Monday, April 25, 2011


എനിക്ക്് ചേതന്‍ ഭഗത് ആവണം



മൂന്ന്


ഫക്ക് യു.
ഇതിനു മുമ്പ് ഇത്രയും ദേഷ്യത്തോടെ രണ്ടു പേര്‍ കൂടി ഇതേ വാക്ക് എന്നോടു പറഞ്ഞിട്ടുണ്ട്. ഒന്ന് ഒരു പത്രാധിപരായിരുന്നു. പക്ഷേ അയാള്‍ അന്ന് അങ്ങനെ പറഞ്ഞതിനു വ്യക്തമായ കാരണമുണ്ടായിരുന്നു. അപ്പോള്‍ അയാള്‍ക്ക് പറയാന്‍ അതിലും നല്ലൊരു വാക്കുണ്ടായിരുന്നില്ല. തന്റെ നിഘണ്ടുവിലെ മറ്റെല്ലാ വാക്കുകളേയും തമസ്‌ക്കരിച്ച് ഫക്ക് യു എന്നു പറയാന്‍ മാത്രമേ അപ്പോള്‍ അയാള്‍ക്ക് കഴിയുമായിരുന്നുള്ളൂ. ചില ഇംഗ്ലീഷ് സിനിമകളിലൊക്കെ കാണുന്നതു പോലെ.
രണ്ടാമത് ഫക്ക് യു എന്നു പറഞ്ഞത് ഒരു സംവിധായകനായിരുന്നു. പറയുകയല്ല, എസ്എംഎസ് ചെയ്യുകയായിരുന്നു അയാള്‍. അതും അര്‍ധരാത്രി ഒരു മണി കഴിഞ്ഞ് 17 മിനിറ്റായപ്പോള്‍. ആ സമയത്തു എനിക്കു മെസേജ് അയക്കാന്‍ ഉണര്‍ന്നു നിന്ന അയാള്‍ എന്താവും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഒരു പ്രതിവിപ്ലവകാരിയുടെ അര്‍ബുദം ബാധിച്ച മനസോടെ സ്വല്‍പനേരം ചിന്തിച്ചെങ്കിലും പിന്നീട് ചിന്തകള്‍ക്കു ആഴം കൂടിയപ്പോള്‍ അയാള്‍ക്കു പൊറുത്തുകൊടുക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
എന്റെ ആവശ്യങ്ങളുടേയും ആഗ്രഹങ്ങളുടേയും വാതില്‍ കൊട്ടിയടക്കുന്നതിനു മുമ്പ് ഇരുവര്‍ക്കും പറയാന്‍ ഈ വാക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഫക്ക് യു.
പിന്നെ സന്ദര്‍ഭങ്ങള്‍.
അതെ. സന്ദര്‍ഭങ്ങള്‍ക്കും തികച്ചും യാദൃശ്ചികതകള്‍ ഉണ്ട്. സമാനതകളേറെയുള്ള യാദൃശ്ചികതകള്‍.
ആദ്യത്തേത് ഇതേ പോലെ കോളേജ് കാലത്തിന്റെ തുടക്കത്തിലായിരുന്നു. അപ്പോള്‍ എങ്ങനെയാണ് സാഹിത്യജീവിതം തുടങ്ങേണ്ടതെന്ന വീര്‍പ്പുമുട്ടലില്‍ ഉത്തരം കിട്ടാതെ അലയുകയായിരുന്നു, ഞാന്‍. എഴുത്ത് കൃത്യമായി നടക്കുന്നുണ്ട്. പക്ഷേ എഴുതിയാല്‍ തന്നെ അത് പ്രസിദ്ധീകരിക്കുമെന്ന് എന്താണ് ഉറപ്പ്? പ്രസിദ്ധീകരിക്കപ്പെടാത്ത, നാലാളറിയാത്ത എഴുത്തുകാരന്‍ വാസ്തവത്തില്‍ എഴുത്തുകാരനാണോ?
ചിന്തകള്‍ ഇങ്ങനെ പടിപടിയായി മനസില്‍ അവരോഹണക്രമത്തില്‍ സ്ഥാനം പിടിച്ചുതുടങ്ങിയപ്പോഴാണ് ഒരു ദിവസം, എഴുതിയ പുതിയ കഥയുമായി ഏതാണ്ട് 90 കി മീ അകലെയുള്ള പ്രമുഖ പത്രസ്ഥാപനത്തിലേക്ക് യാത്ര തിരിച്ചത്. കോളേജില്‍ അന്ന് പതിവുപോലെ യൂണിയന്‍ ചെയര്‍മാന് എതിര്‍വിഭാഗത്തിന്റെ മര്‍ദനമേറ്റതിനാല്‍ സമരകാഹളമായിരുന്നു. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിക്കൂട്ടം മൂന്നാമത്തെ പ്രാവശ്യവും യൂണിയനും ചെയര്‍മാന്റെ ആയുരാരോഗ്യത്തിനും നീണാല്‍ വാഴ്‌വുകള്‍ നല്‍കി. തൊട്ടടുത്ത നിമിഷം കോളേജിന് അവധി നല്‍കിയുള്ള നീണ്ട വിസിലും മുഴങ്ങി.

മഴ പെയ്യുന്നുണ്ടായിരുന്നു.
മഴ പെയ്യുന്നത് നല്ലതാണെന്ന് കരുതി. വെറുതെയെങ്കിലും മഴ പെയ്യുക. നടക്കാന്‍ പോവുന്ന ശുഭപര്യവസായികള്‍ക്ക് ദൈവം മഴയിലൂടെ അനുഗ്രഹം നല്‍കുകയാവാം. മഴയ്‌ക്കൊപ്പം ധാരാളം ശുഭചിന്തകളും മനസില്‍ വേരോടിനിന്നു.
1. മഴ പെയ്യുന്നു.
2. ബസ് നീങ്ങുന്നു.
3. സുഖകരമായ യാത്രയ്‌ക്കൊടുവില്‍ 90 കിമീ താണ്ടി ബസ് ലക്ഷ്യസ്ഥാനത്തെത്തുന്നു.
4. ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ചോദിച്ച് ചോദിച്ച് പത്രാധിപരുടെ ഓഫീസിലെത്തുന്നു.
5. തടഞ്ഞു നിര്‍ത്തി കാര്യം തിരക്കുന്ന സെക്യൂരിറ്റിയോട് കാര്യം പറയുന്നു.
6. സെക്യൂരിറ്റി പത്രാധിപരുടെ മുറി കാണിച്ചു തരുന്നു.
7. പത്രാധിപരുടെ വാതില്‍ക്കല്‍ ഞാന്‍ പരുങ്ങി നില്‍ക്കുന്നു.
8. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന പത്രാധിപര്‍ ഇരിക്കാന്‍ ആംഗ്യം കാട്ടുന്നു.
9. ഞാന്‍ പത്രാധിപരുടെ മുന്നില്‍ ബഹുമാനപുരസരം ഇരിക്കുന്നു.
10. പത്രാധിപര്‍ സംസാരം മതിയാക്കി ആഗമനോദ്ദേശം ആരായുന്നു.
11. ഞാന്‍ എന്റെ ഏറ്റവും പുതിയ കഥയെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നു. 2117 ആഗസ്ത് മാസം 16ാം തീയ്യതി, അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഭൂമിയുമായി കൂട്ടിമുട്ടാനായി അനേകം പ്രകാശവര്‍ഷം അകലെ നിന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്വിഫ്റ്റ് ടറ്റില്‍ എന്ന ഉല്‍ക്കയുടേയും അതിന്റെ ഗതി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നാസയിലെ ശാസ്ത്രഞ്ജന്റേയും കഥ. പത്രാധിപരോട് തീം പറഞ്ഞുതുടങ്ങിയപ്പോഴേക്കും അദ്ദേഹം ചാടിയെഴുന്നേറ്റ് എനിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുന്നു. പിന്നെ ഈ കഥ അവരുടെ പ്രസിദ്ധീകരണത്തില്‍ തന്നെ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലനാവുന്നു.
12. അപ്പോള്‍ തന്നെ ആദ്യ അഡ്വാന്‍സ് ഗഡു നല്‍കുകയും അടുത്ത ലക്കം തന്നെ ഇത് പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.
13. ഇറങ്ങാന്‍ നേരം പത്രാധിപരുടെ മുറിയിലേക്ക് കടന്നുവരുന്ന അറിയപ്പെടുന്ന നിരൂപകനെ പരിചയപ്പെടുത്തുകയും കഥയെക്കുറിച്ചുള്ള നിരൂപണം തൊട്ടടുത്ത ലക്കം പ്രസിദ്ധീകരിച്ചാല്‍ കിട്ടുന്ന മൈലേജിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
14. അതിനിടെ അറ്റന്‍ഡര്‍ കൊണ്ടുവരുന്ന ചൂടുചായ ചൂടോടെ കുടിക്കുന്നതിനിടയില്‍, തന്നെ വേണ്ടുംവിധം ഒന്ന് കണ്ടാല്‍ മതിയെന്ന കാര്യം നിരൂപകന്‍ നയതന്ത്രപൂര്‍വം അവതരിപ്പിക്കുകയും ഞാന്‍ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നു.
15. ഉദ്യമം വിജയിച്ച ഒരു പടത്തലവനെപ്പോലെ ഞാന്‍ അവിടെ നിന്നും ഇറങ്ങുന്നു.

എന്റെ അധികപ്രതീക്ഷകള്‍ക്ക് കുട ചൂടി ആദ്യ പത്തു സന്ദര്‍ഭങ്ങളും കൃത്യമായി തന്നെ നടന്നു. പക്ഷേ പിന്നീടുള്ള സന്ദര്‍ഭങ്ങള്‍ എന്റെ പ്രതീക്ഷകള്‍ക്ക് കടകവിരുദ്ധവും അപ്രതീക്ഷിതവുമായിരുന്നു. ഇതിനെ അപ്രതീക്ഷിതട്വിസ്റ്റ് എന്നോ ഇരട്ടക്ലൈമാക്‌സ് എന്നോ ഒരു സിനിമാപ്രേമിക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കുന്നു. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ വീണ്ടും അക്കങ്ങളെ തന്നെ ആശ്രയിക്കട്ടെ.

11. പത്രാധിപര്‍ താല്‍പര്യമില്ലാത്ത മട്ടില്‍ ആഗമനോദ്ദേശം തിരക്കുന്നു.
12. ഞാന്‍ എന്റെ കഥയെക്കുറിച്ച് പറയുന്നതിനിടയില്‍ അദ്ദേഹത്തിന് മൂന്നു വട്ടം ഫോണ്‍ വരികയും അതെല്ലാം വളരെ താല്‍പര്യത്തോടെ അറ്റന്‍ഡ് ചെയ്യുകയും ചെയ്തു. അപ്പോള്‍ തൊട്ടു മുമ്പു വരെയുള്ള നിമിഷത്തെ മുഖഭാവം പെട്ടെന്ന് അപ്രത്യക്ഷമാവുന്ന മാന്ത്രികവിദ്യ സ്വായത്തമായുണ്ടോ എന്ന സംശയവും തോന്നി. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭൂമുഖത്തെ ഏറ്റവും സൗമ്യനായ സഹൃദയനായിരുന്നു അയാള്‍. എന്നാല്‍ ഫോണ്‍ സംഭാഷണം അവസാനിച്ചു കഴിയുമ്പോള്‍ മുതല്‍ അയാള്‍ ലോകത്തിലെ ഏറ്റവും കര്‍ക്കശക്കാരനും മനുഷ്യപ്പറ്റില്ലാത്തവനുമായി.
‘എന്തു വേണം?’
അയാള്‍ ചോദിച്ചു. ഞാനൊരു തിരക്കഥാകൃത്തായിരുന്നെങ്കില്‍ ആ ചോദ്യത്തിനൊപ്പം അയാളുടെ ഭാവത്തെ ഇങ്ങനെ നിര്‍വചിച്ചേനെ.
ഒട്ടും താല്‍പര്യമില്ലാതെ, ജോലിത്തിരക്കിനിടയില്‍ സഹൃദയത്വം നഷ്ടപ്പെട്ട ക്രൂരമായ ചോദ്യം.
‘സര്‍.. ഞാന്‍ ഒരു സാഹിത്യസൃഷ്ടിയും കൊണ്ട് വന്നതാണ്.’
‘?’
‘ഒരു വ്യത്യസ്തമായ തീമോടു കൂടിയ ഒരു കഥ. സാധാരണ കണ്ടുവരുന്നവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇതിന്റെ ആഖ്യാനം...’
‘ഓഹോ..’
വീണ്ടും അതേ താല്‍പര്യമില്ലായ്മ.
‘അതേ സര്‍..കഴിഞ്ഞ മൂന്നാലു മാസങ്ങളായി ഞാന്‍ ഇത് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ ഭാഷയില്‍ അധികമൊന്നും ഇത്തരം പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നാണെനിക്കു തോന്നുന്നത്.’
‘ഉം..’ പരിഹാസം.

ഇതിനിടെ നാലാമത്തെ പ്രാവശ്യവും ഫോണ്‍ റിംഗ് ചെയ്യുകയും പത്രാധിപര്‍ ആവേശത്തോടെ അറ്റെന്‍ഡ് ചെയ്ത് അപ്പുറത്തെ മഹാനായ അഞ്ജാതനോട് തന്റെ സൗമനസ്യം മുഴുവന്‍ പുറത്തെടുത്ത് സംസാരിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
ഫോണ്‍ കട്ട് ചെയ്തതിനു ശേഷവും മഹാനായ അഞ്ജാതനോടു സംസാരിച്ചതിന്റെ ആവേശവും ആനന്തവും കുറച്ചു നേരം കൂടി അയാളുടെ മുഖത്തു തങ്ങി നിന്നു. അതിനു ശേഷം ചോദിച്ചു.
‘താങ്കളുടെ പേര് ദസ്തയേവ്‌സ്‌ക്കി എന്നാണോ?’
ദസ്തയേവ്‌സ്‌ക്കി!
അതേ പേര്. എനിക്ക് എത്തിപ്പിടിക്കാന്‍ ഞാന്‍ കണ്ടുവെച്ച ഏണിപ്പടികളുടെ അവസാനം. ആകസ്മികതകളിലുള്ള എന്റെ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെട്ട മുഹൂര്‍ത്തം.
ദസ്തയേവ്‌സ്‌ക്കി?’
എന്റെ സംശയം ചോദ്യചിഹ്‌നമായി.
‘എന്താ ചോദ്യം മനസിലായില്ലേ? താങ്കളുടെ പേര് ദസ്തയേവ്‌സ്‌ക്കി എന്നാണോ?’
പത്രാധിപര്‍ ചോദ്യം ആവര്‍ത്തിച്ചു.
‘അല്ല..’
ഞാന്‍ പറഞ്ഞു.
‘ഇനി അഥവാ സാക്ഷാല്‍ ദസ്തയേവ്‌സ്‌ക്കി ആയാലും കാര്യമില്ല. അദ്ദേഹം വന്ന് കഥയെഴുതി തന്നാലും ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ല. ’
അയാള്‍ ഒന്നു നിര്‍ത്തി എന്റെ ഭാവം നിരീക്ഷിച്ച് തുടര്‍ന്നു.
‘പിന്നെയാണോ നിങ്ങള്‍? ഇങ്ങനെ ഇവിടെ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സത്യം പറയാലോ, ഞങ്ങള്‍ക്ക് ഇപ്പോള്‍ കഥയും കവിതയുമൊന്നും വേണ്ട. സാഹിത്യത്തെ പുഷ്ടിപ്പെടുത്താനൊന്നുമല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. നിങ്ങളെഴുതുന്ന തരം സൃഷ്ടികളൊന്നും ഞങ്ങള്‍ക്ക് വേണ്ട തന്നെ. വായനക്കാരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന രചനകള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റ്..’
‘അപ്പോള്‍ ഉത്തമസാഹിത്യമെന്നു പറയുന്നത്..?’
ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു.
‘അവയൊക്കെ ആര്‍ക്കു വേണം? ഇപ്പോഴത്തെ മനുഷ്യമനസുകളെ ആകര്‍ഷിക്കാന്‍ അവയ്‌ക്കൊന്നുമാവില്ല. അതിനു മഹാന്‍മാരുടേയും അല്ലാത്തവരുടേയും ആത്മകഥകളോ ജീവിതവിജയത്തിനു വേണ്ട ഉപദേശങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളോ വീടുനിര്‍മാണത്തിന്റെ ചെലവു ചുരുക്കാനുള്ള 1001 വഴികളോ വേണം. അല്ലെങ്കില്‍ ഇപ്പോള്‍ ചേതന്‍ ഭഗത് എഴുതുന്നതു പോലെയുള്ള പുസ്തകങ്ങളാവണം. പക്ഷേ അങ്ങനെ എഴുതാന്‍ ഇവിടെ ചേതന്‍ ഭഗത് ഉണ്ടു താനും... തന്റെ ശാസ്ത്രീയ കഥ (പരിഹാസത്തിന്റെ ഉച്ചസ്ഥായിയില്‍ മുഖം ഒരു വശത്തേക്കു കോട്ടുന്നു.) ഇതില്‍ ഏതു വിഭാഗത്തില്‍ പെട്ടതാണ്?’
അയാളുടെ പരിഹാസം ഉച്ചസ്ഥായിയിലേക്കു കടന്നപ്പോഴും ഞാന്‍ മൗനം അലങ്കാരമായും പരിചയായും ഉപയോഗിച്ചു. പിന്നെ പതുക്കെ ഒരു ചെറുചിന്തയിലേക്ക് നടന്നു. എന്റെ ശാസ്ത്രനോവല്‍ ഈ ഗണത്തിലൊന്നും പെട്ടതല്ലല്ലോ? അത് തികച്ചും വ്യത്യസ്തമായ, പത്രാധിപര്‍ പറഞ്ഞതില്‍ നിന്നും അകന്ന് എന്നാല്‍ ഏത് സാഹിത്യപ്രേമിക്കും രസിക്കുന്നതാണല്ലോ. അവ ചേതന്‍ ഭഗത്തിന്റേതു പോലെയോ, മഹാന്‍മാരുടെ രതിയനുഭവങ്ങളോ സെമി മഹാന്‍മാരുടെ ആത്മകഥകളോ അല്ലല്ലോ.
‘...അതുകൊണ്ട് ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലായിരിക്കുമെന്ന് കരുതുന്നു. ഞങ്ങള്‍ക്ക് ഇതൊക്കെയാണ് ആവശ്യം. ഇതിനല്ലാതെ മറ്റൊന്നിനും ഇവിടെ മാര്‍ക്കറ്റുമില്ല. അതിനാല്‍..’
അയാള്‍ മുഴുമിപ്പിക്കുന്നതിനു മുമ്പ് ഞാന്‍ ഇടപെട്ടു.
‘നിങ്ങളെപ്പോലെ ഒരു സാഹിത്യമാഗസിന്റെ തലപ്പത്തിരിക്കുന്ന ഉത്തരവാദിത്തപ്പെട്ട ആള്‍ തന്നെ ഇങ്ങനെ പറഞ്ഞാലോ? നിങ്ങളുടെ ഇത്തരം അഭിപ്രായങ്ങള്‍ നിങ്ങളിരിക്കുന്ന സ്ഥാനത്തെ ചോദ്യം ചെയ്യുന്നു..’
അയാള്‍ അതിശയത്തോടെ രണ്ടു നിമിഷം എന്നെ നോക്കി നിന്നു. ഇത്ര നേരവും ഭയഭക്തി ബഹുമാനത്തോടെ തന്റെ മുന്നില്‍ നിന്ന ആള്‍ പൊടുന്നനെ നിറം മാറുന്നു.
‘തന്റെ ചോദ്യം ചെയ്യലും അഭിപ്രായമൊക്കെ പുറത്തു മതി. എഴുന്നേറ്റേ..എനിക്കു വേറെ പണിയുണ്ട്.’
അയാള്‍ അറുത്തുമുറിച്ചു പറയാന്‍ തുടങ്ങി. എന്നിലെ വിപ്ലവകാരിയെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു ഈ വാക്കുകള്‍.
‘മിസ്റ്റര്‍..’
ഞാന്‍ ആവേശഭരിതനായി.
‘ഒരാള്‍ ഒരു സാഹിത്യസൃഷ്ടിയുമായി വരുമ്പോള്‍ അയാളെ ഇത്രയും ധിക്കാരപൂര്‍വം വരവേല്‍ക്കുന്ന താന്‍ ഒരു സഹൃദയനല്ല. സാഹിത്യകാരനുമല്ല. ആസ്വാദകനുമല്ല. ഒരു മനുഷ്യന്‍ പോലുമല്ല..’
‘തന്നോടു പുറത്തുപോവാനാ ഞാന്‍ പറഞ്ഞത്..’
അയാള്‍ കോപാവേശനായി.
‘നിങ്ങള്‍ ഒരു മനുഷ്യന്‍ പോലുമല്ല..’
ഞാന്‍ ആ കോപാവേശത്തിലേക്ക് ഇന്ധനം കോരിയൊഴിച്ചു.
‘യൂ ഗെറ്റൗട്ട്..’
‘അല്ലെങ്കിലും പോവാന്‍ തന്നെയാണ് ഞാന്‍ വന്നത്. ഇവിടെ പര്‍ക്കാനല്ല..’
‘ഗെറ്റ് ഔട്ട് ഐ സേ..’
‘ഈ സ്ഥാപനം തന്റെ തറവാട്ടുസ്വത്താണെന്നു ഞാന്‍ കരുതുന്നില്ല..’
‘തന്റേയുമല്ല. അങ്ങനെയെയെങ്കിലേ താന്‍ പോവൂ? ഗെറ്റ് ഔട്ട്..’
‘താന്‍ എന്നും ഇവിടെത്തന്നെ കെട്ടിപ്പൊതിഞ്ഞിരിക്കില്ലല്ലോ. പൊറത്തിറങ്ങ്. അപ്പോ കാണാം.’
എന്റെ ഇന്ധനം നിറയ്ക്കല്‍ ഇത്രയും എത്തിയപ്പോഴായിരുന്നു അയാള്‍ അതുവരേയും ഞാന്‍ കാത്തിരുന്ന ആ വാക്കുകള്‍ ഉപയോഗിച്ചത്.
‘ഫക്ക് യൂ..’

സംവിധായന്‍ എന്നോടു ഫക്ക് യു എന്നു പറഞ്ഞതിനു കൃത്യമായും വ്യക്തമായും ഉത്തരവാദി ഞാന്‍ മാത്രമാണ്. ഞാന്‍ ഒരു യൂദാസായിരുന്നെങ്കില്‍ ഒരൊറ്റ വെള്ളിക്കാശു വാങ്ങാതെയും ഈ സത്യം ഞാന്‍ എവിടെയും തുറന്നു പറയുമായിരുന്നു, ആത്മാര്‍ഥത മുഴുവനും നിറഞ്ഞ ഭാവത്തോടെ.
ഈ തുറന്നു പറച്ചില്‍ പ്രശസ്തിയിലേക്കുള്ള ഒരു ഉത്‌പ്രേരകമായല്ലേ ഞാന്‍ ഉപയോഗിക്കുന്നതെന്നാവും നിങ്ങളുടെ ചോദ്യം. അല്ല. ഒരിക്കലും അല്ല. തീര്‍ച്ചയായും അന്ന് അദ്ദേഹത്തെ കൊണ്ട് ഈ വാക്ക് ഉച്ചരിപ്പിച്ചതിലുള്ള കുറ്റബോധം എനിക്ക് ആത്മാര്‍ഥമായും ഉണ്ട്. അതിനൊപ്പം ഭാവിയിലെന്നെങ്കിലും അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എന്റെ കഥ, തിരക്കഥ, സംഭാഷണത്തില്‍ ഒരു പടം ഇറങ്ങുന്നത് ഞാന്‍ സ്വപ്നം കാണുകയും ചെയ്യുന്നു.

ഞാന്‍ എന്ന എഴുത്തുകാരന്‍ മോഹങ്ങളുടെ ഊഹക്കച്ചവടക്കാരന്‍ കൂടിയാണ്. സ്വപ്നങ്ങളേറെ കാണുന്നു. എന്റെ സ്വപ്നങ്ങളില്‍ വിചിത്രമായ ഭാവനകളുണ്ട്. വിചിത്രമായ ലക്ഷ്യങ്ങളുണ്ട്. വിചിത്രമായ ആഗ്രഹങ്ങളും നിരാശകളുമുണ്ട്.
അതെ. ഏതൊരു കഥാകാരന്റെയും സ്വപ്നമാണ് അയാളുടെ കഥ ദൃശ്യമായി അഭ്രപാളികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്റെ കഥ ദൃശ്യമാവുകയാണെങ്കില്‍ അവ സംവിധാനിക്കാന്‍ ഏറ്റവും യോഗ്യനായ സംവിധായകന്റെ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ച് അദ്ദേഹത്തെ വിളിച്ചു തുടങ്ങിയത് തികച്ചും സ്വാഭാവികം മാത്രം. മിക്കപ്പോഴും എന്റെ അജ്ഞാത നമ്പര്‍ അദ്ദേഹം അറ്റെന്‍ഡ് ചെയ്തതേയില്ല. എപ്പോഴെങ്കിലും അറ്റെന്‍ഡ് ചെയ്താലാവട്ടെ, തനിക്കുള്ള തിരക്കിനെപ്പറ്റി പതിവായി പരസ്യപ്പെടുത്തുന്ന ഒരു റേഡിയോ ആയി അദ്ദേഹം. എങ്കിലും വിളിക്കാതിരിക്കാന്‍ ഞാന്‍ തയ്യാറില്ലായിരുന്നു. ദിവസം ഒരു നേരമെങ്കിലും അദ്ദേഹത്തെ വിളിച്ച് എന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ലെന്നായി.
അന്നും പതിവു പോലെ വിളിച്ചതായിരുന്നു. എന്റെ വിളികള്‍ക്കു പ്രത്യേക സമയ ഘടനയൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്യം മാത്രം മുന്നിലുള്ളതിനാല്‍ സമയത്തെക്കുറിച്ചു ഞാന്‍ ബോധവാനായിരുന്നില്ല എന്നതായിരുന്നു സത്യം. ഉറക്കച്ചടവോടെ അദ്ദേഹം ‘ഹലോ’ എന്നു പറഞ്ഞപ്പോള്‍ മാത്രമായിരുന്നു ഞാന്‍ ക്ലോക്കിലേക്കു നോക്കിയത്.
സമയം അര്‍ധരാത്രി ഒരു മണി കഴിഞ്ഞിരുന്നു.
അര്‍ദ്ധരാത്രിയെ കുറിച്ച് സംസ്ഥാനത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കു പായുന്ന തീവണ്ടി പാളങ്ങളെ മറികടന്ന ശബ്ദം അല്‍പം മുമ്പ് കേട്ടതേയുണ്ടായിരുന്നുള്ളൂ.
‘ഹലോ സര്‍..’
ഞാന്‍ പറഞ്ഞുതുടങ്ങി.
‘ഉം?’
‘സാര്‍, ഞാന്‍ ഇന്നലെയും ഫോണ്‍ ചെയ്ത ആളാണ്. ’
‘തനിക്കെന്തു വേണം..?’
ശബ്ദത്തിലെ മയമില്ലായ്മ ഏത് അന്യഭാഷക്കാരനും മനസിലാക്കാന്‍ പാകത്തിലുള്ളതായിരുന്നു. എങ്കിലും ഞാന്‍ പതിവുപോലെ എന്നെ പരിചയപ്പെടുത്താനാരംഭിച്ചു.
‘സര്‍, ഞാനൊരു എഴുത്തുകാരനാണ്. താങ്കള്‍ക്ക് ദൃശ്യഭാഷ ചമയ്ക്കാന്‍ കഴിയുന്ന ഒരു നല്ല കഥ എന്റെ കൈവശമുണ്ട്..’
‘സുഹൃത്തേ, നിങ്ങള്‍ പിന്നെ വിളിക്കൂ..’
മുഴുമിപ്പിക്കുന്നതിനു മുമ്പേ അയാള്‍ ഇടപെട്ടു.
‘എനിക്ക് ഇപ്പോള്‍ കഥ കേള്‍ക്കാന്‍ തീരെയും താല്‍പര്യമില്ല. അതും ഈ അര്‍ധരാത്രിയില്‍. മാത്രവുമല്ല, ഞാന്‍ മറ്റുള്ളവരുടെ കഥകള്‍ സിനിമയാക്കാറുമില്ല..’
‘എന്തു കൊണ്ട് കഥ കേള്‍ക്കാനുള്ള സൗമനസ്യമെങ്കിലും നിങ്ങള്‍ക്കില്ല?’
‘ഏയ് മിസ്റ്റര്‍, ഇത് അര്‍ധരാത്രിയാണ്.’
‘പകല്‍സമയത്തുപോലും നിങ്ങള്‍ക്ക് സമയമില്ലല്ലോ? ഇപ്പോഴെങ്കിലും ഉണ്ടാകുമെന്ന് കരുതി..’
‘താങ്കള്‍ക്ക് മാനസികമായി വല്ല തകരാറുമുണ്ടോ?’
‘ഇതുവരേ ഇല്ല. പക്ഷേ താങ്കളെ വിളിക്കാന്‍ തുടങ്ങിയതു മുതല്‍ തകരാറു വന്നതായി എനിക്കു തോന്നുന്നു.. അല്ലെങ്കിലും നിങ്ങളെപ്പോലുള്ള കുറച്ചു അഹങ്കാരികളാണ് നമ്മുടെ സിനിമാവ്യവസായം നശിക്കാന്‍ കാരണം. പുതുമുഖങ്ങളെ ഒരിക്കലും പ്രോത്‌സാഹിപ്പിക്കില്ല. എന്നാലോ സ്വന്തം സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യും..’
ഞാന്‍ വികാരനൗകയിലേക്കു പ്രവേശിച്ചിരുന്നു. ഇനി ഈ തോണി എങ്ങോട്ടൊഴുക്കണമെന്ന് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ചിലപ്പോള്‍ അയല്‍പക്കക്കാര്‍ക്കും അര്‍ധരാത്രി ഞെട്ടിയുണരണമെന്ന നിലയില്‍ വെള്ളപ്പൊക്കത്തിലെന്ന പോലെ ഒഴുകിയേക്കാം. എനിക്ക് തന്നെ നിയന്ത്രിക്കാവുന്നതിനേക്കാള്‍ വേഗം.
‘ഏയ് ഫോണ്‍ വയ്ക്ക്..’
സംവിധായകന്‍ പായ്ക്കപ്പ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.
‘ഇല്ലെങ്കില്‍?’
‘ഫോണ്‍ വെക്കെടോ..’
‘ഇല്ല. ഞാന്‍ പറയുന്നത് താന്‍ കേള്‍ക്കണം. തന്നെപ്പോലുള്ളവരാണ് നമ്മുടെ സിനിമയുടെ ശാപം..’
തുടര്‍ന്നായിരുന്നു ഫോണ്‍ കട്ടു ചെയ്യുന്നതിന്റെ മുന്നോടിയായി അതേ വാക്കുകള്‍ അയാള്‍ ഉരുവിട്ടത്.
‘ഫക്ക് യു.’

ആ വാക്കുകളോടെ അന്നത്തെ ദിവസം അവസാനിക്കുകയും അടുത്ത ദിവസം തുടങ്ങുകയും ഇനിയൊരിക്കലും ജീവിതത്തില്‍ ഈ വാക്കുകള്‍ ആരുടെ മുഖത്തു നിന്നും കേള്‍ക്കുകയില്ല എന്ന് ശപഥം ചെയ്യുകയും ചെയ്തു. എന്നിട്ടും വീണ്ടും ഞാന്‍ അടിപതറുകയാണ് ചെയ്തത്. ഒരു കാശ്മീരുകാരി വെറും മണിക്കൂറുകളുടെ പരിചയത്തിനു ശേഷം എന്നെ വിളിച്ചിരിക്കുന്നു അതേ വാക്കുകള്‍, അതേ ആവേശത്തോടെ.
ഫക്ക് യു.

Friday, April 15, 2011

എനിക്ക് ചേതന്‍ ഭഗത് ആവണം- രണ്ട്



രണ്ട്

ഒരു കേള്‍വിക്കാരനെന്ന നിലയ്ക്ക് രണ്ടു മണിക്കൂര്‍ ഒരു സ്ത്രീയും പുരുഷനും സംസാരിക്കുന്നത് ഒളിച്ചിരുന്ന് കേള്‍ക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? അവരുടെ സംഭാഷണങ്ങള്‍
നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? എന്നെ സംബന്ധിച്ചാണെങ്കില്‍ സംഭാഷണങ്ങള്‍ എനിക്കത്ര ഇഷ്ടമല്ല. അവയില്‍ 60 ശതമാനം മാത്രമേ സത്യസന്ധതയും ആത്മാര്‍ഥതയും ഉണ്ടാവുകയുള്ളൂ. ബാക്കി ഭാഗം അര്‍ഥമില്ലാത്ത വെറും ജല്‍പനങ്ങളാണ്. വെറും കുശലാന്വേഷണങ്ങള്‍. എങ്കിലും ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എനിക്ക് സംഭാഷണങ്ങളെ ഇഷ്ടപ്പെടേണ്ടി വരുന്നു. ഒരാളുടെ വ്യക്തിത്വത്തിലെ ഏറ്റവും ചെറിയ അംശങ്ങള്‍ വരെ ഒപ്പിയെടുക്കാന്‍ സംഭാഷണങ്ങള്‍ക്കു കഴിയുന്നു.

ഞാനും കാശ്മീരുകാരി നിലോഫറും മൂന്നാം ദിവസം നടത്തിയ സംഭാഷണശകലങ്ങള്‍ എന്നെ സംബബന്ധിച്ചിടത്തോളം ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു. ഇതിനു മുമ്പ് ‘ഹായ്’ എന്നു ടൈപ്പ് ചെയ്തു തുടങ്ങിയപ്പോഴേക്കും അവള്‍ ‘ഓഫ്‌ലൈനി’ല്‍ അപ്രത്യക്ഷയായിരുന്നു. അന്ന് മൂന്നാം നാള്‍ പക്ഷേ, ചാറ്റിങ്ങിന്റെ ആദ്യപടികള്‍ കയറിയിറങ്ങി ഞാന്‍ എന്റെ സ്വപ്നങ്ങളിലെ നായികയെ കണ്ടെത്തുകയായിരുന്നു. പിന്നീടെപ്പോഴെങ്കിലും ഒരു പ്രണയകാവ്യം രചിക്കുകയാണെങ്കില്‍ ‘നിലോഫര്‍; ഒരു ചാറ്റിങ് വസന്തം’ എന്നു പേരിടാമെന്ന് ഏതോ ഡയറിയില്‍ ഞാന്‍ എഴുതി വയ്ക്കുകയും ചെയ്തു.
അന്ന് അവളുമായി നടത്തിയ ചാറ്റിങ് ഏറെക്കൂറെ ഓര്‍മ്മിച്ച് ഇവിടെ നല്‍കുന്നു. ഓര്‍മ്മപ്പിശകു കൊണ്ട് ചില വാചകങ്ങളുടെ ക്രമം തെറ്റിയിട്ടുണ്ടെങ്കിലും ആവൃത്തം ഇതു തന്നെയാണെന്ന് ഞാന്‍ ആണയിടുന്നു.

ഞാന്‍: ഹായ്.
നിലോഫര്‍: ഹായ്..
ഞാന്‍: വാട്ട്‌സ് അപ്?
നിലോഫര്‍: സുഖം.
ഞാന്‍: എന്താണ് പേര്?
നിലോഫര്‍: നിലോഫര്‍. നിങ്ങള്‍?
ഞാന്‍ പേരു ടൈപ്പ് ചെയ്യുന്നു.
നിലോഫര്‍: ഓ, ഈ പേരില്‍ ഒരു പ്രശസ്ത ക്രിക്കറ്റ് കളിക്കാരനുണ്ടല്ലോ?
ഞാന്‍: ഉം..
നിലോഫര്‍: നിങ്ങള്‍ അയാളുടെ ആരാധകനാണോ?
ഞാന്‍: അല്ല. ഞാന്‍ അന്നുമിന്നും ക്രിക്കറ്റ് കളിക്കാരെ ഇഷ്ടപ്പെടുന്നില്ല. ക്രിക്കറ്റ് എന്ന കളിയും.
നിലോഫര്‍: ഓ.. നിങ്ങള്‍ ഗൗരവക്കാരനാണല്ലോ?
ഞാന്‍: ഏയ്, അങ്ങനെയൊന്നുമില്ല. എന്തോ ക്രിക്കറ്റ് എനിക്ക് എനിക്കിഷ്ടമല്ല. അത്ര തന്നെ.
നിലോഫര്‍: ഒകെ..
ഞാന്‍: പിന്നെ..?
നിലോഫര്‍: സുഖം. നിങ്ങള്‍ എന്തു ചെയ്യുന്നു?
ഞാന്‍: ഞാന്‍.. ഞാന്‍ ഒരു എഴുത്തുകാരനാണ്.
നിലോഫര്‍: എഴുത്തുകാരന്‍?
ഞാന്‍: ഉം..
നിലോഫര്‍: ആദ്യമായാണ് ഞാന്‍ ഒരു എഴുത്തുകാരനെ പരിചയപ്പെടുന്നത്. അതില്‍ സന്തോഷമുണ്ട്.
ഞാന്‍: നിലോഫറിനെ പരിചയപ്പെട്ടതില്‍ എനിക്കും സന്തോഷമുണ്ട്.
നിലോഫര്‍: ജോലി?
ഞാന്‍: എഴുത്തു തന്നെ.

നിലോഫര്‍: ?
ഞാന്‍: ഞാനൊരു പത്രപ്രവര്‍ത്തകനാണ്.
നിലോഫര്‍: ഓഹോ.. നല്ലത്.
ഞാന്‍: നിലോഫര്‍?
നിലോഫര്‍: ഞാന്‍.. ഞാന്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നു.
ഞാന്‍: എവിടെ?
നിലോഫര്‍: ദില്ലിയില്‍.
ഞാന്‍: ഓഹോ. എത്ര വര്‍ഷമാണ് കോഴ്‌സ്?
നിലോഫര്‍: രണ്ടു വര്‍ഷം. ഇത് ഫൈനല്‍ ഇയറാണ്.
ഞാന്‍: ദില്ലി തന്നെയാണോ സ്വദേശം?
നിലോഫര്‍: അല്ല.
ഞാന്‍: ?
നിലോഫര്‍: കാശ്മീര്‍.
ഞാന്‍: കാശ്മീര്‍?
നിലോഫര്‍: ഉം.. ശ്രീനഗറിനടുത്ത്.
ഞാന്‍: ഒരു കാശ്മീരുകാരിയെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.
നിലോഫര്‍: നന്ദി.
ഞാന്‍: പിന്നെ, ജീവിതം എങ്ങനെ പോവുന്നു?
നിലോഫര്‍: കുഴപ്പമില്ല. നല്ല രീതിയില്‍ തന്നെ പോവുന്നു. നിങ്ങള്‍..?
ഞാന്‍: നിലോഫറിന്റേതു പോലെ തന്നെ. കുഴപ്പമൊന്നുമില്ല. ഏതായാലും ഒരു കാശ്മീരുകാരിയെ പരിചയപ്പെട്ടതിനാല്‍ എനിക്കിന്ന് ഉറക്കമുണ്ടാവില്ല.
നിലോഫര്‍: ഹഹ... അതെന്താ?
ഞാന്‍: അത്.. നിലോഫര്‍, എഴുത്തുകാരനാവണമെന്ന എന്റെ ആഗ്രഹം കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒരു സ്വപ്നമാണ് ഒരു കാശ്മീരുകാരിയെ കല്യാണം കഴിക്കണമെന്നത്.
നിലോഫര്‍: ഹ ഹ..
ഞാന്‍: സത്യം. ഞാനും കൂട്ടുകാരും പലപ്പോഴും കാശ്മീരി സുന്ദരികളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്.
നിലോഫര്‍: ഓഹോ.. എന്തൊക്കെ?
ഞാന്‍: ഏയ്, മോശമായിട്ടൊന്നുമില്ല. ഞങ്ങളുടെ കാഴ്ചപ്പാടില്‍ ലോകത്തിലെ ഏറ്റവും സുന്ദരികള്‍ കാശ്മീരില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള പെണ്‍കുട്ടികളാണ്.
നിലോഫര്‍: ഹഹ.. അങ്ങനെയൊന്നുമില്ല. ലോകത്തില്‍ എല്ലായിടത്തും സുന്ദരികളും സുന്ദരന്‍മാരുമുണ്ട്. സൗന്ദര്യം എന്നത് പലരുടേയും കാഴ്ചപ്പാടുകള്‍ മാത്രമാണ്.
ഞാന്‍: പക്ഷേ എന്തുകൊണ്ട് എല്ലാവരുടേയും സങ്കല്‍പങ്ങള്‍ കാശ്മീരിലും ഇറാനിലുമായി ഉടക്കിക്കിടക്കുന്നു?
നിലോഫര്‍: അതെനിക്കറിയില്ല. എങ്കിലും എന്റെ അഭിപ്രായത്തില്‍ ലോകത്തില്‍ എവിടെയുള്ളവര്‍ക്കും സൗന്ദര്യമുണ്ട്. നിങ്ങളുടെ നാടേതാണ്?
ഞാന്‍ നാടിന്റെ പേര് ടൈപ്പ് ചെയ്തു.
നിലോഫര്‍: ഉം. ആ നാട്ടുകാര്‍ക്കും സൗന്ദര്യമുണ്ട്.
ഞാന്‍: ഹഹ.. ആ തമാശ ഞാന്‍ ആസ്വദിക്കുന്നു.
നിലോഫര്‍: ഹേയ്, ഇതൊരു തമാശയല്ല. സത്യം മാത്രം.
ഞാന്‍: ഒകെ. അതൊക്കെ പോട്ടെ. എങ്ങനുണ്ട് ഫാഷന്‍ ഡിസൈനിങ്..?
നിലോഫര്‍: നല്ല രീതിയില്‍ പോവുന്നു.
ഞാന്‍: എല്ലാവര്‍ക്കുമുള്ള ഫാഷനുണ്ടോ? ഏതെങ്കിലും ഫാഷന്‍ പരീക്ഷിച്ചോ?
നിലോഫര്‍: ഇപ്പോള്‍ ലേഡീസിനുള്ളത് മാത്രമാണ് പരീക്ഷിച്ചുവരുന്നത്. ഇതിനിടെ കോഴ്‌സിന്റെ ഭാഗമായി ഞങ്ങള്‍ ഒരു ഫാഷന്‍ ഷോ നടത്തിയിരുന്നു.
ഞാന്‍: നല്ലത്. എവിടെയായിരുന്നു?
നിലോഫര്‍: ദില്ലിയില്‍ തന്നെ.
ഞാന്‍: എങ്ങനെയുണ്ടായിരുന്നു അഭിപ്രായങ്ങള്‍?
നിലോഫര്‍: നല്ലതായിരുന്നു. റിപ്ലബിക് ദിനത്തിലായിരുന്നതിനാല്‍ നല്ല കവറേജും അല്‍പം വിവാദവും ബാക്കിയായി.
ഞാന്‍: വിവാദം?
നിലോഫര്‍: ഉം.
ഞാന്‍: ?
നിലോഫര്‍: ഞങ്ങള്‍ അന്ന് ഡിസൈന്‍ ചെയ്ത ഒരു ഡ്രസ് ഏറെ വിവാദമായി.
ഞാന്‍: ?
നിലോഫര്‍: ദേശീയപതാകയുടെ സ്‌റ്റൈലില്‍ ത്രിവര്‍ണനിറത്തില്‍ ഒരു ഫാഷന്‍ ഡ്രസ്. അന്നവിടെ വന്ന മാധ്യമങ്ങള്‍ ഇത് ശ്രദ്ധിക്കുകയും ഊതിവീര്‍പ്പിച്ച് വിവാദമാക്കുകയും ചെയ്തു.
ഞാന്‍: ഓ, ഞാനോര്‍ക്കുന്നു. ഈ വാര്‍ത്ത ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. പത്രങ്ങളിലും.
നിലോഫര്‍: ഉം. അതു തന്നെ. ആ സംഭവം അത്രയ്ക്കു വിവാദമാവുകയും ഞങ്ങള്‍ പെട്ടെന്നു ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു.
ഞാന്‍: ശരിക്കും എന്തായിരുന്നു സംഭവിച്ചത്?
നിലോഫര്‍: ശരിക്കും.. സംഭവത്തില്‍ ഞങ്ങള്‍ നിഷ്‌ക്കളങ്കരാണ്. ആ വസ്ത്രം ഡിസൈന്‍ ചെയ്തത് ഞാനായിരുന്നു. പക്ഷേ അപ്പോഴൊന്നും ദേശീയപതാകയെ അനാദരിക്കണമെന്ന വിദൂരചിന്ത പോലുമുണ്ടായിരുന്നില്ല. സംഭവം മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുകയും വിവാദമാവുകയും ചെയ്തു.
ഞാന്‍: ഉം..
നിലോഫര്‍: പക്ഷേ, പരിപാടി ഞങ്ങള്‍ വിചാരിച്ചതിലേറെ ഹിറ്റാവാന്‍ വിവാദം സഹായിച്ചു എന്നതാണ് സത്യം.
ഞാന്‍: മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്നത് നല്ലതല്ലെന്നു മനസിലായില്ലേ?
നിലോഫര്‍: ഉം. ഒന്നിനേയും അടച്ചാക്ഷേപിക്കുന്നത് അല്ലെങ്കിലും ഞാന്‍ വെറുക്കുന്നു.
ഞാന്‍: ഞാനും..
നിലോഫര്‍: പിന്നെ?
ഞാന്‍: പിന്നെയെന്താ? ആ.. എന്താണ് നിലോഫര്‍ എന്നതിന്റെ അര്‍ഥം?
നിലോഫര്‍: താമര. നിങ്ങളുടേതോ?
ഞാന്‍: കൂട്ടുകാരന്‍. പങ്കാളി എന്നൊക്കെ വരും.
നിലോഫര്‍: ഓഹോ. നല്ല പേര്. നല്ല അര്‍ഥം. പിന്നെ നിങ്ങള്‍ എഴുത്തുകാരനാണെന്നല്ലേ പറഞ്ഞത്?
ഞാന്‍: എന്താ സംശയം?
നിലോഫര്‍: സംശയമൊന്നുമില്ല. ഏതാണ് നിങ്ങളുടെ എഴുത്തുമേഖല? അതായത് നിങ്ങള്‍ എന്താണ് എഴുതാറുള്ളത്? കഥയോ, കവിതയോ, ലേഖനങ്ങളോ?
ഞാന്‍: കഥകളെഴുതാറുണ്ട്. പക്ഷേ എനിക്കിഷ്ടം നോവലുകളാണ്.
നിലോഫര്‍: ഓഹോ, ആരുടെ എഴുത്താണ് കൂടുതല്‍ ഇഷ്ടം?
ഞാന്‍: മാര്‍ക്കേസ്, ദസ്തയേവ്‌സ്‌ക്കി, പാമൂക്ക് ഇവരെയൊക്കെ ഇഷ്ടമാണ്. കൂട്ടത്തില്‍ ദസ്തയേസ്‌ക്കിയാണ് ഫേവറിറ്റ്.
നിലോഫര്‍: ഓകെ. ഞാനും കഥകളുടേയും നോവലുകളുടേയും ആരാധികയാണ്.
ഞാന്‍: ഓഹോ. ആരുടെ പുസ്തകങ്ങളാണ് ഇഷ്ടം?
നിലോഫര്‍: അങ്ങനെ ചോദിച്ചാല്‍.. എനിക്കിഷ്ടം സിഡ്‌നി ഷെല്‍ഡന്റെ പുസ്തകങ്ങളാണ്. പിന്നെ പുതിയവരില്‍ ചേതന്‍ ഭഗതും.
ഞാന്‍: ഓഹോ, അപ്പോള്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ഒതുങ്ങുന്നില്ല കമ്പം?
നിലോഫര്‍: ഹ ഹ..
ഞാന്‍: എനിക്കിഷ്ടം അന്നുമിന്നും ദസ്തയേവ്‌സ്‌ക്കിയുടെ രചനകളാണ്.
നിലോഫര്‍: ദസ്തയേവ്‌സ്‌ക്കി? ആരാണദ്ദേഹം?
ഞാന്‍: ദസ്തയേവ്‌സ്‌ക്കിയെ അറിയില്ലേ?
നിലോഫര്‍: ഇല്ല.
ഞാന്‍: എനിക്കത്ഭുതം തോന്നുന്നു. ദസ്തയേവ്‌സ്‌ക്കി ലോകത്തിലെ ഏറ്റവും പേരുകേട്ട

എഴുത്തുകാരില്‍ ഒരാളാണ്.
നിലോഫര്‍: ഓഹോ..
ഞാന്‍: ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാള്‍, സോഷ്യലിസ്റ്റ്, വിപ്ലവകാരി ഒക്കെയായിരുന്നു ദസ്തയേവ്‌സ്‌ക്കി.
നിലോഫര്‍: ഓഹോ.
ഞാന്‍: അദ്ദേഹത്തിന്റെ കാരമസോവ് സഹോദരന്‍മാരും കുറ്റവും ശിക്ഷയുമൊക്കെ ജനങ്ങള്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് വായിക്കുന്ന പുസ്തകങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
നിലോഫര്‍: അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതില്‍ സന്തോഷമുണ്ട്.
ഞാന്‍: ഒകെ.. നിലോഫറിന് ഏതുതരം കഥകളാണ് ഇഷ്ടം?
നിലോഫര്‍: ഞാന്‍ അങ്ങനെ ഗൗരവമായി വായിക്കുന്ന ആളൊന്നുമല്ല. എങ്കിലും എനിക്ക് കൂടുതലിഷ്ടം ഇപ്പോഴത്തെ ചേതന്‍ ഭഗതിന്റെ കൃതികളാണ്.
ഞാന്‍: ഓഹോ, അത്തരം രചനകളാണോ ഇഷ്ടം?
നിലോഫര്‍: ഉം. അല്ലാതെ സാഹിത്യാലങ്കാരങ്ങള്‍ നിറച്ച് വായനക്കാരെ ബോറടിപ്പിക്കുന്ന രചനകള്‍ ഇഷ്ടമല്ല.
ഞാന്‍: ഓകെ. നമുക്ക് ഈ വിഷയം വിടാം. നിലോഫര്‍ സിനിമകള്‍ കാണാറുണ്ടോ?
നിലോഫര്‍: ഉം. ബോളിവുഡ് സിനിമകള്‍.
ഞാന്‍: ഓകെ. ഇഷ്ട അഭിനേതാക്കള്‍ ആരൊക്കെയാണ്?
നിലോഫര്‍: എനിക്ക് അമിതാബ് ബച്ചനെയാണ് ഇഷ്ടം. പ്രായമിത്രയായിട്ടും എന്തൊരു ആകാരവും അഭിനയവും ചുറുചുറുക്കുമാണ് അദ്ദേഹത്തിന്.
ഞാന്‍: ഖാന്‍മാര്‍?
നിലോഫര്‍: ബച്ചനു മുന്നില്‍ എന്തു ഖാന്‍മാര്‍?
ഞാന്‍: ഹ ഹ, അപ്പോള്‍ നിലോഫറിനു വയസന്‍മാരിലാണു താല്‍പര്യം?
നിലോഫര്‍: ഏയ്, അങ്ങനെയല്ല. എനിക്ക് ലോകപരിചയമുള്ളവരിലാണു താല്‍പര്യം.
ഞാന്‍: ഓകെ..ആ മറുപടി എനിക്കിഷ്ടമായി. ഭാവിയില്‍ ആരായിത്തീരണമെന്നാണ് നിലോഫറിന്റെ ആഗ്രഹം?
നിലോഫര്‍: എനിക്ക്.. എനിക്ക് നല്ലൊരു ഫാഷന്‍ ഡിസൈനറാവണം.
ഞാന്‍: നല്ലത്. വിവാഹസ്വപ്നങ്ങള്‍?
നിലോഫര്‍: എന്റെ കല്യാണം കഴിഞ്ഞിട്ടില്ല എന്നെങ്ങിനെ മനസിലായി?
ഞാന്‍: വെറുതെ ഊഹിച്ചു.
നിലോഫര്‍: ഓകെ. ആ ഊഹത്തിനു ഞാന്‍ മാപ്പുനല്‍കുന്നു. എനിക്ക് വിവാഹസ്വപ്നങ്ങളൊക്കെയുണ്ട്. പക്ഷേ, പലതും വെളിപ്പെടുത്താന്‍ എനിക്ക് മടിയാണ്.
ഞാന്‍: ഞാന്‍ അന്യനല്ലെന്നു കരുതുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി നമ്മള്‍ ചാറ്റിങ്ങിലായിരുന്നു.
നിലോഫര്‍: ഹñഹ.. ചാറ്റിങ് ദേശാന്തരങ്ങളെ കീഴടക്കുമെന്നറിയാം. പക്ഷേ, മനസുകളെ കീഴടക്കുമോ?
ഞാന്‍: എന്തുകൊണ്ടില്ല? ചാറ്റിങ്ങിലൂടെ വിവാഹിതരും സുഹൃത്തുക്കളുമായ എത്രയോ പേരെ എനിക്കറിയാം. ഇന്ന് രാവിലെയും ഞായറാഴ്ച പതിപ്പില്‍ ഞാന്‍ വായിച്ച, എന്റെ നാട്ടിലെ ഒരു നടിയുടെ ഇന്റര്‍വ്യൂവില്‍ അവര്‍ വെളിപ്പെടുത്തിയത് അവരും കാശ്മീരുകാരനായ ഭര്‍ത്താവും പരിചയപ്പെട്ടത് ചാറ്റിങ്ങിലൂടെയാണത്രേ.
നിലോഫര്‍: ഹñഹ.. വീണ്ടും കാശ്മീര്‍..
ഞാന്‍: അതെ, കാശ്മീരിലെ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും സുന്ദരന്‍മാരാണ്.
നിലോഫര്‍: ഹñഹ.. എങ്കില്‍ ആദ്യം നിങ്ങളുടെ വിവാഹസങ്കല്‍പങ്ങള്‍ പറയൂ?
ഞാന്‍: ഞാന്‍.. എന്റെ വിവാഹസങ്കല്‍പങ്ങള്‍ കേട്ടാല്‍ പിന്നെ ചോദിച്ചുപോയല്ലോ എന്ന് പരിതപിക്കുകയോ ഓര്‍ക്കുകയോ ചെയ്യരുത്.
നിലോഫര്‍: ഏയ് ഇല്ല. നിങ്ങളുടെ സങ്കല്‍പങ്ങള്‍ വിചിത്രമാണെങ്കില്‍ എന്റേതും അതുപോലെ തന്നെയാണ്. വിചിത്രം.
ഞാന്‍: ഒകെ. എങ്കില്‍ ഞാന്‍ എന്റെ സങ്കല്‍പങ്ങള്‍ പറയാം. ഞെട്ടരുത്.
നിലോഫര്‍: ഏയ് ഇല്ല. ഞാനെന്റെ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ട്.
ഞാന്‍: ഹñഹ..
നിലോഫര്‍: പറയൂ, ഗെറ്റ് റെഡി. വണ്‍ ടു ത്രീ..
ഞാന്‍: ഒന്നാമത്തെ സങ്കല്‍പം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. എനിക്ക് ഒരു കാശ്മീരുകാരിയേയോ ഇറാന്‍കാരിയേയോ വിവാഹം കഴിക്കണം.
നിലോഫര്‍: ഓകെ. ഇന്ററസ്റ്റിങ്. ഒരു തമാശ പറയട്ടെ, ഞാനും ഒരു കാശ്മീരുകാരിയാണ്! ഓകെ, അതു വിടൂ. എന്താണ് രണ്ടാമത്തേത്?
ഞാന്‍: അവള്‍ക്ക് ബെല്ലി ഡാന്‍സ് അറിയണം.
നിലോഫര്‍: ബെല്ലി ഡാന്‍സ്?
ഞാന്‍: അതെ. ബെല്ലി ഡാന്‍സ്. അരഭാഗം ഇളക്കിയുള്ള, കൊളംബിയന്‍ ഗായിക ഷാക്കിറയൊക്കെ ചെയ്യുന്നതു പോലെ..
നിലോഫര്‍: തികച്ചും അത്ഭുതവും അപരിചിതത്വവും രേഖപ്പെടുത്തുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് ബെല്ലി ഡാന്‍സ് ഇഷ്ടപ്പെടുന്നത്?
ഞാന്‍: ഈ അറേബ്യന്‍ സുന്ദരിമാര്‍ ബെല്ലി ഡാന്‍സ് ചെയ്യുന്നതു കണ്ടിട്ടില്ലേ? അവര്‍ ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രമാണ് ധരിക്കുന്നതെങ്കിലും അവരുടെ ശരീരസൗന്ദര്യം കൃത്യമായി ആവിഷ്‌ക്കരിക്കാന്‍ ബെല്ലി ഡാന്‍സിനു കഴിയുന്നു.
നിലോഫര്‍: ഓകെ. എങ്കിലും ഈയൊരാവശ്യം തികച്ചും വിചിത്രമാണ്. ഫാഷന്‍ പരേഡിനു വരുന്നവരെ അല്‍പസ്വല്‍പം ബെല്ലിഡാന്‍സ് പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
ഞാന്‍: എന്ത്? നിലോഫറിനു ബെല്ലി ഡാന്‍സ് അറിയാം!
നിലോഫര്‍: കുറച്ച്.
ഞാന്‍: നല്ലത്. ഞാന്‍ ആദ്യമായാണ് ബെല്ലി ഡാന്‍സ് അറിയാവുന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
നിലോഫര്‍: കളിയാക്കല്ലേ. ബെല്ലി ഡാന്‍സ് പഠിക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. അരഭാഗം ചലിപ്പിക്കുന്നതില്‍ സ്ത്രീകള്‍ എന്നും മിടുക്കരാണ്.
ഞാന്‍: എങ്കിലും അഭിനന്ദനങ്ങള്‍ നേരുന്നു.
നിലോഫര്‍: നന്ദി. വെറുതെയാണെങ്കിലും. ഇനി അടുത്ത കണ്ടീഷന്‍ പറയൂ.
ഞാന്‍: അവള്‍ ഒരു പുകവലിക്കാരിയാവണം.
നിലോഫര്‍: !
ഞാന്‍: അതെ. പുകവലി കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അവള്‍ മോഡേണായിരിക്കണം എന്നാണ്. ബെല്ലി ഡാന്‍സ് കൊണ്ട് അവളുടെ സൗന്ദര്യവും.
നിലോഫര്‍: ബുദ്ധിരാക്ഷസാ..
ഞാന്‍: താങ്ക് യു.
നിലോഫര്‍: പക്ഷേ ഇതൊക്കെ സാധ്യമാണോ? ഇങ്ങനെയുള്ള ഒരു പെണ്‍കുട്ടി തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് വരുമോ?
ഞാന്‍: എന്തുകൊണ്ടില്ല. മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ ബൈബിളിലിള്ളത്.
നിലോഫര്‍: ഓഹോ, നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഞാന്‍: ആമീന്‍.
നിലോഫര്‍: എന്തുകൊണ്ടാണ് ഇത്രയും വിചിത്ര ആശയങ്ങള്‍ നിങ്ങള്‍ ഒരു സ്ത്രീയില്‍ അടിച്ചേല്‍പിക്കുന്നത്?
ഞാന്‍: അടിച്ചേല്‍പ്പിക്കുകയോ? ഒരിക്കലുമില്ല. ഇത്തരം ശീലമുള്ളവരെ തേടുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്...
നിലോഫര്‍: ഇനി ഇങ്ങനത്തെ ശീലമൊന്നുമില്ലാത്ത ഒരാളെ കിട്ടിയാല്‍ നിങ്ങള്‍ അവരെ ഈ സ്വഭാവം ശീലിപ്പിക്കില്ലേ?
ഞാന്‍: നിലോഫര്‍, ഒരാള്‍ക്ക് എങ്ങനെ മറ്റൊരാളുടെ ശീലങ്ങളും സ്വഭാവങ്ങളും മാറ്റാന്‍ കഴിയും? ഞാന്‍ ആരുടേയും മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ല.
നിലോഫര്‍: ഓഹോ, എന്നിട്ടും നിങ്ങള്‍ പ്രതീക്ഷ കൈവിടുന്നില്ല..
ഞാന്‍: വിശ്വാസം. അതല്ലേ എല്ലാം.

നിലോഫര്‍: വിശ്വാസം മാത്രമാണോ?
ഞാന്‍: മാത്രമല്ല, പ്രതീക്ഷയും. എന്നെങ്കിലും ഏതെങ്കിലും കോണില്‍ എന്റെ ആഗ്രഹങ്ങള്‍ക്കൊത്ത ഒരാളുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അവള്‍ ഇപ്പോള്‍ ചിലപ്പോള്‍ എന്നെക്കുറിച്ചാവും ചിന്തിക്കുന്നത്..
നിലോഫര്‍: ഓ കവിഭാവന! ഒരു പെണ്‍കുട്ടിയെ തന്റെ വലയില്‍ കുരുക്കാന്‍ ഒരു ആണ്‍കുട്ടി എന്നും ഉപയോഗിക്കുന്ന വാചകങ്ങള്‍..
ഞാന്‍: ഏയ്, ഇത് ആത്മാര്‍ഥത നിറഞ്ഞതാണ്.
നിലോഫര്‍: നിങ്ങള്‍ക്കു വിശ്വസിപ്പിക്കാന്‍ കഴിയുമോ?
ഞാന്‍: എന്ത്?
നിലോഫര്‍: ഇപ്പോള്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടി ഈ ലോകത്ത് ഏതോ കോണിലുണ്ടെന്ന്.
ഞാന്‍: എന്തുകൊണ്ടില്ല!
നിലോഫര്‍: എങ്കില്‍ തെളിയിക്കൂ നിങ്ങളെക്കുറിച്ച് ഈ അര്‍ധരാത്രിയിലും ഒരു പെണ്‍കുട്ടി ചിന്തിക്കുന്നുണ്ടുവെന്ന്.
ഞാന്‍: തീര്‍ച്ചയായും. ഈ അര്‍ധരാത്രിയിലും എന്നെപ്പറ്റി ഒരാള്‍ ചിന്തിക്കുന്നുണ്ട്.
നിലോഫര്‍: ?
ഞാന്‍: സംശയമെന്ത്? നിലോഫര്‍ ഇപ്പോള്‍ എന്നെപ്പറ്റിയല്ലേ ചിന്തിക്കുന്നത്? എനിക്കെഴുതാനുള്ള മറുപടിയെപ്പറ്റി?
നിലോഫര്‍: ഹñഹ..ഈ മറുപടി ഞാന്‍ ആസ്വദിക്കുന്നു. അതിലല്‍പം കാര്യവുമുണ്ട്.
ഞാന്‍: അപ്പോള്‍ എന്റെ ഊഹം ശരിയായിരുന്നു. ലോകത്തില്‍ എന്നെക്കുറിച്ചു ചിന്തിക്കാനും ആളുണ്ട്.
നിലോഫര്‍: പക്ഷേ, എന്റെ ചിന്തകള്‍ക്ക് സെക്കന്റിലൊരംശത്തിന്റെ ആയുസേ ഉള്ളൂ. അത് ശാശ്വതവുമല്ല.
ഞാന്‍: എനിക്കറിയാം. പക്ഷേ അത് ശാശ്വതമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
നിലോഫര്‍: ?
ഞാന്‍: എന്നെക്കുറിച്ചുള്ള നിലോഫറിന്റെ ചിന്തകള്‍ ശാശ്വതമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
നിലോഫര്‍: നിങ്ങള്‍ എന്താണുദ്ദേശിക്കുന്നത്?
ഞാന്‍: കഴിഞ്ഞ രണ്ടു മണിക്കൂര്‍ നേരത്തെ ചാറ്റിങ് എനിക്കത്രയേറെ ഇഷ്ടപ്പെട്ടു..
നിലോഫര്‍: അതിന്?
ഞാന്‍: ഈ വാക്കുകള്‍ പോലെ വാക്കുകളുടെ ഉടമയും ജീവിതകാലം മുഴുവന്‍ എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..
നിലോഫര്‍: നിങ്ങള്‍ എന്തു വിഡ്ഢിത്തമാണു പറയുന്നത്? വെറും രണ്ടര മണിക്കൂര്‍ ചാറ്റിങ്ങിലൂടെ ഒരാളോടു പ്രണയം തോന്നാന്‍ മാത്രം അറുബോറനാണോ നിങ്ങള്‍?
ഞാന്‍: ഇവിടെ അറുബോറിന്റെ വിഷയം ഉദിക്കുന്നില്ല, നിലോഫര്‍. നിലോഫറിനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഞാന്‍ അറിയുന്നു, മനസിലാക്കുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ പോവുന്ന സ്ത്രീയില്‍ ഉണ്ടായിരിക്കണം എന്നു കരുതുന്ന പല സ്വഭാവസവിശേഷതകളും നിലോഫറിലുണ്ട്.
നിലോഫര്‍: നിങ്ങളുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ ശരിക്കും ഒരു പൂവാലന്റെ പുതപ്പാണ്.
ഞാന്‍: നിലോഫര്‍, എനിക്ക് നിന്നെ ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു..
നിലോഫര്‍: എന്നെ കാണാതെയോ?
ഞാന്‍: നിന്റെ വാക്കുകള്‍ നീയെന്റെ മുന്നില്‍ നില്‍ക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു. നിന്നെ കണ്ടില്ലെങ്കില്‍ കൂടി പ്രണയിച്ചു പോവുന്നു.
നിലോഫര്‍: പഴയ പൂവാലന്റെ അതേ വാക്കുകള്‍. ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്താന്‍ ഉപയോഗിക്കുന്ന അതേ മന്ത്രങ്ങള്‍..
ഞാന്‍: അല്ല നിലോഫര്‍. ഇത് യഥാര്‍ഥപ്രണയമാണ്. പരിശുദ്ധമായത്.
നിലോഫര്‍: നിങ്ങള്‍ ശരിക്കും ഒരു പൂവാലനായിരിക്കുന്നു. എനിക്ക് ഉറങ്ങാന്‍ സമയമായി.
ഞാന്‍: നിലോഫര്‍, ഐ ലവ് യു.
നിലോഫര്‍: ബട്ട് ഐ ഡോണ്‍ട്.
ഞാന്‍: നിലോഫര്‍, ഐ റിയലി ലവ് യു.
നിലോഫര്‍: ഐ ഹേറ്റ് യു.
ഞാന്‍: ഐ ലവ് യു.
നിലോഫര്‍: ഐ ഹേറ്റ് യു..
ഞാന്‍: ഐ ലവ് യു...
നിലോഫര്‍: ഫക്ക് യു.

Wednesday, April 6, 2011

mY nEw nOvEl


എനിക്ക് ചേതന്‍ ഭഗത് ആവണം.



ഭാഗം ഒന്ന്



ഒന്ന്.


എഴുത്തുകാരനാവുന്നതിന് മുമ്പ് എനിക്ക് മറ്റൊരു കാലമുണ്ടായിരുന്നു..

എന്തു മനോഹരമായ വാക്യം. അല്ലേ? വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ തീര്‍ച്ചയായും ഇതൊക്കെ മതി. ഈ വാക്യമെഴുതാന്‍ ഞാന്‍ ഒരു എഴുത്തുകാരന്‍ ആയിട്ടില്ലെന്ന് നിങ്ങളെപ്പോലെ തന്നെ എനിക്കുമറിയാം. ഒരു ഹെമിങ്‌വേയ്‌ക്കോ പൗലോ കൊയ്‌ലോവിനോ ലിയോ ടോള്‍സ്‌റ്റോയ്‌ക്കോ ഫയദോര്‍ മിഖൈലോവിച്ച് ദസ്റ്റയേവ്‌സ്‌ക്കിക്കോ ഖാലിദ് ഹൊസൈനിക്കോ ചേതന്‍ ഭഗതിനോ മാത്രം എഴുതാന്‍ അവകാശമുള്ള വരികളാണ് ഇവ. എഴുത്തുകാരാവുന്നതിനു മുമ്പത്തെ ഭൂതകാലം ഓര്‍മ്മിക്കാനുള്ള അവകാശം അവര്‍ക്കു അര്‍ഹതപ്പെട്ടതാണ്. അല്ലാതെ ഇവരൊക്കെ ആകണമെന്ന് ആഗ്രഹിക്കുന്ന, എന്നാല്‍ ഒരു കൂലി എഴുത്തുകാരന്‍ പോലുമാവാത്ത എനിക്കല്ല. പക്ഷേ, എന്നിട്ടും എന്തുകൊണ്ട് എനിക്കൊരു എഴുത്തുകാരനാവാന്‍ കഴിയുന്നില്ല എന്ന് ഞാനൊരിക്കലും ചിന്തിക്കുന്നില്ല. കാരണം ഞാനും ഒരു എഴുത്തുകാരനാണ്. എഴുത്തിനെ തീവ്രമായി പ്രണയിക്കുന്ന, എഴുത്താണ് ജീവിതമെന്ന് കരുതുന്ന ആള്‍.
എഴുത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു. എഴുത്തുകാരെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ട് രാജ്യത്തെ ക്രിക്കറ്റ് കളിക്കാര്‍ക്കും സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കിട്ടുന്ന പ്രശസ്തിയും പരിഗണനയും എഴുത്തുകാര്‍ക്ക് കിട്ടുന്നില്ല എന്നോര്‍ത്ത് ലോകത്തോടു മുഴുവനുമുള്ള പുച്ഛം മനസില്‍ നിറയ്ക്കുന്നു.
എന്റെ കുട്ടിക്കാലത്തെ മോഹങ്ങളൊക്കെയും എഴുത്തിനെ ചുറ്റിപ്പറ്റിയായിരുന്നു. ഒരു വലിയ എഴുത്തുകാരനായി മാറി, എന്റെ വാക്കുകള്‍ക്കും രചനകള്‍ക്കും വേണ്ടി ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതുപോലെ ആള്‍ക്കാര്‍ തിക്കു കൂട്ടുന്ന ദിവസങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു. വായനയാണ് എഴുത്തിന്റെ പ്രിലിമിനറി പരീക്ഷയെന്ന് മനസിലാക്കി, നാട്ടിലെ ഏക ലൈബ്രറിയില്‍ ലോവര്‍ പ്രൈമറിയില്‍ പഠിക്കുമ്പോഴേ അംഗത്വമെടുത്തു. ഒരു പക്ഷേ, ആ ലൈബ്രറിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ലൈബ്രേറിയന്‍ സ്വതവേ കര്‍ക്കശക്കാരനായ, തടിയന്‍ കണ്ണടധാരിയായിരുന്നു. അയാള്‍ക്ക് വെറുതെയിരിക്കുമ്പോഴും ആരോടെങ്കിലും കടിപിടി കൂടുന്ന ഒരു കണ്ടന്‍ പൂച്ചയുടെ സ്വഭാവമാണെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു.
കുട്ടികളോട് മുതിര്‍ന്നവര്‍ക്ക് തോന്നാറുള്ള അവഞ്ജ ഈ ലൈബ്രേറിയന്റെ കാര്യത്തിലും മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ അയാളോട് കാരമസോവ് സഹോദരന്‍മാരും അന്ന കരനീനയും ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും വേണമെന്നു പറയുമ്പോള്‍ അയാളുടെ മുഖത്തെ സ്വതവേയുള്ള പുച്ഛഭാവത്തിന് ഗാംഭീര്യം കൈവരും. അയാള്‍ തികഞ്ഞ അവഗണനയോടെ കാറ്റലോഗ് മടക്കി വയ്ക്കും. എന്നിട്ട് പരിഹാസത്തിന്റെ ഉച്ചകോടിയില്‍ പറയും.
‘നീ പറഞ്ഞ പുസ്തകങ്ങളൊന്നും ഇവിടെയില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അവയൊന്നും നിനക്ക് തരാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല.’
‘അതെന്താ?’
‘തരാനുദ്ദേശിക്കുന്നില്ല. അത്ര തന്നെ. അത് വിശദീകരിക്കേണ്ട കാര്യം എനിക്കില്ല.’
ഞാന്‍ ഒന്നും മിണ്ടാതെ നില്‍ക്കും. പിന്നെയും അയാളുടെ മുഖത്തു നോക്കി കാരണം ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. ഞാന്‍ മൗനം പാലിച്ച് അയാളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് ഒന്നു കൂടി ശാന്തത അഭിനയിച്ച് ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് കഥകള്‍ ചോദിക്കും.
‘ചോരക്കളം ഉണ്ടോ?’
‘ഉണ്ട്. പക്ഷേ തരില്ല.’
എന്റെയുള്ളില്‍ സത്യത്തില്‍ ദേഷ്യം പതഞ്ഞുതുടങ്ങിയിരുന്നു. ഞാന്‍ ചോദിക്കുന്ന പുസ്തകങ്ങളൊന്നും തരാത്ത ഇയാള്‍ ഒരു സാഹിത്യസ്‌നേഹി മാത്രമല്ല, മനുഷ്യന്‍ പോലുമല്ലെന്ന് ഞാന്‍ തീര്‍ച്ചയാക്കിത്തുടങ്ങിയിരുന്നു. മുന്നിലെ കാറ്റലോഗെടുത്ത് ഇയാളുടെ മൂക്കിന് ആഞ്ഞിടിക്കുന്ന രംഗം എന്നെങ്കിലും എന്റെ ജീവിതത്തിലുണ്ടാവുമോ എന്ന് ഒരു വേള ആശിച്ചുപോയി. ഈ ആശയില്‍ അല്‍പം സമാധാനം കൈവരിച്ച് ഞാന്‍ വീണ്ടും ചോദിച്ചു.
‘അതെന്താ, ഞാന്‍ ചോദിക്കുന്ന പുസ്തകങ്ങളൊന്നും നിങ്ങളെനിക്ക് തരാത്തത്?’
അത്രയും നിഷ്‌ക്കളങ്കത നിറച്ചായിരുന്നു ആ ചോദ്യം. അയാളെ ചോദ്യം ചെയ്യുകയാണെന്ന് ഒരിക്കലും തോന്നരുത്. ഇനി തോന്നിയാല്‍ അയാള്‍ എന്റെ അംഗത്വം നിഷ്‌ക്കരുണം റദ്ദാക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ എന്നെയും എഴുത്തിനേയും വേര്‍തിരിക്കാന്‍ ഇയാള്‍ക്ക് നിഷ്പ്രയാസം കഴിയും. കാരണം ഒരു അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏക ലൈബ്രറിയായിരുന്നു അത്.
‘ഉം?’
അയാള്‍ ചോദ്യഭാവത്തില്‍ പുരികം വളച്ചു. ഇതിനിടെ അടച്ചുവെച്ച കാറ്റലോഗ് അയാള്‍ വീണ്ടും തുറന്നിരുന്നു. കൂടിവന്നാല്‍ രണ്ടായിരത്തോളം പുസ്തകങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവ കൃത്യമായ ക്രമത്തില്‍ കാറ്റലോഗില്‍ തരംതിരിച്ചു വച്ചിരുന്നു. ആദ്യം നോവല്‍. പിന്നെ കഥ, കവിത, അതു കഴിഞ്ഞാണ് വിവര്‍ത്തനവും ആത്മകഥയും ജീവചരിത്രവും അക്കാദമിക് രചനകളും വരുന്നത്. എല്ലാം കഴിഞ്ഞ് അവസാനമായി ബാലസാഹിത്യകൃതികളും. ഏകദേശം ഇരുനൂറോളം വരും അവ. അപ്പോള്‍ ലൈബ്രേറിയന്‍ പിന്നില്‍ നിന്നും അകത്തോട്ടായി മറിച്ചതിനാല്‍ ബാലസാഹിത്യവിഭാഗത്തില്‍ പെട്ടെന്നെത്തി, പേജുകള്‍. പിന്നെ അതിലെ ഏതൊക്കെയോ പുസ്തകങ്ങളില്‍ വിരല്‍ ചൂണ്ടി അയാള്‍ നിര്‍ദേശിക്കാനാരംഭിച്ചു.
‘ഇതാ ബാലസാഹിത്യം. നീ ഇതില്‍ നിന്നും തിരഞ്ഞെടുത്തോളൂ.’
‘എനിക്ക് ചോരക്കളം മതി.’
‘വേണ്ട. നീ അതു വായിക്കാനുള്ള പ്രായമായിട്ടില്ല. മാത്രവുമല്ല രക്തം പുരണ്ട ഒരു കത്തിയുടെ ചിത്രമാണ് അതിന്റെ കവര്‍. ഇത് വായിച്ച് നാളെ നീ ഇതുപോലെ ഒരു കത്തിയുമെടുത്ത് ആവേശഭരിതനായി ഞങ്ങളെ ആരെയും ആക്രമിക്കുകയില്ലെന്ന് ആരു കണ്ടു?’
അയാള്‍ ഗൗരവപൂര്‍വം പറഞ്ഞു. പറഞ്ഞു എന്നതിനേക്കാളും മുരണ്ടു എന്നു പറയുന്നതാവും ശരി. ഞാന്‍ എന്റെ ദേഷ്യം മുഴുവന്‍ മുഖത്ത് പ്രതിഫലിപ്പിക്കാന്‍ എന്റെ അംഗത്വവും എഴുത്തിനോടുള്ള അഭിവാഞ്ജയും കണക്കിലെടുത്ത് മൗനിയായി. എന്റെ നിരാശയുടെ ആഴം മനസിലാക്കിയാവണം, ഉപദേശിക്കുന്ന മട്ടില്‍ ലൈബ്രേറിയന്‍ വാക്കുകള്‍ക്കു പാകത വരുത്തി.
‘നീ കൊച്ചുപയ്യനാണ്്. ബാലസാഹിത്യം വായിച്ചുവളരേണ്ടവന്‍. ഈ പ്രായത്തില്‍ തന്നെ എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങള്‍ വായിച്ച് ഒരു ഹിപ്പിയാവണ്ട. ഓരോ പ്രായത്തിനും അതിന്റേതായ പുസ്തകങ്ങളാണ് വായിക്കേണ്ടത്. നീയൊന്നു വളരട്ടെ. അതിനു ശേഷമാവാം നിന്റെ വലിയ വായന.. ’
തുടര്‍ന്ന് അയാള്‍ ഞാന്‍ ചോദിക്കാതെ തന്നെ ‘അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗയാത്ര’ എന്ന ബാലസാഹിത്യകൃതി സൗമനസ്യപൂര്‍വം എടുത്തുതന്നു.
ഒരു അപ്പൂപ്പന്‍ താടി വിവിധ രാജ്യങ്ങളിലൂടെ നടത്തുന്ന വിവിധ തരം അസാധാരണ യാത്രകളൈക്കുറിച്ചുള്ള പുസ്തകം. കവര്‍ ചിത്രമായി കണ്ണും മൂക്കും വായും തലയും ഉള്ള ഒരു അപ്പൂപ്പന്‍ താടി ചിരിച്ചു നിന്നു. ഞാന്‍ ഉള്ളിലുറയുന്ന വെറുപ്പോടെയും എന്റെ വലിപ്പമില്ലായ്മയെ കളിയാക്കിയ ലൈബ്രേറിയനോടുള്ള പകയോടെയും പുസ്തകം ഏറ്റുവാങ്ങി വീട്ടിലേക്കു നടന്നു. വീട്ടിലേക്കുള്ള വഴിയില്‍ പ്രതിഷേധനടപടിയായി രണ്ടു കാര്യങ്ങളാണ് ആലോചിച്ചുറപ്പിച്ചത്.
ഒന്ന്. ഈ പുസ്തകം ഒന്നു മറിച്ചു പോലും നോക്കാതെ നാളെത്തന്നെ തിരിച്ചേല്‍പ്പിക്കണം. അയാള്‍ക്കു ഇതില്‍നിന്നും ചോദ്യങ്ങളൊന്നും ചോദിക്കാനാവില്ലല്ലോ?
രണ്ട്. ഞാന്‍ വളര്‍ച്ചയെത്തിയവനാണെന്ന് തെളിയിച്ചുകൊടുക്കണം.

ഒന്നാമത്തെ കാര്യം തികച്ചും എളുപ്പത്തില്‍ സാധിക്കുമെങ്കിലും രണ്ടാമത്തെ കാര്യം എങ്ങനെ ചെയ്യും എന്നത് എന്നെ ചിന്താകുലനാക്കി. ഞാന്‍ വളര്‍ച്ചയും പക്വതയും പാകതയും എത്തിയെന്ന് അയാളെ എങ്ങനെ ബോധ്യപ്പെടുത്തും? ഒരു വഴി കണ്ടുപിടിക്കപ്പെടുന്നത് മറ്റു പല വഴികളും കണ്ടുപിടിക്കപ്പെട്ടതിനു ശേഷമാണെന്ന് ഞാന്‍ ചിന്തിച്ചു കാടു കയറി. അന്നത്തെ ചിന്തകള്‍ക്കു ശേഷം ലൈബ്രേറിയനു മുന്നില്‍ വളര്‍ച്ചയെത്തിയെന്ന് തെളിയിക്കാനായി ഞാന്‍ തുടങ്ങിയ ശീലമാണ് പിന്നീട് എന്റെ നിത്യശീലങ്ങളില്‍ പ്രധാനിയായത്. പുകവലി.
വിപണിയില്‍ ഏറ്റവും വില കുറഞ്ഞു ലഭിക്കുന്ന സിഗരറ്റ്, ഞാന്‍, എന്നെ ഒട്ടും പരിചയമില്ലാത്ത കടയില്‍ നിന്നും വാങ്ങി ലൈബ്രേറിയന്‍ വരുന്ന വഴിയില്‍ കാത്തുനിന്നു. (പിന്നീട് കാലങ്ങള്‍ക്കു ശേഷം ഞാന്‍ കൃത്യമായ ഒരു ബ്രാന്‍ഡ് സിഗരറ്റുകള്‍ മാത്രമേ വലിക്കൂ എന്ന രീതിയില്‍ വളര്‍ന്നെങ്കിലും അന്നത്തെ പക്വതയില്ലായ്മയില്‍ സിഗരറ്റ് ഏതെന്ന് എനിക്ക് വിഷയമായിരുന്നില്ല.)
ലൈബ്രറിയിലേക്കു വളയുന്ന റോഡിനു വലതുവശത്തായിരുന്നു ഇനിയും പണി തീരാത്ത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടം. നൂറ്റാണ്ടുകളെങ്കിലും ആയിട്ടുണ്ടാവും ഇതിന്റെ പണി തുടങ്ങിയിട്ടെന്ന് തോന്നും കണ്ടാല്‍. സാമൂഹ്യദ്രോഹികളുടേതെന്ന് ജനവും മാന്യത നടിക്കുന്നവരും മുദ്ര കുത്തിയവരുടെ കേന്ദ്രം. വൈകിട്ട് ഏഴു മണി കഴിഞ്ഞാല്‍ അതു വഴി നടക്കരുതെന്ന് വീട്ടുകാര്‍ പ്രായം കുറഞ്ഞവരെ ഉപദേശിക്കുകയും ചെയ്തിരുന്നു. കാരണം കള്ളന്‍മാരുടേയും തെരുവുവേശ്യകളുടേയും മയക്കുമരുന്നു വില്‍പനക്കാരുടേയും അനൗദ്യോഗിക ഓഫീസ് കെട്ടിടം കൂടിയാണിത്. എല്ലാ വൈകുന്നേരങ്ങളിലും അവര്‍ അവിടെ സമ്മേളിക്കുന്നു. അന്നത്തെ മയക്കുമരുന്നിന്റെ ലാഭവും മോഷണമുതലിലെ അധിക ബോണസും തന്നില്‍ നിന്ന് ലൈംഗികസംതൃപ്തി തിരഞ്ഞവന്റെ ഫീസും മയക്കുമരുന്നു കച്ചവടക്കാരനും കള്ളനും തെരുവു വേശ്യയും എണ്ണി തിട്ടപ്പെടുത്തും. പിന്നെ അന്നത്തെ ശിഷ്ടജീവിതം ആ പണി തീരാത്ത കെട്ടിടത്തിന്റെ നിശ്വാസങ്ങള്‍ക്കൊപ്പം അലിയാന്‍ അനുവദിക്കും.
അന്ന് പക്ഷേ, ആ കെട്ടിടത്തിന്റെ ഇറയത്തു നില്‍ക്കുമ്പോള്‍ എനിക്കു വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ആ വൈകുന്നേരം അവിടത്തെ അന്തേവാസികളൊന്നും ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലെന്ന് ആദ്യമേ ഉറപ്പുവരുത്തി.
ലൈബ്രേറിയന്‍ വളവു തിരിഞ്ഞു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. സ്വാഭാവികമായും അയാള്‍ സാമൂഹ്യദ്രോഹികളുടെ പണി തീരാത്ത ഓഫീസു കെട്ടിടത്തിനു മുന്നിലെത്തുമ്പോള്‍ അകത്തേക്കൊന്നു നോക്കുമെന്നു തീര്‍ച്ച. അകത്ത് എന്താണ് നടക്കുന്നതെന്ന് അറിയുന്നതിനേക്കാള്‍ തന്റെ കഴുത്തിനുള്ള ഒരു വ്യായാമമെന്ന നിലയിലായിരിക്കും അയാളുടെ നോട്ടം. അകത്ത് നേരത്തെ എത്തിയ ഏതെങ്കിലും അംഗത്തിന്റെ കണ്ണില്‍ പെട്ടാല്‍ അദ്ദേഹത്തിന്റെ വ്യായാമാഭിനയം സന്ദര്‍ഭത്തിനൊത്ത് ഉയരുകയും ചെയ്യും. പിന്നെ കഴുത്ത് അംഗത്തെ തെറ്റിദ്ധരിപ്പിക്കാനായി ഒരു സിംഹവാലന്‍ കുരങ്ങനെപ്പോലെ (അതെ. സിംഹവാലന്‍ തന്നെ!) വട്ടത്തില്‍ വിവിധ ഡിഗ്രി അളവുകളില്‍ കറക്കിത്തുടങ്ങും. അയാള്‍ക്ക് താന്‍ മനപൂര്‍വമല്ല അവിടേക്കു നോക്കിയതെന്നു തെളിയിക്കാനുള്ള ബാധ്യതയുണ്ട്. ഈ ബാധ്യതയാണ് ഞാന്‍ അന്നു വളരെ ക്രിയാത്മകമായി ഉപയോഗിച്ചത്.
ലൈബ്രേറിയന്‍ പണി തീരാത്ത കെട്ടിടത്തിനു മുമ്പിലെത്തുന്നതിനു മൂന്ന് സെക്കന്റു മുമ്പ്, കപ്പലിന്റെ മുഖചിത്രമുള്ള തീപ്പെട്ടിക്കൂടില്‍ നിന്ന് ഒരു തീപ്പെട്ടിക്കൊള്ളിയുരച്ച് ഞാന്‍ ഫില്‍റ്റര്‍ ഘടിപ്പിച്ചിട്ടില്ലാത്ത സിഗരറ്റിനു തീ കൊളുത്തി. പിന്നെ ഒരു അനുഭവസമ്പന്നനെപ്പോലെ വലിച്ചുതുടങ്ങി. കൃത്യം മൂന്നാമത്തെ പുകയൂത്ത് തുടങ്ങിയപ്പോഴേക്കും ലൈബ്രേറിയന്‍ പണി തീരാത്ത കെട്ടിടത്തിനു മുന്നിലെത്തുകയും തന്റെ കഴുത്തു തിരിച്ചുള്ള, മന:പൂര്‍വമല്ലെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുന്ന നോട്ടം കെട്ടിടത്തിനു നേരെ എറിയുകയും ചെയ്തു. ഇത് കൃത്യമായും എന്റെ അവസരമായിരുന്നു. അയാള്‍ മൂന്നു തവണ തുറിച്ചു നോക്കാന്‍ പാകത്തില്‍, അയാളെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടില്‍ ഞാന്‍ പുക വലിച്ചു. ഓരോ തവണ തുറിച്ചു നോക്കിയപ്പോഴും അയാളുടെ കുഴിയിലാണ്ടതെന്നു തോന്നിയ കണ്ണുകള്‍ പുറത്തേക്കു തള്ളി വരുന്നതായി തോന്നി. എന്നെ അയാള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മൂന്നാമത്തെ തുറിച്ചുനോട്ടവും കഴിഞ്ഞതോടെ ഞാന്‍ എന്റെ ഉറപ്പിന്‍ മേല്‍ ഔദ്യോഗികസീല്‍ വെച്ചു.
എന്റെ ഉദ്ദേശവും ലക്ഷ്യവും ഫലിച്ചു. തികട്ടി വന്ന ചുമയെ അയാള്‍ ലൈബ്രറിയിലേക്ക് കയറുന്നതു വരേയും പിടിച്ചു നിന്നു. ലൈബ്രറിയുടെ ഗ്രില്‍സിട്ട വാതില്‍ അയാള്‍ പതിവിലും വേഗതയോടെ തുറക്കുകയും പിന്നെ ചിന്താഭാരം നിറഞ്ഞ മനസോടെ ഒരു പ്രാവശ്യം കൂടി എക്‌സ്‌ചേഞ്ച് കെട്ടിടത്തിനു നേരെ നോക്കുകയും ചെയ്തു. ഞാന്‍ എന്ന സാമൂഹ്യദ്രോഹിയാണ് അയാളുടെ നോട്ടത്തിന്റെ അറ്റമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടായിരുന്നു.
ലൈബ്രറിയില്‍ ചെന്ന് എന്നെക്കുറിച്ചുള്ള ധാരണകളും ചിന്തകളും ഓര്‍മ്മകളും അയാള്‍ ഒന്നു കൂടി വിലയിരുത്താനെടുക്കുന്ന സമയം കണക്കാക്കി അതിനു ശേഷമാണ് ലൈബ്രറിയിലേക്കു നടന്നത്. ലൈബ്രറിയുടെ ഗ്രില്‍സ് വാതിലില്‍ മന:പൂര്‍വം തട്ടി ശബ്ദമുണ്ടാക്കി ഞാന്‍ അകത്തേക്ക് നടന്നു.
അകത്ത് എന്റെ പ്രതീക്ഷകള്‍ ശരി വെക്കുന്നതു പോലെ ‘കാരമസോവ് സഹോദരങ്ങളി’ല്‍ മുഖം പൂഴ്ത്തി നില്‍ക്കുന്ന ലൈബ്രേറിയനാണ് എന്നെ വരവേറ്റത്. ഞാന്‍ ‘അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗയാത്ര’ അയാള്‍ക്കു മുന്നില്‍ വെച്ചു. ഉടനെ അയാള്‍ എന്നെയൊന്ന് തുറിച്ചു നോക്കുകയും ഒന്നും മിണ്ടാതെ ‘കാരമസോവ് സഹോദരന്‍മാര്‍’ എന്റെ കയ്യില്‍ വച്ചു പിടിപ്പിക്കുകയും ചെയ്തു.

അന്നത്തെ എന്റെ ദൗത്യം വിജയപര്യവസായി ആയെങ്കിലും അന്നു തുടങ്ങിയ പുകവലി ശീലം ഇന്ന് ഒരു ബ്രാന്‍ഡ് സിഗരറ്റിന്റെ കൊടിക്കൂറയ്ക്കു പിന്നില്‍ അണിനിരന്ന് പടര്‍ന്നു പന്തലിച്ചിരിക്കുന്നു, ഉപേക്ഷിക്കാനാവാത്ത വിധം.
ഞാന്‍ എന്ന ചെയിന്‍ സ്‌മോക്കര്‍.
ഇപ്പോള്‍ ഇതെഴുതുമ്പോള്‍ പോലും എന്റെ ചുണ്ടില്‍ ഒരു സിഗരറ്റ് എരിയുന്നത് നിങ്ങള്‍ക്കു കാണാം. എന്റെ വായനയുടേയും എഴുത്തിന്റേയും ആഴവും പരപ്പും വിശാലമാക്കാന്‍ ഇവയെന്നും എന്നെ സഹായിക്കുന്നു എന്നു കൂടി ഓര്‍ക്കുക.

എഴുത്തിനോടുള്ള എന്റെ മോഹം ഇന്ന് ലോവര്‍ പ്രൈമറിയേക്കാളും അപ്പര്‍ പ്രൈമറിയേക്കാളും വളര്‍ന്നുവെന്ന് എനിക്കറിയാം. എനിക്കു മാത്രമല്ല, എന്നെ അറിയുന്ന ആര്‍ക്കും. എഴുത്തിനു വേണ്ടിയാണ് എസ്എസ്എല്‍സിയ്ക്കും പ്ലസ്ടുവിനുമൊക്കെ നല്ല മാര്‍ക്കുണ്ടായിരുന്നിട്ടു കൂടി ഞാന്‍ ഡിഗ്രി ലിറ്ററേച്ചറിനു ചേര്‍ന്നത്. വീട്ടുകാരും നാട്ടുകാരും ഞാന്‍ എന്‍ട്രന്‍സ് എഴുതി ഒരു ഡോക്ടറായി പേരിനൊപ്പം എംബിബിഎസ്,എംഡി എന്നീ ബിരുദങ്ങള്‍ എഴുതിച്ചേര്‍ത്ത ഒരു ബോര്‍ഡായിരുന്നു പ്രതീക്ഷിച്ചത്. എന്റെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ഭ്രാന്തിന്റെ ആരംഭമായി അവരെ വിചാരിപ്പിച്ചിരിക്കണം.
(ഭ്രാന്ത്.
നല്ല വിഷയം. ഇതിനെക്കുറിച്ച് ഒരു നോവലോ കഥയോ എഴുതുകയാണെങ്കില്‍ തീര്‍ച്ചയായും കുറേയേറെ വായനക്കാരെ ലഭിക്കും. ഓരോ വായനക്കാരനും ഇത് തങ്ങളെക്കൊണ്ടാണ് എഴുതിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ഒരു വശ്യത ഭ്രാന്തിനുണ്ട്.)

എന്തായാലും എഴുത്തിനോടുള്ള എന്റെ ഇഷ്ടം അന്നന്ന് കൂടി വരികയായിരുന്നു. പഴയ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍ ദൂരെയുള്ള മറ്റൊരു ലൈബ്രറിയില്‍ അംഗത്വമെടുത്തു. പഴയ ലൈബ്രേറിയനെ അപേക്ഷിച്ച് സഹൃദയനായിരുന്നു അയാള്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ഡൊമിനിക് ലാപ്പിയര്‍, ലാറി കോളിന്‍സ് കൂട്ടുകെട്ടിന്റെ പുസ്തകം സന്തോഷപൂര്‍വം നല്‍കിയായിരുന്നു അയാളുടെ സഹൃദയത്വം പുറത്തെടുത്തത്.

ഇതൊക്കെ ഞാന്‍ ഇപ്പോള്‍ ഇവിടെ പറയുന്നതെന്തിനെന്നാവും നിങ്ങളുടെ ന്യായമായ ചോദ്യം. നിങ്ങളേക്കാള്‍ മുമ്പ് എന്റെ കാശ്മീരുകാരി ഭാര്യ നിലോഫറും ചോദിച്ചിട്ടുണ്ട് ഇതേ ചോദ്യം.
‘നിങ്ങളെന്തിന് നിങ്ങളൊരു എഴുത്തുകാരനാണെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നു? നിങ്ങള്‍ വാസ്തവത്തില്‍ എഴുത്തുകാരന്‍ തന്നെയാണോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ എഴുതിയ സൃഷ്ടികളെവിടെ?’
അവള്‍ നിരന്തരം ചോദിക്കും.
‘എവിടെ നിങ്ങളുടെ സാഹിത്യസൃഷ്ടി? എനിക്കതു വായിക്കണം.’
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ടതിന്റെ മൂന്നാം നാളായിരുന്നു അവള്‍ ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത്. സോഷ്യല്‍ കമ്യൂണിറ്റി സൈറ്റായ ഓര്‍ക്കുട്ടിലെ എന്റെ പ്രോഫൈലില്‍ എന്നെക്കുറിച്ചുള്ള വിവരണങ്ങളിലെ ‘ഐ ആം എ റൈറ്റര്‍, ആന്‍ഡ് ഐ വാണ്ട് ടു ബി എ ദസ്തയേവ്‌സ്‌ക്കി’ എന്ന വിവരണമാണ് അവള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. (ദേശാന്തരങ്ങള്‍ കടന്ന്, കാശ്മീരിലെ മഞ്ഞുമലകള്‍ക്കടുത്ത് ജീവിച്ച അവളെ എന്റെ നാടിന്റെ പച്ചപ്പിലെത്തിച്ചതിന് ഓര്‍ക്കുട്ടിനോട് എന്നും കടപ്പെട്ടിരിക്കുന്നു.)

കോളേജ് കാലമായിരുന്നു.
ഓര്‍കുട്ടും ഫേസ് ബുക്കും രംഗപ്രവേശം ചെയ്ത കാലം. ഒരു എഴുത്തുകാരനാവാനുള്ള ആഗ്രഹവുമായി ഞാന്‍ ഇന്റര്‍നെറ്റ് സാധ്യതകളെ കുറിച്ച് ആലോചിച്ച് തുടങ്ങിയിരുന്നു അപ്പോള്‍. ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്‍ ഉണ്ടെന്നും അതില്‍ ലോകത്തിലെ ഏത് കാര്യത്തെക്കുറിച്ചുമുള്ള വിവരങ്ങളുണ്ടെന്നും ഞാന്‍ അറിഞ്ഞ കാലം. ഇടയ്ക്ക് യന്ത്രങ്ങളെ വെറുത്തിരുന്നെങ്കിലും പിന്നീട് ഇതുവരേയും കൈവശമാക്കാതിരുന്ന ഇമെയില്‍ വിലാസം കരസ്ഥമാക്കുകയും ബ്ലോഗുകളെക്കുറിച്ചും വെബ്‌സൈറ്റുകളെക്കുറിച്ചും സോഷ്യല്‍ കമ്യൂണിറ്റി സൈറ്റുകളെക്കുറിച്ചുമെല്ലാം വിശദമായി പഠിച്ചുതുടങ്ങുകയും ചെയ്തു.
അങ്ങനെയൊരു ദിവസമാണ് യാദൃശ്ചികമായി കാശ്മീരുകാരി നിലോഫറിനെ ഞാന്‍ പരിചയപ്പെടുന്നതും.