Tuesday, January 3, 2012

നോമ്പ് അവലോകനം@ മാഹി



നോമ്പ് അവലോകനം@ മാഹി

എല്ലായിടത്തും എങ്ങനെയാണെന്നറിയില്ല. പക്ഷേ മാഹിയിലങ്ങിനെയാണ്. നോമ്പുകാലം വീട്ടില്‍ ചെലവഴിക്കാനാണ് അവര്‍ക്ക് ഇഷ്ടം. അക്കൗണ്ടിലുള്ള ലീവെല്ലാം നോമ്പിന് എടുക്കാനായി മാറ്റിവെച്ച് ഗള്‍ഫില്‍ നിന്നും പോരുന്നവരുണ്ട്. ദാ, ഈ കൂട്ടത്തിലുമുണ്ട് അവര്‍.
ന്യൂമാഹിയിലെ പെരിങ്ങാടി മമ്മി മുക്കിലുള്ള കൊട്ടാരത്തില്‍ വീട്ടില്‍ (തോട്ടത്തില്‍) ആദ്യനോമ്പുതുറ കഴിഞ്ഞ് വീട്ടുകാരെല്ലാം ഒന്നിച്ചിരിക്കുകയാണ്. പരേതരായ പി വി കുഞ്ഞമ്മദ് ഹാജിയുടേയും കരയ്ക്കല്‍ ബീവിയുടെ ഒന്‍പത് മക്കളില്‍ റാബിയയുടേതാണ് ഈ വീട്. എങ്കിലും അദ്യനോമ്പുതുറയ്ക്ക് സഹോദരങ്ങളും മക്കളും പേരമക്കളുമായി മൂന്നു തലമുറയിലുള്ളവരും ഒത്തുകൂടിയിട്ടുണ്ട്. വലിയ കൂട്ടുകുടുംബമായതിനാല്‍ എത്തിയവരുടെ എണ്ണം നോക്കാന്‍ നിന്നാല്‍ നിങ്ങടെ പടമെടുപ്പ് നടക്കില്ലെന്ന് റാബിയയുടെ മകന്‍ റിയാസ് ചിരിയോടെ പറഞ്ഞു.
കൂട്ടുകുടുംബത്തിലെ നോമ്പുതുറ
‘ഏതായാലും നോമ്പുതുറ കഴിഞ്ഞല്ലോ, ഇനിയൊരു അവലോകനമാവാം.’
പറഞ്ഞുതീരും മുമ്പേ റെഡിയും പറഞ്ഞ് ലിവിങ് റൂമിലേക്ക് കൊട്ടാരം നിറഞ്ഞു.
‘പണ്ട്കാലം തൊട്ടേ കുടുംബത്തിലെ എല്ലാരും നോമ്പുകാലത്ത് ഒത്തുകൂടും. ഇപ്പോ പണ്ടത്തെപ്പോലെയല്ല. ആളധികമായിറ്റ് രണ്ടുമൂന്ന് വീടു കൂടിയുണ്ട്. അതുകൊണ്ട് ഇന്നിവിടെയാണ് നോമ്പുതുറയെങ്കില് നാളെ കുടുംബത്തിലെ വേറെ വീട്ടിലായിരിക്കും..’
റിയാസും കുടുംബവും ശരിക്കും ഒരു അവലോകനത്തിന്റെ മൂഡിലായിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് ലീവില്‍ വന്ന മെംബേര്‍സുമുണ്ട് കൂടെ. ചിലപ്പോള്‍ നോമ്പ് പകുതിയ്ക്ക് ഗള്‍ഫിലേയ്ക്കു പോവുന്നവര്‍ മാഹി സ്‌പെഷ്യല്‍ നോമ്പുവിഭവമായ ഉന്നക്കായും കോഴിയടയും കുമ്പളങ്ങപ്പത്തിലും പെട്ടിപ്പത്തിലുമെല്ലാം ഗള്‍ഫിലെ പ്രിയപ്പെട്ടവര്‍ക്കായി കൊണ്ടുപോവും. ഗള്‍ഫിലൊരു മാഹി സ്‌പെഷ്യല്‍ നോമ്പുതുറ.
നോമ്പുകാലത്തെ പകല്‍
ചോദിച്ചത് റിയാസിനോടായിരുന്നെങ്കിലും മറുപടി പറയാന്‍ എല്ലാവരും മുന്നോട്ടുവന്നു. ഓരോരുത്തര്‍ക്കും നോമ്പുകാലത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ നൂറു വാക്കും നാക്കും. മാസപ്പിറവി കാണുന്ന അന്നു തൊട്ടു പിന്നെ പ്രത്യേകനിയന്ത്രണങ്ങളാണ്. ഭക്ഷണവും ജീവിതചര്യയും മാത്രമല്ല, നാവിനേയും.
‘നോമ്പുകാലത്ത് ഭക്ഷണം മാത്രം നിയന്ത്രിച്ചാ പോര. നാവിനേയും മാണം ന്നാ കണക്ക്. ഞമ്മളെ വായീന്ന് മോശമായതൊന്നും വരാന്‍ പാടില്ല. നാവിനെ നിയന്ത്രിക്കാണ്ട് വെറുതെ പട്ടിണി കെടന്നത് കൊണ്ട് കാര്യമില്ല. കൂടുതല് സമയം പടച്ചോനെ ഓര്‍മിക്കുകയും ഇബാദത്ത് എടുക്കുകേയും ചെയ്യേണ്ട സമയാ. അതുകൊണ്ട് ഞമ്മള് ആണുങ്ങ്‌ള് അധികസമയോം പള്ളിയിലായിരിക്കും. പള്ളീലാണെങ്കില് ളുഹ്‌റ് നിസ്‌ക്കാരത്തിനു ശേഷം പ്രത്യേക ഖുര്‍ആന്‍ ക്ലാസും ഹദീസുമെല്ലാമുണ്ടാവും.. പിന്നെ ഇതാ ഈ നോമ്പുതൊറേന്റെ സമയത്താ വീട്ടിലെത്തുക.’
റിയാസിന്റെ മൂത്തസഹോദരന്‍ ഹാഷിം നോമ്പുകാലത്തെ ജീവിതരീതികളെക്കുറിച്ച് വാചാലനായി. തൊട്ടടുത്ത നിമിഷം സഹോദരി റഹ്‌നയും ഇടപെട്ടു.
‘ഇവിടെ ആണ്ങ്ങള് മാത്രമല്ല, പൊരേല്ള്ള പെണ്ണുങ്ങളും രാത്രി തറാവീഹ് നമസ്‌ക്കാരത്തിനടക്കം പള്ളിയില് പോവും. പള്ളീല് പുരുഷന്‍മാര്‍ക്കൊള്ളതു പോലെ ഞങ്ങള് സ്ത്രീകള്‍ക്കുമുണ്ട് പ്രത്യേക ഖുര്‍ആന്‍ ക്ലാസും ദഅ്‌വ ക്ലാസുമെല്ലാം. പിന്നെ നോമ്പുകാലത്ത് സകാത്തിനര്‍ഹരായ പാവപ്പെട്ട കുടുംബങ്ങളെ ഞമ്മള് കണ്ടെത്തിക്കൊടുക്കാറുണ്ട്.’
‘ഉം, ഇവല് പറഞ്ഞത് ശരിയാ. ഒരു കുടുംബത്തിലെ കാര്യമാവുമ്പോ അയിന്റെ ഉള്ളുകള്ളികളും കഷ്ടപ്പാടുകളും പെട്ടെന്ന് സ്ത്രീകളേട്ത്താണല്ലോ എത്തുക.’ രഹ്‌നയുടെ ഭര്‍ത്താവ് അബ്ദുല്‍ റഹീം എല്ലാ പുരുഷന്‍മാര്‍ക്കും വേണ്ടി കോംപ്ലിമെന്റടിച്ചു.
‘അപ്പോ ആണ്ങ്ങളേക്കാളും ഉഷാറ് പെണ്ണുങ്ങക്കാന്ന് തിരിഞ്ഞില്ലേ?’
രഹ്‌നയുടെ കുസൃതി ചോദ്യം.
നോമ്പു തുറപ്പിക്കുന്നതും കൂലി കിട്ടുന്ന കാര്യം
‘അന്റെ ഉപ്പയും ഭര്‍ത്താവുമെല്ലാം പണ്ടു മുതലേ പുരോഗമനാശയക്കാരായിരുന്നു. ഭര്‍ത്താവ് കെ എന്‍ അഹ്മദ് മാഷ് മുമ്പ് നെഹ്‌റു മാഹിയില് വന്നപ്പോള്‍ പ്രസംഗം പരിഭാഷ ചെയ്ത ആളാ. മൂപ്പര് മാഹി എം എം ഹൈസ്‌ക്കൂളിന്റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലത്തും ഞമ്മളെ വീട്ടിന്ന് പെണ്ണുങ്ങള് പള്ളീല് പോവല്ണ്ടായിരുന്ന്..’
വീട്ടുകാരി റാബിയ പഴയ കാലമോര്‍ക്കുന്നു.
‘അന്നൊക്കെ പെണ്ണുങ്ങള്‍ക്ക് ഉറക്കമേയില്ലായിരുന്നു. രാവിലെ തുടങ്ങുന്ന പണി മോന്തിക്കേ തീരൂ. ളുഹ്‌റ് കഴിഞ്ഞാല് പിന്നെ നോമ്പുതുറയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കായിരിക്കും. അതുകൊണ്ട് രാവിലെ സുബ്ഹി നിസ്‌ക്കാരം കഴിഞ്ഞ് കിട്ടുന്ന കൊറച്ച് സമയാ ആകെ ഒറങ്ങാനുള്ള സമയം. എന്നാലും വൈകുന്നേരം സുപ്രയിട്ട് പൊരേലെ ആണുങ്ങളെയെല്ലാം നോമ്പുതുറയ്ക്ക് ഇരിപ്പിച്ചാലേ സമാധാനമാവൂ.’
‘നോമ്പു തുറപ്പിക്കാന്‍ ഇത്രേം രുചിയുള്ള ഐറ്റംസ് ഉണ്ടാക്കുന്നതും പടച്ചോന്റേട്ത്ത്ന്ന് കൂലി കിട്ട്ന്ന കാര്യാ.’
മൂന്നാം തലമുറയിലെ മാസിം റഹീം ഒരു കാരണവര്‍ ടച്ചോടെ അത് ശരിവെച്ചു.
ഇന്നത്തെ നോമ്പുതുറ സ്‌പെഷ്യല്‍
‘എല്ലാമുണ്ട്. കാരറ്റ് പോള, ബ്രെഡ് പിസ, മിക്‌സ്ഡ് പോള, ചെമ്മീന്‍ ഉണ്ട, കുമ്പളങ്ങപ്പത്തില്, പത്തിരി, ചട്ടിപ്പത്തില്, കക്ക റോട്ടി.. ആദ്യത്തെ നോമ്പുതുറയായതു കൊണ്ട് ഇത്രയും കുറവ്. പിന്നെ ഇങ്ങള് ഫോട്ടോയെടുക്കാന്‍ വരുംന്ന് പറഞ്ഞതു കൊണ്ട് തെരക്കില്ണ്ടാക്കിയതാ..’
‘ഇതോ കുറവോ?’ അത്ഭുതത്തോടെ ചോദിച്ചു.
‘ഉം.. നോമ്പുതുറയ്ക്ക് ഇതൊന്നുമല്ല, ഞാനിവിടെ പുയ്യ്യാപ്ലയായി വര്ന്ന കാലത്ത് ഐറ്റംസ് കൊണ്ട് ഏതെടുക്കണമെന്ന കണ്‍ഫ്യൂഷനായിരുന്നു..’
രഹ്‌നയുടെ ഭര്‍ത്താവ് അബ്ദുല്‍ റഹീമിന്റെ വാക്കുകള്‍ക്ക് എല്ലാവരുടേയും ചിരിസമ്മതം. ‘ശരിയാ, ഞാന്‍ നേരത്തെ പറഞ്ഞില്ലേ? നോമ്പുതുറപ്പിക്കുന്നതാ ഞങ്ങള് പെണ്ണുങ്ങള്‍ക്കിഷ്ടം. പണ്ടത്തെ കാലത്ത്ന്ന് ഇപ്പോ കൊറേ മാറ്റങ്ങള് വന്നിട്ട്ണ്ട്. പണ്ട് അരയ്ക്കലും പിടിക്കലുമൊക്കെ കൈകൊണ്ട് തന്നെ വേണം. ഇപ്പം എല്ലാത്തിനും മിക്‌സിയും ഗ്രൈന്ററുമല്ലേ?’
റാബിയ വിശദീകരിക്കുമ്പോള്‍ ‘അത്‌കൊണ്ട് ഗുണമല്ലേ, സമയലാഭവുമല്ലേ ഉണ്ടായതെ’ന്ന മകളുടെ തിരുത്തല്‍ ചോദ്യം.
‘ഉം, സമയലാഭം! എന്നാലും അന്നുണ്ടായിരുന്ന വിഭവങ്ങളുടെ രുചീന്റെ അടുത്തൊന്നും എത്തില്ല ഇത്. പിന്നെ ഇപ്പളത്തെ പെണ്ണ്ങ്ങളെല്ലാം എന്തെങ്കിലും ബരത്തോം കൊണ്ട് ഡോക്ടറേര്‌ത്തേക്ക് കൂടെക്കൂടെ ഓടുന്നതെന്തു കൊണ്ടാ? ഇതുപോലത്തെ മേലനങ്ങിയുള്ള പണിയൊന്നും ചെയ്യാത്തതു കൊണ്ട് തന്നെ.. എല്ലം യെന്ത്രങ്ങളല്ലേ ചെയ്യ്ന്നത്?’
റാബിയയുടെ വാക്കുകളില്‍ അല്‍പം ക്ഷോഭമുണ്ട്. വീട്ടുകാരെല്ലാം നിറഞ്ഞ കൈയ്യടിയോടെ അതംഗീകരിക്കുകയും ചെയ്തു.
എന്നാലും യന്ത്രങ്ങള്‍ വന്നത് കൊണ്ട് വേറെ പല ഗുണങ്ങളുമുണ്ടായിട്ടുണ്ട്. ജ്യൂസുകളുടെ കാര്യം തന്നെ. പണ്ടൊക്കെ നോമ്പുതുറയ്ക്ക് ഇളനീരും നാരങ്ങാവെള്ളം മാത്രമായിരുന്നെങ്കില്‍ ഇന്ന് ജ്യൂസുകളും ഷെയ്ക്കുകളും ഉണ്ട്. ഓറഞ്ച്, ആപ്പിള്‍, മാങ്ങ, വത്തക്ക (തണ്ണിമത്തന്‍) ബട്ടര്‍ ഫ്രൂട്ട് എല്ലാമുണ്ട് ലിസ്റ്റില്‍. പിന്നെ ജ്യൂസിന്റെ വരവോടെ അത്താഴത്തിനുള്ള കഞ്ഞിയുടെ ഡിമാന്റ് കുറഞ്ഞിട്ടുമുണ്ട്.
‘ഇങ്ങളെ പത്രക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ജ്യൂസ് കഞ്ഞിയ്ക്ക് വഴിമാറീന്ന്.’
കാരണവരിലൊരാളായ യൂസുഫ് ഹാജി ചിരിച്ചു.
നോമ്പിനു മുമ്പേ പെരുന്നാള്‍ കോടി
പുരുഷന്‍മാര്‍ മാത്രമല്ല, ഞങ്ങള്‍ സ്ത്രീകളും പള്ളിയില്‍ നോമ്പുകാലത്ത് ഇഅ്തിഖാഫ് ഇരിക്കാറുണ്ടെന്ന് റിയാസിന്റെ ഭാര്യ റുബീന പറയുന്നു. നോമ്പിന്റെ അവസാനത്തെ പത്തിലാണ് സാധാരണ ഇങ്ങനെ ഇരിക്കാറുള്ളത്. ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കുന്ന സമയമാണിത്. അന്ന് പരിപൂര്‍ണവിശ്വാസത്തിലും ഭക്തിയിലും കഴിയുകയാണെങ്കില്‍ ആയിരം ദിവസം ഇബാദത്ത്് ചെയ്ത പുണ്യം കിട്ടും. ചെയ്തു പോയ പാപങ്ങള്‍ മുഴുവനും പടച്ചവന്‍ പൊറുത്തുതരും. അതുകൊണ്ട് അവസാനത്തെ പത്തില് പൂര്‍ണമായും ആരാധനയിലും ഭക്തിയിലും മാത്രമായി കഴിയാന്‍ വേണ്ടി പെരുന്നാള്‍ കോടിയെല്ലാം നോമ്പു തുടങ്ങുന്നതിനു മുമ്പോ നോമ്പിന്റെ ആദ്യദിവസങ്ങളിലോ എടുക്കാറാണ് പതിവ്. വീട്ടുകാരന്‍ നേരിട് ചെന്ന് എല്ലാവര്‍ക്കും വേണ്ട വസ്ത്രങ്ങള്‍ എടുക്കും.
‘അപ്പോ, ഇപ്പോള്‍ തന്നെ നിങ്ങള് പെരുന്നാളിന് വരെ തയാറെട്ത്തു, അല്ലേ?’
‘എന്താ സംശയം? നോമ്പ് പരിപൂര്‍ണമായും ഭക്തിക്കുള്ളത് മാത്രമാണ്. ആ സമയത്ത് മറ്റു ഭൗതികകാര്യങ്ങളിലെല്ലാമേര്‍പ്പെട്ട് സമയം കളേന്നതെന്തിനാ? പരമാവധി അല്ലാഹുനിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. അവനോടു ദുആ ഇരക്കുക.. ഇതാണ് ഞമ്മളെ ലൈന്‍..’
റിയാസിന്റെ അഭിപ്രായം എല്ലാവരും ശബ്ദവോട്ടോടെ പാസാക്കി.

1 comment: