതിക്കും. ഇന്ന് ഞാന്‍ അദ്ദേഹത്തെ കാണുകയും ചെയ്തു. ആഗോളതാപനവുമായി ബന്ധപ്പെട്ട ഒരു പ്രഭാഷണത്തിനായി അദ്ദേഹം ഇപ്പോള്‍ ഈ നാട്ടിലുണ്ട്. ആഗോളതാപനവും അദ്ദേഹം എന്ന ആഗോളപൗരനും..
‘ആഗോളപൗരന്‍?
‘അതെ. മുമ്പൊരിക്കല്‍ ഞാനൊരു ആഗോളനോവല്‍ എഴുതണമെന്ന് കരുതിയിരുന്നു. ഗബ്രിയേല്‍ മാര്‍ക്വിസിന്റേയും ദസ്തയേവ്‌സ്‌ക്കിയുടേയും ഒര്‍ഹാന്‍ പാമുക്കിന്റേയുമൊക്കെ പോലെ ലോകത്ത് എവിടെയുള്ളവര്‍ക്കും മനസിലാവുന്ന ഒരു നോവല്‍. ഒരുപക്ഷേ, എന്റെ ഈ ആഗ്രഹത്തിലേക്കുള്ള ആദ്യചവിട്ടുപടി ഈ ആത്മകഥ എഴുതുന്നതോടെ കയറാന്‍ കഴിഞ്ഞേക്കാം.
കാരണം ഇദ്ദേഹം ഒരു ആഗോളപൗരനാണ്. ലോകം മുഴുവനും ചിറകുകള്‍ വിരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യാതിര്‍ത്തികള്‍ മുറിച്ചു കടക്കുന്ന ആള്‍..’
‘എന്നിട്ട് അയാള്‍ സമ്മതിച്ചോ?’
‘അര്‍ദ്ധസമ്മതമായി. അല്ലെങ്കിലും തന്റെ ജീവിതം അച്ചടിമഷിയിലോ അഭ്രപാളിയിലോ തെളിയണമെന്ന് ആഗ്രഹിക്കാത്ത എത്ര പേരുണ്ട് ലോകത്തില്‍? ആത്മകഥകള്‍ ഒരാളുടെ ഈഗോയുടേയോ അഹങ്കാരത്തിന്റേയോ പുനരവതാരം കൂടിയാണ്.’
ഞങ്ങളുടെ പ്രഭാതസംഭാഷണം പതിവിലുമേറെയായെന്നു തോന്നിയപ്പോള്‍ അവള്‍ തന്നെ അതവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തു. തലേന്നു അര്‍ധരാത്രി നടന്ന യു എസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍ മത്‌സരം അപ്പോള്‍ ടി വിയില്‍ പുന:സംപ്രേഷണം ചെയ്യുന്നുണ്ട്. സെറീന വില്യംസ് ജയിച്ചെന്ന ഫ്‌ളാഷ് നേരത്തെ കണ്ടെങ്കിലും അവളുടെ റിട്ടേണ്‍ ഹാന്‍ഡ് ഷോട്ടുകളും സര്‍വുകളും നേരിട്ടു കണ്ടാല്‍ മാത്രമേ നിലോഫറിന് തൃപ്തി വരൂ. സ്ത്രീകള്‍ക്ക് എന്നും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ടെന്നീസാണ് തനിക്ക് ഇഷ്ടപ്പെട്ട കളിയെന്ന് ഇടയ്ക്ക് ചാറ്റിങ്ങിനിടയില്‍, മുമ്പ് അവള്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഞാന്‍ അസംതൃപ്തിയോടെ ഇനിയുമേറെ പറയാനുണ്ടെന്ന മട്ടില്‍ മുറുമുറുത്തെങ്കിലും അവള്‍ തുന്നല്‍ സാമഗ്രികള്‍ അതാത് സ്ഥാനത്ത് വെച്ച് ടിവിയ്ക്കു മുന്നില്‍ ഉപവിഷ്ടയായി. ഞാന്‍ എന്റെയുള്ളിലെ വീര്‍പ്പുമുട്ടിക്കിടന്ന വാക്കുകള്‍ എഴുത്തുമേശയിലെ പേപ്പറുകളിലൊന്നില്‍ എഴുതിത്തുടങ്ങി. ശരിക്കും അതൊരു കുറിപ്പായിരുന്നു. എന്റെ ആത്മകഥാകാരന്റെ ബയോഡാറ്റ.

പേര്: എന്തുമാവാം. ശരിക്കും അദ്ദേഹത്തിന് കൃത്യമായി ഒരു പേരില്ല എന്നതാണ് വാസ്തവം.
വയസ്: ഇരുനൂറ് കഴിഞ്ഞെന്നത് ഉറപ്പാണ്.
ജോലി: അദ്ദേഹം ഒരു സാമൂഹ്യപരിഷ്‌ക്കര്‍ത്താവായിരുന്നു. സംഗീതഞ്ജനായിരുന്നു. പ്രാസംഗികനായിരുന്നു..
വിദ്യാഭ്യാസം: കൃത്യമായി അറിയില്ല. എങ്കിലും പഠിച്ചിരിക്കാനും ബിരുദം നേടിയിരിക്കാനുമൊക്കെയുള്ള സാധ്യതയുണ്ട്. വികിപീഡിയായിലും അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരമൊന്നുമില്ല.
പ്രത്യേകതകള്‍: സ്ത്രീകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണെന്ന് ചിലരൊക്കെ, പ്രത്യേകിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. പോലീസ് രേഖകളില്‍ ചില സ്ത്രീവിഷയകേസുകളില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടതായി തെളിവുകളുമുണ്ട്.
ഭാവം: ചിലപ്പോള്‍ ചിരിക്കും. ചിലപ്പോള്‍ കരയും. ചിലപ്പോള്‍ സംസാരിക്കാന്‍ വിമുഖന്‍. ചിലപ്പോള്‍ സംസാരിച്ചുകൊണ്ടേയിരിക്കും. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ മാറിമറിയുന്ന സ്വഭാവസവിശേഷതകള്‍.

അപ്പോഴേക്കും അവള്‍ പുതുതായി ചിത്രപ്പണികള്‍ ചെയ്ത ഉടുപ്പുമായി എന്റെ മുന്നില്‍ വന്നുനിന്നു.
‘ഇതെങ്ങനെയുണ്ട്?’
അവള്‍ ചോദിച്ചു.
‘ഒരു കാശ്മീരുകാരി കാശ്മീരുകാരിയായതു പോലെ.’
ഞാന്‍ പറഞ്ഞു.
‘ഇതെന്താണെഴുതുന്നത്? ഇപ്പോഴേ ആത്മകഥ എഴുതിത്തുടങ്ങിയോ?’
‘ഏയ്.. ഇതു വെറും കുറിപ്പുകളാണ്. മിക്കവാറും അടുത്ത അധ്യായമാവുമ്പോഴേക്കും ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യന്റെ ആത്മകഥ എഴുതിത്തുടങ്ങും.’
‘അപ്പോള്‍?’
‘അപ്പോള്‍.. അപ്പോളെന്താ? അപ്പോള്‍ ഇതാണ് ചേതന്‍ ഭഗതാവാനുള്ള എന്റെ ആദ്യ ചവിട്ടുപടി. വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒരു പുസ്തകരചനയില്‍ ഞാന്‍ പങ്കാളിയാവാന്‍ പോവുന്നു. ഒരു പക്ഷേ, ഇതായിരിക്കാം എന്റെ ആദ്യനിയോഗം..’
ഞാന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഒരു എഴുത്തുകാരനാവാനുള്ള എന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന്റെ ആദ്യപടി തെളിഞ്ഞുകഴിഞ്ഞു.ഇനി പതിയെ പത്രപ്രവര്‍ത്തക കുപ്പായം അഴിച്ചുവെക്കണം. മണിക്കൂറുകളുടെ ആയുസുള്ള അതിശയോക്തിയും പൊങ്ങച്ചവും കലര്‍ന്ന വാര്‍ത്തകളെ മെല്ലെ മനസില്‍ നിന്നു തുടച്ചുമാറ്റാം. ഒരു കഞ്ചാവിന്റെ ലഹരിയില്‍ എല്ലാം മറക്കുന്നതുപോലെ എല്ലാത്തിനേയും എന്റെ മനസിന്റെ റീസൈക്കിള്‍ ബിന്നിലേക്ക് വലിച്ചെറിയാം. ഇപ്പോള്‍ മനസിന്റെ ഡെസ്‌ക്‌ടോപ്പില്‍ പ്രതിഷ്ഠിക്കാന്‍ ദസ്തയേവ്‌സ്‌ക്കിയുടേയും ചേതന്‍ ഭഗതിന്റേയും വിവിധ രൂപാന്തരങ്ങളുണ്ട്. ചരമവാര്‍ത്തയ്‌ക്കൊപ്പം സൗജന്യപ്രശസ്തി കിട്ടുന്ന മക്കളുടേയും ജാമാതാക്കളുടേയും പേരമക്കളുടേയും എണ്ണിയാലൊടുങ്ങാത്ത കണക്കു പോലെ എണ്ണമില്ലാത്ത പ്രശസ്തിയിലേക്കു പതുക്കെ നടന്നുനീങ്ങാം.
എന്റെ ആത്മകഥാകാരന്‍ എന്നെ പ്രശസ്തനാക്കും.
ഇതിനെ പറ്റി ഒരിക്കല്‍ എന്നോടു ‘ഫക്ക് യു’ പറഞ്ഞ പത്രാധിപര്‍ പ്രത്യേക കവര്‍ സ്‌റ്റോറി എഴുതും.
ഒരിക്കല്‍ ‘ഫക്ക് യു’ പറഞ്ഞ സംവിധായകന്‍ ഇതിന്റെ ചലച്ചിത്രസാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തും.
എനിക്കുറപ്പുണ്ട്. കാരണം ഒരിക്കല്‍ എന്നോടു ‘ഫക്ക് യു’ എന്ന് അവരേക്കാളൊക്കെ ആവേശത്തോടെ പറഞ്ഞവളാണ് ഇപ്പോള്‍ എന്റെ എഴുത്തുമേശയ്ക്കരികെ കാശ്മീരി വസ്ത്രങ്ങളുമണിഞ്ഞ് നന്നെ പ്രഭാതത്തിലും ചായയുമായി വന്നു നില്‍ക്കുന്നത്.
കുട്ടിക്കാലത്ത് എന്റെ നോട്ടുപുസ്തകത്തില്‍ മുമ്പേ കുറിച്ച അക്കങ്ങളുടെ അക്ഷരമാല അവിടെ ഇപ്പോഴും തെളിഞ്ഞു കിടപ്പുണ്ട്. തീര്‍ച്ചയായും എന്റെ ഭാഗ്യനമ്പരും വരും. കാരണം, ഇനി മുതല്‍ കുറച്ചു കാലത്തേക്ക് നിലോഫറിനു പുറമേ എന്റെ കൂടെ മറ്റൊരാള്‍ കൂടിയുണ്ട്. എന്റെ ആത്മകഥാകാരന്‍. ഒരു പുതിയ അധ്യായം തുടങ്ങാനായി.
‘ഈ ചായയില്‍ ഒരു മാറ്റത്തിനായി പഞ്ചസാരയ്ക്കു പകരം ഉപ്പ് ഇടുകയാണെങ്കില്‍ എങ്ങനെയിരിക്കും?’
നിലോഫര്‍ എന്റെ സ്വപ്നങ്ങളിലേക്ക് അര്‍ഥമില്ലാതെ ഇടപെട്ടു.

Sunday, May 1, 2011


എനിക്ക് ചേതന്‍ ഭഗത് ആവണം




നാല്




എഴുത്തുകാരനാവുന്നതിനു മുമ്പ് എനിക്ക് മറ്റൊരു കാലമുണ്ടായിരുന്നു.
ഇതിനോടൊപ്പം ഞാന്‍ മറ്റൊരു വാചകം കൂടി ചേര്‍ക്കുന്നു.
എഴുത്തുകാരനാവുന്നതിനും കല്യാണം കഴിക്കുന്നതിനും മുമ്പ് എനിക്ക് മറ്റൊരു കാലമുണ്ടായിരുന്നു. മറ്റൊരു ജീവിതമുണ്ടായിരുന്നു.
ഇതിനര്‍ഥം ഇപ്പോള്‍ എല്ലാം സ്വച്ഛന്തം ഒരു അരുവി പോലെ ഒഴുകുന്നു എന്നല്ല. പക്ഷേ ഇതിലൊരു ശരിയുണ്ട്. അല്ലെങ്കില്‍ ഇതു തന്നെയാണ് ശരി.
അതെ.
പ്രതിപാദ്യം എന്റെ വിവാഹമാണ്.
പിന്നീട് നാലാം നാള്‍ ഞങ്ങള്‍ വീണ്ടും ചാറ്റ് ചെയ്തു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. സൗഹൃദത്തിലായി. സൗഹൃദം വളര്‍ന്ന് വിവാഹത്തിലെത്തി. വേണമെങ്കില്‍ ഇങ്ങനെ എളുപ്പത്തില്‍ പറഞ്ഞുപോവാം. വായനക്കാരന് കാര്യമായ സംശയങ്ങളൊന്നുമുണ്ടാകാനിടയുമില്ല. സെന്‍സര്‍ ബോര്‍ഡിനും വാക്യങ്ങള്‍ക്കിടയില്‍ 18 വയസിനു താഴെയുള്ളവരില്‍ കൗതുകമുണര്‍ത്തുന്ന വരികളുണ്ടോ എന്ന് മഷിയിട്ടു നോക്കേണ്ട ആവശ്യമില്ല. എല്ലാം ശുഭമായി മംഗളകരമായി കലാശിച്ചുവെന്ന് സംശയലേശമന്യേ അടിക്കുറിപ്പെഴുതുകയുമാവാം.
സംശയലേശമന്യേ.
അതെ. ആ വാക്കാണ് ഇപ്പോള്‍ എന്നെ കുഴക്കുന്നത്.
വായനക്കാരന് സംശയമില്ലെങ്കിലും എനിക്കു സംശയമുണ്ട്. സംശയിക്കുന്നവര്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്നും സംശയങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് എന്താണ് നഷ്ടപ്പെടാനും നേടാനുമുള്ളത്? സംശയങ്ങളാണ് ചിലപ്പോഴെങ്കിലും ജീവിതത്തെ ആവേശഭരിതമായി മുന്നോട്ടു നയിക്കുന്നതെന്ന് എനിക്കറിയാം.
എന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് എന്റെ ഇപ്പോഴത്തെ സംശയം. ഇവിടെ എന്റെ തീരുമാനങ്ങള്‍ ശരിയായിരുന്നോ എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം.
ഒരാളെ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടു.
നാലാം നാള്‍ വീണ്ടും പരിചയം പുതുക്കി. ചാറ്റിങ്ങില്‍ മുറിച്ചുവെച്ച സംഭാഷണശകലങ്ങള്‍ കൂട്ടിയോജിപ്പിച്ചു. ഒടുവില്‍ വിവാഹം കഴിച്ചു. പിന്നെയും മനസില്‍ എന്തോ ബാക്കി നില്‍ക്കുമ്പോള്‍? ഈയൊരവസ്ഥയെയാണ് ‘കാരണമില്ലാത്ത ദു:ഖ’മെന്ന പേരില്‍ ഞാന്‍ എണ്ണുന്നത്.
ഏതൊരു മനുഷ്യനും അയാള്‍ എത്ര സന്തോഷവാനാണെങ്കിലും ചിലപ്പോള്‍ ഇതേ അവസ്ഥയുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. കാരണമില്ലാതെ ഒരു തരം ദു:ഖം അവനില്‍ നിറയും. കുറച്ചുനാളെങ്കിലും അത് അവനെ ഭരിക്കും. അപ്പോള്‍ അവന്റെ മുന്നിലെ എല്ലാ നന്‍മയും അവന് തിന്‍മയായേ തോന്നൂ. ദിവസങ്ങള്‍ അനിശ്ചിതമായി കടന്നുപോയതിനു ശേഷം പതുക്കെ വത്തിക്കാനില്‍ നിന്നും പുകയുയരുന്നതു പോലെ അവന്റെ മനസില്‍ നന്‍മയുടെ അംശങ്ങള്‍ പതിയെ രൂപപ്പെടും. അങ്ങനെയാണ് പതിവ്. പക്ഷേ, ഈ പതിവ് തെറ്റുകയാണെങ്കില്‍..?
ചോദ്യങ്ങളും സംശയങ്ങളും അവസാനിപ്പിക്കാമെന്നു തോന്നുന്നു.
കുരുക്കുകള്‍ പതുക്കെ അഴിക്കാം.
അല്ലെങ്കിലും അതത്രത്തോളമൊന്നും മുറുകിയതുമല്ല. അല്ല, അവ കുരുക്കുകളാണെന്നു തോന്നുകയില്ല എന്നതാണ് വാസ്തവം. അവ ചീനവലകളെപ്പോലെ നമ്മെ അപ്പാടെ മൂടി വെള്ളത്തിനു മുകളിലേക്കുയര്‍ത്തുന്നു. നമുക്കതില്‍ നീന്തിത്തുടിക്കാം. മുകളിലെത്തുവോളം.

നാലാം നാള്‍.
നിലോഫറുമായുള്ള എന്റെ രണ്ടാമത്തെ ചാറ്റിങ് അന്നായിരുന്നു. ഫുള്‍സ്‌റ്റോപ്പില്‍ അവസാനിച്ച കഴിഞ്ഞ സംഭാഷണത്തില്‍ നിന്നും തുടങ്ങാന്‍ മടിച്ച് ഞങ്ങളിരുവരും ഏറെ നേരം നിന്നു.

‘നിലോഫര്‍-സെര്‍ച്ചിങ് ഫോര്‍ ഡ്രീംസി’നു ചുറ്റും പച്ച ലൈറ്റ് തെളിഞ്ഞു തന്നെ നിന്നു. ഒടുവില്‍ അവള്‍ തന്നെ ചാറ്റിങ്ങിനു തുടക്കമിട്ടു.
‘ഹായ്..
എന്തു ചെയ്യണമെന്ന് ആദ്യം എനിക്കു നിശ്ചയമുണ്ടായിരുന്നില്ല. ഇവള്‍, സംവിധായകനും പത്രാധിപര്‍ക്കും ശേഷം എന്നോട് ‘ഫക്ക് യു’ എന്ന് പറഞ്ഞവള്‍, ഇപ്പോള്‍ പരിചയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്തായിരിക്കാം? എങ്കിലും അല്‍പസമയത്തെ സംശയചിന്തകള്‍ക്കു ശേഷം ഞാന്‍ കീബോര്‍ഡില്‍ വിരലുകളമര്‍ത്തി മൂന്ന് വാക്കുകള്‍ ക്രമമായി ചേര്‍ത്തു. എച്ച്, ഏ, ഐ.
‘എന്തുണ്ട് വിശേഷം?’ - അവള്‍.
‘സുഖം.’ - ഞാന്‍.
ഇതിനിടയില്‍ ഞാന്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്ന 17 പേരില്‍ ഒരാള്‍ കൊഴിഞ്ഞതിന്റെ സൂചനയായി അവന്റെ പ്രൊഫൈലിലെ പച്ചവെളിച്ചം അസ്തമിച്ചു.
‘എന്നോട് ക്ഷമിക്കൂ..’- അവള്‍.
‘ഏയ്, എന്തിന്? തെറ്റു ചെയ്തത് ഞാനല്ലേ? അരുതാത്തത് മോഹിച്ച്..’ - ഞാന്‍.
അപ്പോഴേക്കും 16ാ മത്തെ ആള്‍ കൂടി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.
‘എങ്കിലും അപ്പോള്‍ ഞാന്‍ പറഞ്ഞത് പറയരുതാത്തതായിരുന്നു. ഒരു സ്ത്രീയും ഒരു പുരുഷനോട് പറയരുതാത്തത്..’ - അവള്‍.
‘ഏയ്, ഞാനും അതു തന്നെയല്ലേ ചെയ്തത്? ഒരു പുരുഷനും ഒരു സ്ത്രീയോട് പറയരുതാത്തത്...’ - ഞാന്‍.
15ാമനും ഓഫ്‌ലൈനായി.
‘പക്ഷേ, നിങ്ങളുടെ വാക്കുകള്‍ അത്രയും ഗാഢത നിറഞ്ഞതായിരുന്നില്ലല്ലോ? അത് ക്ഷമിക്കാവുന്നതുമാണ്. പക്ഷേ ഞാന്‍..’
അവള്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയപ്പോള്‍ 14 ാമനും എന്നെ വിട്ടൊഴിഞ്ഞു.
‘ഓകെ. ഞാന്‍ ക്ഷമിക്കുന്നു. പക്ഷേ, എന്റെ ചോദ്യം നിലനില്‍ക്കുന്നു, നിലോഫര്‍. നിലോഫറിനെ കാണാതെ, നിലോഫറിന്റെ പശ്ചാത്തലം പോലുമറിയാതെ നിലോഫറിനെ ഞാന്‍ സ്‌നേഹിക്കുന്നു. ഇതൊരിക്കലും ഒരു പൂവാലസ്വരമല്ല. ആത്മാര്‍ഥത മാത്രമേ ഇതിലുള്ളൂ..’
ഈ വരികള്‍ ടൈപ്പ് ചെയ്യുന്നതിനു മുമ്പ് ഞാനേറെ ആലോചിച്ചിരുന്നു. കാരണം അവളുടെ ക്ഷമാപണം എനിക്കു തന്ന സാധ്യതകള്‍ അത്രയ്ക്കു വലുതായിരുന്നു. ആ സാധ്യതകള്‍, ജീവിതത്തില്‍ ആദ്യമായി പ്രണയം തുറന്നുപറയുന്ന തന്റേടിയായ കാമുകനിലേക്ക് എന്നെ പരിണാമം ചെയ്യുകയായിരുന്നു.
‘സോറി. ഈ ചോദ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മറുപടി പറയാന്‍ ഞാന്‍ ആളല്ല. പ്രത്യേകിച്ചും ആയൊരു മാനസികാവസ്ഥയിലല്ല ഞാനിപ്പോള്‍. ദയവു ചെയ്ത് ഇത്തരം വലിയ ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് ഒഴിവാക്കാം. നമുക്ക് വിഷയം മാറ്റാം. എങ്ങനെയുണ്ട് കേരളം?’
എന്റെ മിനിറ്റുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവളുടെ വരികള്‍ കണ്‍മുന്നില്‍ തെളിഞ്ഞു. വരികള്‍ ടൈപ്പ് ചെയ്യാന്‍ അവള്‍ മനസില്‍ നല്ലവണ്ണം ഗൃഹപാഠം ചെയ്തുവെന്നു വ്യക്തമായിരുന്നു. ഇതിനിടെ 13 ാമനും ഒരു നല്ല രാത്രി പോലും ആശ്വസിക്കാതെ വിട വാങ്ങി.
‘കേരളം പതിവുപോലെ സുന്ദരമാണ്. എങ്കിലും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം അല്‍പാല്‍പമായെങ്കിലും തന്നുകൂടേ?’
‘അത്.. ഞാന്‍ പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചുമൊന്നും സത്യത്തില്‍ ആലോചിച്ചു തുടങ്ങിയിട്ടില്ല. അതിനുള്ള സമയമായിട്ടില്ലെന്നു തോന്നുന്നു.’
‘പക്ഷേ എന്തുകൊണ്ട് ആലോചിച്ചുകൂടാ? എന്തായാലും ആലോചിക്കേണ്ടതാണ്. പിന്നെ എന്തിന് ആലോചനകള്‍ക്ക് സമയം നിശ്ചയിക്കുന്നു? ഞാന്‍ എന്നെ മുഴുവനായും നിലോഫറിനു മുന്നില്‍ തുറന്നുവെച്ചിരിക്കുന്നു. ഇനി നിലോഫറിനു തീരുമാനമെടുക്കാം. നിലോഫറിന്റെ സങ്കല്‍പങ്ങളിലേക്ക് ഞാന്‍ ചെറുതായെങ്കിലും രംഗപ്രവേശം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാം.’
എന്റെ 12 ാമത്തെ അതിഥിയും ഇതിനിടെ വഴിപിരിഞ്ഞു.
‘എന്റെ സങ്കല്‍പം... ഓകെ. എന്റെ സങ്കല്‍പം ഞാന്‍ വിശദമാക്കാം. പക്ഷേ അതൊരിക്കലും നിങ്ങള്‍ക്കുള്ള മറുപടിയായി കാണരുത്. എന്റെ സങ്കല്‍പത്തിലെ പുരുഷന്‍ ഒരു കലാകാരനാണ്.’
‘കലാകാരന്‍..? ’
ഞാന്‍ സംശയാകുലനായി.
11 ാമനും എന്റെ സംശയം കാണാതെ അപ്രത്യക്ഷനായി.
‘അതെ. കലാകാരന്‍. ചിലപ്പോള്‍ ചേതന്‍ ഭഗത്തിനെപ്പോലെ ഇല്ലായ്മയില്‍ നിന്നും മനോഹരമായ കഥകള്‍ സൃഷ്ടിക്കുന്ന ഒരു എഴുത്തുകാരനായേക്കാം. മനസിലുള്ളത് ക്യാന്‍വാസിലേക്ക് പകര്‍ത്താന്‍ കഴിയുന്ന ഒരു ചിത്രകാരനായേക്കാം. അതുമല്ലെങ്കില്‍..’
ഞാന്‍ ഇടയ്ക്ക് ഇടപെട്ടു.
‘ഞാനും ഒരു കലാകാരനാണ്.’
ഈ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ എനിക്കു സംശയമൊന്നുമുണ്ടായിരുന്നില്ല. എന്റെ ആത്മവിശ്വാസം ദസ്തയേവ്‌സ്‌ക്കിയോളം വളര്‍ന്നിരുന്നു അപ്പോള്‍. ഒരു രാജസദസില്‍ ഇരു സിംഹാസനങ്ങളിലായി ഞാനും ദസ്തയേവ്‌സ്‌ക്കിയും ഇരിക്കുന്നു!
10 ാമനും പക്ഷേ, ഈ അത്ഭുതകാഴ്ച കണ്ടുനില്‍ക്കാതെ പാതിവഴിയില്‍ പിരിഞ്ഞു.
‘ആയിരിക്കാം. പക്ഷേ നിങ്ങള്‍ ഒരു കലാകാരനാണെന്ന് ഞാനെങ്ങനെ അറിയും? നിങ്ങളുടെ സൃഷ്ടികളൊന്നും ഞാന്‍ കണ്ടിട്ടില്ല. പിന്നെ നിങ്ങള്‍ എഴുത്തുകാരനാണെങ്കില്‍ തന്നെ ഒരു ചേതന്‍ ഭഗത്തുമല്ല..’
നിലോഫര്‍ പതുക്കെ ഞാനാഗ്രഹിച്ച വഴിയിലേക്ക് സംഭാഷണം തുടര്‍ന്നു. ഇനിയുള്ള എന്റെ വരികള്‍ വളരെ ശ്രദ്ധാപൂര്‍വം ടൈപ് ചെയ്യണമെന്നുള്ളതിന്റെ ഒരു അലാറാമായിരുന്നു അത്.
‘ഏയ്, നിലോഫര്‍. നീയെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ’
ഞാന്‍ ഒരു ചാണക്യനെപ്പോലെ കീ ബോര്‍ഡിലെ അക്ഷരമാലകള്‍ തിരഞ്ഞുതുടങ്ങി.
‘..എനിക്കിഷ്ടം ദസ്തയേവ്‌സ്‌ക്കിയെയാണെങ്കിലും പുതിയ എഴുത്തുകാരിലെ ശ്രദ്ധേയനും നിലോഫറിന്റെ മനസിലെ ആരാധനാമൂര്‍ത്തിയുമായ ചേതന്‍ ഭഗത്തിലേക്ക് എളുപ്പം പരകായപ്രവേശം ചെയ്യാന്‍ കഴിയും. നിലോഫറിനു എപ്പോള്‍ വേണമെങ്കിലും എന്റെ കൃതികള്‍ അയച്ചുതരാന്‍ എനിക്കു സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, അവയൊക്കെയും എന്റെ മാതൃഭാഷയിലുള്ളതാണ്.’
ഞാന്‍ എന്റെ ഭാഗം ഭദ്രമാക്കിക്കൊണ്ടിരിക്കെ, അപ്പുറം അവള്‍ അനിശ്ചിതമായ തിരക്കിലേക്ക് ഊളിയിട്ടു. കൃത്യം ഒന്‍പതു മിനിറ്റു വേണ്ടിവന്നു, അവള്‍ പിന്നെയും എനിക്കു മറുപടി തരാന്‍. അപ്പോഴേക്കും ഒന്‍പതാമനും പിന്തുണ പിന്‍വലിച്ചിരുന്നു.
‘ഏയ്, അയാം സോറി. അല്‍പം തിരക്കിലായിരുന്നു. പക്ഷേ ആ തിരക്കിലും നിങ്ങള്‍ക്കു നല്‍കേണ്ട മറുപടിയെക്കുറിച്ചു മാത്രമാണ് ഞാന്‍ ചിന്തിച്ചത്. ശരി, നമുക്കൊരു കരാറിലെത്താം. എനിക്കു നിങ്ങളെ കാണണമെന്നുണ്ട്. നിങ്ങളുടെ പ്രണയം ആത്മാര്‍ഥമാണെങ്കില്‍, നിങ്ങളുടെ ഫോട്ടോ അയച്ചുതരിക. മടക്ക മെയിലില്‍ ഞാന്‍ എന്റെ ഫോട്ടോ നിങ്ങള്‍ക്കും അയച്ചുതരാം. പക്ഷേ ഒരു കണ്ടീഷന്‍. നിങ്ങള്‍ എന്റെ ഫോട്ടോ നോക്കേണ്ടത് ഞാന്‍ സൈന്‍ ഔട്ട് ചെയ്തതിനുശേഷം മാത്രമാവണം. ഓകെ?’
‘ഓകെ..’
ഞാന്‍ കീബോര്‍ഡില്‍ സത്യം ചെയ്തു.
പിന്നെ എന്റെ ശേഖരത്തിലെ ഏറ്റവും ഭംഗിയുള്ളതെന്ന് എനിക്ക് ബോധിച്ച പടം അവള്‍ക്കായി അയച്ചുകൊടുത്തു. മുമ്പൊരിക്കല്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍, എന്റെ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് ലൈറ്റ് ആന്റ് ഷേഡില്‍ എടുത്ത പടം. ആ പടം കാണുമ്പോഴെല്ലാം എനിക്ക് എന്റെ സൗന്ദര്യത്തില്‍ എന്നോടു തന്നെ അസൂയ തോന്നിയിരുന്നു.
മടക്ക മെയിലില്‍ തന്നെ അവളുടേതായി ഒരു ഫയലും വന്നു. ആ ഫയല്‍ ഓപണ്‍ ചെയ്യുന്നതിനു മുമ്പ് അവള്‍ സൈന്‍ ഔട്ട് ചെയ്‌തെന്ന് ഞാന്‍ ഒന്നു കൂടി ഉറപ്പു വരുത്തി. അവള്‍ക്കൊപ്പം അപ്പോഴേക്കും എട്ടാമനും ഏഴാമനും കൂടി വിടവാങ്ങിയിരുന്നു. പിന്നെയും സംശയത്തോടെ ഞാന്‍ രണ്ടു മിനിറ്റു കൂടി സംശയിച്ചുനിന്നപ്പോള്‍ ആറാമനും അഞ്ചാമനും കൂടി വിട പറഞ്ഞു.
ഇപ്പോള്‍ എന്റെ ചാറ്റ്‌ലിസ്റ്റില്‍ ഉണര്‍ന്നിരിക്കുന്നവര്‍ വെറും നാലുപേര്‍ മാത്രം. എല്ലാവരും അടുത്തടുത്ത മിനിറ്റുകളിലായി കൊഴിയാന്‍ സാധ്യതയുള്ളവര്‍.
ഞാന്‍ പതുക്കെ അവളുടെ ഫയല്‍ തുറന്നു.
ഒറ്റ നോട്ടത്തില്‍, എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കാരണമില്ലാത്ത ഒരു ദു:ഖം നിങ്ങളെ മദിക്കുന്നതിനെക്കുറിച്ച് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ ഒരു നിമിഷം കൊണ്ട് ഞാന്‍ കടുത്ത ദു:ഖത്തിലേക്കും നിരാശയിലേക്കും വേഗതñകൂട്ടി നടന്നു.
അത്രയും വിരൂപമായിരുന്നു ആ ഫോട്ടോ.
കാശ്മീരുകാരി എന്നതിനേക്കാള്‍ എത്യോപ്യയില്‍ നിന്നോ സോമാലിയായില്‍ നിന്നോ മറ്റേതെങ്കിലും അഭയാര്‍ഥി ക്യാംപില്‍ നിന്നോ വരുന്നവള്‍ എന്നായിരിക്കും അവള്‍ക്കു ചേരുന്ന പര്യായ പദം. ഇതിനിടയ്ക്ക് മരുഭൂമിയിലൂടെ അവള്‍ അനേകകാതം നടന്നിട്ടുമുണ്ടാവും. അവളുടെ കറുത്തു കരുവാളിച്ച മുഖത്തെ ഇറ്റു വീഴാന്‍ തുടങ്ങിയ വിയര്‍പ്പുതുള്ളികള്‍ നെറ്റിയ്ക്കു ചുറ്റും ഖനീഭവിച്ചു കിടന്നിരുന്നു. പല്ലുകള്‍ ഇനാമലിന്റെ അഭാവത്തില്‍ മഞ്ഞനിറമാവുകയും, കാത്‌സ്യക്കുറവു കൊണ്ട് നെടുകെ ഛേദിക്കപ്പെട്ട്, മുന്നോട്ടേക്ക് വളഞ്ഞ്, ആക്രമണത്തിനയക്കപ്പെട്ട, ചെസ് ബോര്‍ഡിലെ കുതിരപ്പടയാളിയെപ്പോലെ തോന്നിക്കുകയും ചെയ്തു. പിന്നെയുള്ളത് അവളുടെ കണ്ണുകളായിരുന്നു. അവ ഷര്‍ബത്ത് ഉല എന്ന പഴയ നാഷണല്‍ ജോഗ്രഫിക് ചാനലിന്റെ കവര്‍ ചിത്രമായ അഫ്ഗാന്‍ ബാലികയുടേതു പോലെ തീക്ഷ്ണമായിരുന്നു. ഏതു ലവണവും അതില്‍ എളുപ്പം ലയിക്കും, എത്ര ഗാഢതയുണ്ടായാലും. കവിളില്‍ ഇരുവശത്തുമായി നാലു കാക്കപ്പുള്ളി മറുകുകള്‍ വൈരൂപ്യത്തിന്റെ ആഴം വിളിച്ചോതാന്‍ നേരത്തെ സന്നിഹിതമായിരുന്നു. മറുകുകള്‍ സൗന്ദര്യത്തിനു ശാപമമുണ്ടാക്കുമെന്ന എന്റെ തോന്നല്‍ ഊട്ടിയുറപ്പിക്കപ്പെട്ട സന്ദര്‍ദം കൂടിയായിരുന്നു അത്.
ഇത്രയും വിരൂപയായ സ്ത്രീയാണോ ഇത്രയും മധുരമായി ചാറ്റ് ചെയ്തതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, മിനിറ്റുകളോളം. ആയിരത്തൊന്ന് രാവുകളിലേയോ വിക്രമാദിത്യകഥകളിലേയോ പഞ്ചതന്ത്രം കഥകളിലേയോ ഒരു കഥാസന്ദര്‍ഭമാണ് എന്റേയും അവളുടേയും ജീവിതമെന്ന് ഞാന്‍ വെറുതേ താരതമ്യപ്പെടുത്തി.
ആ താരതമ്യത്തില്‍ സൈന്‍ ഔട്ട് ചെയ്യാന്‍ പോലും മറന്ന് ഞാന്‍ നേരം വെളുപ്പിച്ചു.

പിറ്റേന്ന്.
പകല്‍ മുഴുവനും, നിലോഫര്‍ അറബിക്കഥകളിലെ പരീക്ഷണകുതുകിയായ രാജകുമാരിയാവണേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു. തന്റെ കാമുകനായ രാജകുമാരന്റെ സ്‌നേഹമളക്കാന്‍ വേണ്ടി താന്‍ വിരൂപയാണെന്നു പറയുന്ന, സുന്ദരിയായ അതേ രാജകുമാരിയുടെ ആത്മാവ് നിലോഫറിലേക്ക് പരകായപ്രവേശം ചെയ്‌തെങ്കില്‍.. അങ്ങനെയെങ്കില്‍, ഇനിയുള്ള കാലം മുഴുവനും മനസില്‍ നിന്ന് ഞാന്‍ ദസ്തയേവ്‌സ്‌ക്കിയെയും ‘കാരമസോവ് സഹോദരരേ’യും ഉപേക്ഷിച്ച് അവിടെ ചേതന്‍ ഭഗതിനേയും ‘ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫി’ലെ വിദ്യയേയും ഗോവിന്ദിനേയും പ്രതിഷ്ഠിച്ചേനെ. ഒരു വ്രതകാലത്ത് നോമ്പെടുക്കാന്‍ തീരുമാനിക്കുന്നവന്റെയത്രയും പരിശുദ്ധവും പാവനവുമായിരുന്നു ആ തീരുമാനം.
ഇന്റര്‍നെറ്റ് കണക്ടഡായതു മുതല്‍ ഞാന്‍ ചിന്തിച്ചത് ഇപ്രകാരമാണ്:
ഇപ്പോള്‍, അതേ, ഇപ്പോള്‍ തന്നെ അവള്‍ അവളുടെ യഥാര്‍ഥസൗന്ദര്യം എനിക്കു മെയില്‍ ചെയ്യും. പിന്നെ ഞാന്‍ അത്ഭുതപരതന്ത്രനായിരിക്കുമെന്ന് ധരിച്ച് ഇന്നലെ എന്നെ കബളിപ്പിച്ചതായിരുന്നുവെന്ന സത്യം വെളിപ്പെടുത്തും. പിന്നെ അവള്‍ ടൈറ്റാനിക്കിലെ നായികാനായകരുടെ, അടുക്കുവാനിനി അകലമില്ലെന്ന വിധം ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോ എനിക്ക് ഫോര്‍വേഡ് ചെയ്യും.
ഈ പ്രതീക്ഷകളായിരുന്നു, അന്ന് അവള്‍ ചാറ്റ്‌ലിസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ‘സ്റ്റില്‍ ഐ ലവ് യു’ എന്ന് ടൈപ്പ് ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്.
‘ഇപ്പോഴും?’
അവളുടെ മറുപടി.
‘ഉം.. നിന്റെ വാക്കുകള്‍, നിന്റെ സംസ്‌ക്കാരം നിന്റെ വൈരൂപ്യത്തെ മായ്ക്കുന്നു.’
പിന്നെയുള്ള കുറച്ചു നിമിഷങ്ങള്‍ അവളുടെ ആലോചനയുടേതായിരുന്നു. അവളുടെ വിരലുകള്‍ അവളുടെ മനസിനെ നിയന്ത്രിച്ചിരിക്കണം. ഇടവേളയ്ക്കു ശേഷം അവള്‍ ചോദിച്ചു.
‘നിങ്ങള്‍ ശരിക്കും ചിന്തിച്ചോ?’
‘ഉം.. കൃത്യമായും. ഇനിയെനിക്ക് പുനര്‍ചിന്തയ്ക്ക് അവസരമില്ലാത്ത വിധത്തില്‍.’
‘എനിക്കു വിശ്വസിക്കാമോ?’
‘നൂറു ശതമാനവും. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ’
വീണ്ടും കുറച്ചുനേരത്തെ മൗനത്തിനു ശേഷം അവള്‍ എന്റെ മെയിലിലേക്ക് ഒരു ഫയല്‍ കൂടി അയച്ചു. പിന്നെ ഒരു കല്‍പന പുറപ്പെടുവിക്കുന്നതു പോലെ അത് ഓപണ്‍ ചെയ്യാന്‍ പറഞ്ഞു. ഞാന്‍ നൊടിയിട പോലും താമസിക്കാതെ ഓപണ്‍ ചെയ്തപ്പോള്‍ അവിടെ എന്റെ സങ്കല്‍പത്തിലെ കാശ്മീരി സുന്ദരി പുഞ്ചിരിച്ചു നിന്നിരുന്നു. ദേഹം മുഴുവനായും മറയ്ക്കുന്ന കാശ്മീരി വസ്ത്രങ്ങളില്‍ അവള്‍ എന്റെ സങ്കല്‍പത്തിനുമപ്പുറം സുന്ദരിയാണോ എന്നതു മാത്രമായിരുന്നു സംശയം.
‘ഫോട്ടോ കണ്ടോ?’
എന്റെ അത്ഭുതം ഒട്ടൊന്നടങ്ങിയിട്ടുണ്ടാവുമെന്ന് ഊഹിച്ച് അവള്‍ ചോദിച്ചു.
‘ഉം.’
ഞാന്‍.
‘ഞാനാണ്..’
‘?’
‘അതെ. പഴയ അറബിക്കഥയിലെ രാജകുമാരിയെപ്പോലെ തന്നെ എന്നിലെ എന്തിനെയാണ് നിങ്ങള്‍ ഭ്രമിച്ചതെന്ന് എനിക്കറിയണമായിരുന്നു.’
എന്റെ പ്രാര്‍ഥനകള്‍ ഫലിച്ചതിന്റെ ആവേശച്ചൂടില്‍ ഞാന്‍ വീണ്ടുമൊരാവര്‍ത്തി കൂടി ആ വാക്കുകള്‍ വായിച്ചു.

പഴയ അറബിക്കഥയിലെ അതേ രാജകുമാരി.

അതെ; ഒരു പക്ഷേ കാശ്മീരായിരിക്കാം അവളുടെ പുനര്‍ജന്‍മ കേന്ദ്രം.

നാലു മാസങ്ങള്‍ക്കു ശേഷം.
പത്രങ്ങള്‍ ആഘോഷിച്ച ഒരു കല്യാണവാര്‍ത്ത ഇങ്ങനെയായിരുന്നു:

പ്രണയം അതിരുകള്‍ ഭേദിച്ചു,
മലയാളി യുവാവിന് വധു കാശ്മീരുകാരി


കണ്ണൂര്‍: ഒടുവില്‍, പ്രണയം തന്നെ ജയിച്ചു. നാലുമാസത്തെ ചാറ്റിങ് പ്രണയത്തിനൊടുവില്‍ മലയാളിയായ ....നു വധുവായി കാശ്മീരുകാരി നിലോഫര്‍ എത്തി. പ്രണയസമാപ്തിയ്ക്കു മംഗളമാശംസിച്ച് ഇരുവീട്ടുകാരും ചേര്‍ന്ന വിവാഹആഘോഷങ്ങള്‍ നാട്ടുകാര്‍ക്കും കൗതുകമായി. കണ്ണൂര്‍ ജില്ലയിലെ പാലത്തായിയിലാണ് സംഭവം.
നാലു മാസം മുമ്പ് ചാറ്റിങ്ങിലൂടെയാണ് ഇരുവരും യാദൃശ്ചികമായി പരിചയപ്പെടുന്നത്. ആ പരിചയം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നിലോഫര്‍ ഫാഷന്‍ ഡിസൈനറാണ്. .... പത്രപ്രവര്‍ത്തകനും. പരിചയപ്പെട്ടതിന്റെ രണ്ടാം ദിവസം തന്നെ തങ്ങള്‍ പ്രണയത്തിലായെന്ന് ഇരുവരും പറയുന്നു. കാശ്മീരിലെ സ്ഥിരം സംഘര്‍ഷഭൂമിയിലെ വെടിയൊച്ചകള്‍ക്കു പകരം താലപ്പൊലിയുടെയും സമാധാനത്തിന്റേയും സ്വരം മാത്രമാണ് ഇപ്പോള്‍ ഇവിടെ താന്‍ കേള്‍ക്കുന്നതെന്നായിരുന്നു നവവധുവിന്റെ പുതിയ അനുഭവം. കേരളത്തിലെ കാഴ്ചകള്‍ താനേറെ ഇഷ്ടപ്പെടുന്നുവെന്നും നിലോഫര്‍ പറയുന്നു. വിവാദങ്ങളേക്കാള്‍ ആഘോഷങ്ങളെ സ്‌നേഹിക്കുന്ന ഇവിടത്തെ മനസ് തന്നെ ഭ്രമിപ്പിക്കുന്നു. നിലോഫര്‍ മനസു തുറന്നു.
പത്രപ്രവര്‍ത്തകനായ ...... ഒരു കഥാകൃത്തു കൂടിയാണ്. ചാറ്റിങ്ങിലൂടെ സാഹിത്യവും കലയുമാണ് തങ്ങള്‍ കൂടുതലും ചര്‍ച്ച ചെയ്യാറുള്ളതെന്ന് ...... പറഞ്ഞു. പുതിയ തലമുറയുടെ എഴുത്തുകാരനായ ചേതന്‍ ഭഗതാണ് ഇരുവരുടേയും ഇഷ്ട എഴുത്തുകാരന്‍. എന്നെങ്കിലും ചേതന്‍ ഭഗതിനെപ്പോലെ ഒരു എഴുത്തുകാരനാവാനാണ് തന്റെ ലക്ഷ്യമെന്നും ........ കൂട്ടിച്ചേര്‍ത്തു.
വിവാഹശേഷം ഹണിമൂണിനായി കാശ്മീരിലേക്ക് പോവാനൊരുങ്ങുകയാണ് നവദമ്പതികള്‍. കല്യാണത്തിനു വരാന്‍ കഴിയാത്ത ബന്ധുക്കളെ സന്ദര്‍ശിക്കണം. പിന്നെ നിലോഫര്‍ ജനിച്ചുവളര്‍ന്ന കാശ്മീരിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. ഇരുവരും ഒരുപോലെ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കൗതുകത്തോടെ മംഗളമാശംസിക്കുകയാണ് നാട്ടുകാര്‍.

പത്രവാര്‍ത്ത വള്ളിപുള്ളി വിടാതെ മൂന്നാമത്തെ പ്രാവശ്യവും വായിച്ചതിനു ശേഷമായിരുന്നു ഞാന്‍ ആദ്യരാത്രിയിലേക്ക് പ്രവേശിച്ചത്. രാവേറുവോളവും ഞാന്‍ ആ വാര്‍ത്ത അവള്‍ക്കു തര്‍ജമ ചെയ്തുനിന്നു. അപ്പോഴൊക്കെയും അത്രയൊന്നും താല്‍പര്യമില്ലാതെ അവള്‍ ജനലിലൂടെ പുറത്തെ ആകാശത്തിലേക്ക് ഇതുവരെ കാണാത്ത പോലെ നോക്കിനിന്നു.
‘ദേ, പൗര്‍ണമി!..
അവള്‍ കൗതുകത്തോടെ പുറത്തേക്കു ചൂണ്ടി.
‘ഉം. ചന്ദ്രന്‍..’
ഞാന്‍ താല്‍പര്യമില്ലാതെ മൂളി. പിന്നെ അടുത്ത വാചകവും ആവേശത്തോടെ തര്‍ജമ ചെയ്തു.
‘ദേ, പൗര്‍ണമി ആ ഇലകള്‍ക്കിടയില്‍ മറയുന്നു!’
അവള്‍ പക്ഷേ, എന്റെ തര്‍ജമയില്‍ ശ്രദ്ധിക്കാതെ പുറത്തെ ആകാശങ്ങളിലേക്കു നോക്കി വീണ്ടും അത്ഭുതം കൂറി. ഞാന്‍ വിഭ്രമിച്ചു നില്‍ക്കേ, അവള്‍ സ്വപ്നാടകയെപ്പോലെ ഓര്‍മ്മിപ്പിച്ചു.
‘ഇപ്പോള്‍, അതേ ഇപ്പോള്‍ തന്നെ കാശ്മീരില്‍ മഞ്ഞുപെയ്യുകയാവും. ഇന്നത്തെ സദ്യയിലെ മുളക്‌കൊണ്ടുണ്ടാക്കിയ ആ വിഭവം എന്റെ അങ്കിളിന് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു..’
നേരത്തെയുള്ള പൗര്‍ണമിയുമായോ കാശ്മീരിലെ മഞ്ഞുപെയ്ത്തിനെക്കുറിച്ചോ ഒട്ടും ബന്ധമില്ലാത്ത അടുത്ത വാചകം കൂടി.
എന്റെ പുതിയ ജീവിതം തുടങ്ങിയത് അതോടുകൂടിയാണ്.