Sunday, December 15, 2013

എഡിന്‍ബറോയിലെ ചരിത്രമുറങ്ങുന്ന വഴികള്‍.


എഡിന്‍ബറോ കാസില്‍ 
എഡിന്‍ബറോയിലെ ചരിത്രമുറങ്ങുന്ന വഴികള്‍. 
സ്‌കോട്ട്‌ലാന്‍ഡുകാരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന പേരാണ്‌ എഡിന്‍ബറോ കാസില്‍. ബാഗ്‌പൈപ്പ്‌ സംഗീതത്തിനൊപ്പം ഈ കോട്ടയും ചരിത്രവും നാട്ടുകാരനായ ചരിത്രകാരന്‍ വാള്‍ട്ടര്‍ സ്‌കോട്ട്‌ കുറിക്കുന്നതിനു മുമ്പേ, സ്‌കോട്ടിഷ്‌ പാരമ്പര്യത്തിന്റെ ഇഴകളില്‍ ചേര്‍ന്നു നില്‍ക്കുന്നു. എഡിന്‍ബറോ കുന്നുകള്‍ക്ക്‌ മുകളിലായി നിലയുറപ്പിച്ചിരിക്കുന്ന മഹാസൗധം. ഇന്നും ബി സി ഒന്‍പതാം നൂറ്റാണ്ടിലേക്ക്‌ വിരല്‍ ചൂണ്ടുന്ന നിര്‍മാണരീതികള്‍ ഇവിടെ കാണാം. ആദ്യകാലരാജാക്കന്‍മാരുടെ താമസസ്ഥലം, പട്ടാളക്കാരുടെ യുദ്ധകേന്ദ്രം, ജയിലറകളുടെ ഇരുണ്ട കാലഘട്ടം.. എല്ലാ മായികക്കാഴ്‌ചകളിലൂടെയും കോട്ട കടന്നു പോയിട്ടുണ്ട്‌. സ്‌കോട്ടിഷ്‌ ചരിത്രം ഈ എഡിന്‍ബറോ കോട്ടയുടെ ചരിത്രം കൂടിയാണെന്ന്‌ പറഞ്ഞാലും തെറ്റില്ല. ഗ്രേറ്റ്‌ ബ്രിട്ടണിലെ ലണ്ടന്‍ ടവര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണാന്‍ വരുന്നതും ഇതു തന്നെ. (പ്രതിവര്‍ഷം ഒരു മില്യണ്‍ ആളുകള്‍).

ഒന്ന്‌
എഴുതപ്പെട്ട ചരിത്രത്തിന്‌ എ ഡി രണ്ടാം നൂറ്റാണ്ടിനു ശേഷമുള്ള കഥയാണ്‌ പറയാനുള്ളതെങ്കിലും അതിനും മുമ്പേ, ഈ പാറക്കുട്ടങ്ങള്‍ക്കിടയില്‍ ആള്‍ത്താമസമുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. രാജാവായിരുന്ന മാല്‍ക്കം മൂന്നാമന്റെ മരണത്തെക്കുറിച്ചുള്ള ജോണ്‍ ഫോര്‍ഡ്‌ എഴുതിയ ചരിത്രരേഖകളില്‍ ഈ കോട്ടയുടെ സാന്നിധ്യം കൃത്യമായും കാണാം. ചരിത്രത്തില്‍ സ്‌കോട്ടിഷ്‌- ഇംഗ്ലീഷ്‌ യുദ്ധങ്ങളിലൊന്നായ ആള്‍വിനിക്‌ യുദ്ധത്തിന്റെ കാരണവും 1093 ലെ മാല്‍ക്കത്തിന്റെ മരണമായിരുന്നു.
മാല്‍ക്കത്തിന്റെ ഇളയമകന്‍ ഡേവിഡ്‌ ഒന്നാമന്‍ അധികാരത്തിന്റെ പ്രധാനകേന്ദ്രമായി എഡിന്‍ബറോ കാസിലിനെ പ്രഖ്യാപിച്ചു. 1139 നും 1150 നുമിടയ്‌ക്ക്‌ അസംബ്ലിയും പ്രഭുസഭയും കോടതിയുമൊക്കെ ഇവിടെ വിളിച്ചുകൂട്ടി. ഡേവിഡിന്റെ പിന്‍ഗാമിയായ മാല്‍ക്കം നാലാമനാണ്‌ ഇവിടെ മറ്റാരേക്കാളും കൂടുതല്‍ കാലം താമസിച്ചത്‌. 1174ല്‍ സ്‌കോട്ടിഷ്‌ രാജാവായിരുന്ന കിംഗ്‌ വില്യം ആള്‍വിനിക്‌ യുദ്ധത്തില്‍ പിടിക്കപ്പെടുകയും മോചനദ്രവ്യമായി ഇംഗ്ലീഷ്‌ രാജാവായ ഹെന്റി രണ്ടാമന്‌ കോട്ടയടക്കം നല്‍കേണ്ടി വരികയും ചെയ്‌തു. തുടര്‍ന്ന്‌ 12 വര്‍ഷത്തോളം ഇംഗ്ലീഷുകാരുടെ കൈയ്യിലായിരുന്നെങ്കിലും രാജകുമാരിയായിരുന്ന എര്‍മന്‍ഗോര്‍ഡ്‌ ഡി ബോമണ്ടിനെ വിവാഹം കഴിച്ചതു വഴി സ്‌ത്രീധനമായി കാസില്‍ വില്യമിന്‌ തന്നെ തിരികെ കിട്ടുകയായിരുന്നു.

രണ്ട്‌
കിംഗ്‌ അലക്‌സാണ്ടറുടെ മരണശേഷം 1296ല്‍ അനാഥമായ സ്‌കോട്ടിഷ്‌ രാജപദവി ഇംഗ്ലണ്ടിന്റെ എഡ്വാര്‍ഡ്‌ ഒന്നാമനിലായി. ഇത്‌ സ്‌കോട്ടിഷുകാരുടെ ആദ്യസ്വാതന്ത്ര്യസമരത്തിലേക്കും നയിച്ചു. ഇംഗ്ലീഷ്‌ അധികാരത്തിലായിരുന്ന കോട്ടയിലെ സമ്പത്തും മറ്റു വില കൂടിയ സ്വത്തുമല്ലാം എഡ്വാര്‌ഡ്‌ രാജാവ്‌ ഇംഗ്ലണ്ടിലേക്ക്‌ കടത്തുകയാണുണ്ടായത്‌. എഡ്വാര്‍ഡിന്റെ മരണാനന്തരം സ്‌കോട്ട്‌ലാന്‍ഡിനു മേലുള്ള ഇംഗ്ലണ്ടിന്റെ പിടി അയയുകയാണുണ്ടായത്‌. പിന്നീട്‌ സ്‌കോട്ടിഷ്‌ വിപ്ലവകാരിയും വീരദേശാഭിമാനിയുമായ തോമസ്‌ റാന്‍ഡോല്‍ഫിന്റേയും മറ്റും ശ്രമഫലമായി 1314 മാര്‍ച്ച്‌ 14 ന്‌ ഈ കോട്ട സ്‌കോട്ടിഷുകാര്‍ തിരിച്ചു പിടിച്ചു. ഇതിന്റെ വിവരണങ്ങള്‍ ഇന്നും ഈ കോട്ടയ്‌ക്കു മുന്നിലായി കാണാം. ചരിത്രത്തിലെ ഇംഗ്ലീഷുകാരും സ്‌കോട്ടിഷുകാരും തമ്മിലുള്ള പിന്നീടുള്ള കാലത്തെ പല രക്തരൂഷിതവിപ്ലവത്തിന്റേയും തുടക്കം കൂടിയായിരുന്നു അത്‌.
15, 16 നൂറ്റാണ്ടിനിടെ ഈ ദുര്‍ഗം പിടിച്ചടക്കാന്‍ നിരവധി യുദ്ധങ്ങളാണ്‌ ഈ കോട്ടയ്‌ക്കു ചുറ്റും അരങ്ങേറിയത്‌.

മൂന്ന്‌
ആയുധപ്പുരയായും കാരാഗ്രഹമായും കിരീടവും രത്‌നവും സൂക്ഷിക്കുന്നിടവുമായും വെടിമരുന്ന്‌ നിര്‍മാണശാലയായും പിന്നീടുള്ള കാലങ്ങളില്‍ എഡിന്‍ബറോ കോട്ട രൂപാന്തരപ്പെട്ടു. 1513 സെപ്‌തംബര്‍ 9 നുണ്ടായ ഫ്‌ളോഡന്‍ യുദ്ധത്തില്‍ സ്‌കോട്ടിഷ്‌ രാജാവായിരുന്ന ജെയിംസ്‌ നാലാമന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ്‌ എഡിന്‍ബറോ കാസിലിനെ സംരക്ഷിച്ചു നിര്‍ത്താനായി ഒരു മതില്‍ക്കെട്ട്‌ പണിതത്‌. വെടിവെപ്പുകളേയും യുദ്ധങ്ങളേയും ഫലപ്രദമായല്ലെങ്കിലും ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാന്‍ ഇതിനു കഴിഞ്ഞെന്നും കരുതുന്നവരേറെ.
എഡിന്‍ബറോ കോട്ടകള്‍ക്കു നേരെയുള്ള അവസാനത്തെ സൈനികാക്രമണം നടന്നത്‌ ദി 45 എന്ന്‌ ചരിത്രത്തില്‍ അറിയപ്പെടുന്ന 1745 ലെ ബ്രിട്ടീഷ്‌ കിരീടം തേടിയുള്ള ചാള്‍സ്‌ എഡ്വാര്‍ഡ്‌ സ്റ്റുവാര്‍ട്ടിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു. കുളോസന്‍ എന്നറിയപ്പെടുന്ന സ്ഥലത്ത്‌ വെച്ച്‌ നടന്ന രക്തരൂഷിതയുദ്ധത്തില്‍ ബ്രിട്ടീഷ്‌- സ്‌കോട്ടിഷ്‌ ചരിത്രരേഖകളില്‍ ഏറെ പ്രതിപാദിക്കപ്പെട്ടിട്ടുള്ള സ്റ്റൂവാര്‍ട്ട്‌ പരാജയപ്പെടുകയായിരുന്നു. ജേക്കബൈറ്റ്‌ വിഭാഗത്തിന്റെ പ്രതിനിധിയായിരുന്ന സ്റ്റുവാര്‍ട്ടിന്റെ പരാജയം ഏറെ ചരിത്രപ്രധാനം കൂടിയാണ്‌. തലയ്‌ക്ക്‌ ഇനാം പ്രഖ്യാപിക്കപ്പെട്ട സ്‌റ്റൂവാര്‍ട്ട്‌ പിന്നീട്‌ ഫ്രാന്‍സിലേക്ക്‌ ഒളിച്ചുകടക്കുകയാണുണ്ടായത്‌. ചരിത്രകാരനായ വാള്‍ട്ടര്‍ സ്‌കോട്ട്‌ ഇദ്ദേഹത്തെ നായകനാക്കി വേവര്‍ലെയിന്‍ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. ഒരേ സമയം പ്രണയത്തിന്റേയും ധീരതയുടേയും പ്രതീകം കൂടിയായിരുന്നു അദ്ദേഹം.

നാല്‌
പില്‍ക്കാലത്ത്‌ ജയിലായി മാറിയ ഈ കോട്ടയില്‍ വെച്ചു തന്നെയാണ്‌ സാഹസികമായി 49 തടവുകാര്‍ 1811 ല്‍ തടവു ചാടിയത്‌. വാള്‍ട്ടര്‍ സ്‌കോട്ടിന്റെ രചനകളിലും ഈ കോട്ടയുടെ നിരവധി ചരിത്രം നമുക്ക്‌ കാണാം. 1818 ല്‍ അദ്ദേഹം ഈ കോട്ടയ്‌ക്കകത്ത്‌ നടത്തിയ ഒളിച്ചുവെച്ച കിരീടവും ചെങ്കോലും തേടിയുള്ള അന്വേഷണങ്ങള്‍ ഏറെ അറിയപ്പെട്ടതായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ വീണ്ടും ജയിലായി മാറിയ രൂപാന്തരണവും ഈ കോട്ടയ്‌ക്ക്‌ വന്നു ഭവിച്ചു.
ഇന്നും കടന്നു പോയ ചരിത്രനിമിഷങ്ങളുടെ പ്രതീകമായി എല്ലാ ദിവസവും കൃത്യം ഒരു മണിക്ക്‌ വെടിമുഴങ്ങുന്ന സമ്പ്രദായവും ഇവിടെ കാണാം. വണ്‍ ഒ ക്ലോക്ക്‌ ഗണ്‍ എന്നറിയപ്പെടുന്ന പീരങ്കി. കപ്പലുകള്‍ക്ക്‌ സമയം മനസിലാക്കാനായി 1861 ലാണത്രേ ഇത്‌ നിര്‍മിച്ചത്‌. ഇന്നത്‌ വിനോദസഞ്ചാരികള്‍ക്ക്‌ എന്നെന്നും സൂക്ഷിച്ചുവയ്‌ക്കാനുള്ള ഒരു സ്വകാര്യ നിമിഷം മാത്രം.

അഞ്ച്‌
എഡിന്‍ബറോ കാസില്‍ കുന്നിന്റെ താഴ്‌ വാരത്ത്‌ ഒരു പള്ളിയുണ്ട്‌. ചുറ്റുമായി വലിയൊരു സെമിത്തേരിയും. കുഴിമാടങ്ങള്‍ക്കു മേലെ ചെറിയ ശിലാഫലകങ്ങള്‍ കാണാം. ഇവിടത്തെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചവര്‍. കുന്നിനുമേലെ ഒരു മഹാത്ഭുതം പോലെ കോട്ടയും. നൂറ്റാണ്ടുകളുടെ പാദപതനമേറ്റ്‌ യക്ഷിക്കഥയിലെ ഭൂതത്താന്‍ കോട്ടയിലേക്കുള്ള വഴിയിറമ്പുകള്‍ക്കും ചരിത്രം മേലങ്കിയണിഞ്ഞിരിക്കുന്നതു കാണാം.
എഡിന്‍ബറോയ്‌ക്ക്‌, ഈ നഗരത്തിന്‌ പിന്നെയും ഏറെ ചരിത്രത്തിലെ രജതനിമിഷങ്ങളും സൗഭാഗ്യങ്ങളും പറയാനുണ്ട്‌. ഡേവിഡ്‌ ഹ്യൂം പോലുള്ള തത്വചിന്തകരും അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ പോലുള്ള ശാസ്‌ത്രഞ്‌ജരും ജീവിച്ച സ്ഥലം കൂടിയാണിത്‌. കൂടാതെ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, ലൂയി സ്റ്റീവല്‍സണ്‍, അലന്‍ റാംസി, ജെ കെ റൗളിങ്‌.. എല്ലാവരും ഇന്നാട്ടുകാര്‍. കലയ്‌ക്കും സാഹിത്യത്തിനും സംഗീതത്തിനും വന്‍പ്രാധാന്യം നല്‍കുന്ന പാരമ്പര്യമാണ്‌ ഇവിടെയുള്ളത്‌. എല്ലാ വര്‍ഷവുമുള്ള ആഗസ്‌ത്‌- സെപ്‌തംബര്‍ കാലത്തുള്ള മൂന്നാഴ്‌ചക്കാലത്തെ അന്താരാഷ്‌ട്ര കലോത്സവകാലത്ത്‌ ലോകം ഇവിടേയ്‌ക്കായി ചുരുങ്ങുന്നു. ഗ്രേറ്റ്‌ ബ്രിട്ടന്റെ സാംസ്‌ക്കാരികതലസ്ഥാനമെന്നോ കലാകേന്ദ്രമെന്നോ എഡിന്‍ബറോയെ വിശേഷിപ്പിച്ചാലും തെറ്റില്ല.

ആറ്‌
ഒരു കിടങ്ങിനു കുറുകെയുള്ള ചെറുപാലം കടന്നാല്‍ കാസിലിലെത്തും. 1887 ല്‍ പൊളിച്ചു മാറ്റി നിര്‍മിച്ച ആകര്‍ഷകമായ ഒരു ഗെയിറ്റ്‌ ഹൗസ്‌ ഇവിടെ കാണാം. കാവല്‍സേനാതലവന്‍മാരുടെ വാസസ്ഥലം, വിചാരണത്തടവുകാരുടെ തടവറ, കോര്‍ട്ട്‌ മാര്‍ഷ്യല്‍ റൂം എല്ലാമായിരുന്നു ഒരു കാലത്ത്‌ ഇവിടം.
കുന്നിന്റെ ഭൂമിശാസ്‌ത്രപരമായ കിടപ്പനുസരിച്ചു തന്നെയാണ്‌ ഇതിന്റെ നിര്‍മാണമൊക്കെയും. വലിയ പാറകള്‍ പോലും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. നിയതമായ ആകൃതിയൊന്നുമില്ലാത്ത കല്ലുകള്‍ കൊണ്ടാണ്‌ കോട്ട നിര്‍മിച്ചിരിക്കുന്നത്‌. ഒന്‍പതു നൂറ്റാണ്ടോളം സ്‌കോട്ടിഷ്‌ ജനജീവിതത്തിന്റെ കേന്ദ്രബിന്ദു കൂടിയായിരുന്നു ഇവിടം. പള്ളിയുടെ കൂര്‍ത്ത ഗോപുരവും കടല്‍ക്കരയിലെ അസംഖ്യം ചെറുമന്ദിരങ്ങളും ഒക്കെ നിറഞ്ഞ ഈ നഗരത്തിന്റെ ഹൃദയമായി ഈ കോട്ടയും.

ഏഴ്‌
1660 മുതലുള്ള 25 വര്‍ഷം കൊണ്ടാണ്‌ ഇവിടത്തെ ഗെയിറ്റും ചുറ്റുമുള്ള മതിലും പണി കഴിച്ചത്‌. അഞ്ചു നൂറ്റാണ്ട്‌ മുമ്പ്‌ ഇവിടത്തെ രാഞ്‌ജിയായിരുന്ന മേരി താമസിച്ചിരുന്ന ഇടമാണ്‌ ഇന്ന്‌ സിറ്റാഡെല്‍ എന്ന പേരില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു നില്‍ക്കുന്നത്‌. ഇവിടെ വെച്ചാണ്‌ മേരി, ജെയിംസ്‌ എന്ന പിന്നീട്‌ ഇംഗ്ലണ്ടിന്റെ രജാവായിത്തീര്‍ന്ന ജെയിംസ്‌ നാലാമനെ പ്രസവിച്ചത്‌. സിറ്റാഡെല്ലിനു മുന്‍പില്‍ മോണ്‍സ്‌ മെഗ്‌ എന്നറിയപ്പെടുന്ന കൂറ്റന്‍ പീരങ്കി കാണാം. 1457 ല്‍ നിര്‍മിച്ചത്‌. ഇംഗ്ലീഷുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഒരിക്കല്‍ ഇതുപയോഗിക്കുകയും ചെയ്‌തു. 1558ല്‍ ഇതില്‍ നിന്നും തെറിച്ച ഒരു ഉരുളന്‍ കല്ല്‌ രണ്ട്‌ മൈല്‍ അകലെയാണ്‌ ചെന്ന്‌ പതിച്ചത്‌. അത്രയും ശക്തിയുണ്ടായിരുന്നത്രേ അതിന്‌.

എട്ട്‌
സെന്റ്‌ മാര്‍ഗരറ്റ്‌ ചാപ്പല്‍ എന്ന പേരില്‍ 12 നൂറ്റാണ്ടില്‍ നിര്‍മിച്ച, ഡേവിഡ്‌ ഒന്നാമന്‍ തന്റെ അമ്മയുടെ പേരില്‍ നിര്‍മിച്ച ചാപ്പല്‍ കൂടിയുണ്ട്‌. കോട്ടയുടെ മറ്റൊരു ഭാഗത്ത്‌ ആര്‍ഗിള്‍ ടവര്‍ എന്ന പേരില്‍, ആര്‍ഗിള്‍ എന്ന പ്രവിശ്യ ഭരിച്ച പ്രഭുവിനെ 1685 ല്‍ വധശിക്ഷയ്‌ക്കു വിധേയനാക്കുന്നതിനു മുമ്പ്‌ തടവിലിട്ടിരുന്ന ഗോപുരം കൂടിയുണ്ട്‌. എഡിന്‍ബറോ കാസിലിന്റെ ഒരു മിനിയേച്ചര്‍ ഇവിടെ കാണാം.
കാസിലിന്റെ രാജകീയ ആഘോഷവേദിയായ, 500 വര്‍ഷം മുമ്പ്‌ പണിയ രാജകീയഹാളും ആര്‍കിടെക്‌ചര്‍ ഭംഗി കൊണ്ട്‌ പേരു കേട്ടതാണ്‌. 1650 ല്‍ ഇതൊരു പട്ടാളബാരക്കായി മാറിയെങ്കിലും 1887 ല്‍ വിപ്ലവനായകന്‍ ഒലിവര്‍ ക്രോംവെല്‍ ഇതിന്‌ പഴയ പ്രൗഡി ഏകി. ഇപ്പോഴും സ്‌കോട്ട്‌ലാന്‍ഡ്‌ ദേശീയ ആഘോഷങ്ങള്‍ പലതും ഇവിടെവെച്ചാണ്‌ നടക്കുന്നത്‌. ഹാളിന്റെ ഒരു ഭാഗത്ത്‌ പഴയ കാലത്തെ വാളുകള്‍ എമ്പാടും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌ കാണാം. രാജവംശത്തിന്റെ കിരീടവും അധികാരഖഡ്‌ഗവും സൂക്ഷിച്ചിരിക്കുന്ന അറയും ഇവിടത്തെ രാജാക്കന്‍മാരുടെ പ്രതിമകളുമല്ലാം ഇന്ന്‌ ഏറെ ആകര്‍ഷിക്കുന്ന പ്രധാനവസ്‌തുക്കളില്‍ ചിലതാണ്‌. പഴയ സ്‌കോട്ടിഷ്‌ ജീവിതം അനാവരണം ചെയ്യുന്ന മറ്റ ചില ശില്‍പങ്ങളും ഇവിടെ കാണാം. ഗുഹ പോലുള്ള ഇരുണ്ട മുറികളും കാണാം, ഇവിടെ ഇഷ്‌ടം പോലെ. ഇവയ്‌ക്ക്‌ ഏറെ രസകരവും വിഭ്രമജനകവുമായ കഥയും പറയാനുണ്ട്‌.
രണ്ടാം മഹായുദ്ധകാലം. ഏതു നിമിഷവും ജര്‍മന്‍ അധിനിവേശം ബ്രിട്ടന്‍ പ്രതീക്ഷിക്കുകയാണ്‌. ആക്രമണമുണ്ടായാല്‍ തങ്ങളുടെ കിരീടവും രത്‌നങ്ങളും നഷ്‌ടപ്പെടരുതെന്ന്‌ സ്‌കോട്ട്‌ലാന്‍ഡുകാര്‍ ഉറപ്പിച്ചു. അതിനു വേണ്ടി അവര്‍ ചെയ്‌തതും ഇതുവരെ ആരും ചെയ്യാത്ത വിദ്യ തന്നെ. കിരീടവും രത്‌നങ്ങളും ഈ ഇരുട്ടറകളില്‍ കുഴിച്ചിട്ടു. 1941 മുതല്‍ 45 വരെ വിലമതിക്കാനാവാത്ത വസ്‌തുക്കള്‍ ഈ മണ്ണിനടിയില്‍ കഴിഞ്ഞു.
ഒരു കാലത്ത്‌ ഒളിയിടവും തടവറകളെല്ലാമായിരുന്നു ഈ ഇരുട്ടുമുറികള്‍.
എഡിന്‍ബറോയിലെ ചരിത്രമുറങ്ങുന്ന വഴികള്‍.