ഹോംവര്‍ക്കു ചെയ്‌തേ സിനിമയ്ക്കുള്ളൂ: ബോബി സഞ്ജയ്
ബോബിയും സഞ്ജയും ഒരാളാണെന്ന് കരുതിയവര്‍ ഏറെ. ചിലപ്പോള്‍ സഞ്ജയിയോട് ബോബി സഞ്ജയ് അല്ലേ എന്ന് ചേട്ടന്റെ പേരു കൂടി ചേര്‍ത്തു ചോദിച്ചവരുണ്ട്. തിരിച്ച് ബോബിയ്ക്കുമുണ്ട് ഇതേ അനുഭവം. ‘ഞങ്ങള് രണ്ടും രണ്ടാണ്. എന്നും ഒരുമിച്ചുണ്ടാവാറുമില്ല. പക്ഷേ, ചേട്ടന്‍, അനിയന്‍ എന്ന ഫോര്‍മാലിറ്റിയേക്കാള്‍ അടുത്ത കൂട്ടുകാര്‍ എന്ന ലേബലാണ് ഞങ്ങള്‍ക്ക് ചേരുക. എനിക്കവനോടും അവനെന്നോടും എന്തും പറയാനുള്ള ഫ്രീഡമുണ്ട്.’ കൂട്ടത്തില്‍ സീനിയറായ ബോബി വാചാലനായി. എന്റെ വീട്; അപ്പൂന്റേം എന്ന ചിത്രത്തില്‍ തുടങ്ങി കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഇതുവരെ അഞ്ചു പടങ്ങളേ ചെയ്തുള്ളൂ. പക്ഷേ അഞ്ചും മലയാളസിനിമയിലെ ശ്രദ്ധേയചിത്രങ്ങളില്‍ ഇടം പിടിച്ചവ. എണ്ണിപ്പറഞ്ഞാല്‍ അഞ്ചും അഞ്ചു വഴികളിലൂടെ കഥ പറഞ്ഞ് പ്രേക്ഷകമനസിലേക്ക് അധികം ഗതാഗതക്കുരുക്കില്ലാതെ പെയ്തിറങ്ങിയവ. ഒരാളുടെ മനസില്‍ കഥയുടെ സ്പാര്‍ക്ക് ഉണ്ടായാല്‍, ആ സ്പാര്‍ക്ക് രണ്ടുപേരേയും വല്ലാതെ സ്വാധീനിച്ചാല്‍ മാത്രം സിനിമയാക്കും. ചിലപ്പോള്‍ അതൊരു സംഭവമാവാം. ചിലപ്പോള്‍ അതൊരു ഫോട്ടോയാവാം. സ്വന്തം ജീവിതാനുഭവങ്ങളാവാം. പത്രവാര്‍ത്തയാവാം. ഭാവനയുമാവാം. ഇവ എവിടെയെല്ലാം പ്ലേസ് ചെയ്യാമെന്ന് ഭംഗിയായി നോക്കും. പ്ലേസ്‌മെന്റ് കൃത്യമായാല്‍ സിനിമയുമായി.
ദൈവമേ, അതെങ്ങാന്‍ സിനിമയായിരുന്നെങ്കില്‍!
സഞ്ജയ് കഥ പറയാനാരംഭിച്ചു. ആദ്യമായി ഒരു സംവിധായകന്റെയടുത്ത് ചെന്ന കഥ. അന്ന് രണ്ടുപേരും കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകനെ കണ്ടു. കഥ പറഞ്ഞു. പിന്നെ സ്‌ക്രിപ്‌റ്റെഴുതി. വീണ്ടും സംവിധായകനേയും പ്രഡ്യൂസറേയും കണ്ട് വായിച്ചു കേള്‍പ്പിച്ചു. കേട്ടുകഴിഞ്ഞ ഇരുവരും ഒന്നും മിണ്ടാതെ മുറിയില്‍ നിന്നിറങ്ങിപ്പോയി. കമാന്നൊരക്ഷരം ഉരിയാടിയില്ല. ‘അന്ന് ഞങ്ങള്‍ക്ക് ആ പ്രോജക്ട് നടക്കാത്തതില്‍ വലിയ വിഷമം തോന്നിയെങ്കിലും ഈയടുത്ത് അതെടുത്തു വായിച്ചപ്പോഴാണ് മനസിലാവുന്നത്, അതെങ്ങാന്‍ അന്ന് സിനിമയായിരുന്നെങ്കില്‍, പിന്നെ ഞങ്ങള്‍ക്കൊരു തിരിച്ചുവരവേ ഉണ്ടാവുമായിരുന്നില്ലെന്ന്! അത്രയ്ക്കും സിനിമാറ്റിക്കല്ലായിരുന്നു ആ കഥ.’ പിന്നീട് 2003 ലാണ് ആദ്യപടമായ എന്റെ വീട് അപ്പൂന്റേം ചെയ്യുന്നത്. അച്ഛന്‍ പ്രേംപ്രകാശാണ് അത് പ്രൊഡ്യൂസ് ചെയ്തത്. അന്ന് അവസ്ഥാന്തരങ്ങള്‍ എന്ന ഞങ്ങളെഴുതിയ സീരിയല്‍ ഹിറ്റായ സമയമായിരുന്നു. മനസിലെ കഥ സിബി മലയിലിനോടും ജയറാമിനോടും പറഞ്ഞു. ആരുടെ വീട്ടിലും സംഭവിക്കാവുന്ന കഥയായിരുന്നു അത്. ഏത് വീട്ടിലും രണ്ടാമതൊരു കുട്ടി ജനിക്കുമ്പോള്‍ ആദ്യത്തെ കുട്ടിക്കുണ്ടാവുന്ന ഇന്‍സെക്യൂരിറ്റി എന്ന ചെറിയ ത്രെഡായായിരുന്നു തീം. ചിലപ്പോള്‍ ഇതുപോലുള്ള ത്രെഡില്‍ നിന്നാണ് സിനിമ മൊത്തവും ഡെവലപ് ചെയ്യുന്നത്. ‘എന്നാല്‍ ‘അയാളും ഞാനും തമ്മിലി’ന്റെ ഫുള്‍ കഥയുമായാണ് ഞങ്ങള്‍ ലാല്‍ ജോസിനെ കാണാന്‍ ചെല്ലുന്നത്. പൃഥ്വിരാജുമായി ഏഴു വര്‍ഷം മുമ്പേ ഈ കഥ പറഞ്ഞിരുന്നു.’ ബോബി പറയുന്നു.
സാമുവലിനെപ്പോലൊരു ഡോക്ടര്‍ വേണം!
‘എല്ലാ കഥാപാത്രങ്ങള്‍ള്‍ക്കും അതിന്റേതായ രൂപത്തില്‍ ഫീഡ് ബാക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏത് എന്ന ചോദ്യം ഒരമ്മയ്ക്ക് മക്കളില്‍ ആരെയാണ് കൂടുതലിഷ്ടം എന്ന് ചോദിക്കുന്നതു പോലെയാണ്..’ സഞ്ജയിന്റെ നിരീക്ഷണം. എങ്കിലും അയാളും ഞാനും തമ്മിലിലെ സാമുവലിനും രവി തരകനും ഇപ്പോഴും ഫീഡ്ബാക്കുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് ബോബി സമ്മതിക്കുന്നു. സാമുവല്‍ ഒരു ഐഡിയല്‍ ഡോക്ടറുടെ പ്രതീകമാണ്. അസുഖം വന്നാല്‍, നമ്മളെല്ലാം കാണാനാഗ്രഹിക്കുന്ന ഡോക്ടര്‍. ഒരു ഡോക്ടര്‍ക്കെന്താവാനാകുമോ, അതിന്റെ മാക്‌സിമമാണ് അയാള്‍. ചിലപ്പോള്‍ അങ്ങനെയൊരു ഡോക്ടര്‍ എവിടെയെങ്കിലുമുണ്ടാവാം. ഈയടുത്തും സാമുവലിനെ അനശ്വരമാക്കിയ പ്രതാപ് പോത്തന്‍ സാര്‍ വിളിച്ചപ്പോള്‍ പറഞ്ഞു, ഈ സിനിമ കണ്ട് മെഡിക്കല്‍ കോളേജിലെ പിള്ളേരെല്ലാം പുള്ളിയെ കോളേജ് ഡേ ഇനാഗുറേഷനും ആര്‍ട്‌സ് ഡേയ്ക്കുമൊക്കെയായി വിളിയോടു വിളിയാണത്രേ. അവര്‍ക്ക് സാമുവലിനെപ്പോലൊരു ഡോക്ടറാവണം!പൃഥ്വിരാജിന്റെ രവി തരകനും സാമുവലിന്റെ കവിളടക്കിയുള്ള അടിയ്ക്കുമുണ്ട് അപ്രീസിയേഷന്‍. മലയാളസിനിമയില്‍ ഇത്ര വെറുപ്പോടെ ഒരാളും മറ്റൊരാളെ തല്ലിയിട്ടുണ്ടാവില്ല.
കഥയ്ക്ക് ഭൂമിശാസ്ത്രവുമുണ്ട്
ഓരോ കഥയ്ക്കും ഓരോ നാരേറ്റീവ് സ്‌റ്റൈല്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ബോധപൂര്‍വവുമല്ല. എന്റെ വീട് അപ്പൂന്റേം പറഞ്ഞതുപോലെ ട്രാഫിക് പറയാന്‍ ശ്രമിച്ചാല്‍ ഭയങ്കര ബോറായിരിക്കും. ട്രാഫിക്കി’ന്റെ സ്പീഡില്‍ അയാളും ഞാനും തമ്മില്‍’ പറയാന്‍ കഴിയില്ല. അത് ഫ്‌ളാഷ് ബാക്കില്ലാതെ നേരെ പറഞ്ഞുപോയെങ്കില്‍ ഒരു പക്ഷേ ഇത്രയും ഇംപാക്ട് കിട്ടില്ലായിരുന്നു. ‘പിന്നെ ഓരോ കഥയ്ക്കും കൃത്യമായ പശ്ചാത്തലവും പ്രേക്ഷകന്റെ ബുദ്ധിയ്ക്ക് നിരക്കും വിധമുള്ള അന്തരീക്ഷവും കൊടുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ ട്രാഫിക്കിന്റെ കാര്യത്തില്‍ തന്നെ എറണാകുളം പാലക്കാട്ട് റോഡുകളുടെ ഭൂമിശാസ്ത്രം കൃത്യമായും മനസിലാക്കിയാണെഴുതിയത്. അതാണ് ആ യാത്രയും സിനിമയും തെറ്റില്ലാതെ ജനങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രധാനകാരണവും..’സഞ്ജയ് പറയുന്നു.
ദിവസം ഒരു സിനിമയെങ്കിലും കാണും. അല്ലെങ്കില്‍ ഒരര സിനിമയെങ്കിലും. സിനിമകള്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ അപ്‌ഡേറ്റഡ് ആവില്ലെന്നാണ് ബോബിയുടെ വീക്ഷണം. ഓരോ കഥകളും മുന്നില്‍ വന്നു വീഴുകയാണ് പതിവ്. നമ്മള്‍ ഒന്ന് അലര്‍ട്ടായി നിന്നാല്‍ മതി. ട്രാഫിക് യഥാര്‍ഥത്തില്‍ മദ്രാസില്‍ നടന്ന ഒരു കഥയാണ്. പക്ഷേ, അങ്ങനെയൊരു ത്രെഡ് വരുന്നത് അതിന്റെ ഡയരക്ടര്‍ രാജേഷും സഞ്ചുവും (സഞ്ജയ്) കൂടി ഒരു ദിവസം തിരുവനന്തപുരത്ത് ഒരു ട്രാഫിക് സിഗ്‌നലില്‍ പെട്ടപ്പോഴുള്ള രാജേഷിന്റെ ഒരു കമന്റില്‍ നിന്നാണ്. ‘ധാരാളം വണ്ടികളില്‍ ഒരു പരിചയവുമില്ലാത്ത കുറേ പേര്‍. ഇവര്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഒന്നിച്ചാല്‍?’
ഹോംവര്‍ക്കു ചെയ്‌തേ സിനിമയ്ക്കുള്ളൂതാരങ്ങളെ കണ്ടല്ല ബോബിയും സഞ്ജയും കഥ മെനയുന്നത്. താരത്തെ നേരത്തെ മനസില്‍ കണ്ടുകൊണ്ടെഴുതിയാല്‍ ഒരിക്കലും ഒരു നല്ല കഥയുണ്ടാവണമെന്നില്ല. കാരണം താരത്തിന്റെ~ മാനറിസങ്ങള്‍ മനസില്‍ കിടക്കും. അത് ചിലപ്പോള്‍ കഥയേയും ബധിക്കും. സാമുവല്‍, പ്രതാപ് പോത്തനാണ് ചെയ്യുന്നതെന്നറിഞ്ഞത് ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് മാത്രമാണ്. ‘സിനിമയോട് ഞങ്ങള്‍ക്കൊരു സത്യസന്ധതയുണ്ട്. ചിലപ്പോള്‍ ഒരാഴ്ച കൊണ്ടൊക്കെ കഥയെഴുതാം. അങ്ങനെയുള്ളവരുമുണ്ട്. പക്ഷേ ഞങ്ങള്‍ക്കതിനു കഴിയുമെന്ന് തോന്നുന്നില്ല. കഥയില്‍ കോംപ്രമൈസ് ചെയ്ത് എഴുതാനാവില്ല. ഞങ്ങള്‍ക്ക് എല്ലാ വര്‍ഷവും രണ്ടും മൂന്നും പടം ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നന്നായി ഹോംവര്‍ക്കു ചെയ്‌തേ സിനിമയ്ക്കുള്ളൂ. ഒന്ന് കഴിഞ്ഞാല്‍ ഉടനെ മറ്റൊന്നെന്ന രീതിയില്ല. അതുകൊണ്ടൊക്കെയാവാം, പത്തുവര്‍ഷമായിട്ടും വെറും അഞ്ചു പടങ്ങള്‍ മാത്രം ഞങ്ങള്‍ ചെയ്തത്.’ ബോബി നയം വ്യക്തമാക്കി.
ഞങ്ങളും ജോസ് പ്രകാശും തമ്മില്‍
സിനിമയുമായുള്ള ഇരുവരുടേയും ആദ്യ ഓര്‍മ ബേബിച്ചായനെന്നു വിളിക്കുന്ന ജോസ് പ്രകാശുമായി ബന്ധപ്പെട്ടതാണ്. ആ സമയത്ത് ജോസ് പ്രകാശ് ‘വില്ലത്തരങ്ങള്‍’ കത്തിനില്‍ക്കുന്ന സമയം. പുള്ളി എപ്പോഴും ഷൂട്ടിങ്ങിലായിരിക്കും. ഇടയ്ക്ക് വീട്ടില്‍ വരുമ്പോള്‍ വീടിനു ചുറ്റും വന്‍ ജനക്കൂട്ടമായിരിക്കും. അന്നേ സിനിമയോടൊരു ഭ്രമം തോന്നി. പിന്നീട് പെരുവഴിയമ്പലത്തിലൂടെ അച്ഛന്‍ നിര്‍മാതാവായതോടെ സ്ഥിരമായി സിനിമാക്കാരേയും മറ്റും കാണാന്‍ തുടങ്ങി. ഇരുവരും ഒരുമിച്ചെഴുതിയ ആദ്യതിരക്കഥ ജൂഡ് സംവിധാനിച്ച അവസ്ഥാന്തരമായിരുന്നു. പിന്നെ കുടുംബമനസുകളെ കീഴടക്കിയ കെ കെ രാജീവിന്റെ അവിചാരിതവുമെഴുതി.
‘ഞങ്ങള് പഠിച്ചതെല്ലാം മേരി റോയുടെ പള്ളിക്കൂടത്തിലാണ്. എല്ലാ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിനും സ്വാന്തന്ത്ര്യമുണ്ടായിരുന്നു അവിടെ. അന്നേ നാടകങ്ങളൊക്കെ എഴുതി സംവിധാനിച്ചിരുന്നു.’ ബോബി ഓര്‍മകളുടെ ഒരു ഫ്‌ളാഷ് ബാക്കിലേക്ക്. കൂടെ സഞ്ജുവുമുണ്ട്. ബേബിച്ചായന്റെ പടങ്ങള്‍ കണ്ട് ശരിക്കും ഇരുവര്‍ക്കും പുള്ളിയെ ഭയങ്കരപേടിയായിരുന്നു. പുള്ളിയുമതു പോലെ സ്ട്രിക്ടായിരുന്നു ആ കാലത്ത്. എങ്കിലും പിന്നീട് ഭയങ്കര കൂട്ടായി. ‘ബേബിച്ചായന്‍ അവസാനമായി അഭിനയിച്ചത് ഞങ്ങളുടെ സിനിമയിലായിരുന്നു എന്നതാണ് ഞങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന ഏറ്റവും നല്ല ഓര്‍മ.’
ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതായി വരാന്‍ പോവുന്നത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം മുംബൈ പോലീസാണ്. 11 വര്‍ഷമായ ബോബി കോട്ടയത്തെ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്നു. സഞ്ജയ് ആണെങ്കില്‍ മുഴുവന്‍ സമയ സിനിമാപ്രവര്‍ത്തനവുമായി കൊച്ചിയിലും. എങ്കിലും ഒരു ത്രെഡ് കിട്ടിയാല്‍, ആ ത്രെഡില്‍ ഒരു കഥാബീജമുണ്ടെന്ന് തോന്നിയാല്‍ പിന്നെ എല്ലാ ട്രാഫിക് കുരുക്കുകളും ഭേദിച്ച് ഇവരൊന്നിക്കും. ശേഷം ഭാഗം സ്‌ക്രീനില്‍.
