അവിനാശിന്റെ ഉമ്മ
ഒരിക്കല്‍ നബി (സ)യുടെ അടുത്ത് ഒരാള്‍ വന്നു ചോദിച്ചു.
‘തിരുമേനീ, ഞാനെന്റെ ജീവിതത്തില്‍ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത്? ആരോടാണ് കൂടുതല്‍ നന്ദിയും കടപ്പാടും കാണിക്കേണ്ടത്?’
നബി(സ) പറഞ്ഞു, ‘നിന്റെ ഉമ്മയോട്.’
‘പിന്നെയോ?’
‘നിന്റെ ഉമ്മയോട് തന്നെ.’
‘അതിനു ശേഷം?’
‘അതിനു ശേഷവും നിന്റെ ഉമ്മയോട് തന്നെ.’
‘പിന്നെ?’
‘അതിനു ശേഷം നിന്റെ പിതാവിനോട്.’
‘അതോണ്ട് ഇങ്ങളെല്ലാരും ഉമ്മയെ പൊന്നുപോലെ നോക്കണം. ഉമ്മായ്ക്കും ഉപ്പായ്ക്കും ഇഷ്ടമില്ലാത്തതൊന്നും ചെയ്യരുത്. വാര്‍ധക്യത്തില്‍ അവരെ സഹായിക്കണം. അവരോട് ഛെ എന്ന് പറയരുത്. ഉമ്മയുടെ കാലിന്നടിയിലാണ് സ്വര്‍ഗമുള്ളത്. അവരെ ഒരിക്കലും വെറുപ്പിക്കരുത്. ധിക്കരിക്കരുത്..’
ഉസ്താദ് പഠിപ്പിക്കുന്നത് ഇത്രയുമാവുമ്പോള്‍ ഞാന്‍ എന്റെ ഉമ്മയെ ഓര്‍ക്കും. ലോകത്തുള്ള എല്ലാ ഉമ്മമാരേയും ഓര്‍ക്കും.
എല്ലാ മക്കള്‍ക്കുമെന്ന പോലെ വീട്ടില്‍ നിന്ന് അകന്നുകഴിയുമ്പോഴാണ് നിങ്ങള്‍ക്ക് ഉമ്മയുടെ സ്നേഹം കൂടുതല്‍ അറിയാന്‍ കഴിയുകയെന്ന് ഒരു ബുദ്ധിജീവിയെപ്പോലെ പറഞ്ഞത് അവിനാശാണ്. മുമ്പൊരിക്കല്‍ പഠിക്കുന്ന സമയത്ത് ആരോടും പറയാതെ ഒരുനാള്‍ നാടുവിട്ടുപോയി പത്രങ്ങളില്‍ കാണാതായി എന്ന കോളത്തില്‍ സ്ഥാനം പിടിച്ച എന്റെ സഹപാഠി. പ്രിയസുഹൃത്ത്.
‘മോനേ ഇഞ്ഞ്യേട്യാ ഇപ്പോ ഇള്ളേ? സൊഖം തന്നെയാണോ? എന്തൊരു പോക്കാ പോയേ? ഇനിക്കെന്ത് വിഷമമുണ്ടെങ്കിലും എന്നോട് പറഞ്ഞൂടേനോ? ആ, അത് പോട്ടെ. അതൊന്നും ആലോചിക്കണ്ട ഇപ്പോ.. ഇഞ്ഞ് റോഡ് മുറിച്ച് കടക്കുമ്പം എല്ലാം കവറാക്കണേ.. മോന്തിക്കൊന്നും പൊറത്തിറങ്ങി നടക്കരുത്. ഇനിക്ക് ബരത്തം ഒന്നും ഇല്ലല്ലോ? എന്താ ഇന്റെ കൂറ്റിനൊരു മാറ്റം? ജലദോശാ? നോക്കേ, ആടത്തെ ഹോട്ടലിലെ ബെള്ളം കുടിക്കുമ്പം എല്ലാം സൂക്ഷിക്കണേ.. പകര്‍ച്ചപ്പനിയെല്ലാം പടര്ന്നുപിടിക്കുന്നുണ്ടെന്നാ കേട്ടേ.. എന്നാ പിന്നെ ഇഞ്ഞ് ഫോണ്‍ ബെച്ചോ. പൈശ അധികം തീര്‍ക്കണ്ട..’അന്ന് ഒരാഴ്ചയ്ക്കു ശേഷം വീട്ടില്‍ വിളിച്ച അവിനാശിനോട് ഉപദേശനിര്‍ദേശങ്ങളുടെ ഘോഷയാത്രയ്ക്കൊടുവില്‍ അവന്റെ ഉമ്മ ഫോണ്‍ പെട്ടെന്ന് കരഞ്ഞുകൊണ്ട് കട്ട് ചെയ്തു.
അവിനാശും അവന്റെ ഉമ്മയും തമ്മിലുള്ള ബന്ധം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇടയ്ക്ക് അവന്റെ പ്രോഗ്രസ് കാര്‍ഡ് വാങ്ങാന്‍ സ്കൂളില്‍ വരുമ്പോഴൊക്കെ അവരെ കണ്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ചും അവനെ ശകാരിക്കാനും ഗുണദോഷിക്കാനും അവര്‍ക്കൊരു മടിയുമുണ്ടായിരുന്നില്ല. ചിലപ്പോള്‍ ഞങ്ങളുടെയെല്ലാം മുന്നില്‍ വെച്ച് തല്ലിയെന്നും വരും. അവന് ഉമ്മയോടുള്ള സ്നേഹവും അതിലേറെ വിചിത്രമായിരുന്നു.
‘സ്നേഹം കൊണ്ട് എനിക്കെന്റെ ഉമ്മാന്റെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ തോന്നും..’
അവന് ചിലപ്പോള്‍ പറയും.
‘കൊല്ലാനോ?’
ഞാനത്ഭുതപ്പെടും.
‘ഉം.. ഞാന്‍ നിന്നോട് പറഞ്ഞതുപോലെ തന്നെ ഉമ്മാനോടും പറഞ്ഞിട്ടുണ്ട്.. ചിലപ്പോള്‍ കഴുത്ത് പിടിച്ച് ഞെരിക്കാറുമുണ്ട്. ’
‘നേരോ? ചിലപ്പോള്‍ ലോകചരിത്രത്തില്‍ തന്നെ ഉമ്മയെ സ്നേഹിച്ച് കഴുത്ത് ഞെരിക്കുന്ന ആദ്യത്തെ ആള് നീയായിരിക്കും. അപ്പോള്‍ ഇന്റെ ഉമ്മയെന്താ പറയുക?’
‘അപ്പോ ഉമ്മ പറയും, ഞെക്ക് മോനേ, നല്ലോണം ഞെക്ക്.. എന്നിട്ട് നാദാപൊരത്തെ ഹമീദിനെപ്പോലെ അന്നെ അങ്ങ് കൊല്ല്.. അതോടെ ഞാന്‍ ഞെക്കല്‍ നിര്‍ത്തും. അനക്കേതായാലും നാദാപൊരത്തെ ഹമീദാവണ്ട.. ’
അവന് പറയും.
നാദാപുരത്തെ ഹമീദ് ആ കാലത്ത് പത്രത്താളുകളില്‍ സ്ഥാനം പിടിച്ച ആളായിരുന്നു. തന്റെ ഉമ്മയേയും ഉപ്പയേയും സഹോദരങ്ങളേയും വെട്ടിക്കൊലപ്പെടുത്തിയതിന്റെ പേരില്‍.
അവിനാശിന്റെ ഉമ്മയ്ക്ക് പത്രത്തിലെ ഒന്നാം പേജ് നോക്കുന്നതിനേക്കാള്‍ വിദ്യാഭ്യാസ അറിയിപ്പുകള് നോക്കുന്നതായിരുന്നു ഇഷ്ടം. സെമസ്റ്റര്‍, പ്രോജക്ട് തുടങ്ങിയവയുടെ അര്‍ഥമറിയാതെ എന്നാല്‍ അതുകൊണ്ട് മകന് എന്തെങ്കിലും ഉപകാരമുണ്ടാവുമെന്ന് കരുതി വായിച്ച് മനസിലാക്കി ഓര്‍മയില്‍ സൂക്ഷിക്കും. അപ്പോഴൊക്കെയും അവര്‍ ചാരനിറത്തില്‍ ഫ്രേമുള്ള ആ പഴയ കണ്ണട ധരിച്ചിട്ടുണ്ടാവും. ഉമ്മയുടെ ഉപ്പ ഉപയോഗിച്ചതായിരുന്നു ആ കണ്ണട. അപ്പോഴൊക്കെയും അവരില്‍ ഉപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിറയുമെന്ന് അവിനാശിനും അറിയാം.
സ്ഥിരമായി കുടയെടുക്കാതെ സ്കൂളില്‍ വരാറുള്ള അവിനാശിനെ മഴ നനഞ്ഞ് വരുമ്പോള്‍ വീട്ടുമുറ്റത്ത് മഴയില്‍ ഇറങ്ങി തല്ലിയും നുള്ളിയും തല തോര്‍ത്താന്‍ മിനക്കെടാറുമുണ്ട് അവന്റെ ഉമ്മ. ഈ ശീലം അവന്റെ ഡിഗ്രി കാലങ്ങളിലും അവര്‍ ആവര്‍ത്തിക്കാറുണ്ടായിരുന്നു. സ്കൂള്‍ വിട്ടു കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മുതല്‍ അവിനാശ് ചെയ്യേണ്ട പ്രധാനകര്‍ത്തവ്യം പശുവിന് പുല്ല് പറിക്കലാണ്. അവിനാശിനെപ്പോലെ അവന്റെ ഉമ്മ ചാരനിറമുള്ള ആ ജഴ്സിപ്പശുവിനേയും സ്നേഹിച്ചിരുന്നു. അവിനാശിനൊപ്പം പുല്ലു പറിക്കാനായി അമ്മയും കൂടും. വൈകുന്നേരം മഗ്രിബ് ബാങ്ക് കൊടുക്കാറാവുമ്പോഴേക്കും ഇരുവരുടേയും തലയില്‍ ഓരോരോ പുല്ലുകൂനകള്‍ കിടക്കുന്നുണ്ടാവും.
പിന്നെ ജഴ്സിപ്പശു പ്രസവിച്ചപ്പോള്‍ അവന്റെ ഉമ്മ അവനോടു പറഞ്ഞു, ‘നോക്ക്, ഇന്റെ അനിയത്തിയാ അത്..’
‘അള്ളേ, എന്റെ അനിയത്തിയൊന്നുമല്ല ഇത്..’
അവിനാശിന് അതൊരിക്കലും ഇഷ്ടപ്പെട്ടില്ല.
‘ആതെന്താ, ഇന്നെപ്പോലെ അതിനും കണ്ണും മൂക്കും ഇല്ലേ? ’
അവന്റെ ഉമ്മ സ്നേഹത്തോടെ പതുക്കെ പശുക്കുട്ടിയുടെ താടിയില്‍ ഉഴിയും. അവിനാശിന്റെ നെറ്റിയില്‍ ഉഴിയുന്നതു പോലെ തന്നെ.
അവിനാശ് എന്നും തന്റെ കൂടെത്തന്നെയുണ്ടാവണമെന്നായിരുന്നു അവന്റെ ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. വൈകുന്നേരം അവിനാശ് ടൗണിലിറങ്ങുന്നതും പുഴയില്‍ മീന്‍ പിടിക്കാന്‍ പോകുന്നതും വയല്‍ നികത്തിയ കണ്ടത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ പോവുന്നതുമല്ലാം അവര്‍ക്ക് പേടിയുള്ള കാര്യങ്ങളാണ്. അവിടെ നിന്നെങ്ങാന്‍ അവനു വല്ലതും പറ്റുമോ എന്ന പേടി. മീന്‍പിടിക്കാനും നീന്താനും അവനെ കൂട്ടിക്കൊണ്ടു പോവുമ്പോഴെല്ലാം ഉമ്മ ഉപദേശിക്കും.
‘കവറാക്കണേ മക്കളേ... പൂഴിക്കുണ്ടുണ്ട്. അയില് ബീണാ പിന്നെ അങ്ങ് താണുപോവുകയല്ലാതെ ബേറെ വഴില്ല, രക്ഷപ്പെടാന്‍..!’
രാത്രിയില്‍ ടൗണിലിറങ്ങുമ്പോള്‍ പിന്നെയുമുണ്ട് ഉപദേശങ്ങളുടെ പരമ്പര.
‘വേഗം എശാഅ് നിസ്കാരം കഴിഞ്ഞ് ഇങ്ങ് പോര്. അധികം ആടെ നിക്കണ്ട. പോരാത്തേന് പോലീസുകാരും എറങ്ങീക്ക്ണ്ട്. ഓല് പിടിച്ച് കൊണ്ട് പോയാ പിന്നെ നാട്ടിലെറങ്ങാന്‍ പറ്റൂല്ല.
അയല്‍ക്കാരും ബന്ധുക്കളും അവിനാശിന്റെ ഉമ്മയുടെ വിചിത്രരീതികളെക്കുറിച്ചും മറ്റും അടക്കം പറയുമ്പോഴും അവരൊരിക്കലും പ്രതികരിക്കാന്‍ പോവാറില്ല. മറ്റുള്ള സ്ത്രീകളുടെ ഇഷ്ടവിനോദമായ പരദൂഷണത്തിലും അവര്‍ നിന്നിരുന്നില്ല. അവര്‍ എന്നും ഒറ്റയാനായിരുന്നു.
‘എടാ, നിനക്കറിയ്വോ? നമ്മുടെ നടന് അനില്‍ കപൂറാണ് എന്റെ ഉമ്മാന്റെ ഇഷ്ടഹീറോ..’
അവിനാശ് ക്ലാസ് വിട്ടുവരുന്ന വൈകുന്നേരങ്ങളില്‍ വീട്ടുകാര്യങ്ങള്‍ പറയും. വീട്ടിലേയും ഉമ്മയുടേയും കഥകള്‍ പറയാന്‍ ഏറെ ആവേശമായിരുന്നു അവന്.
‘അനില്‍ കപൂറോ?’
ഞാന്‍ ചോദിക്കും.
‘ഉം, ടി വീല്‍ എപ്പോ അനില്‍ കപൂറിന്റെ മുഖം വന്നാലും ഉമ്മ ഓടി വരും. പിന്നെ അതാ, എന്റെ സത്താറിക്ക എന്നു വിളിച്ചു പറയും..’
‘ആരാ സത്താറിക്ക?’
‘ഉമ്മാന്റെ ആങ്ങള. പത്തിരുപത് കൊല്ലം മുമ്പ് എന്തോ പ്രശ്നമുണ്ടായപ്പം നാടു വിട്ടു പോയതാ. പിന്നെ ഇതുവരെ തിരിച്ചു വന്നിട്ടില്ല. അനില്‍ കപൂറിന്റെ അതേ മുഖമായിരുന്നത്രേ സത്താറിക്കയ്ക്ക്!’
അവന്റെ ഉമ്മയോട് ഭയങ്കരസ്നേഹമായിരുന്നത്രേ സത്താറിക്കയ്ക്ക്. ഉമ്മയുടെ കല്യാണം കഴിഞ്ഞ നാളുകളില്‍ എന്നും ഭര്‍തൃവീട്ടില്‍ രാവിലെ തന്നെ കായ വറുത്തതും മറ്റുമൊക്കെയായി ഹാജറാവും സത്താറിക്ക. പിന്നെ തിരിച്ച് വീട്ടില്‍ പോവാനുള്ള ഒരു ചിന്തയുമുണ്ടാവില്ല. വീടിന്റെ ഒരു മൂലയില്‍ അവരെ വീട്ടുജോലികളില്‍ സഹായിച്ചും വീട്ടിലെ പശുക്കളെക്കുറിച്ച് അതിശയോക്തി കലര്‍ന്ന കഥകള്‍ പറഞ്ഞും അവിടെത്തന്നെ ഇരിക്കും, മൂവന്തി വരെ.
പിന്നെ ബാംഗ്ലൂരില്‍ പണിക്കു പോവാന്‍ തുടങ്ങിയതോടെയാണ് സത്താര്‍ മറ്റു പല പുതിയ ശീലങ്ങളിലും ചെന്നു പെട്ടത്. ചൂതാട്ടവും മുച്ചീട്ടുകളിയും കുതിരപ്പന്തയത്തില്‍ ബെറ്റ് വെച്ചും സത്താറിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകിത്തുടങ്ങി. കടമായി. അത് പെരുകി. എല്ലാം നശിച്ച് തകര്‍ന്ന കപ്പലിലെ കപ്പിത്താനെ പോലെയായി. ഒടുവില്‍ നില്‍ക്കള്ളിയില്ലാതായപ്പോള്‍ ആരോടും പറയാതെ നാടുവിടുകയായിരുന്നു.
ആള്‍ക്കൂട്ടത്തില്‍ അപ്രത്യക്ഷനാവുകയായിരുന്നു.
പിന്നീടിതു വരേയും ഒരു വിവരവുമില്ല.
ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയില്ല.
പോയ കാലത്ത് എല്ലാവരോടും മാപ്പു പറഞ്ഞുകൊണ്ടും തന്നെ ആരും ശപിക്കരുതെന്ന് പറഞ്ഞും ഒരു കത്ത് ഉമ്മയുടെ വിലാസത്തില്‍ വന്നിരുന്നു.
അതിനു ശേഷം വീട്ടിലെ ടി വി സ്ക്രീനില്‍ എപ്പോള്‍ അനില്‍ കപൂറിനെ കാണുമ്പോഴും അവിനാശിന്റെ ഉമ്മ എല്ലാ പണിയും മാറ്റിവെച്ച് ശ്രദ്ധിച്ച് നില്ക്കും.
‘കുട്ടിക്കാലത്ത് പണ്ടൊക്കെ ഉമ്മാന്റെ വിണ്ടുകീറിയ കാലടി കണ്ട് ഞാന്‍ കളിയാക്കാറുണ്ട്, ഇവിടെ സൊര്ഗല്ല, ചളിയാ ഇള്ളതെന്ന് പറഞ്ഞ്!’
അവിനാശ് തന്നെ സ്വയം പറയും, ഉത്തരവും ചോദ്യവും.
‘അല്ലെടാ, നബി പറഞ്ഞത് കറക്ടാ, ഉമ്മാന്റെ കാലിന്റടീത്തന്ന്യാ സൊര്‍ഗം. അനക്കൊറപ്പാ.. പലപ്പോഴും സൊര്ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും ചെളിയുമൊക്കെ നിറഞ്ഞതാണല്ലോ?’
വീട്ടിലെത്താറായപ്പോള്‍ ടൗണില്‍ കംപ്യൂട്ടര്‍ ഷോപ്പ് നടത്തുന്ന ബെന്നി ‘മദേഴ്സ് ഡേ’ പ്രമാണിച്ച് അവനയച്ച എസ് എം എസും കാണിച്ചു.
when u feel u r alone in a crowd, when u think no one can understand u, when ur love is rejected by others & when u hate life, just close ur eyes& see her face, who love u more than anyone else, who cares 4 u in lonliness& dies 4 u when u cry, she is no one else, but ur sweet loving mom. love her more than anybody else in d world bcoz only she was, is & will b there 4 u.
അതെ, അവിനാശിന് അവന്റെ ഉമ്മ എല്ലാമാണ്. എനിക്കും നിങ്ങള്ക്കുമല്ലാം.
ഒരുപാട് ഇഷ്ടപ്പെട്ടു ഷെഫീഖേ..<3 <3
ReplyDeleteആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന നിസ്സാര കാര്യങ്ങള്‍ പോലും മൂശയില്‍ തേച്ചുമിനുക്കി ഒരു നല്ല കഥയാക്കി മാറ്റിയിരിക്കുന്നു
ReplyDeletecongrats shafeekh....
very good...i also feel this
ReplyDelete