Tuesday, September 2, 2014

ദേവക്കൂത്ത് ആടാന്‍ ഒരു അംബുജാക്ഷി




മാട്ടൂല്‍ തെക്കുപാടം കൂലോം ക്ഷേത്രത്തില്‍ ഉത്സവമായി. തെയ്യമാടാന്‍ ദേവക്കൂത്തിന്റെ പാദവെപ്പുകളുമായി അംബുജാക്ഷി ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്നു. ഭയഭക്തി ബഹുമാനങ്ങളോടെ കാണികള്‍ തെയ്യത്തിനു മുന്നില്‍ തൊഴുതു നിന്നു. പൊടുന്നനെ ഒരു ദൈവീകപരിവേഷം അംബുജാക്ഷിയിലേക്ക് പടര്‍ന്നു കൂടി. അവര്‍ ദേവക്കൂത്ത് ആടിത്തുടങ്ങി..

പറഞ്ഞു വരുന്നത് കേരളത്തിലെ തെയ്യമാടുന്ന ഏക വനിത അംബുജാക്ഷിയെക്കുറിച്ചാണ്.  മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന തെയ്യത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ച് ആടുന്ന ദേവക്കൂത്തിന്റെ പുതിയ സ്ത്രീസാന്നിധ്യമാണ് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനടുത്ത് താമസിക്കുന്ന മാടായി കാട്ടുപറമ്പില്‍ കണ്ണന്റെ ഭാര്യ എം വി അംബുജാക്ഷി. കേരളത്തില്‍ ഒരു പാട് സ്ത്രീ തെയ്യങ്ങളില്ലേ, ഇതിലെന്തു പ്രത്യേകത എന്ന് കരുതുന്നവരോട്- കേരളത്തിലെ ഏതാണ്ട് എല്ലാ സ്ത്രീതെയ്യങ്ങളും ആടാറുള്ളത് പുരുഷന്‍മാര്‍ തന്നെയാണ്. എന്നാല്‍ മാട്ടൂല്‍ തെക്കുപാടം കൂലോം ക്ഷേത്രത്തില്‍ മാത്രം സ്ത്രീ വേഷമുള്ള തെയ്യം സ്ത്രീകള്‍ തന്നെ നേരിട്ട് ആടുന്നു. ഒരു പക്ഷേ, കേരളത്തിലെ തെയ്യമാടുന്ന ഏക സ്ത്രീ എന്ന ബഹുമതി ഇപ്പോള്‍ അംബുജാക്ഷിയ്ക്ക് സ്വന്തം.  

ദേവക്കൂത്തിലെ ദൈവികശക്തി
കഴിഞ്ഞ വര്‍ഷമാണ് അംബുജാക്ഷി ആദ്യമായി തെയ്യമാടിയത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ആണ്  ദേവക്കൂത്ത് ഉണ്ടാവുക. അതിനു മുമ്പ് സ്ഥിരമായി ദേവക്കൂത്ത് അവതരിപ്പിക്കാറുണ്ടായിരുന്നത് അംബുജാക്ഷിയുടെ ഭര്‍ത്താവ് കണ്ണന്റെ ഇളയച്ഛന്റെ ഭാര്യ ലക്ഷ്മിയായിരുന്നു. ലക്ഷ്മിയമ്മ ഏതാണ്ട് 14 വര്‍ഷത്തോളം ദേവക്കൂത്ത് ആടി. അതിനു മുമ്പ് കണ്ണന്റെ ഓര്‍മയില്‍, നളിനി എന്ന് പേരുള്ള അവരുടെ തന്നെ മറ്റൊരു ബന്ധുവും. വര്‍ഷങ്ങളായി തലമുറകള്‍ കൈമാറി ഇപ്പോള്‍ ആചാരത്തിന്റെ ചുക്കാന്‍ അംബുജാക്ഷിയുടെ കൈകളിലെത്തിയത് ലക്ഷ്മിയുടെ അനാരോഗ്യം കാരണം. 'കൂത്തിന്റെയന്ന് രാവിലെ മുതല്‍ ചമയവും ആടയാഭരണങ്ങള്‍ അണിയിക്കലും തുടങ്ങും. അതിനു ശേഷമാണ് ഏതാണ്ട് രാവിലെ 10 മണിയോടെ കൂത്ത് ആരംഭിക്കുക. കൂത്ത് ആരംഭിച്ചാല്‍ മറ്റാരോ ആണ് എന്നിലൂടെ ആടുന്നതെന്ന് തോന്നും. എന്നെപ്പോലെ മെലിഞ്ഞ ഒരു സ്ത്രീ രണ്ടു മണിക്കൂറെങ്കിലും നിര്‍ത്താതെ കൂത്താടുന്നതൊന്ന് ആലോചിച്ചു നോക്കൂ. അതും നട്ടുച്ച വെയിലത്ത്. ഏതോ ദൈവീക ശക്തിയാ എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്.' അംബുജാക്ഷിയുടെ വാക്കുകളിലും ഒരു തരം ദൈവീകാവേശത്തിന്റെ പരകായപ്രവേശം.
വള്ളിക്കെട്ടില്‍ പൂ പറിക്കാന്‍ വന്ന ദേവസ്ത്രീകളിലൊരാള്‍ വള്ളിക്കെട്ടില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് നാരദരെ വിളിച്ച് അപേക്ഷിക്കുന്നതാണ്  ദേവക്കൂത്തിനു പിന്നിലെ ഐതീഹ്യം. ചേല കിട്ടാന്‍ വേണ്ടി നാരദരുടെ മുന്നില്‍ കൂത്താടുമ്പോള്‍, പുതുവസ്ത്രവുമായി നാരദര്‍ വരികയും ദേവസ്ത്രീയെ തിരിച്ച് ദേവലോകത്തേക്കു തന്നെ കൊണ്ടുപോവുകയും ചെയ്യുന്നതാണ് കൂത്തിന്റെ പിന്നിലെ കഥ. വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഈ ആചാരം കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ തെക്കുംപാട് കൂലോം ക്ഷേത്രത്തിലാണ് നടന്നുവരുന്നത്.

ഗുരുവായി ഭര്‍ത്താവും
'കുടുംബപരമായി ഞങ്ങള്‍ തെയ്യം കലാകാരന്‍മാരാണ്. ഞാന്‍ 15 വയസില്‍ തെയ്യമാടാന്‍ തുടങ്ങിയതാണ്. ഏതാണ്ട് ഒരു പാട് ക്ഷേത്രങ്ങളില്‍ തെയ്യമാടിയിട്ടുണ്ട്. ' അംബുജാക്ഷിയുടെ ഭര്‍ത്താവ് കണ്ണന്‍ പറയുന്നു. ദേവക്കൂത്തില്‍ അംബുജാക്ഷിയുടെ ഗുരുവാണ് കണ്ണന്‍. ഇതിനൊപ്പം കുടുംബത്തിന്റെ കൈവശമുള്ള പള്ളിമാല ഗ്രന്ഥം വായിച്ച് പഠിക്കുകയും ചെയ്തു. ഇതൊക്കെയും ദേവക്കൂത്ത് ആടുന്നതിന് ഏറെ സഹായകരമായതായി അംബുജാക്ഷിയുടെ അനുഭവസാക്ഷ്യം. നാല് മക്കളില്‍ മൂത്തയാളായ അജിത്തും തെയ്യം കലാകാരന്‍ തന്നെ. അജിത്തിനെ കൂടാതെ അഖിത മോള്‍, അജിന, അഭിലാഷ് എന്നിവര്‍ മക്കള്‍. പോസ്റ്റാഫീസില്‍ ജോലി ചെയ്താണ് അംബുജാക്ഷി കുടുംബം പുലര്‍ത്തുന്നത്. 'തെയ്യമാടാന്‍ തീരുമാനിച്ചാല്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതം പതിവാണ്. ആ ഭക്തിയുടെ നാളുകള്‍ക്കു ശേഷം തെയ്യമാടാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷരായി മാറുന്നു.' കണ്ണനും അംബുജാക്ഷിയും ഒരേ പോലെ പറയുന്നു.
ഇവര്‍ പ്രതിനിധാനം ചെയ്യുന്ന മലയസമുദായത്തതില്‍ മാത്രമാണ് ഇന്ന് ദേവക്കൂത്ത് സ്ത്രീകള്‍ തന്നെ നിര്‍വഹിക്കുന്ന സംവിധാനമുള്ളത്.