
എനിക്ക് ചേതന്‍ ഭഗത് ആവണം
ഒന്‍പത്
ഒന്‍പത്
വര്‍ഷങ്ങള്‍ക്കു മുന്‍പ്.
1808.
തന്റെ ജീവിതക്കുറിപ്പുകളില്‍ പിന്നെ എടുത്തു പറയേണ്ടത് ഈ വര്‍ഷമാണെന്ന് എന്റെ ആത്മകഥാകാരന് തോന്നിയതിനു പിന്നില്‍ കഴിഞ്ഞ അധ്യായത്തിലെ നഗ്‌നതയുണ്ടായിരുന്നു. ഇതിനു മുമ്പ് അയാള്‍ തീര്‍ത്തും നഗ്‌നനായത് ഈ വര്‍ഷമായിരുന്നു. പക്ഷേ, ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായി അന്നത്തെ നഗ്‌നതയില്‍ അയാള്‍ നിരപരാധിയായിരുന്നു.
ശരിക്കും അന്ന് അയാള്‍ നിരപരാധിയായിരുന്നു.
എന്റെ ആത്മകഥാകാരന്റെ അന്നത്തെ ജീവിതത്തിലേക്കു കടക്കുന്നതിനു മുമ്പ് വീണ്ടും നമുക്കാ പരസ്യവാചകത്തിനു കാതോര്‍ക്കാം. അതെ, വായനക്കാരന്റെ പ്രതീക്ഷകള്‍ക്കൊപ്പം തന്നെ നീങ്ങുന്നു. ഈ അധ്യായത്തിലും എന്റെ ജീവചരിത്രകാരന്റെ പേര് ആട്ടോമാറ്റിക്കായി മാറിയിരിക്കുന്നു. ഇനി മുതല്‍ അര്‍ബഹ് എന്നാണ് അയാളുടെ പേര്.
(ആട്ടോമാറ്റിക്കിന് വിവര്‍ത്തനം നല്‍കാന്‍ ഞാന്‍ ആവതു ശ്രമിച്ചിട്ടും സാധിക്കാത്തതില്‍ ഖേദിക്കുന്നു. ക്രമേണ, സ്വാഭാവികമായും എന്നിങ്ങനെ നിഘണ്ടുക്കള്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ അര്‍ഥം പ്രതിഫലിക്കുന്നില്ല എന്ന് തോന്നിയതിനാല്‍ ആ വാക്കുകള്‍ പ്രയോഗിക്കാനും തോന്നുന്നില്ല. അതിനാല്‍ ആട്ടോമാറ്റിക് ഒരു സ്വാഭാവികപദമായി കരുതി വായനക്കാര്‍ സദയം തുടര്‍ന്നുള്ള ഭാഗങ്ങള്‍ കല്ലുകടിയില്ലാതെ വായിക്കണമെന്ന് അപേക്ഷിക്കുന്നു.)
ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു സംഗീതഞ്ജന്റെ വയലിനിസ്റ്റായിരുന്നു അര്‍ബഹ്, അന്ന്. സംഗീതഞ്ജന്‍ അലറിക്കരയുന്നതും പൊട്ടിച്ചിരിക്കുന്നതും, എന്തിന് വെറുതെ, വെറുതേ മാത്രം തന്റെ ഇരുകൈകളും കൂട്ടിയിടിക്കുന്നതു പോലും സംഗീതമായി ഗണിച്ചിരുന്നു, കടുത്ത ആരാധകര്‍. അവര്‍ സംഗീതഞ്ജനുമായി ബന്ധപ്പെട്ട എല്ലാത്തിലും സംഗീതത്തെ ആരോപിച്ചു. ചിലര്‍ അദ്ദേഹത്തെ ദൈവത്തിനൊപ്പം തന്നെ പ്രതിഷ്ഠിച്ചു. സംഗീതഞ്ജന്റേതായി വിപണിയിലിറങ്ങുന്ന ആല്‍ബങ്ങളുടെ വില്‍പനാ ക്യൂ തങ്ങളുടെ രാഷ്ട്രീയപാര്‍ട്ടിക്കുണ്ടായിരുന്നെങ്കിലെന്ന് നേതാക്കള്‍ ആശിച്ചു.
കിലോമീറ്ററുകളോളം മനുഷ്യച്ചങ്ങല സൃഷ്ടിച്ചിരുന്നു അവ.
രാവായിരുന്നു സംഗീതഞ്ജന്റെ സൃഷ്ടിയുടെ നോവറിയുന്ന മുഹൂര്‍ത്തം. രാവില്‍ മണിക്കൂറുകളോളം പുലരുന്നതു വരെ സംഗീതത്തെ ഉപാസിച്ചിരുന്നു അയാള്‍. ഇടയ്ക്ക് സൃഷ്ടിയുടെ നോവില്‍ സ്വയം മറന്ന് ചുവടുകളും വെച്ചു. അത്രയെളുപ്പമൊന്നും ആര്‍ക്കും അനുകരിക്കാവുന്നതായിരുന്നില്ല അത്. അതിനാല്‍ സംഗീതത്തിനൊപ്പം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചുവടു വയ്പുകാരനായും അയാള്‍ അറിയപ്പെട്ടു. രാവിന്റെ ദൈര്‍ഘ്യത്തിനൊപ്പം ആ ചുവടുകള്‍ക്ക് വന്യത കൈവരുമായിരുന്നു. ലോകരെല്ലാം ഉറങ്ങികിടക്കുന്നതുകൊണ്ടാണ് തന്റെ ചുവടുകള്‍ ഇത്രയും മനോഹരമാവുന്നതെന്ന് ആ വന്യതയ്‌ക്കൊപ്പം അയാള്‍ കണക്കാക്കുകയും ചെയ്തു. അതിനാല്‍ തന്റെ കൂടെയുള്ളവരെല്ലാം തന്നെപ്പോലെ രാത്രിഞ്ചരരാവണമെന്ന് അയാള്‍ വിധിച്ചു. അല്‍പം ബുദ്ധിമുട്ടിയാണെങ്കിലും പരിപൂര്‍ണതയുടെ ആദ്യകടമ്പയായിരുന്നു ആ ട്രൂപ്പിലെ എല്ലാവര്‍ക്കും അയാള്‍ വിധിച്ച വിജയമന്ത്രം. അതിനാല്‍ തന്നെ അക്കാലങ്ങളില്‍, ട്രൂപ്പിലെ മറ്റു അംഗങ്ങളെ പോലെ സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാനായിരുന്നു അര്‍ബഹിന്റെ നിയോഗം.
രാത്രിയുടെ നിശബ്ദതയില്‍, തന്റെ ചുവടുകള്‍ ചിട്ടപ്പെടുത്തുന്ന സംഗീതഞ്ജനു പിന്നില്‍ നിന്ന് വയലിന്‍ വായിക്കുമ്പോഴെല്ലാം അര്‍ബഹ് സ്വയം മറക്കാന്‍ ശ്രമിച്ചിരുന്നു. സംഗീതത്തില്‍ ലയിക്കാനുള്ള ഒരു തരം കാല്‍പനിക ഭാവം. പക്ഷേ, താന്‍ സംഗീതത്തില്‍ മതിമറന്നു എന്നു തോന്നുമ്പോഴൊക്കെയും യഥാര്‍ഥത്തില്‍ അങ്ങനെയാണോ എന്നു തോന്നിയിരുന്നു അയാള്‍ക്ക്. അപ്പോഴൊക്കെയും അയാള്‍ സംശയത്തോടെ തന്റെ വയലിനിലേക്ക് തന്നെ നോക്കും.
സംഗീതഞ്ജന്‍, താനും തന്റെ ടീം അംഗങ്ങളും സംഗീതത്തില്‍ മുഴുകുമ്പോള്‍, തലയില്‍ മുള്‍ക്കിരീടം ചൂടിയാല്‍ പോലും അറിയുകയില്ലെന്നു പറയുമായിരുന്നു. അഭിമുഖങ്ങളില്‍. എന്നിട്ടദ്ദേഹം കണ്ണുകളടച്ച് സ്വയം സംഗീതമായി സംഗീതലോകത്ത് ലയിക്കുന്നതിന്റെ പോസില്‍ കുറച്ചു നേരം നിശബ്ദനാവും. ഇതു കാണുമ്പോഴൊക്കെയും താനും അങ്ങനെയാണോ എന്ന സംശയത്തില്‍ അര്‍ബഹ് സ്വയം കുറ്റപ്പെടുത്തും.
എന്തു കൊണ്ടാണ് തനിക്കു മാത്രം സംഗീതഞ്ജനേയും മറ്റു അനുയായികളേയും പോലെ സംഗീതത്തില്‍ മുഴുകാന്‍, സ്വയം ലയിക്കാന്‍ കഴിയുന്നില്ല?
എല്ലാവര്‍ക്കും ഉള്ളതു പോലെ സംഗീതഞ്ജനും ഒരു ബലഹീനതയുണ്ടായിരുന്നു.
മേനി വെളുത്ത ആണ്‍കുട്ടികള്‍.
രാത്രി സംഗീതചിട്ടകള്‍ അവസാനിച്ചു കഴിഞ്ഞാല്‍ അയാള്‍ ആണ്‍കുട്ടികളേയും തിരക്കി പരക്കം നടക്കും. 12 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരുന്നു അയാള്‍ തന്റെ സ്‌നേഹം നുകരാനുള്ള വിധി. അവര്‍ക്കു മുന്‍പില്‍ മാത്രം അയാള്‍ താരജാഡകള്‍ അഴിച്ചുവെച്ച് നഗ്‌നനായി. പച്ചമനുഷ്യനായി.
മനുഷ്യനായാല്‍ മുതല്‍ പിന്നെ സംഗീതഞ്ജന്‍ എല്ലാം മറക്കും. മാംസത്തോടുള്ള ആവേശം കലര്‍ന്ന ദാഹമാണ് പിന്നെ. ആ ദാഹം ശമിക്കാനുള്ള മരുന്നായിരിക്കും 17 കാരന്റെ ഇളം മേനി. നടുക്കവും അത്ഭുതവും കലര്‍ന്ന മിഴികളോടെ അവന്‍ ആ ദാഹം ഏറ്റുവാങ്ങും. തന്റെ ശരീരത്തിന്റെ സാധ്യതകള്‍ അന്നാവാം, ആദ്യമായി അവന്‍ അറിയുന്നത്.
ചിലര്‍ പിന്നെയും അത്ഭുതം കാരണം തരിച്ചു തന്നെ നില്‍ക്കും.
ചിലര്‍ സംഗീതഞ്ജന്റെ തുപ്പല്‍ പറ്റിയ അവയവങ്ങളില്‍, ഇവ തങ്ങളുടേതു തന്നെയാണോ എന്ന അത്ഭുതത്താലും ഇത്ര നേരവും അനുഭവിച്ച വികാരം സത്യമായിരുന്നോ എന്ന സംശയത്താലും അല്‍പനേരം കൂടി ചെരിഞ്ഞുകിടക്കും.
ചിലര്‍ കരഞ്ഞുകൊണ്ടിരിക്കും. അവര്‍ ശരിക്കും തങ്ങളുടെ ശരീരത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചം വ്യക്തമായ ബോധ്യമുള്ളവരായിരിക്കും. തങ്ങളില്‍ നിന്നും ചോര്‍ന്നു പോയതിനെക്കുറിച്ച് അവര്‍ക്കു വ്യക്തമായ ധാരണയും ദു:ഖവുമുണ്ടായിരിക്കും.
മറ്റു ചിലര്‍, അനന്തരം കിട്ടുന്ന പണത്തിന്റെ അത്യപൂര്‍വതയില്‍ ഇനിയും സംഗീതഞ്ജനൊപ്പം രാത്രി ചെലവഴിക്കാന്‍ തങ്ങളെ തന്നെ വിളിക്കണമെന്ന് മാനേജരോട് ശട്ടം കെട്ടും. പിന്നെ സംഗീതഞ്ജനില്‍ നിന്നും മാനേജരിലേക്ക് പകര്‍ന്ന സ്വവര്‍ഗസ്‌നേഹം കുറച്ചൊക്കെ ശമിപ്പിക്കാന്‍ മാനേജരെ അനുവദിക്കുകയും ചെയ്യും.
എങ്കിലും, എല്ലാം കഴിയുമ്പോള്‍ സൂര്യന്‍ പതിവുപോലെ കിഴക്കു തന്നെ ഉദിക്കും. ഒരു പുതിയ ദിവസവും ഉച്ഛ്വാസവും നിശ്വാസവും തുടങ്ങാനുള്ള ആരംഭം. സംഗീതഞ്ജന്റെ നിദ്രയിലേക്കുള്ള യാത്ര തുടങ്ങുന്നത് ആ നിശ്വാസത്തോടു കൂടിയാണ്. പകലന്തിയോളം അതു തുടരും. പിന്നെ വീണ്ടും രാത്രിയിലേക്ക്.
സംഗീതഞ്ജന്റെ രാത്രികാല ജീവിതത്തിലേക്ക്.
ആദ്യമാദ്യം മാനേജര്‍ക്കൊഴികെ മറ്റാര്‍ക്കുമറിയുമായിരുന്നില്ല, സംഗീതഞ്ജന്റെ സ്വവര്‍ഗസ്‌നേഹത്തെപ്പറ്റി. പക്ഷേ, പതിയെപ്പതിയെ ലൈംഗികാവയവത്തിന് വന്ന തടിപ്പുമായി ബന്ധപ്പെട്ട് ഒരു തെരുവുബാലന്റെ കഥ പത്രങ്ങളില്‍ ആഘോഷമായപ്പോഴാണ് സംശയത്തിന്റെ വിരലുകള്‍ സംഗീതഞ്ജനിലേക്ക് ചൂണ്ടപ്പെട്ടത്. ഡോക്ടറുടെ മുന്നില്‍, തന്റെ രഹസ്യജീവിതം മുഴുവന്‍ തെരുവുബാലന്‍ വിശദീകരിച്ചു, കുമ്പസാരിച്ചു.
തന്റെ ആഡംബരജീവിതത്തിന് കൂടുതല്‍ പകിട്ടു കിട്ടാനുള്ള ഒരു സന്ദര്‍ഭവും പാഴാക്കാതിരുന്ന ഡോക്ടര്‍, ‘ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പേരില്‍ തൊട്ടടുത്ത ആഴ്ച തന്നെ തെരുവുബാലന്റെ കുമ്പസാരവെളിപ്പെടുത്തലുകള്‍ ലേഖനമായി നാട്ടിലെ പ്രമുഖ അന്താരാഷ്ട്രപ്രശസ്തിയുള്ള പത്രത്തില്‍ എഴുതി. ഡോക്ടര്‍ പ്രതീക്ഷിച്ചതിനേക്കാളും മൂന്നിലധികം ഇരട്ടി പ്രതിഫലം ആ പത്രം ലേഖനത്തിനു വിലയും കൊടുത്തു. ഏഴിരട്ടിയായി കുതിച്ചുയര്‍ന്ന സര്‍ക്കുലേഷനായിരുന്നു പത്രത്തിനു കിട്ടിയ ലാഭം.
പിന്നീട് മറ്റു പത്രമാധ്യമങ്ങള്‍ ഇത് ഏറ്റുപിടിക്കുകയും സംഭവം വിവാദമാവുകയും ചെയ്തു. ജനങ്ങള്‍, തീ ഇല്ലാതെ പുകയുണ്ടാവില്ലെന്ന സംശയദൃഷ്ടിയോടെ സംഗീതഞ്ജനെ വീക്ഷിച്ചുതുടങ്ങി. പകല്‍ ഇഷ്ടം പോലെ സമയം ഉള്ളപ്പോള്‍ ഇവര്‍ എന്തുകൊണ്ട് സംഗീതത്തിനായി രാത്രി മാത്രം ചെലവഴിക്കുന്നു എന്നായിരുന്നു അപ്പോഴത്തെ ഒരു പ്രമുഖസാംസ്‌ക്കാരിക നായകന്റെ ചോദ്യം. ഇതിനിടെ ട്രൂപ്പിലെ ജാസ് വിദഗ്ധന്‍ സിഫിലിസിനു മരുന്ന് തേടി ഒരു ലൈംഗിക വിദഗ്ധനെ സമീപിച്ചതും വാര്‍ത്തയായി. ട്രൂപ്പിലെ ഓരോ അംഗങ്ങള്‍ക്കും ഗൊണേറിയ, സിഫിലിസ് പോലുള്ള ലൈംഗികരോഗങ്ങള്‍ ഉണ്ടെന്ന് പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പത്രത്താളുകളില്‍ സ്ഥാനം പിടിച്ചു. സംഗീതഞ്ജന്റെ കോലം പലയിടത്തും അഗ്‌നിക്കിരയായി.
(യഥാര്‍ഥത്തില്‍ ട്രൂപ്പിലെ ജാസ് വിദഗ്ധന്റെ ‘സിഫിലിസ് ചികിത്‌സ’ ഈ സംഭവവുമായി ബന്ധപ്പെടുത്തേണ്ട ഒരു കാര്യമായിരുന്നില്ല. അയാള്‍ക്കു സിഫിലിസ് പിടിപെട്ടതു ഈയിടെ നടന്ന ആഫ്രിക്കന്‍ പര്യടനത്തിനിടയിലായിരുന്നു. ലൈംഗികരോഗങ്ങള്‍ക്കു പേരുകേട്ട ആ ആഫ്രിക്കന്‍ രാജ്യത്ത് പകലുകളിലെല്ലാം കറുത്ത സുന്ദരിമാര്‍ക്കൊപ്പം അലയാനായിരുന്നു ജാസ് വിദഗ്ധന്റെ ഇഷ്ടം. അവിടത്തെ പത്രങ്ങള്‍ ചെറിയ തോതില്‍ ഈ വാര്‍ത്ത ആഘോഷിക്കുകയും ചെയ്തിരുന്നു...)
ഒടുവില്‍, വിവാദങ്ങള്‍ വന്‍സമുദ്രമായി മാറാന്‍ ഒരുങ്ങിയപ്പോഴാണ് സംഗീതഞ്ജന്‍ തന്റെ ആദ്യ പത്രസമ്മേളനം നടത്തിയത്. നല്ലവണ്ണം ഗൃഹപാഠം ചെയ്ത്, അഭിനയശൈലി കൂടി മെച്ചപ്പെടുത്തി എന്നതിനു ഉദാഹരണം കൂടിയായിരുന്നു ആ പത്രസമ്മേളനം. തന്റെ സന്തതസഹചാരികളെപ്പോലും വിസ്മയിപ്പിക്കുമാറ് ഗ്ലിസറിന്റേയോ മറ്റേതെങ്കിലും രാസവസ്തുക്കളുടേയോ സഹായമില്ലാതെ സംഗീതഞ്ജന്‍ പത്രസമ്മേളനത്തില്‍ വിതുമ്പി. പത്രക്കാരുടെ ഓരോ ചോദ്യങ്ങള്‍ക്കും കണ്ണീരിന്റെ അകമ്പടിയുണ്ടായിരുന്നു. ഒടുവില്‍ അവര്‍ ആരോപണസംബന്ധിയായ ചോദ്യങ്ങളില്‍ നിന്നും മാറി, കരിയര്‍ സംബന്ധിച്ചും പുതിയ നൃത്തച്ചുവടുകളെക്കുറിച്ചും ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് വിതുമ്പല്‍ താല്‍ക്കാലികമായെങ്കിലും അടങ്ങിയത്. പിന്നീടുള്ള ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി, പരീക്ഷയ്ക്ക് മുഴുവന്‍ ചോദ്യങ്ങളും ഉത്തരങ്ങളും കാണാ:പാഠം പഠിച്ചുവരുന്ന വിദ്യാര്‍ഥിയെപ്പോലെ ഉത്തരം നല്‍കാന്‍ തുടങ്ങുകയും ചെയ്തു.
ചോദ്യോത്തരവേളയുടെ അവസാനമാണ് കര്‍ക്കശക്കാരനും കുശാഗ്രബുദ്ധിയുമായ ഒരു പത്രപ്രവര്‍ത്തകന്‍ ദന്തപ്പാടുകള്‍ പതിച്ച തെരുവുബാലന്റെ വിവിധ ശരീരാവയവങ്ങളുടെ ചിത്രമുയര്‍ത്തിക്കാട്ടി ചോദ്യമുന്നയിച്ചു തുടങ്ങിയത്.
ആദ്യമാദ്യം സംഗീതഞ്ജന്‍ ചോദ്യം കേട്ടില്ലെന്നു നടിച്ചെങ്കിലും പിന്നീട് മറ്റു പത്രപ്രവര്‍ത്തകരുടെ ഏറ്റുപറച്ചില്‍ കൂടിയായപ്പോള്‍ മറുപടി പറയാതെ നിവൃത്തിയില്ലെന്നായി. വീണ്ടും വിതുമ്പലിന്റെ മുഖംമൂടിയണിഞ്ഞ് അയാള്‍ ഉത്തരം നല്‍കാന്‍ തുടങ്ങി. (പിന്നീട് നിരവധി പി എസ് സി പരീക്ഷകളിലും മറ്റും സ്ഥിരം ചോദ്യോത്തര ഉദ്ധരണിയായി മാറിയിട്ടുണ്ട് ഈ വരികള്‍. കൂടാതെ ഗിന്നസ് ബുക്കിലും ഏറ്റവും മികച്ച പത്തു കുറ്റസമ്മതവാചകങ്ങളിലൊന്നായി ഇതു തിരഞ്ഞെടുത്തു.)
‘പ്രിയപ്പെട്ടവരേ, എന്റെ വിശ്വാസികളേ, (വിശ്വാസികളേ എന്ന് അഭിസംബോധന ചെയ്തത് മന:പൂര്‍വമായിരുന്നുവെന്നും തന്റെ വാക്കുകള്‍ക്ക് കൂടുതല്‍ ദൃഢതയും സത്യസന്ധതയും കിട്ടാനായിരുന്നുവെന്നും പിന്നീട് സംഗീതഞ്ജന്‍ വെളിപ്പെടുത്തി.) ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന നിങ്ങളുടെ വിശ്വാസത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് എനിക്കു കൃത്യമായും അറിയാം. അല്ലെങ്കിലും ലക്ഷക്കണക്കിനുള്ള നിങ്ങളുടെ വിശ്വാസങ്ങളെ അവഗണിച്ച്, ബലി കഴിച്ച് എനിക്കെങ്ങനെ തെറ്റു ചെയ്യാന്‍ കഴിയും? നിങ്ങള്‍ തന്നെ പറയൂ..
പിന്നെ ആരോപണങ്ങള്‍. ആരോപണകഥയിലെ തെരുവുബാലനെ അറിയില്ലെന്നു ഞാന്‍ പറയുന്നില്ല. എല്ലാ തെരുവുബാലന്‍മാരേയും എനിക്കറിയാം. എല്ലാം തെരുവുബാലന്‍മാരും എന്റെ അനുജന്‍മാരാണ്. വിശന്നുവലഞ്ഞ് അവര്‍ വരുമ്പോള്‍ ഞാന്‍ അവര്‍ക്കു ആപ്പിള്‍മരങ്ങള്‍ങ്ങള്‍ക്ക് ഇടയിലൂടെയുള്ള ആകാശം കാട്ടിക്കൊടുക്കുക മാത്രമേ ചെയ്യാറുള്ളൂ. അവരെ സന്തോഷിപ്പിക്കാന്‍ മാത്രമേ ഞാന്‍ ശ്രമിക്കാറുള്ളൂ. നിങ്ങള്‍ പറയൂ, ഒരാളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റമാണോ?
അങ്ങനെയെങ്കില്‍ ഞാന്‍ തെറ്റുകാരനാണ്. ഒരു അനാഥനെ സഹായിക്കാന്‍ ശ്രമിച്ച തെറ്റുകാരന്‍. എനിക്കു നേരെ വിഷം പുരട്ടിയ അമ്പുകള്‍ ഉതിര്‍ക്കുന്നവരേയും ഞാന്‍ സ്‌നേഹിക്കുന്നു. അവര്‍ക്കും വേണമെങ്കില്‍ ഞാന്‍ ആപ്പിള്‍മരങ്ങള്‍ക്കകലെയുള്ള ആകാശം കാണിച്ചുകൊടുക്കാം..’
തുടര്‍ന്ന് സംഗീതഞ്ജന്‍ പത്രസമ്മേളനം അവസാനിപ്പിച്ചുകൊണ്ട് എഴുന്നേറ്റു.
പക്ഷേ, പിന്നെയും ബാക്കിയായ ചോദ്യം അപ്പോള്‍ ആരാണ് തെരുവുബാലന്റെ വ്രണങ്ങള്‍ക്ക് ഉത്തരവാദി എന്ന ചോദ്യമായിരുന്നു. ലൈംഗികമായി തെരുവുബാലന്‍ ഉപയോഗിക്കപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ ആര് എന്ന ചോദ്യം മാത്രം സംശയത്തോടെ സംഗീതഞ്ജന്റെ തലയ്ക്കു ചുറ്റും ഒരു ഭ്രമരമായി പറന്നു.
പിറ്റേന്നാണ് ട്രൂപ്പ് മാനേജര്‍ അര്‍ബഹിനെ ആളയച്ചു വരുത്തിയത്. പതിവില്ലാത്ത ഈ ഔപചാരികതയില്‍ അമ്പരന്നു തന്നെയായിരുന്നു അര്‍ബഹ് മുറിയിലേക്കു കാലെടുത്തുവെച്ചത്. അര്‍ബഹിനെ കണ്ടപാടെ മാനേജര്‍ പതിവില്ലാത്ത വിധം സൗമനസ്യത്തോടെ ചോദിച്ചു.
‘എന്തൊക്കെയുണ്ട് വിശേഷം?’
‘സുഖം.’
അര്‍ബഹ് സംശയത്തോടെ ഉത്തരം നല്‍കി.
മാനേജര്‍ ഒന്ന് നീട്ടി മൂളുകയും തന്റെ ഷര്‍ട്ടിന്റെ മുകളിലെ രണ്ട് കുടുക്കുകള്‍ വേര്‍പെടുത്തുകയും ചെയ്തു.
‘വളച്ചുകെട്ടില്ലാതെ ഞാന്‍ പറയട്ടെ,’
മാനേജര്‍ താളം കണ്ടെത്തിയതു പോലെ, തലമുടിയില്‍ തിരുമ്മാതെ, നെറ്റിയില്‍ വിരലോടിക്കാതെ തുടര്‍ന്നു.
‘നിങ്ങള്‍ക്കു അടുത്ത മൂന്നു വര്‍ഷത്തെ പ്രതിഫലം മുന്‍കൂറായി അനുവദിച്ചിരിക്കുന്നു..’
‘സത്യം?’
അര്‍ബഹ്.
‘സത്യം.. പക്ഷേ, ആതിനൊപ്പം ഒരു ദൗത്യവും നിങ്ങളെ കാത്തിരിക്കുന്നു. ദൗത്യങ്ങളാണല്ലോ, നമ്മിലെ ലാഭേച്ഛയെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും. അല്ലേ, അങ്ങനെയല്ലേ? ’
‘ഉം..?’
അര്‍ബഹിന്റെ സംശയം ഇരട്ടിച്ചു. മാനേജരുടെ അടുത്ത വാക്കുകളോടെ ആ സംശയം പൂര്‍ണമാവുകയും ചെയ്തു.
‘നിങ്ങള്‍ സത്യമേല്‍ക്കണം.’
മാനേജര്‍ ശബ്ദവ്യതിയാനമില്ലാതെ പറഞ്ഞു.
‘എന്ത്?’
‘നിങ്ങള്‍ കുറ്റമേല്‍ക്കണം.’
‘ഞാന്‍? എന്തിന്..? ’
‘നിങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ടി. ഞങ്ങള്‍ക്കു ജീവിക്കാന്‍ വേണ്ടി. നിങ്ങളുടെ ട്രൂപ്പിനു വേണ്ടി. നമ്മുടെ ട്രൂപ്പിനു വേണ്ടി..’
അര്‍ബഹിനു ആലോചിക്കാനുള്ള സമയമായിരുന്നു, അടുത്ത മൂന്നു നിമിഷങ്ങള്‍. കൃത്യം നാലാമത്തെ നിമിഷത്തില്‍ മാനേജര്‍ വീണ്ടും തുടര്‍ന്നു.
‘തെരുവുബാലന് ആപ്പിള്‍മരത്തിനു മുകളിലൂടെ ആകാശം കാണിച്ചുകൊടുക്കാറുള്ളത് നിങ്ങളാണെന്ന് നാളത്തെ പത്രസമ്മേളനത്തില്‍ പറയണം.’
‘ഞാന്‍..’
അര്‍ബഹിന്റെ സംശയം അപ്പോഴും മാറാതെ നിന്നു.
‘നിങ്ങള്‍ക്കു വരാന്‍ പോവുന്ന സുവര്‍ണകാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നിങ്ങള്‍ സമ്മതിക്കുമെന്നു കരുതുന്നു. ’
മാനേജര്‍ സംശയമില്ലാതെ അര്‍ബഹിനു കൈ നല്‍കി പിരിഞ്ഞു. നാലു ഭാഗവും വെളിച്ചത്തിനായി തുറന്നിട്ട നീളന്‍ ഫ്രഞ്ച് ജനാലകളുള്ള മുറിയില്‍ അര്‍ബഹ് ഏകനായി. ചിന്തകളുടെ നേര്‍ത്ത നൂലിഴകള്‍ ഒരു തേളിനെപ്പോലെ അയാളെ വരിഞ്ഞു മുറുക്കി. അയാള്‍ ശ്വാസത്തിനും സ്വാതന്ത്ര്യത്തിനുമായി മരിച്ചും പിടഞ്ഞു. വരാന്‍ പോവുന്ന സാമ്പത്തികലാഭത്തിന്റേയും നഷ്ടപ്പെടാന്‍ പോവുന്ന മുഖംമൂടിയുടേയും ഇടയില്‍ അയാളുടെ മന:സാക്ഷി വേപഥു പൂണ്ടു.
അയാള്‍ ചിന്തിച്ചു.
മറ്റൊരാളുടെ തെറ്റ് ഏറ്റെടുക്കാന്‍ തനിക്കു മടിയൊന്നുമില്ല. ഇവിടെ പക്ഷേ തെറ്റിനേക്കാള്‍ തെറ്റു ചെയ്ത ആളും അയാളുടെ മഹത്വവുമാണ് വലുത്. ധൈര്യപൂര്‍വം കുറ്റമേറ്റെടുത്താല്‍ ലഭിക്കുന്ന പ്രതിഫലം കുറ്റത്തേക്കാളും അയാളുടെ ജീവിതത്തേക്കാളും വലുതാണ്. പിന്നെ നഷ്ടമാവാന്‍ പോവുന്ന മുഖം. സമ്പത്തു കൊണ്ട് ഒരാള്‍ക്ക് പുതിയ മുഖവും പുതിയ മാനവും എളുപ്പത്തില്‍ സൃഷ്ടിക്കാം, പ്ലസ്റ്റിക് സര്‍ജറി കൂടാതെ തന്നെ.
പണം സംസാരിച്ചു തുടങ്ങുമ്പോള്‍ മറ്റുള്ളതെല്ലാം നിശബ്ദരാവുന്നു എന്ന സത്യം സാര്‍വലൗകികമാണല്ലോ.
പിറ്റേന്നാണ് വിശ്വസനീയമായ രീതിയില്‍ കുറ്റമേറ്റുകൊണ്ട് അര്‍ബഹ് പത്രസമ്മേളനം നടത്തിയയതും ആപ്പിള്‍മരത്തിനു മുകളില്‍ കൂടി എങ്ങനെയാണ് താന്‍ തെരുവുബാലന് ആകാശം കാട്ടിക്കൊടുത്തതെന്ന് വിശദീകരിച്ചതും.
ഫലം: തൊട്ടടുത്ത ദിവസം തന്നെ സംഗീതട്രൂപ്പില്‍ നിന്ന് അര്‍ബഹ് പുറത്താക്കപ്പെടുകയും തന്റെ ഭാരിച്ച സമ്പത്തുമായി മറ്റൊരു ലോകം തേടിപ്പുറപ്പെടുകയും ചെയ്തു.
