ഈഡിപ്പസ്
സീന്‍ ഒന്ന്
വളരെ മനോഹരമായി അലങ്കരിച്ച ഒരു കിഡ്‌സ് റൂം. ടെക്‌സ്ചര്‍ പെയിന്റ് ചെയ്ത ചുവരുകള്‍. മുറിയിലൊരു ഭാഗത്ത് ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റുകള്‍, ഫുട്‌ബോള്‍ എന്നിവ അടുക്കിവച്ചതു കാണാം. സ്റ്റഡി ടേബിളിനടുത്തായി കംപ്യൂട്ടര്‍ ടേബിളും മോണിറ്ററും അരികത്തൊരു ഗിറ്റാറും ഉണ്ട്. മിക്കി മൗസിന്റേയും ഡൊണാള്‍ഡ് ഡക്കിന്റേയും ഫോട്ടോകള്‍ക്കൊപ്പം ചുവരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഷറപ്പോവയും ജസ്റ്റിന്‍ ബെയ്ബറും മൈക്കല്‍ ജാക്‌സണും ഇമ്രാന്‍ ഹഷ്മിയുമുണ്ട്.
മുറിയിലെ ഒരു വശത്തെ സ്റ്റഡി ടേബിളിനരിലായി ഐ ടിയുടെ ടെക്‌സ്റ്റ് ബുക്ക് വായിച്ചുകൊണ്ടിരിക്കുകയാണ് 14 കാരനായ ആരുഷ്. മുടി സ്‌പൈക്ക് ചെയ്ത് ‘ഐയാം ഇന്റലിജന്റ്, ബട്ട് എഡുക്കേഷന്‍ റുയിന്‍ഡ് മി’ എന്ന് എഴുതിയ ടീഷര്‍ട്ടാണ് വേഷം. പുസ്തകത്തില്‍ തന്നെ ശ്രദ്ധിച്ചുനില്‍ക്കുന്ന അവന്റെ മുഖത്ത് ഇടയ്‌ക്കൊരു ചിരി വന്നുനിറയുന്നുണ്ട്. ദൃശ്യം അവന്റെ പിന്നിലൂടെ അവന്‍ വായിക്കുന്ന പുസ്തകത്തിലെത്തുന്നു. ഒരു വിദേശസുന്ദരിയുടെ നഗ്‌ന ഫോട്ടോയടങ്ങിയ കൊച്ചുപുസ്തകമാണ് അവന്റെ ഐ ടി പുസ്തകത്തില്‍. അവന്‍ അത് തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കെ, പുറത്ത് വോയ്‌സ് ഓവറായി അവന്റെ അമ്മയുടെ സ്വരം കേള്‍ക്കാം:മോനേ ആരൂ, ടിഫിന്‍ റെഡി. വേഗം ഒരുങ്ങ്. ഇന്നലെത്തേതുപോലെ കൊടയെടുക്കാണ്ട് പോവണ്ട. പനിപിടിക്കും. ഓകെ? ഉം ഫാസ്റ്റ് ഫാസ്റ്റ്.. സ്‌കൂള്‍ ബസ് വരാറായി.. ഗെറ്റ് റെഡി..
ആരുഷ് അമ്മയുടെ കാല്‍പ്പെരുമാറ്റം കേട്ടപാടെ പെട്ടെന്ന് പുസ്തകം അടുക്കിവയ്ക്കുന്നു. അപ്പോള്‍ അതില്‍ നിന്നും താഴെ വീഴുന്ന വിദേശയുവതിയുടെ നഗ്‌നചിത്രം. ദൃശ്യം അതിലേക്ക് സൂം ചെയ്യുന്നു. പശ്ചാത്തലത്തില്‍ ആരുഷ് ബാഗുമെടുത്ത് പുറത്തേക്ക് നടക്കുന്ന മങ്ങിയ കാഴ്ച.
സീന്‍ രണ്ട്
സ്‌കൂള്‍ ബസിനു കാത്തുനില്‍ക്കുന്ന ആരുഷ്. ഇടയ്ക്ക് വാച്ചില്‍ നോക്കി, അരികില്‍ നിര്‍ത്തിയിട്ട ബൈക്കിന്റെ കണ്ണാടിയില്‍ നോക്കി സ്‌പൈക് ചെയ്ത മുടി ഒതുക്കി വയ്ക്കാന്‍ തുടങ്ങുന്നു. പിറകില്‍ സ്‌കൂള്‍ ബസ് നില്‍ക്കുന്നത് കണ്ണാടിയില്‍ അവന്റെ പിന്നിലായി കാണാം. അവന്‍ തിരിഞ്ഞുനില്‍ക്കുന്നു. ബസില്‍ കയറുന്നു.
സീന്‍ മൂന്ന്
ക്ലാസ് റൂം.
ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ള കുട്ടികളിലൂടെ ദൃശ്യം ആരുഷിലെത്തുന്നു. ആരുഷിനു തൊട്ടരികിലിരുന്ന കുട്ടി അവന്റെ തുടയില്‍ പതുക്കെ അടിച്ച് തടവാന്‍ തുടങ്ങുന്നു. അവന്റെ മുഖത്ത് ചെറിയ ഒരു ചിരിയുണ്ട്. കൂട്ടുകാരനും ചിരിക്കുന്നുണ്ട്. അവന്‍ മൊബൈലില്‍ ആരും കാണാതെ ടീച്ചറുടെ വീഡിയോ എടുത്തുകൊണ്ടിരിക്കുകയാണ്.
സീന്‍ നാല്
സ്‌കൂളിനരികിലെ ഒരു കെട്ടിടത്തിന്റെ കോണിപടികള്‍. പടികളില്‍ താഴെ നിന്ന് മുകളിലേക്ക് ഇരുന്ന് കുറച്ചുപേര്‍. താഴെയുള്ള പടിയില്‍ നിന്ന് ഒരാള്‍ സിഗരറ്റ് ഒരു പ്രാവശ്യം വലിച്ച് മുകളിലുള്ളവനിലേക്ക് നല്‍കുന്നു. അവര്‍ കൈമാറി അവസാനം ആരുഷിന്റെ കൈയ്യിലെത്തുന്നു. അവന്‍ സിഗരറ്റിന്റെ അവസാനപുകയും ആഞ്ഞുവലിച്ചതിനു ശേഷം കൈയ്യിലെ മൊബൈല്‍ ഫോണിലെ ക്ലിപ്പിങ്ങിലേക്ക് നോക്കുന്നു. ക്ലിപ്പിങ്ങില്‍ വിരിയുന്ന രംഗങ്ങള്‍ക്കൊപ്പം അവന്റെ മുഖത്ത് വിരിയുന്ന ഭാവഭേദങ്ങള്‍. ദൃശ്യം ആ വീഡിയോയിലേക്ക് തന്നെ സൂം ചെയ്യുന്നു.
കട്ട് ടു
അയല്‍ പക്കത്തെ ചേച്ചി അലക്കുന്നതിന്റെ ദൃശ്യത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന ക്ലിപ്പിങ്. അവര്‍ വസ്ത്രം അല്‍പമൊന്ന് ഉയര്‍ത്തിപ്പിടിച്ചുള്ള അലക്കുന്നതിന്റെ ദൃശ്യം. അടുത്തായി അടുത്ത വീടിന്റെ ജനാലയിലൂടെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ആരുഷിന്റെ രണ്ടു കണ്ണുകളും കാണാം.
കട്ട് ടു
ബാത്‌റൂമിന്റെ ജനാലയില്‍ ഷവറിനു താഴെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന ആരുഷിന്റെ പിന്‍ഭാഗം. അവന്‍ തൂങ്ങിനിന്ന് പുറത്തെ കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണ്. അവന്റെ കാഴ്ചയില്‍ പുറത്തെ ചേച്ചിയുടെ വസ്ത്രമലക്കല്‍. വെള്ളവസ്ത്രം കല്ലില്‍ ആഞ്ഞടിക്കുമ്പോള്‍ തെറിച്ചുവീഴുന്ന സോപ്പ് കുമിളകള്‍.
സീന്‍ അഞ്ച്
രാത്രി.
ആരുഷിന്റെ വീടിനു മുന്നില്‍ വന്നു നില്‍ക്കുന്ന സുഹൃത്തുക്കളുടെ മോട്ടോര്‍ സൈക്കിളുകള്‍. അള്‍ട്രാ മോഡേണ്‍ ഫാഷനിലുള്ളവരാണ് അവര്‍. വരാന്തയില്‍ തുന്നല്‍ യന്ത്രം ചവിട്ടുന്ന അമ്മയുടെ കാഴ്ചയില്‍ അവരുടെ കൂടെ പുറത്തേക്കിറങ്ങുന്ന മകന്‍. ഒരു ബൈക്കിന് പിന്നില്‍ അവന്‍ ചെന്നിരിക്കുന്നു. ആരുഷ് പിന്നെ പിന്നിലേക്ക് നോക്കി: അമ്മേ, വേഗം വരും..
അമ്മ തുന്നല്‍യന്ത്രത്തിലെ ചവിട്ടല്‍ അവസാനിപ്പിച്ച്: എവിടെ പോവുന്നു..?
അതിന് മറുപടി പറയും മുമ്പ് അവരുടെ വണ്ടി അകലങ്ങളിലേക്ക്.
ചലനം നിലച്ചുതുടങ്ങുന്ന അമ്മയുടെ തുന്നല്‍ യന്ത്രം..
സീന്‍ ആറ്
വഴിയിലെ എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ച് രാത്രി മുന്നോട്ട് നീങ്ങുന്ന അവരുടെ വണ്ടികള്‍. അവരിലൊരാളായി ആരുഷ്. ഒരു പാട്ടിന്റെ മൂളലിലാണ് അവര്‍.
കട്ട് ടു
വഴിയരികിലെ തട്ടുകടയ്ക്കു മുന്നില്‍ അവര്‍. അവിടെ നിന്ന് അവരില്‍ ചിലര്‍ സിഗരറ്റു വലിക്കുന്നു. ആരുഷ്് അവിടെ തൂക്കിയിട്ട ക്രൈം വാരിക പതുക്കെ മറിച്ചുതുടങ്ങുന്നു.
കട്ട്ടു
വഴിയരികിലെ തെരുവുവിളക്കിനു മുന്നില്‍ നിന്ന് മൂത്രമൊഴിക്കാന്‍ തുടങ്ങുന്ന സംഘം. അതിനു ശേഷം തെരുവുവിളക്ക് എറിഞ്ഞുടക്കുന്നു. സ്‌ക്രീനില്‍ മുഴുവനും ഇരുട്ട്.
സീന്‍ ഏഴ്
അര്‍ധരാത്രി.
വാതില്‍ തുറക്കുന്ന അമ്മ. ആരുഷിന്റെ ഭാവങ്ങളില്ലാത്ത മുഖം. വോയ്‌സ് ഓവറായി അമ്മയുടെ ശബ്ദം. (അമ്മ ഇതിനിടെ പിന്‍തിരിഞ്ഞു നടക്കുന്നുണ്ട്. അമ്മയുടെ പിന്നാലെ ആരുഷും. അവന്‍ ക്യാമറ ഓണ്‍ ചെയ്തിട്ടുണ്ട്. അമ്മയുടെ സ്വരവും പിന്‍തിരിഞ്ഞുനോക്കാതെയുള്ള നടത്തവും).: എന്താ ഇത്? ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ? ഹു ആര്‍ ദെയ്? നിന്റെ കൂട്ടത്തിലൊന്നും അവരെ ഇതുവരെ കണ്ടിട്ടില്ലല്ലോ? രാത്രി എന്താ ഒരു സര്‍ക്കീട്ട്? യു നോ ഇറ്റീസ് ലേറ്റ് നൈറ്റ്.. രാത്രിയല്ലേ, വല്ല അപകടവും വന്നാലോ? കഴിഞ്ഞാഴ്‌ചേലും വന്നില്ലേ, ഒരു വാഹനാപകടത്തെപ്പറ്റി ടീവീല്? നീ കേള്‍ക്കുന്നില്ലേ? പിന്നെ നീ വല്ലതും കഴിച്ചിരുന്നോ? (അവര്‍ നടന്ന് അവിടത്തെ ഡൈനിങ് ടേബിളിനടുത്തെത്തുന്നു) ഇന്ന് ഹാഫ്‌ഡേ ലീവെടുത്ത് ഉണ്ടാക്കിയതാ, നിനക്കേറ്റവും ഇഷ്ടപ്പെട്ട പാലട. അതു കഴിക്കാന്‍ പോലും നിനക്ക് സമയമില്ലേ? ദാ, മൂടി വച്ചിട്ടുണ്ട്. ഞാനൊന്ന് കുളിക്കട്ടെ. നീയെടുത്ത് കഴിച്ചോ? ചൂടുണ്ടാവില്ലായിരിക്കും. നീ കഴിച്ചു കഴിഞ്ഞാ പെട്ടെന്നു ചെന്നു കിടന്നോ.. സമയം കളയണ്ട. നാളെ ക്ലാസുള്ളതല്ലേ? ഞാനൊന്ന് ഫ്രെഷാവട്ടെ..
അമ്മ ഒരു തോര്‍ത്തുമെടുത്ത് കുളിമുറിയിലേക്കു കയറുന്നതു വരെയുള്ള രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന ആരുഷ്. കുളിമുറിയില്‍ അമ്മ കയറിയതിനു ശേഷം പതുക്കെ ക്യാമറയുമായി കുളിമുറിക്കടുത്തേക്ക് നടന്നടുക്കുന്ന ആരുഷ്. അകത്ത് ഷവറില്‍ നിന്നും വെള്ളം വീഴുന്ന സ്വരം. കുളിമുറിയുടെ വാതില്‍ക്കണ്ണാടിയില്‍ ആരുഷിന്റെ ചലനങ്ങള്‍.സീന്‍ എട്ട്
കംപ്യൂട്ടര്‍ സ്‌ക്രീനില്‍ അമ്മയുടെ വിവിധ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ആരുഷ്. ഇവയൊക്കെയും യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യാനൊരുങ്ങുന്നു. ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള ബട്ടണ്‍ അമര്‍ത്താന്‍ തുടങ്ങുന്നതിനു മുമ്പ് അവന്റെ കംപ്യൂട്ടര്‍ ടേബിളിനടുത്തായി അമ്മയുണ്ടാക്കിയ പാലടകള്‍ നിറഞ്ഞ പ്ലേറ്റ് കാണാം. അപ്‌ലോഡ് ചെയ്യണോ എന്ന് ഒരു പ്രാവശ്യം കൂടി ഓടിച്ച് കണ്ട് ബട്ടണ്‍ അമര്‍ത്താനൊരുങ്ങവേ, ടേബിളിനടുത്തെ അവനും അമ്മയും ഒന്നിച്ചു നില്‍ക്കുന്ന പടം നിലത്തേക്കു വീഴുന്നു. ദൃശ്യത്തില്‍ പൊട്ടിച്ചിതറുന്ന അതിന്റെ ചില്ലുകള്‍.