Sunday, July 29, 2012

ബേപ്പൂര്‍- വര്‍ഷം മുഴുവനും സുന്ദരി


ബേപ്പൂര്‍- വര്‍ഷം മുഴുവനും സുന്ദരി


ബേപ്പൂര്‍ ചരിത്രത്തിന്റെ നഗരമാണ്. കേരളത്തിന്റെ വിശാഖപട്ടണം. പൗരാണികകാലത്ത് ഇവിടെയെത്തിയ വാണിജ്യകപ്പലുകള്‍ക്കും കച്ചവടക്കാര്‍ക്കും കണക്കില്ല. കോഴിക്കോട് ജില്ലയിലാണ് ബേപ്പൂര്‍. മുമ്പ് ഇവിടം വായ്പുര എന്നറിയപ്പെട്ടിരുന്നു. പിന്നീട് പടയോട്ടകാലത്ത് ടിപ്പു സുല്‍ത്താന്‍ ഇതിനെ സുല്‍ത്താന്‍ പട്ടണം എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു.  ഇവിടത്തെ മനോഹരമായ ബീച്ചും തുറമുഖവും കച്ചവടത്തിന്റെ പ്രാചീനമുഖം വ്യക്തമാക്കുന്നു. ചാലിയാര്‍ പുഴയുടെ തീരത്താണ് ഈ തുറമുഖം.
തടി കൊണ്ട് നിര്‍മിച്ച കപ്പലുകള്‍ക്ക് പേരു കേട്ടിരുന്നു ഇവിടം. ഉരു എന്നറിയപ്പെടുന്ന ഇത്തരം കപ്പലുകളില്‍ ഇവിടെ നിന്നും അന്യദേശങ്ങളിലേക്ക് കടലു താണ്ടിയവര്‍ ഏറെ. മുമ്പ് അറബികളും മറ്റും ഉരു മീന്‍പിടുത്തത്തിനും കച്ചവടത്തിനുമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് ഇത് വിനോദസഞ്ചാരികളെ ആകര്‍ഷിച്ചു നില്‍ക്കുന്നു. ഏതാണ്ട് 1500 വര്‍ഷമെങ്കിലും പഴക്കമുണ്ട് ഉരുവിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്. ഇന്നും ഏകദേശം 500 ഓളം കുടുംബങ്ങള്‍ ഉണ്ട് ഉരുവിനെ ചുറ്റിപ്പറ്റി നിത്യവൃത്തി ചെയ്യുന്നവരായി. എങ്കിലും ഇത്തരം ഉരുക്കളുടെ നിര്‍മാണം എങ്ങനെയെന്നത് ഇന്നും അഞ്ജാതമാണ്.
ആദ്യം റോമക്കാര്‍, പിന്നെ ചൈനീസ്, അതു കഴിഞ്ഞ് സിറിയക്കാര്‍, അറബികള്‍.. ഒടുവില്‍ യൂറോപ്യന്‍മാര്‍. ഈ തീരത്തെത്തിയ ഭാഗ്യാന്വേഷികള്‍ പലരാണ്. കൃസ്താബ്ദം മുതലേ ഇവിടത്തെ കപ്പല്‍നിര്‍മാണശാല പ്രസിദ്ധമാണ്. 19 ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ഈ കപ്പല്‍നിര്‍മാണശാല പിന്നെയും വികസിച്ചു. ആഫ്രിക്കയിലും ഈജിപ്തിലുമല്ലാം നമ്മുടെ നാട്ടുകാര്‍ കുടിയേറിയതിനു ബേപ്പൂര്‍ തുറമുഖവുമായി അഭേദ്യബന്ധമുണ്ട്. സാമൂതിരിയുടെ കാലമായപ്പോഴേക്കും ബേപ്പൂര്‍ വളര്‍ച്ചയുടെ ഉന്നതശ്രേണിയിലെത്തിയിരുന്നു.
മുഹമ്മദ് നബിയുടെ പരമ്പരയില്‍ പെട്ട സയ്യിദുമാരും തങ്ങളുമാരും 18ാം നൂറ്റാണ്ടിന്റെ ആദ്യമായപ്പോഴേക്കും ഇവിടെ എത്തിപ്പെട്ടു. കൂടാതെ 1837 ല്‍ സീസറുടെ മുഖമുള്ള സ്വര്‍ണനാണയങ്ങള്‍ നിറച്ച ഇരുമ്പുപെട്ടകം ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. സുമേറിയക്കാരുടെ കപ്പല്‍ ഇവിടെ നിന്നു കിട്ടിയതു കൂടി ചേര്‍ത്തുവായിച്ചാല്‍ ബേപ്പൂരിന്റെ പൈതൃകം നമുക്ക് കണക്കുകൂട്ടാം.
തേക്കു കൊണ്ടു പണിത ഉരു ബോട്ടുകള്‍ ഒരുകാലത്ത് ബേപ്പൂരിന്റെ മുഖമുദ്രയായിരുന്നു. കൊച്ചി കഴിഞ്ഞാല്‍ കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍. റബര്‍, സ്റ്റീല്‍, ടെക്‌സ്‌റ്റൈല്‍സ്, കയര്‍, തേക്ക്, കോഫി, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍, തുടങ്ങിയവ കയറ്റിയയക്കപ്പെടുകയും പെട്രോളിയം ഉത്പന്നങ്ങളും സിമന്റ്, കീടനാശിനികള്‍ എന്നിവ ഇവിടെ ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്യുന്നു. അടുത്ത ദ്വീപായ ലക്ഷദ്വീപുമായി ഇവിടെ നിന്നും ഒരു നല്ല ബന്ധമുള്ളതായി കാണാം.
ഇനി ചില സൗന്ദര്യചിന്തകള്‍. വര്‍ഷം മുഴുവനും ബേപ്പൂര്‍ സുന്ദരമാണെന്നു കാണാം. കൃത്യമായ സീസണുകളില്ലാതെ ഈ സുന്ദരിയെ കാണാന്‍ വരുന്നവര്‍ നിരവധി. ഇവിടത്തെ ലൈറ്റ് ഹൗസ് ഏറെ പ്രസിദ്ധമാണ്. ചാലിയാര്‍ പുഴയിലേക്കു മുഖം നോക്കുന്ന ഇത് 1977 ലാണ് പണിതു പൂര്‍ത്തിയാക്കിയത്. സാക്രിഫൈസ് റോക്ക് എന്നറിയപ്പെടുന്ന വെള്ളിയാംങ്കല്ലും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ബേപ്പൂര്‍ ഒറ്റനോട്ടത്തില്‍: കോഴിക്കോട് നിന്ന് 11 കിമീ
കരിപ്പൂര്‍ വിമാനത്താവളം 23 കിമീ
തീവണ്ടി കാലിക്കറ്റ് 10 കിമീ, ഫറോക്ക് 3 കിമീ
ഇവിടത്തെ പുതുതായി ഉരു കടലിലിറക്കുന്ന കപ്പല്‍ ഉത്‌സവം ഒരു ആഘോഷമാണ്.
നിലമ്പൂര്‍ തേക്ക്, ഫിഷിങ് ഹാര്‍ബര്‍ എന്നിവയ്ക്ക് പേരുകേട്ടയിടം.
കടല്‍വിഭവങ്ങളുടെ സ്വന്തം ഇടമാണ് ബേപ്പൂര്‍. ചൂള, മത്തി, കരിംചാല, അയല മുതലായവ ഇഷ്ടം പോലെ ലഭിക്കും.
ഡോള്‍ഫിന്‍ പോയിന്റ് എന്ന ഡോള്‍ഫിനുകളെ ഇഷ്ടം പോലെ കാണാന്‍ കഴിയുന്ന ഇടം.
ഇവിടെ നിന്നും വാങ്ങാം: കപ്പല്‍മാതൃകകള്‍, ഷാര്‍ജ ഷെയ്ക്ക്, ബിരിയാണി
താമസിക്കാം: കടവ് റിസോര്‍ട്ട്‌



Sunday, July 15, 2012