






മനസിലെ വീട്- കൂളിയില്‍ അഷ്‌റഫ് കടവത്തൂര്‍
മനസിലെ വീട്
ഗള്‍ഫിലാണ് ബിസിനസെങ്കിലും വീടു പണിതുതുടങ്ങിയ ആറുമാസം മുഴുവനായും കണ്ണൂര്‍ ജില്ലയിലെ കടവത്തൂരുള്ള കൂളിയില്‍ അഷ്‌റഫ് നാട്ടില്‍ തന്നെ നിന്നു. പണിക്കാര്‍ക്കൊപ്പം കല്ലു ചുമക്കുന്നതും സിമന്റ് കുഴയ്ക്കുന്നതുമടക്കം എല്ലാ പണികളും മടിയില്ലാതെ ചെയ്തു. ആ കാലത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ അഷ്‌റഫ് വാചാലനാവുന്നു. ‘അന്നൊക്കെ ശരിക്കും ഇവിടെയൊരു ഉത്‌സവത്തിന്റെ മൂഡായിര്ന്നു. അവരിക്ക്ള്ള ഭക്ഷണോം മറ്റുമൊക്കെ ഇവിടെത്തന്നെ വെക്കും. വാര്‍പ്പിന്റെ ദിവസൊക്കെ ഏതാണ്ട് 70 ഓളം പണിക്കാര്‍ വരെയുണ്ടായിരുന്നു.. പണ്ട് ചെറുപ്പത്തിലൊക്കെ ഓരോ വീടുകള്‍ കാണുമ്പോഴും ഓരോ ആഗ്രഹമായിരുന്നു. സിറ്റ് ഔട്ട് നന്നായി. ലാന്‍ഡ്‌സ്‌കേപ്പ് നന്നായി, സ്റ്റയര്‍കേസ് ഡിസൈന്‍ ഉഷാറായി, അങ്ങനെ. അതുകൊണ്ട് സ്വന്തമായി ഒരു വീടു പണിയാനായപ്പോള്‍ ഇതൊക്കെ മനസില്‍ വെച്ച് പണി തുടങ്ങി. വിജയിക്കുമെന്ന്ള്ള ആത്മവിശ്വാസവുമുണ്ടായിരുന്നു.’
വീടിന്റെ പ്‌ളാന്‍ മുമ്പേ വരച്ചു അഷ്‌റഫ്. പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഗ്രഹം. ഈ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ പണി ജൂണാവുമ്പോഴേക്കും തീര്‍ന്നു. ഇനി ഇന്റീരിയറില്‍ കുറച്ച് അലങ്കാരങ്ങള്‍ വേണമെന്ന ആഗ്രഹമുണ്ട്. സാധാരണ എന്‍ജിനീയറേയോ ആര്‍കിടെക്ടിനേയോ ഏല്‍പ്പിക്കുകയാണെങ്കില്‍ ഇത്ര പെട്ടെന്ന് പണി തീര്‍ന്നെന്നു വരില്ല. ചിലപ്പോള്‍ ഒരു വര്‍ഷത്തിനു മേല്‍ സമയമെടുക്കാനും സാധ്യതയുണ്ട്. തൊട്ടടുത്ത അയല്‍ വീടിന്റെ കഴിഞ്ഞ വര്‍ഷം തുടങ്ങിയ പണി ഇപ്പോഴും തുടരുകയാണ്. ‘കെട്ടിടനിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്ന ഇക്കാലത്ത് എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കിയാല്‍ അത്രയും സാമ്പത്തികലാഭവുമുണ്ടാകുമല്ലോ?’ അഷ്‌റഫ് ചോദിക്കുന്നു.
വിശാലത മുഖ്യാകര്‍ഷണം
30 സെന്റില്‍ 2700 സ്‌ക്വയര്‍ഫീറ്റാണ് വീട്. ഇതിനടുത്തു തന്നെയാണ് തറവാടു വീട്. അവിടത്തെ വിശാലത ഏറെ ആകര്‍ഷിച്ചിരുന്നതിനാല്‍ ഈ വീട്ടിലും അങ്ങനെ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഹാളും മുറികളും മുകളിലെ സിറ്റിങ്ങുമല്ലാം പരമാവധി വിശാലമാക്കിയത് ഇതിനാലാണ്. നാലു ബെഡ്‌റുമുകളാണ് ഇവിടെയുള്ളത്. നാലും വീടിന്റെ മുകളിലും താഴെയുമായി ഒരു വശത്തുതന്നെ വരുന്നു. ഇവയൊക്കെയും അറ്റച്ച്ഡുമാണ്. ഫ്‌ളോറിങ്ങിനു മാര്‍ബിളും മാര്‍ബണൈറ്റും നല്‍കി.
മൊത്തം 40 ലക്ഷം രൂപ വരും വീടിന്റെ ചെലവ്. ഒരു സ്‌ക്വയര്‍ഫീറ്റിന് ഏതാണ്ട് ആയിരം രൂപ. അലങ്കാരവസ്തുക്കള്‍ പലതും ദുബായില്‍ നിന്നും കൊണ്ടുവരികയായിരുന്നു. പരമാവധി സിംപിള്‍ ഡിസൈന്‍ നല്‍കാന്‍ ശ്രമിച്ചു. വീടിനകത്തെ പ്രേയര്‍ മുറി പ്രത്യേകñനിര്‍ബന്ധമായിരുന്നു. സാധാരണ മുസ്‌ലിം വീടുകളിലെ പ്രേയര്‍ മുറി എന്നതില്‍ കവിഞ്ഞ് അതിന് പ്രത്യേക സൗന്ദര്യമൊന്നുമില്ലെങ്കിലും ഏറ്റവും സ്‌പെഷ്യലായി തോന്നിയ ഭാഗങ്ങളിലൊന്ന് ഇതാണെന്ന് വീട്ടുകാരി സമീനയും മനസു തുറക്കുന്നു. മൂന്ന് മക്കളാണ് ഇവര്‍ക്ക്. അസ്‌ന, നജ, ഖദീജ സല്‍ഹ. മുന്‍വശത്തെ ചെറുതെങ്കിലും മനോഹരമായൊരു വരാന്തയില്‍ വൈകുന്നേരങ്ങളിലെ കുടുംബസംഗമങ്ങള്‍ക്കും സൗഹൃദസംഗമങ്ങള്‍ക്കുമായി എല്ലാവരും ഒത്തുകൂടും.
പഴമയുടെ പിറകേ
‘ഇച്ചിരി പഴമ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടാ ഓടു നല്‍കിയത്. അതെല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. വീട് കാണാന്‍ വന്ന ആരും ഇതുവരേയും മോശം അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.’ അഷ്‌റഫ് പറയുന്നു. നല്ല ഉറച്ച ഭൂമിയായിരുന്നതിനാല്‍ പയലിങ്ങൊന്നും വേണ്ടി വന്നില്ല. ചെങ്കല്ലാണ് കൂടുതലും ഉപയോഗിച്ചത്. ലാന്‍ഡ്‌സ്‌കേപ്പും മനോഹരമാക്കി. ധാരാളം ഫല വൃക്ഷങ്ങള്‍ ഇവിടെ നട്ടുപിടിപ്പിച്ചു. സപ്പോട്ട, പേരക്ക തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം. മുറ്റം മുഴുവനും ഇന്റര്‍ലോക്കിങ് ചെയ്തു. കാര്‍ പോര്‍ച്ചിനുള്ള എലിവേഷന്‍ മുറ്റത്ത് തൂണുകളിലായി മുന്നോട്ടേക്കു വരുന്നു. ഈരുള്‍, തേക്ക് എന്നിവ ഉപയോഗിച്ചാണ് ഇവിടത്തെ മരപ്പണിയെല്ലാം ചെയ്തത്. മുകളിലെ ബാത്‌റുമും കിച്ചനും ചെയ്തു കഴിഞ്ഞപ്പോഴാണ് ശരിക്കും സംതൃപ്തനായതെന്ന് അഷ്‌റഫ് പറയുന്നു. എത്ര വലിയ മഴ പെയ്താലും മുറ്റത്തെ ഒരു പോയിന്റില്‍ കൃത്യമായി വെള്ളം വന്നുനിറയുന്ന വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റം ചെയ്തപ്പോഴാണ് ഏറെ അഭിമാനം തോന്നിയത്.
‘ഇനി ഇന്റീരിയറില്‍ അല്പം വുഡ് പാനലിങ് പണി ബാക്കിയുമുണ്ട്. സ്റ്റയര്‍കേസ് പോളിഷ് ചെയ്യണം. എങ്കിലും ഇനി വേണമെങ്കില്‍ ഒരു വീടിന്റെ പണി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസമൊക്കെ വന്നിട്ടുണ്ട്.. ’അഷ്‌റഫ് വിശദീകരിക്കുന്നതിനിടയില്‍ മക്കള്‍ മൂവരും ഒത്തു ചേര്‍ന്നു. ഇനിയൊരു കുടുംബവൃത്താന്തം.
